കാർഷിക കേരളത്തിന് 25 സ്വപ്നങ്ങൾ

HIGHLIGHTS
  • മുപ്പതു വർഷമായി കാര്യമായ മാറ്റമുണ്ടാകാത്ത നെൽപ്പാടങ്ങളാണ് നമുക്കുള്ളത്
  • കൃഷി ഉപജീവനമാർഗമാക്കിയവർക്കു പ്രത്യേക പരിഗണന ഉറപ്പാക്കണം
paddy
SHARE

കർഷകരുടെ മനമറിഞ്ഞ് അവരുടെ ഉന്നതിക്കായി ഒരുമിച്ചു മുന്നേറിയ കർഷകശ്രീയുടെ കാൽ നൂറ്റാണ്ട്. ജൂബിലിവേളയിൽ വായനക്കാർക്കായി  കർഷകശ്രീ 25 സ്വപ്നങ്ങൾ സമർപ്പിക്കുകയാണ്. അടുത്ത 10 വർഷത്തിനുള്ളിൽ കേരളത്തിലെ കൃഷിക്കുണ്ടാവേണ്ട ഗുണപരമായ മാറ്റങ്ങളാണിവ. കൃഷിക്കാരും കാർഷികമേഖലയിലുള്ളവരുമായ ഒട്ടേറെപ്പേരുടെ നിർദേശങ്ങൾ ഞങ്ങൾക്കു വഴികാട്ടിയായി. പ്രാഥമികതലത്തിലുള്ള ഈ ആശയങ്ങൾ തുടർച്ചയായ ചർച്ചകളിലൂടെ സമഗ്രവും കൂടുതൽ സ്വീകാര്യവുമാവേണ്ടതുണ്ട്. സംവാദത്തിനായി അവ അവതരിപ്പിക്കുന്നു.

നയവും സമീപനവും മാറണം

1. പിന്തുടരാൻ വരുമാനമാതൃകകൾ

നെൽപ്പാടം, തെങ്ങിൻതോപ്പ്, പഴവർഗകൃഷി, സുഗന്ധവിളക്കൃഷി, ക്ഷീരോൽപാദനം, മുട്ടയുൽപാദനം, മാംസ ഉൽപാദനം, തേനുൽപാദനം, മത്സ്യക്കൃഷി, പച്ചക്കറിക്കൃഷി എന്നിങ്ങനെ 10 മേഖലകളിലായി സംസ്ഥാനത്തിന്റെ കാർഷികവികസനപദ്ധതികൾ കേന്ദ്രീകരിക്കണം. കർഷകർക്ക് പരമാവധി വരുമാനം ഉറപ്പാക്കുന്ന സംയോജിതമാതൃകകൾ യാഥാർഥ്യബോധത്തോടെ നടപ്പാക്കാൻ പ്രോത്സാഹനം നൽകണം. കൃഷിക്കാരുടെ വരുമാനസുരക്ഷയും നാടിന്റെ ഭക്ഷ്യസുരക്ഷയും മാത്രം മാനദണ്ഡം. വിളവൈവിധ്യത്തിലൂടെയും മൂല്യവർധനയിലൂടെയുമാണ് വരുമാനസുരക്ഷ ഉറപ്പാക്കേണ്ടത്. ബാക്കി വിളകൾ കൃഷിക്കാരന്റെ താൽപര്യത്തിനു വിടാം. മുൻഗണനാവിളകളിൽ ഓരോ വർഷവും നേടേണ്ട ലക്ഷ്യം മുൻകൂട്ടി നിശ്ചയിക്കുകയും എല്ലാ ഏജൻസികളുടെയും പ്രവർത്തനം അതിനനുസൃതമായി ക്രമീകരിക്കുകയും വേണം. വിപണികേന്ദ്രീകൃതമായ ആസൂത്രിത ഉൽപാദനമെന്ന ആശയത്തിന് പരമപ്രാധാന്യം നൽകണം. ഓരോ വിളയും ഏറ്റവും യോജിച്ച മേഖലകളിൽ മാത്രം പ്രോത്സാഹിപ്പിച്ച് നിശ്ചിതലക്ഷ്യം കാണാനാവണം ശ്രമം. ഉൽപാദനച്ചെലവ് കൂടുതലായതിനാൽ മുന്തിയ വില കിട്ടുന്ന വിളകൾക്ക് പരിഗണനയാവാം. 

2. പാടശേഖരങ്ങളുടെ ആധുനികവൽക്കരണം

മുപ്പതു വർഷമായി കാര്യമായ മാറ്റമുണ്ടാകാത്ത നെൽപ്പാടങ്ങളാണ് നമുക്കുള്ളത്. ഹരിതവിപ്ലവകാലത്ത് എത്തിയ രാസവളങ്ങളും രാസകീടനാശിനികളും ട്രാക്ടറും പമ്പുകളുമൊക്കെയാണ് ഇപ്പോഴും പാടശേഖരങ്ങളിലെ സാങ്കേതികമുന്നേറ്റങ്ങൾ. കൊയ്ത്തുയന്ത്രങ്ങളും നെല്ലുസംഭരണവും മാത്രമാണ് പിന്നീടുണ്ടായ മാറ്റങ്ങൾ. സമ്പൂർണയന്ത്രവൽക്കരണം നടപ്പായ പാടങ്ങൾ വിരലിലെണ്ണാവുന്നവ മാത്രം. ഡ്രോൺ ഉപയോഗിച്ചുള്ള വിത, മരുന്നുതളി, വളമിടൽ എന്നിവ മുതൽ ഐഒടി അധിഷ്ഠിത പമ്പിങ്സംവിധാനംവരെ നെൽകൃഷിയിൽ സാധ്യമാണ്. പാടശേഖരസമിതികളെ കർഷക ഉൽപാദകകമ്പനികളുടെ കീഴിൽ കൊണ്ടുവരികയും മെച്ചപ്പെട്ട നിർവഹണശേഷിയുള്ള യുവനേതൃത്വം കൃഷി ഏറ്റെടുക്കുകയും ചെയ്താലേ മാറ്റമുണ്ടാകൂ. ജൈവഅരി, ഔഷധഅരി തുടങ്ങിയ സവിശേഷവിപണികൾ കണ്ടെത്താനും മത്സ്യക്കൃഷിപോലുള്ള അധിക വരുമാനസാധ്യതകൾ പ്രയോജനപ്പെടുത്താനും കഴിയണം.

3. യന്ത്രവൽക്കരണം

കേവലം 25 –50 സെന്റിലെ പുരയിടക്കൃഷി ഒരാൾക്കു തനിയെ നടത്തുന്നതിനു സഹായകമായ ചെറുയന്ത്രങ്ങളും ലഘുഉപകരണങ്ങളുമാണ് കേരളത്തിൽ കൂടുതലായി ആവശ്യമുള്ളത്. മണ്ണിളക്കാനും കുഴിയെടുക്കുന്നതിനും വാഴക്കന്ന് പിരിക്കുന്നതിനും കപ്പ പറിക്കുന്നതിനും വാരമെടുക്കുന്നതിനും മരച്ചില്ലകൾ നിലത്തുനിന്നു മുറിക്കുന്നതിനുമൊക്കെ ചെലവു കുറഞ്ഞ ഉപകരണങ്ങൾ ലഭ്യമാക്കണം.  നമ്മുടെ സാഹചര്യങ്ങൾക്കു ചേർന്ന യന്ത്രങ്ങൾക്കും ഉപകരണങ്ങൾക്കുമായി ഇനിയും ഇവിടെ ഗവേഷണവികസന പ്രവർത്തനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. കൃഷിയാകെ ഹൈടെക് ആയി മാറുന്ന ഇക്കാലത്ത് യന്ത്രങ്ങൾ മാത്രമല്ല ഇലക്ട്രോണിക് ഉപകരണങ്ങളും സെൻസറുകളും വെർട്ടിക്കൽ കൃഷിസംവിധാനങ്ങളും ഡ്രോണുകളുമൊക്കെ പ്രയോജനപ്പെടണം. ന്യായമായ വിലയ്ക്ക് ഇവ ലഭ്യമാക്കണം. കൃഷിക്കാരുടെ ആവശ്യങ്ങൾക്കനുസൃതമായ ഉപകരണങ്ങൾ വികസിപ്പിക്കാൻ സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് അനുവദിക്കുന്നതു പരിഗണിക്കണം.

4. ആവശ്യാധിഷ്ഠിത ഗവേഷണം

കാർഷികഗവേഷണത്തിന് കൂടുതൽ ഫണ്ട് നീക്കിവയ്ക്കുകയും അതിന്റെ 60 ശതമാനവും കൃഷിക്കാർ ആവശ്യപ്പെടുന്ന മേഖലകളിൽ ചെലവഴിക്കുകയും വേണം. അടിയന്തരപ്രാധാന്യമർഹിക്കുന്ന ഗവേഷണവിഷയങ്ങൾ കണ്ടെത്താൻ ബ്ലോക്ക് തലത്തിൽ കർഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടക്കണം. ഓരോ ബ്ലോക്കിനും പ്രാദേശികപ്രസക്തിയുള്ള ഒരു ഗവേഷണവിഷയമെങ്കിലും വർഷംതോറും നിർദേശിക്കാൻ അവസരം നൽകണം. ലഭ്യമായ സാങ്കേതികവിദ്യകൾ നമ്മുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തി ഉപയോഗിക്കാം.

തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമേറെ

5. റജിസ്റ്റേഡ് കൃഷിക്കാർ

കൃഷി ഉപജീവനമാർഗമാക്കിയവർക്കു പ്രത്യേക പരിഗണന ഉറപ്പാക്കണം. അവരെ പല വിഭാഗങ്ങളായി തിരിച്ചാലേ ഇതു സാധ്യമാകൂ. മുൻഗണനാവിളകളുടെ അടിസ്ഥാനയൂണിറ്റുകൾ നിശ്ചയിച്ച് അതിന്റെ അടിസ്ഥാനത്തിലാവണം വേർതിരിവ്. പ്രതിമാസം 5000 രൂപ വരുമാനം ലഭിക്കുന്ന കൃഷിയാവണം ഓരോ വിളയുടെയും അടിസ്ഥാന യൂണിറ്റ്. കുറഞ്ഞത് ഒരു യൂണിറ്റ് എങ്കിലും കൃഷിയുള്ളവരെ മാത്രം കൃഷിവകുപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുവദിക്കുകയും അതിൽ താഴെ കൃഷിയുള്ളവരെ പഞ്ചായത്തുകളുടെ സേവനപരിധിയിലേക്കു മാറ്റുകയും ചെയ്യാം. ഇത്തരം 4 യൂണിറ്റുകളെങ്കിലും നടത്തുന്നവർ മുഴുവൻ സമയകർഷകരും മറ്റുള്ളവർ പാർട് ടൈം കർഷകരും. മുഴുവൻസമയ കർഷകരുടെ വാർഷികവരുമാനം ഉറപ്പാക്കാൻ പ്രത്യേക പദ്ധതി ആവശ്യമാണ്. കൃഷിവകുപ്പിന്റെ പദ്ധതികൾ പൂർണമായും റജിസ്റ്റേഡ് കൃഷിക്കാർക്കുവേണ്ടിയാവുമ്പോൾ കൂടുതൽ ശ്രദ്ധയും ഫലപ്രദമായ സേവനവും ലഭിക്കും. 

അടുക്കളത്തോട്ടം പരിപാലിക്കുന്ന വീട്ടമ്മമാർ, 25 സെന്റിൽ താഴെ മാത്രം പുരയിടത്തിൽ തെങ്ങും വാഴയും ഫലവൃക്ഷങ്ങളുമൊക്കെ നട്ടുവളർത്തുന്നവർ, മാനസികോല്ലാസത്തിനായി കൃഷി ചെയ്യുന്നവർ, പഠനപരിശീലനത്തിന്റെ ഭാഗമായി കൃഷി ചെയ്യുന്ന വിദ്യാർഥികൾ തുടങ്ങിയവർക്ക് ആവശ്യമായ സാങ്കേതിക പിന്തുണയും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കാം. ചുമതല ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെ ഏൽപിക്കാം. ഉപദേശങ്ങൾ നൽകാൻ ഒരു കൃഷി അസിസ്റ്റന്റിന്റെ സേവനവും ലഭ്യമാക്കാം. 

6. കാർഷികമേഖലകൾ

എല്ലാ ഗ്രാമത്തിലും കൃഷിയിടങ്ങൾ കൂടുതലുള്ള വാർഡുകൾ കാർഷികമേഖലയായി പ്രഖ്യാപിക്കുകയും കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം. കാർഷികസേവനകേന്ദ്രങ്ങൾ, കർഷകവിപണി, പ്രാഥമിക സംസ്കരണകേന്ദ്രം എന്നിവയൊക്കെ ഈ മേഖലയിൽ സ്ഥാപിക്കണം. വീടു വയ്ക്കാനായി കൃഷിയിടങ്ങൾ മുറിയുന്നതു തടയാൻ പാർപ്പിടമേഖലകൾ വേർതിരിക്കുന്നതും ഉചിതമായിരിക്കും. കൃഷിയിടം സംരക്ഷിക്കാനുള്ള കർഷകന്റെ അവകാശം അംഗീകരിക്കപ്പെടണം. കൃഷിയിടങ്ങളിൽ വന്യമൃഗശല്യം തടയേണ്ടത് വനംവകുപ്പിന്റെ ചുമതലയായി മാറണം. 

7. ഭക്ഷ്യസുരക്ഷാസേന

റജിസ്റ്റേഡ് കർഷകരിൽനിന്ന് 40 വയസ്സിൽ താഴെയുള്ള സമർഥരായ കൃഷിക്കാരെ കണ്ടെത്തി ഭക്ഷ്യസുരക്ഷാസേനയുണ്ടാക്കാം. കുറഞ്ഞത് 10 ഏക്കർ എങ്കിലും കൃഷി നടത്താനും കൃഷിയിൽ 5 ലക്ഷം രൂപ മുതൽമുടക്കാനും ശേഷിയുളള മുഴുവൻസമയ കൃഷിക്കാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഒരു പഞ്ചായത്തിൽ 100 പേർ വീതം 1000 പഞ്ചായത്തുകളിലായി ഒരു ലക്ഷം പേരുടെ സേന. ഇവർക്കാവശ്യമായ 10 ലക്ഷം ഏക്കർ ഭൂമി കണ്ടെത്താൻ 2 വഴികളാണുള്ളത്- ഒന്ന്: നിലവിലുള്ള തുണ്ടുപുരയിടങ്ങളും മറ്റും വാടകയ്ക്ക് എടുക്കാൻ സാഹചര്യം സൃഷ്ടിക്കുക, രണ്ട്: കൃഷി, മൃഗസംരക്ഷണ, മത്സ്യക്കൃഷി മേഖലകളിൽ ഇന്റഗ്രേഷൻ സമ്പ്രദായത്തിലൂടെ വൻതോതിലുള്ള ഉൽപാദനം. പ്രാദേശികസാഹചര്യങ്ങൾ പരിഗണിച്ച് ഉൽപാദനം. ഒരു ലക്ഷം രൂപയെങ്കിലും മാസവരുമാനം ഉറപ്പാക്കുന്ന വിധത്തിൽ ഇതു നടപ്പാക്കിയാൽ യുവജനങ്ങൾ കൃഷിയിടം വിടില്ല.

കൃഷിഭവനുകൾ

8. കർഷകഭവനങ്ങൾ

കൃഷിഭവനുകൾ കർഷകഭവനങ്ങളായി മാറണം. കർഷകക്ഷേമവകുപ്പിന്റെയും പഞ്ചായത്തുകളുടെയും പദ്ധതിപ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരിക്കും ഇത്.  കൃഷി, മൃഗസംരക്ഷണ, ഫിഷറീസ്, ക്ഷീരവികസനവകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കണം. 4 വകുപ്പുകളുടെയും ഓഫിസർമാർ ടെക്നിക്കൽ കൺസൽറ്റന്റ്സ് ആയി മാറണം. അവരിൽ സീനിയറായ വ്യക്തിക്ക് ഏകോപനച്ചുമതല നൽകാം. റജിസ്റ്റേഡ് കർഷകരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നയാളാവണം കർഷകഭവനത്തിന്റെ ഭരണസമിതി കൺവീനർ. എല്ലാ വിഭാഗം ഉൽപാദകസമിതികളുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും പ്രതിനിധികൾക്കാവണം ഓരോ പഞ്ചായത്തിലെയും കാർഷികപദ്ധതികൾ തീരുമാനിച്ചുനടപ്പാക്കാനുള്ള ചുമതല. 

9. സേവനങ്ങൾ മൊബൈലിൽ

കർഷകർക്കുള്ള എല്ലാ സേവനങ്ങളും മൊബൈലിലേക്ക് മാറ്റാം. നമ്മുടെ കൃഷിഭവനുകൾ എം-കൃഷിഭവനുകളാകുന്നതിനു വേണ്ടത് കാര്യക്ഷമമായ ഒരു ആപ് മാത്രമാണ്. സംശയ നിവാരണം, അപേക്ഷ സമർപ്പിക്കൽ, നടീൽവസ്തുക്കളുടെ ബുക്കിങ്, പൊതുഅറിയിപ്പുകൾ, സർട്ടിഫിക്കറ്റ് വിതരണം എന്നിങ്ങനെ നിലവിലുള്ള എല്ലാ സേവനങ്ങളും ഇതുവഴി കൃഷിക്കാരുടെ വീട്ടിലെത്തിക്കാം. രോഗ, കീടബാധകളുടെ ചിത്രങ്ങൾ കണ്ട് പരിഹാരം നിർദേശിക്കാനാവശ്യമായ സാങ്കേതികപരിശീലനം ഉദ്യോഗസ്ഥർക്കു നൽകേണ്ടിവരും. കൂടുതൽ വൈദഗ്ധ്യം ആവശ്യമുള്ള സന്ദർഭങ്ങളിൽ മാത്രം ഈ ചിത്രങ്ങൾ ബന്ധപ്പെട്ട ഗവേഷണകേന്ദ്രത്തിലേക്കോ മേലുദ്യോഗസ്ഥർക്കോ നൽകി പരിഹാരം കണ്ടെത്താം. വിശദപരിശോധന ആവശ്യമായ കൃഷിയിടങ്ങളിൽമാത്രം ഉദ്യോഗസ്ഥർ അടിയന്തരസന്ദർശനം നടത്തിയാൽ മതി. രാസകീടനാശിനികൾ വാങ്ങുന്നതിനു കൃഷിഓഫിസറുടെ ശുപാർശ വേണമെന്ന ചട്ടം പ്രയാസമുണ്ടാക്കുന്നുണ്ട്. ഇതു മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകാനായാൽ കാലതാമസം ഒഴിവാക്കി വിളസംരക്ഷണം നടത്താനാവും.

10. വിത്തുഗുണം ഉറപ്പാക്കണം

വിത്തുകളുടെയും നടീൽവസ്തുക്കളുടെയും (ടിഷ്യുകൾച്ചർ ഉൾപ്പെടെ) ഉൽപാദനത്തിൽ നിയന്ത്രണമില്ലാത്ത സാഹചര്യമാണുള്ളത്. നിശ്ചിത പ്രോട്ടോക്കോൾ പാലിച്ച് ഇവ ഉൽപാദിപ്പിക്കുന്ന സംരംഭകരെ മാത്രമേ നഴ്സറികൾ നടത്താൻ അനുവദിക്കാവൂ. മാനദണ്ഡങ്ങൾ പാലിക്കുന്ന സ്വകാര്യനഴ്സറികളിൽനിന്നു കൃഷിവകുപ്പിനാവശ്യമായ നടീൽവസ്തുക്കൾ സംഭരിക്കുകയുമാവാം. കൃഷിയിൽ മാത്രമല്ല മൃഗസംരക്ഷണരംഗത്തും മത്സ്യക്കൃഷിയിലുമൊക്കെ സമാനപരിഷ്കാരം ആവശ്യമാണ്. വാണിജ്യാടിസ്ഥാനത്തിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർക്ക് അവയുടെ വംശഗുണം ഉറപ്പാക്കാൻ സാക്ഷ്യപത്രം ലഭ്യമാക്കണം. കുത്തിവയ്പിലൂടെ ജനിക്കുന്ന വംശഗുണമുള്ള പശുക്കിടാങ്ങളെ ഏറ്റെടുത്തു വളർത്തുന്ന കിടാരിപാർക്കുകൾ എല്ലാ പഞ്ചായത്തിലും സ്വകാര്യസംരംഭകരുടെ സഹായത്തോടെ ആരംഭിക്കാം. മത്സ്യഹാച്ചറികളുടെ നിലവാരവും വിശ്വാസ്യതയും ഉറപ്പാക്കാനും ചട്ടങ്ങളും നടപടിക്രമങ്ങളും ആവശ്യമാണ്. അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അനുബന്ധ ഏജൻസികളും.

seeds

11. നടീൽവസ്തുക്കളുടെ വിതരണശൃംഖല

കൃഷിഭവനുകളെയും സർക്കാർവക കൃഷിത്തോട്ടങ്ങളെയും ഫാമുകളെയും ബന്ധിപ്പിച്ചു വിതരണശൃംഖലയുണ്ടാകുന്നത് കൃഷിക്കാർക്ക് ഏറെ പ്രയോജനകരമായിരിക്കും. നേരത്തേ സൂചിപ്പിച്ച മൊബൈൽആപ്പിലൂടെ ബുക്ക് ചെയ്താൽ സർക്കാർഫാമുകളിലെ നടീൽവസ്തുക്കളും കോഴിക്കുഞ്ഞുങ്ങളുമൊക്കെ അതത് കൃഷിഭവനുകളിലെത്തുന്ന സംവിധാനമാണ് വേണ്ടത്. കൃഷിവകുപ്പിനുള്ള വാഹനവ്യൂഹം ഇതിനുപയോഗിക്കാം. അംഗീകൃത ഉൽപാദകരിൽനിന്നുള്ള നടീൽവസ്തുക്കൾ സംഭരിക്കാനും ഇതു പ്രയോജനപ്പെടുത്താം.  

12. കരാർകൃഷിയും ഇന്റഗ്രേഷനും

കരാർകൃഷിയെ ആശങ്കയോടെ കാണുന്ന നാടാണ് കേരളം. ബ്രോയിലർമേഖലയിൽ ഇന്റഗ്രേഷൻ എന്ന പേരിൽ നടപ്പാക്കിയ കരാർകൃഷിക്ക് ഒട്ടേറെ സംരംഭകരെ സൃഷ്ടിക്കാനായി. മത്സ്യക്കൃഷിയിലും മുയൽവളർത്തലിലും പച്ചക്കറിക്കൃഷിയിലുമൊക്കെ ഭാവനാപൂർണമായ മാറ്റങ്ങളോടെ ഇതു നടപ്പാക്കാനാകും. വരുമാനം ഉറപ്പാക്കുമെന്നതു മാത്രമല്ല, വായ്പയെടുക്കാതെ കൃഷി നടത്താനും ഇത് കൃഷിക്കാരെ സഹായിക്കുന്നു. വിത്തും വളവും തീറ്റയുമൊക്കെ ഈടിന്റെ അടിസ്ഥാനത്തിൽ ഏജൻസി എത്തിച്ചുതരും. മാർഗനിർദേശവും നൽകും. ചൂഷണം ഒഴിവാക്കാൻ പൊതുമേഖലാസ്ഥാപനങ്ങളുടെ കരാർകൃഷിയുമാവാം. ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവയ്ക്ക് പഴം–പച്ചക്കറികളിലും സപ്ലൈകോയ്ക്ക് നെൽകൃഷിയിലും കേരഫെഡിനു നാളികേരക്കൃഷിയിലും എംപിഐയ്ക്ക് മാംസോൽപാദനത്തിലും  കരാർകൃഷി വ്യാപകമായി നടപ്പാക്കാൻ സാധിച്ചാൽ നേട്ടം കർഷകർക്കാണ്. 

13. തോട്ടങ്ങളിൽ ഭക്ഷ്യോൽപാദനം

റബർ, തേയില, കാപ്പി, ഏലം തുടങ്ങിയവ കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ വാണിജ്യസാധ്യതയുള്ള ഫലവൃക്ഷങ്ങൾകൂടി കൃഷി ചെയ്യാൻ അനുവദിക്കണമെന്ന നിർദേശം പൊതുവേ സ്വീകാര്യമാണ്. മൂന്നു നേട്ടങ്ങളാണ് ഇതുവഴിയുണ്ടാവുക:

  • വൻകിടത്തോട്ടങ്ങളിലെ പഴവർഗകൃഷി അനുബന്ധവ്യവസായങ്ങളും മൂല്യവർധിത വിപണനശൃംഖലയുമുണ്ടാകാൻ ഇടയാക്കും. ഇത് ചെറുകിട കർഷകർക്കുകൂടി മുതൽക്കൂട്ടാവും.
  • സാമ്പത്തിക പ്രതിസന്ധിയിലുള്ള തോട്ടങ്ങളുടെ പുനരുജ്ജീവനവും അതുവഴി തൊഴിലാളികളുടെ വരുമാനസുരക്ഷയും ഉറപ്പാക്കാനാകും.
  • സുലഭമായ പഴവർഗങ്ങളിലൂടെ നാടിന്റെ പോഷകസുരക്ഷ ഉറപ്പാക്കാനാവും. 

മണ്ണ്- ജലസംരക്ഷണം ഉറപ്പാക്കിയും ജൈവരീതിയിലും എസ്റ്റേറ്റുകളുടെ 5% സ്ഥലത്തെങ്കിലും പച്ചക്കറിക്കൃഷി കൂടി അനുവദിക്കാം. ജൈവപച്ചക്കറികളുടെ ഉൽപാദനത്തിലും വിപണനത്തിലും കൂടുതൽ നിക്ഷേപമുണ്ടാകാൻ ഇതു സഹായിക്കും. 

14. കൃഷി ഓഫിസർമാരുടെ പ്രദർശനത്തോട്ടങ്ങൾ

കൃഷിഓഫിസർമാർ കൃഷി ചെയ്യുന്നില്ലെന്ന പരാതി ഒഴിവാക്കാൻ മാത്രമല്ല, ശരിയായ മാതൃക ചൂണ്ടിക്കാണിക്കാനും ഇതുവഴി സാധിക്കും. കൃഷി ഓഫിസർക്കു താൽപര്യമുണ്ടെങ്കിൽ ഓരോ പഞ്ചായത്തിലും തരിശിട്ടിരിക്കുന്ന ഒരു യൂണിറ്റ് കൃഷിയിടം പാട്ടത്തിനെടുത്ത് ഏൽപിക്കണം. സ്ഥലവാടക സർക്കാർ നൽകുമെങ്കിലും കൃഷിച്ചെലവ് ഉദ്യോഗസ്ഥർ വഹിക്കട്ടെ. ആദായവും അവർക്കു തന്നെ. 

കർഷകസൗഹൃദവിപണി

15. കർഷകവിപണികൾ

എല്ലാ പഞ്ചായത്തുകളിലും റജിസ്റ്റേഡ് കർഷകർ നിയന്ത്രിക്കുന്ന കർഷകവിപണികൾ ഉണ്ടാവണം. ചെറുകിട-വൻകിടഭേദമില്ലാതെ ഉൽപന്നങ്ങൾ വിൽക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കണം.  ഉൽപന്നങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വില കിട്ടാതെ വന്നാൽ കർഷകവിപണിതന്നെ അത് ഏറ്റെടുത്ത് പൊതുസംഭരണശൃംഖലയിലേക്ക് അയയ്ക്കണം. ഗ്രാമീണവിപണികളിൽ അധികമുള്ള വിഭവങ്ങൾ ബ്ലോക്ക് തലത്തിലുള്ള സംഭരണശാലകളിൽ ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിക്കുകയുമാവാം. ഓരോ വിപണിയിലെയും ഉൽപന്നലഭ്യതയും വിലയും ഇന്റർനെറ്റിലൂടെ പരസ്പരം കൈമാറണം. കേരളത്തിലെ 5 കാർഷിക മൊത്തവ്യാപാരകേന്ദ്രങ്ങളുമായി ബ്ലോക്കുതല സംഭരണകേന്ദ്രങ്ങളെ ‘ഹബ് ആൻഡ് സ്പോക്’ മാതൃകയിൽ ബന്ധിപ്പിക്കാം. കുറഞ്ഞ തോതിൽ മാത്രം ഉൽപാദിപ്പിക്കപ്പെടുന്ന നാടൻവിഭവങ്ങൾ ( ഉദാ‌: കൂവപ്പൊടി, ഇലുമ്പിക്ക, വാളൻപുളി) ശേഖരിച്ച് ആവശ്യക്കാർക്ക് ലഭ്യമാക്കാനുള്ള കൗണ്ടറും ഇത്തരം വിപണികളിലുണ്ടാവണം.

karshika-vipani

16. പൊതുസംഭരണശൃംഖല

പൊതുവിതരണശൃംഖലയുള്ള നാട്ടിൽ കുറഞ്ഞപക്ഷം ഭക്ഷ്യോൽപന്നങ്ങൾക്കെങ്കിലും സംഭരണശൃംഖലയുമാവാം. ബ്ലോക്ക് അടിസ്ഥാനത്തിലാവാം തുടക്കം. പഞ്ചായത്തുതല കർഷകവിപണികളിൽ കൂടുതലായി എത്തുന്ന ഉൽപന്നങ്ങൾ– പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും– ഇവിടെ സംഭരിക്കാം. ജൈവനെല്ലിനും പച്ചക്കറിക്കും സവിശേഷവില ഉറപ്പാക്കണം. ഓരോ സംഭരണശാലയിലുമെത്തുന്ന കാർഷികവിഭവങ്ങൾ ലേലം ചെയ്തു വിൽക്കാം. ഓൺലൈൻ ലേലസാധ്യതകളും പരിഗണിക്കണം. കൂടുതൽ വില കിട്ടുന്ന വിദൂരവിപണികൾ പ്രയോജനപ്പെടുത്താൻ ഇത് കൃഷിക്കാരെ സഹായിക്കും. സ്വകാര്യകച്ചവടക്കാർ മാത്രമല്ല സപ്ലൈകോയും ഹോർട്ടികോർപുംപോലുള്ള സർക്കാർ ഏജൻസികളും ലേലത്തിൽ പങ്കെടുത്ത് വിപണി ഇടപെടൽ സാധ്യമാക്കണം. 

17. മാംസവിപണനവും സംസ്കരണവും

കോഴി, താറാവ്, മുയൽ, ആട്, മാട് തുടങ്ങിയ ഇറച്ചിമൃഗങ്ങളുടെ വിപണനം ഇന്ന് കച്ചവടക്കാരുടെ ദാക്ഷിണ്യത്തിലാണ്. നിശ്ചിതവില ഉറപ്പാക്കുന്ന സംവിധാനമുണ്ടായാൽ കൂടുതലാളുകൾ ഇവയെ വളർത്താൻ തയാറാകും. പഞ്ചായത്തുതല കർഷകവിപണികളിൽ ഇത്തരം ഇറച്ചിമൃഗങ്ങളെ വിൽക്കാൻ സാധിക്കണം. ഇവയെ വളർത്തുന്നവരുടെ കൂട്ടായ്മകൾക്കായിരിക്കണം ചുമതല. ഇപ്രകാരം വിൽക്കപ്പെടുന്ന മൃഗങ്ങളെ ബ്ലോക്ക്തലത്തിൽ ലേലം ചെയ്യുകയോ, കശാപ്പു ചെയ്തു മാംസമായി വിൽക്കുകയോ ചെയ്യാം. ഇതിനായി ബ്ലോക്ക്തലത്തിൽ ശാസ്ത്രീയ അറവുശാലകളും അവശിഷ്ട സംസ്കരണകേന്ദ്രങ്ങളും സ്ഥാപിക്കണം.

18. ഗ്രാമതല പ്രാഥമിക സംസ്കരണം

എല്ലാ പഞ്ചായത്തിലെയും ഉൽപാദകസമിതികളാവണം ഈ സൗകര്യം ഏർപ്പെടുത്തേണ്ടത്. കൃഷിക്കാർക്ക് നിശ്ചിതഫീസ് നൽകി ഇവിടെ സ്വന്തം ഉൽപന്നങ്ങൾ സംസ്കരിക്കാൻ സാധിക്കണം. ഉൽപാദകരിൽനിന്നൊരാളെതന്നെ സംരംഭം ഏൽപിച്ചാലും മതി. ഡ്രയർ ഉപയോഗിച്ചു ചക്കപ്പഴം പൾപ്പാക്കി സൂക്ഷിക്കാനും വാഴപ്പഴം ഉണങ്ങാനും നാടൻചക്കിൽ കൊപ്ര ആട്ടാനും അരി പൊടിച്ചുവറക്കാനുമൊക്കെ കൃഷിക്കാർക്ക് ഈ പൊതുസൗകര്യം പ്രയോജനപ്പെടും. മിതമായ തോതിൽ പായ്ക്കിങ് സൗകര്യവും ഇത്തരം കേന്ദ്രങ്ങളിൽ ഏർപ്പെടുത്താം.

19. മികവോടെ ഉൽപാദകകമ്പനികൾ

ഒട്ടേറെ കർഷകഉൽപാദകകമ്പനികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൃഷിക്കാരുടെ കരുത്താകാൻ അവയ്ക്ക് കഴിഞ്ഞിട്ടില്ല. സ്റ്റാർട്ടപ് കമ്പനികൾക്കെന്നപോലെ കർഷകകമ്പനികൾക്കും ഇൻക്യുബേഷൻസേവനങ്ങളും പ്രോത്സാഹനവും നൽകി വളർത്തിയെടുക്കണം. ഇവയിലൂടെയാവണം കേരളത്തിന്റെ തനതു കാർഷികഉൽപന്നങ്ങൾ രാജ്യാന്തരവിപണിയിലെത്തേണ്ടത്. ഭൗമശാസ്ത്രസൂചിക നേടിയ ഉൽപന്നങ്ങളുടെ വിപണനത്തിൽ ഇ–കൊമേഴ്സ് സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉൽപാദകകമ്പനികൾക്കു സാധിക്കും. അമുൽമാതൃക പിന്തുടരാം. നിലവിലുള്ള നാളികേരഉൽപാദകകമ്പനികളെത്തന്നെ കേരളത്തിലെ സമ്മിശ്ര-പുരയിടകർഷകരുടെ കൂട്ടായ്മയായി വളർത്താം. ഒപ്പം റബർ, സുഗന്ധവിളകൾ, നെല്ല്, കിഴങ്ങുവിളകൾ എന്നിവയ്ക്കൊക്കെ കമ്പനികൾ ഉണ്ടാവണം. അതതു വിളയുടെ ഗ്രാമതല ഉൽപാദകസമിതികളാവണം ഇത്തരം കമ്പനികളുടെ അടിസ്ഥാന യൂണിറ്റ്. 

20. നിലവാരസാക്ഷ്യപത്രം

കയറ്റുമതി ആവശ്യങ്ങൾക്കായി വിവിധ തരം നിലവാരസാക്ഷ്യപത്രങ്ങൾ നൽകുന്ന ഏജൻസികൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ആഭ്യന്തരവിപണിക്കുവേണ്ടി വിശ്വാസ്യതയുള്ളതും ചെലവ് കുറഞ്ഞതുമായ നിലവാര സാക്ഷ്യപത്രസംവിധാനം യാഥാർഥ്യമായിട്ടില്ല. ഇവിടെ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സിംഹഭാഗവും ഇവിടെത്തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്.  ജൈവരീതിയിലുള്ള ഉൽപാദനം മാത്രമല്ല, സൽകൃഷിരീതികൾക്കും കുറഞ്ഞ ചെലവിൽ സാക്ഷ്യപത്രം നേടാൻ കേരളത്തിലെ കൃഷിക്കാർക്ക് സാഹചര്യം സൃഷ്ടിക്കണം. ഇവയ്ക്ക് പ്രത്യേക വിപണനസൗകര്യവും ഏർപ്പെടുത്തണം. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിനും മറ്റും സാക്ഷ്യപത്രം നേടിയ കൃഷിക്കാരുടെ ഉൽപന്നങ്ങൾ ഉപയോഗിക്കണമെന്നു നിഷ്കർഷിക്കുകയുമാവാം. 

വൈവിധ്യവൽക്കരണം

21. ‌ക്ഷീരോൽപാദകസംഘങ്ങൾ ജൈവകൃഷിയിലും

മിൽമയുടെയും ക്ഷീരസംഘങ്ങളുടെയും പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാം. ക്ഷീരസംഘങ്ങളിൽ ചെറുകിടകർഷകർ അളക്കുന്ന പാലിന്റെ ഒരു പങ്ക് ഫാം ഫ്രഷ്മിൽക്ക് ആയി വിപണനം നടത്തി അധികവരുമാനം നേടാനാകും. രാവിലെ സംഭരിക്കുന്ന പാൽ അന്നുതന്നെ സമീപഭവനങ്ങൾതോറും സ്ഥിരമായി എത്തിക്കുന്ന സംവിധാനത്തിനു വനിതാസ്വാശ്രയസംഘങ്ങളുടെ സേവനം പ്രയോജനപ്പെടുത്താം. വാണിജ്യാടിസ്ഥാനത്തിലുള്ള ഫാമുകളിലെ പാൽ ഡെയറിപ്ലാന്റുകളിലേക്ക് അയയ്ക്കുകയുമാവാം. പാൽസംഭരണത്തിന് ഫാമുകൾതോറും ക്ഷീരസംഘത്തിന്റെ വാഹനമെത്തുന്ന രീതി വ്യാപകമാക്കാം. ചെറുകിടകർഷകരുടെ തൊഴുത്തുകളിൽ നിന്നുള്ള ചാണകം വാങ്ങി സംസ്കരിച്ചു വിൽക്കാം. ക്ഷീരസംഘങ്ങൾതോറും ജൈവപച്ചക്കറികൾക്കായി പ്രത്യേകം സംഭരണവും ആരംഭിക്കാം. ജൈവവിഭവങ്ങളുടെ വിശ്വസനീയമായ ബ്രാൻഡ് സൃഷ്ടിക്കാൻ മിൽമയ്ക്കു സാധിക്കണം. 

22.  സഹകരണമേഖല സജീവമാക്കുക

കൃഷിക്കാരുടെ സാമ്പത്തികപ്രവർത്തനങ്ങളിൽ സഹകരണബാങ്കുകൾക്ക് കൂടുതൽ പങ്ക് വഹിക്കാൻ കഴിയണം. ആയാസരഹിതമായ വായ്പ മാത്രമല്ല, ഇൻഷുറൻസ്, നിക്ഷേപം, പെൻഷൻ തുടങ്ങിയ സേവനങ്ങളും സഹകരണമേഖലയിലൂടെ ലഭ്യമാക്കാം. പുതിയ സംരംഭകർക്ക് പ്രോജക്ട് തയാറാക്കാനും വിവിധ ലൈസൻസുകൾ നേടാനുമൊക്കെയുള്ള ഏകജാലക കേന്ദ്രമായി ഗ്രാമീണസഹകരണസംഘങ്ങൾ വളരണം. റജിസ്റ്റേഡ് കൃഷിക്കാർക്കുള്ള സർക്കാർ ആനുകൂല്യ വിതരണം സഹകരണമേഖലവഴിയാകാം.

neera

23.  നിയന്ത്രണമില്ലാത്ത നീര

ദോഷമില്ലാത്ത മധുരദ്രാവകമാണ് നീരയെന്ന് ഇതിനകം കേരളത്തിനു ബോധ്യമായിക്കഴിഞ്ഞു. ഇനിയെങ്കിലും മദ്യവിരുദ്ധതയുടെ പേരിൽ നീരഉൽപാദനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണം. നിലവിൽ ഉൽപാദകസംഘങ്ങൾക്കു മാത്രമേ നീര ഉൽപാദിപ്പിക്കാനും സംഭരിക്കാനും അനുവാദമുള്ളൂ. ഇതിനുപകരം നാളികേരകർഷകർക്ക് സ്വന്തനിലയിൽ നീര ഉൽപാദിപ്പിക്കാനും വിൽക്കാനും സാധിക്കണം. കടക്കെണിയിലായ നാളികേര ഉൽപാദകസംഘങ്ങൾക്ക് പൊതു–സ്വകാര്യ പങ്കാളിത്ത(പിപിപി) മാതൃകയിൽ തിരിച്ചുവരവിനുള്ള അവസരവും ഇതുവഴി സൃഷ്ടിക്കപ്പെടും. 

24. വീഞ്ഞുനിർമാണം

പാഴാകുന്ന പഴവർഗങ്ങളിൽനിന്നു വീഞ്ഞുണ്ടാക്കാനുള്ള കർഷകന്റെ അവകാശത്തിനു പ്രസക്തിയുണ്ട്. അന്യനാടുകളിലുണ്ടാക്കുന്ന വീര്യം കൂടിയ മദ്യത്തെക്കാൾ അഭികാമ്യം നാം പാഴാക്കിക്കളയുന്ന കശുമാങ്ങയുടെയും പൈനാപ്പിളിന്റെയുമൊക്കെ വീ‍ഞ്ഞുതന്നെ. ഇതിനാവശ്യമായ നടപടികൾ സംസ്ഥാനസർക്കാർ സ്വീകരിച്ചെങ്കിലും കൃഷിക്കാരുടെ വരുമാനം വർധിപ്പിക്കുന്ന സംരംഭമായി അതിനെ വളർ‌ത്താൻ ഇനിയും കടമ്പകൾ ബാക്കി.

25. നഗരക്കൃഷി

പട്ടണങ്ങളുടെ ശൃംഖലയായി മാറിയ കേരളത്തിൽ നഗരക്കൃഷിക്കായി പ്രത്യേക പദ്ധതികളും ഗവേഷണ–വികസനപ്രവർത്തനങ്ങളുമുണ്ടാവണം. വെർട്ടിക്കൽ ഫാമിങ്, സ്മാർട് അഗ്രിക്കൾച്ചർ, സംരക്ഷിതകൃഷി, ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് തുടങ്ങിയവയിൽ താൽപര്യമുള്ളവർക്ക് സഹായകമായ പ്രായോഗികമാതൃകകൾ രൂപപ്പെടുത്തുകയും അവ നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് നീക്കിവയ്ക്കുകയും വേണം. മട്ടുപ്പാവുകൾ വാടകയ്ക്കെടുത്തോ ഇന്റഗ്രേഷൻ മാതൃകയിലോ ഹൈടെക് കാർഷികോൽപാദനം നടത്തുന്ന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാം.

english summary: 25 dreams for karala agriculture sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA