ജലക്കൃഷി മേഖലയിൽ വരുമാനലഭ്യതയ്ക്കിതാ 5 മത്സ്യവഴികൾ

HIGHLIGHTS
  • തീൻമേശയിലെ ഗ്ലാമർതാരത്തിനു വിപണിയിൽ എന്നും മോഹവില ഉറപ്പ്
  • പാറമടകളും ഡാമുകളും കൂടുമത്സ്യക്കൃഷിക്ക് പരിഗണിക്കാം
karimeen
SHARE

1. കരിമീൻ വിത്തുൽപാദനം

എല്ലാവരും വളർത്താൻ കൊതിക്കുന്ന മത്സ്യമാണ് കരിമീൻ. തീൻമേശയിലെ ഗ്ലാമർതാരത്തിനു വിപണിയിലും എന്നും മോഹവില ഉറപ്പ്. അങ്ങനെയുള്ള സംസ്ഥാനമത്സ്യത്തെ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടത്ര വിത്ത് കിട്ടാനില്ലെന്നതാണ് ഈ സംരംഭത്തിന്റെ സാധ്യത കൂട്ടുന്നത്. കാർപ് മത്സ്യങ്ങളെപ്പോലെ പ്രേരിത പ്രജനനം നടത്തി പതിനായിരക്കണക്കിനു കരിമീൻ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനാവില്ല. ഒരു ജോടിയിൽനിന്ന് ഒരു തവണ സ്വാഭാവിക പ്രജനനം വഴി കിട്ടാവുന്ന പരമാവധി 3000 മത്സ്യവിത്ത് സംരക്ഷിച്ച് വലുതാക്കി ആവശ്യക്കാർക്ക് നൽകുകയാണ് ഏക പോംവഴി. ഓരുജലത്തിലും ശുദ്ധജലത്തിലും വളരുമെങ്കിലും കരിമീനിന്റെ പ്രജനനത്തിന് ഓരുജലം തന്നെ ഉത്തമം. ഓരുജലം ലഭ്യമായ പ്രദേശങ്ങളിൽ പ്രജനനത്തിനു യോജിച്ച കുളങ്ങളുണ്ടാക്കി മാതൃപിതൃ ജോടികളെ വിടുകയേ വേണ്ടൂ. കളമത്സ്യങ്ങളെയും മറ്റും ഒഴിവാക്കിയശേഷം ഒരു സെന്റിന് 5 കിലോ ഉണക്കച്ചാണകം, 300 ഗ്രാം കടലപ്പിണ്ണാക്ക് (കപ്പലണ്ടിപ്പി ണ്ണാക്ക്), 50 ഗ്രാം യൂറിയ  എന്നിവ വീതം ഇടുന്നത് കുളത്തിൽ പ്ലവകങ്ങളുണ്ടാകാൻ ഉപകരിക്കും.

പ്രജനനത്തിനുപയോഗിക്കുന്ന മത്സ്യങ്ങൾക്ക് 12–14 സെ.മീ. നീളവും 80–160 ഗ്രാം തൂക്കവുമുണ്ടായിരിക്കണം. കൃത്യമായ പരിചരണം നൽകിയാൽ ഏതാനും മാസങ്ങൾക്കുള്ളിൽ മുട്ടയിടീൽ ആരംഭിക്കും. ആൺ–പെൺ മത്സ്യങ്ങളെ തിരിച്ചറിയാൻ പ്രയാസമുള്ളവർ ആരോഗ്യമുള്ള ഒരു കൂട്ടം കരിമീനുകളെ ഒരുമിച്ചു നിക്ഷേപിച്ചാലും മതി. അവ ക്രമേണ ജോടി തിരിഞ്ഞുകൊള്ളും. കരിമീൻ ജോടികൾക്ക് മുട്ട ഒട്ടിച്ചുവയ്ക്കാനുള്ള സൗകര്യം കുളങ്ങളിലുണ്ടാവണം. ഇതിനായി മുള, മരക്കുറ്റികൾ, ഓട്, മൺചട്ടികൾ എന്നിവ വച്ചുകൊടുത്താൽ മതി. കുളത്തിന്റെ അരികിലായി തമ്മിൽ ഒന്നര മീറ്റർ അകലം വരത്തക്കവിധം കരയിൽ നിന്നും അര മീറ്റർ അകത്തിയാണ് ഇവ വയ്ക്കേണ്ടത്. നീർനായയുടെയും മറ്റും ഉപദ്രവമൊഴിവാക്കാൻ കുളത്തിനു ചുറ്റും വലവേലി കെട്ടി സംരക്ഷിക്കണം.

സ്വാഭാവിക പ്രജനനത്തിലൂടെ വിരിഞ്ഞിറങ്ങുന്ന കരിമീൻ കുഞ്ഞുങ്ങൾ  ആദ്യത്തെ ഒരു മാസം കൂട്ടമായി സഞ്ചരിക്കുന്നതു കാണാം. കുറഞ്ഞത് 3 സെ.മീ. വലുപ്പമെത്തിയ കുഞ്ഞുങ്ങളെ വിപണനം നടത്താം. ഓക്സിജൻ നിറച്ച് പോളിത്തീൻ കവറുകളിലാണ് ഇവയെ പായ്ക്ക് ചെയ്യേണ്ടത്. 50 സെന്റ് വലുപ്പമുള്ള ഒരു കുളം കരിമീൻ വിത്തുൽപാദനത്തിനായി ഒരുക്കുന്നതിന് 50,000 രൂപ ചെലവ് വരും. ശരിയായി കാര്യങ്ങൾ ക്രമീകരിച്ചാൽ 30,000 കുഞ്ഞുങ്ങളെ ഇത്തരം ഒരു കുളത്തിൽ ഉൽപാദിപ്പിക്കാനാവും. മൂന്ന് സെ.മീ. വലുപ്പമുള്ള കരിമീൻകുഞ്ഞിനു വിപണിയിൽ 11–12 രൂപ വിലയുണ്ട്.

 2. കൂടുമത്സ്യക്കൃഷി

തുറസ്സായ ജലാശയങ്ങളിൽ സ്ഥാപിച്ച കൂടുകളിലെ നിയന്ത്രിത സാഹചര്യങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രത്യേകം തീറ്റ നൽകി വളർത്തുന്ന രീതിയാണിത്. വളർച്ചയ്ക്ക് ആനു പാതികമായി മത്സ്യങ്ങളെ തരംതിരിച്ചു വളർത്താമെന്നതും എളുപ്പം വിളവെടുക്കാമെന്നതും ഈ രീതിയുടെ മാത്രം സവിശേഷതകളാണ്. ഒഴുക്കുള്ള ജലാശയങ്ങളാണ് കൂടുമത്സ്യക്കൃഷിക്ക് ഏറ്റവും യോജ്യം. ആഴക്കൂടുതൽ മൂലം മത്സ്യം പിടിക്കുന്നത് ശ്രമകരമായ പാറമടകളും ഡാമുകളും കൂടുമത്സ്യക്കൃഷിക്ക് പരിഗണിക്കാം. കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും ആഴമുള്ള ഭാഗത്താണ് കൂട് സ്ഥാപിക്കേണ്ടത്. കരയിൽനിന്ന് അഞ്ചു മീറ്റർ അകലത്തിൽ കൂട് സ്ഥാപിക്കുന്നതാണ് സുരക്ഷിതം. ചെമ്മീൻ കെട്ടുകൾ, നെൽപ്പാടങ്ങൾ എന്നിവയിലെ ആഴം കൂടിയ തൂമ്പിൻകുഴിയിൽ വെള്ളം കയറിയിറങ്ങുന്നതിനു തടസ്സമുണ്ടാകാത്ത വിധം കൂടുകൾ  സ്ഥാപിക്കാം. പൊതുജലാശയമാണെങ്കിൽ മത്സ്യബന്ധനത്തിനും ജലഗതാഗതത്തിനും തടസ്സമുണ്ടാക്കാത്ത വിധത്തിലാവണം കൂടുകൾ സ്ഥാപിക്കേണ്ടത്. ഇത്തരം സ്ഥലങ്ങളിൽ  കൂടുമത്സ്യക്കൃഷി നടത്താൻ  ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടി ഫിക്കറ്റ് നിർബന്ധമായും വാങ്ങണം.

ജലാശയങ്ങളുടെ സ്വഭാവമനുസരിച്ച് കൂടുകളുടെ രൂപകൽപനയിലും മാറ്റമുണ്ടാകും. കൂടുകളുടെ മുകൾഭാഗത്ത് പക്ഷിശല്യം ഒഴിവാക്കുന്നതിനായി വല വിരിക്കണം. ഏകദേശം 72,000 രൂപ മുടക്കിൽ ഇത്തരമൊരു കൂട് നിർമിക്കാം. കൂടുമത്സ്യക്കൃഷി നടത്തിയ സ്ഥലത്തുനിന്നു മാറ്റിയാവണം അടുത്ത തവണ കൂട് സ്ഥാപിക്കേണ്ടത്.  ശുദ്ധജലാശയങ്ങളിലെ കൂടുമത്സ്യക്കൃഷിക്ക്  ഏറ്റവും യോജിച്ചത് തിലാപ്പിയ, വാള മത്സ്യങ്ങളാണ്. ഓരു ജലാശയങ്ങളിലാവട്ടെ കാളാഞ്ചി, തിരുത, കരിമീൻ എന്നിവയെ വളർത്താം. കുറഞ്ഞത് 10 സെ.മീയെങ്കിലും വലുപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ്  നിക്ഷേപിക്കേണ്ടത്. കരിമീൻ, തിലാപ്പിയ, വാള എന്നിവയ്ക്ക് തിരിത്തീറ്റയാണ്  അഭികാമ്യം. കാളാഞ്ചി, ചെമ്പല്ലി എന്നിവയ്ക്ക് വില കുറഞ്ഞ പാഴ്മത്സ്യങ്ങളും.  ഓരുജലാശയ കൂടുകളിൽ നിന്ന് ശരാശരി 600 കിലോ ഉൽപാദനം പ്രതീക്ഷിക്കാം. വിളവെടുത്ത മത്സ്യങ്ങൾ ജീവനോടെ ആവശ്യക്കാരിലെത്തിക്കാൻ കഴിഞ്ഞാൽ ഉയർന്ന വില നേടാം. ജീവനുള്ള കാളാഞ്ചിക്ക് 550 രൂപയും കരിമീനിന് 600 രൂപയും തിലാപ്പിയയ്ക്ക് 200 രൂപയും വിലയുണ്ട്.

3.  കുളം / ടാങ്ക് നിർമാണം

മത്സ്യക്കൃഷിക്ക് ഏറ്റവും അനുയോജ്യം പ്രകൃതിദത്ത കുളങ്ങളാണെങ്കിലും  ചില സാഹചര്യ ങ്ങളിൽ കൃത്രിമക്കുളങ്ങളെ ആശ്രയിക്കേണ്ടിവരും, വിശേഷിച്ച് പട്ടണപ്രദേശങ്ങളിലും മറ്റും. ചെലവ് കൂടുമെന്നതിനാൽ വാണിജ്യാവശ്യത്തിനെക്കാൾ  വീട്ടാവശ്യത്തിനായുള്ള കൃഷിക്കായിരിക്കും ഇവ യോജിക്കുക. തിലാപ്പിയ, അനാബസ്, വാള എന്നിവയാണ് കൃത്രിമക്കുളങ്ങളിലെ കൃഷിക്ക് പൊതുവെ ഉപയോഗിക്കാറുള്ളത്. കൃത്രിമക്കുളങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം വർധിപ്പിച്ച് മത്സ്യക്കൃഷിയുടെ ഉൽപാദനക്ഷമത കൂട്ടുന്ന സാങ്കേതികവിദ്യകളും ഇപ്പോൾ പ്രചാരത്തിലുണ്ട്.

 വീട്ടുവളപ്പിൽ ഭക്ഷണാവശ്യത്തിനായി മത്സ്യക്കൃഷി നടത്താൻ കൃത്രിമക്കുളങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിനൽകുന്നത് ഒരു സംരംഭസാധ്യതയായി വളർന്നിട്ടുണ്ട്. പ്ലാസ്റ്റിക്–നൈലോൺ പടുത/സിമന്റിൽ മുക്കിയ ചണച്ചാക്ക്  തുടങ്ങിയവ വിരിച്ചാണ് പൊതുവെ കൃത്രിമക്കു ളങ്ങൾ നിർമിക്കുന്നത്. ഫെറോസിമന്റ് സാങ്കേതികവിദ്യയും ടാങ്ക് നിർമാണത്തിനു പ്രയോജനപ്പെടുത്താറുണ്ട്.  

ജലനിലവാരം വർധിപ്പിക്കാനുള്ള അക്വാപോണിക്സ്, റീസർക്കുലേഷൻ അക്വാകൾച്ചർ, ബയോഫ്ലോക് തുടങ്ങിയ സങ്കേതങ്ങൾ ഒരുക്കലും സംരംഭസാധ്യത തന്നെ. എന്നാൽ മികച്ച സ്ഥാപനങ്ങളിൽനിന്ന് വേണ്ടത്ര പരിശീലനം നേടിയ ശേഷമേ സാങ്കേതിക പ്രധാനമായ ഇത്തരം സംരംഭങ്ങൾ തുടങ്ങാവൂ. സർക്കാർ തലത്തിൽ വൻതോതിലുള്ള പ്രോത്സാഹനമാണ് ഇപ്പോൾ  വീട്ടുവളപ്പിലെ മത്സ്യക്കൃഷിക്ക് നൽകുന്നത്. നിർഭാഗ്യവശാൽ ശാസ്ത്രബോധവും സാങ്കേതിക തികവുമുള്ള അക്വാകൾചർ ടെക്നീഷ്യന്മാർ തീരെ കുറവാണ്. അംഗീകൃത പരിശീലനം നേടിയവർ എത്തിയാൽ മാത്രമെ ഈ രംഗത്തെ ചൂഷണവും കബളിപ്പിക്കലും അവസാനിക്കൂ. ഊർജിത അക്വാകൾച്ചർ രീതികളെക്കുറിച്ച് എറണാകുളം കൃഷി വിജ്ഞാനകേന്ദ്രത്തിലും ഫിഷറീസ് സർവകലാശാലയിലുമൊക്കെ വിദഗ്ധ പരിശീലനം ലഭിക്കും. ഒപ്പം വിവിധ തരം പമ്പുകൾ, ജലശുദ്ധീകരണമാർഗങ്ങൾ, പ്രോബയോട്ടിക് – ബയോ ഫ്ലോക് ഉൽപന്നങ്ങൾ എന്നിവയെക്കുറിച്ച് അറിവ് നേടുന്നതും ഉത്തമം.

guppy

4. ഗപ്പി പ്രജനനം

നമ്മുടെ നാട്ടിൽ അടുത്ത കാലത്ത് ഏറെ പ്രചാരം നേടിയ അലങ്കാരമത്സ്യങ്ങളാണ് ഗപ്പികൾ. യുവജനങ്ങൾക്കും വിദ്യാർഥികൾക്കുമിടയിൽ ഗപ്പിവളർത്തൽ ട്രെൻഡായിട്ടുണ്ട്. വിവിധ വർണ ഭേദങ്ങളിലുള്ള ഗപ്പി ഇനങ്ങളുണ്ട്. വളർത്തുകാരുടെ എണ്ണം വർധിച്ചതനുസരിച്ച് ഗപ്പി പ്രജനനത്തിന്റെ സാധ്യതകളും വർധിക്കുന്നു.

വളരെ കുറച്ചു സ്ഥലം മതിയാകുമെന്നതും അനായാസം പ്രജനനം നടത്താമെന്നതും ഗപ്പിയെ അലങ്കാരമത്സ്യസംരംഭകരുടെ പ്രിയ മത്സ്യമാക്കുന്നു. വെറും 25 ലീറ്റർ സംഭരണശേഷിയുള്ള ടാങ്കുണ്ടെങ്കിൽ ഇവയുടെ പ്രജനനം നടത്താം. വളർത്തി വലുതാക്കാനാണെങ്കിൽപോലും  30–60 ലീറ്റ‍ർ ടാങ്ക് മാത്രമെ ആവശ്യമുള്ളൂ. ടാങ്കിനു പുറമെ ശക്തിയുള്ള ഒരു എയർപമ്പിനോടു ചേർന്നു പ്രവർത്തിക്കുന്ന ഫിൽറ്ററും 12 മണിക്കൂർ പ്രകാശം ലഭിക്കുന്നതിനുള്ള സംവിധാനവുമുണ്ടെങ്കിൽ ഗപ്പി പ്രജനനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളായി. ജലത്തിന്റെ അമ്ലത, താപനില എന്നിവ നിരീക്ഷിക്കാനും ക്രമീകരിക്കാനും അറിഞ്ഞിരിക്കണം.

പ്രജനനം നടത്താൻ ഉദ്ദേശിക്കുന്ന ജനുസ്സുകളെക്കുറിച്ച് വിശദമായി മനസ്സിലാക്കണം. ചിറകു കളുടെ ആകൃതി, നിറം, ശരീരപ്രകൃതി എന്നിവയൊക്കെ വേർതിരിച്ചറിയാൻ കഴിയണം. എങ്കിൽ മാത്രമേ വ്യത്യാസമുള്ള കുഞ്ഞുങ്ങളെ ശേഖരത്തിൽനിന്നു മാറ്റി വംശശുദ്ധി ഉറപ്പാക്കാൻ കഴിയൂ. തുടർച്ചയായി വൈകല്യമുള്ള കുഞ്ഞുങ്ങളുണ്ടാകുന്ന മാതൃ–പിതൃ മത്സ്യങ്ങളെ മാറ്റാനും ഇത് സഹായിക്കും. തുടക്കം മുതൽ ചിട്ടയായി പ്രജനനപ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത് ഭാവിയിലെ ഫാം വികസനത്തിനു സഹായിക്കും.  

ആരോഗ്യമുള്ള പെൺഗപ്പി ഏകദേശം 3 മാസം പ്രായമാകുമ്പോൾ പ്രസവിച്ചു തുടങ്ങും. ഒരു പ്രസവത്തിൽ 20–50 കുഞ്ഞുങ്ങളെ പ്രതീക്ഷിക്കാം. അനുകൂലസാഹചര്യമുണ്ടെങ്കിൽ  മാസത്തിലൊരിക്കൽ വീതം അവ പ്രസവിക്കാറുണ്ട്. ശരിയായി പരിചരണം നൽകിയാൽ 3 മാസത്തിനകം ഇവ വിൽപനയ്ക്ക് പാകമാകും. ചുരുക്കത്തിൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വരുമാനം നേടിത്തുടങ്ങാൻ സാധിക്കുന്ന സംരംഭമാണ് ഗപ്പി പ്രജനനം. ഓരോ പെൺഗപ്പിയും മാസം തോറും 30 കുഞ്ഞുങ്ങളെ വീതം നൽകുമെന്നു കണക്കാക്കിയാൽ ഒരു വർഷത്തിനകം വിലയുടെ 300 ഇരട്ടി വരെ ഇവയിൽനിന്നു നേടാം. 

5. അലങ്കാരമത്സ്യം വളർത്തൽ

അലങ്കാരമത്സ്യപ്രജനനംപോലെതന്നെ സാധ്യതയുള്ളതാണ് അവയുടെ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി വിൽക്കുന്ന സംരംഭവും. പ്രജനനം നടത്തുന്ന സംരംഭകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വളർത്തി വിൽപനപ്രായമെത്തിക്കാനുള്ള സ്ഥലസൗകര്യമോ സമയമോ ഉണ്ടാവണമെന്നില്ല. അവരിൽനിന്ന് അലങ്കാരമത്സ്യക്കുഞ്ഞുങ്ങളെ  വാങ്ങി വളർത്തി വലുതാക്കിയാൽ മികച്ച വിലയ്ക്കു വിൽക്കാനാവും. അലങ്കാരമത്സ്യങ്ങളുടെ  പ്രജനനവിദ്യകളിൽ പ്രാവീണ്യമില്ലാത്തവർക്കും അവയെ തീറ്റ നൽകി വളർത്താൻ പ്രയാസമുണ്ടാവില്ല. 

ആഹാരമെടുക്കാൻ പ്രാപ്തരായ മത്സ്യക്കുഞ്ഞുങ്ങളെ  കൂടിയ തോതിൽ വാങ്ങി വളർത്താനുള്ള ഇടമാണ് സംരംഭത്തിനു വേണ്ട അടിസ്ഥാനസൗകര്യം. ഇതിനായി പല രീതിയിൽ സ്ഥല സൗകര്യം കണ്ടെത്താം–മത്സ്യക്കൂടുകൾ, പടുതക്കുളം, എഫ്ആർപി ടാങ്കുകൾ, പാടങ്ങൾ, കുളങ്ങൾ, ചില്ലുടാങ്കുകൾ എന്നിവയിലൊക്കെ വിവിധതരം അലങ്കാരമത്സ്യങ്ങളെ വളർത്താനാകും.

സംരംഭം ആരംഭിക്കുന്നതിനു മുൻപുതന്നെ  വളർത്താനുദ്ദേശിക്കുന്ന മത്സ്യത്തിന്റെ സവിശേഷതകൾ വിശദമായി പഠിക്കണം. അവയുടെ നീളം, സ്വഭാവം, തീറ്റ, വളർച്ചയെത്താനെടുക്കുന്ന സമയം, പ്രജനന പ്രായം, വേണ്ടിവരുന്ന ഓക്സിജന്റെ തോത്,  അനുകൂലമായ പിഎച്ച് നില എന്നിവയൊക്കെ മനസ്സിലാക്കണം. ഈ സവിശേഷതകൾ വളർത്താനുദ്ദേശിക്കുന്ന കുളത്തിലെ /  ടാങ്കിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുമെന്ന് ഉറപ്പാക്കണം. നഴ്സറിക്കുളം, വളർത്തുകുളം, സംഭരണക്കുളം, നിരീക്ഷണ / ചികിത്സാടാങ്കുകൾ എന്നിവ ഈ സംരംഭത്തിൽ ആവശ്യമാണ്.

അലങ്കാരമത്സ്യങ്ങളുടെ ഇനവും തരവുമനുസരിച്ച് അവ 3–6 മാസത്തിനുള്ളിൽ  വിൽപനപ്രായമെത്തും. പ്രജനനപ്രായത്തിനു തൊട്ടുമുൻപ് വിൽപനയാരംഭിക്കുന്നതാണ് ഉത്തമം.

തയാറാക്കിയത്

ഡോ. പി.എ. വികാസ് & ഡോ. ഷിനോജ് സുബ്രഹ്മണ്യൻ (കൃഷിവിജ്ഞാനകേന്ദ്രം, എറണാകുളം) , കിരൺ മോഹൻ ( പ്ലാന്റോസ് അക്വാസ്യൂട്ടിക്കൽസ്, എറണാകുളം)

English summary: Profitable Fish Farming Business Ideas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA