ADVERTISEMENT

അമ്മ വളരെ വർഷങ്ങളായി ആലപ്പുഴയിലെ പാണാവള്ളി ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷക, ജൈവ കർഷക അവാർഡ് ജേതാവ്. മകൾ മുവാറ്റുപുഴയിലെ ആയവന പഞ്ചായത്തിലെ 2019 –20 വർഷത്തെ മികച്ച  ജൈവ കർഷക അവാർഡ് ജേതാവ്. 

പച്ചക്കറികളും വിവിധയിനം ഫലങ്ങളുമാണ് അമ്മ രുഗ്മിണിയമ്മ കൃഷിചെയ്യുന്നത്. നാടൻ പശു തൊട്ട് മത്സ്യം വരെയുള്ള സംയോജിത ഫാമാണ് മകൾ ദിവ്യ അനീഷിന്റെ മേൽ നോട്ടത്തിൽ. കുടുംബ സ്വത്തായി ലഭിച്ച 4 ഏക്കർ പുരയിടത്തിലെ റബർ തോട്ടത്തിൽ ഒരുക്കിയ കാർഷിക വൈവിധ്യമാണ് ദിവ്യയെ മികച്ച ജൈവ കർഷകയാക്കിയത് എന്നത് പകിട്ടേറുന്നു. 

rukmini-amma-2
രുക്മിണിയമ്മയും മകൾ ദിവ്യയും

ചൊരി മണലിലെ ഹരിതാഭ

പാണാവള്ളിയിലെ  ചൊരി മണലിലാണ് രുഗ്മിണിയമ്മ പച്ചക്കറികൾ വിളയിച്ചത്. ചീര, വെണ്ട, വഴുതന, മത്തൻ, ഇളവൻ, വെള്ളരി, പയർ, പച്ചമുളക്, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, നിത്യവഴുതന എന്നിവയാണ് ഇവിടെ വിളഞ്ഞ പച്ചക്കറികൾ. ഒപ്പം കോളിഫ്ലവറും കാബേജും തണുപ്പ് കാലത്ത് കൃഷി ചെയ്യുന്നു. 

മാത്രമല്ല കുരുമുളകും കടച്ചക്കയും വിവിധയിനം വാഴകളും മാവുകളും സീതപ്പഴവും റംബൂട്ടാനും ജാതിയും സപ്പോട്ടയും പേരയും പ്ലാവും ജാതിയും നാരകവും മറ്റൊരു വശത്ത്. ബെൽ ചാമ്പ, ആപ്പിൾ ചാമ്പ തുടങ്ങി ചാമ്പയുടെ വിവിധ ഇനങ്ങളും സ്റ്റാർ ഫ്രൂട്ട്, ഇലുമ്പൻ പുളി, മിറാക്കിൾ ഫ്രൂട്ട്, മാങ്കോസ്റ്റീൻ  എന്നിവയും ഫലം നൽകുന്നു. തെങ്ങ്, ജാതി, പേര, ചാമ്പ തുടങ്ങിയ ഇനങ്ങളിൽ സങ്കരയിനങ്ങളും രുഗ്മിണിയമ്മ പരീക്ഷിച്ചിട്ടുണ്ട് . 

rukmini-amma-3
രുക്മിണിയമ്മയും മകൾ ദിവ്യയും തോട്ടത്തിൽ

തേക്ക്, ഈട്ടി, മഹാഗണി, ആഞ്ഞിലി തുടങ്ങി തടിക്ക് പ്രയോജനമുള്ള വൃക്ഷങ്ങളും പുരയിടത്തിൽ ധാരാളമുണ്ട്. രക്തചന്ദനം, ദേവദാരു, കടമ്പ്, കൂവളം, ഞാവൽ തുടങ്ങിയ അപൂർവ വൃക്ഷങ്ങളും കൃയിടത്തിന് തണുപ്പേകുന്നു. കടമ്പ് ഇപ്പോൾ കായ്ച്ചിരിക്കുകയാണ്. നിത്യ ഹരിത വനങ്ങളിലും ജലാശയങ്ങളോട് ചേർന്നുമാണ് സാധാരണ കടമ്പ് വളരുന്നത്. 

ഇതൊക്കെ ഇവിടെ നിലവിലുള്ള പച്ചക്കറി ഇനങ്ങളും ഫല വൃക്ഷങ്ങളും. ഇതിനൊക്കെ പുറമെ തൃശൂരിൽ മോറിസ് ഗാരേജിൽ (എംജി) സെയിൽസ് ഹെഡായി ജോലി ചെയ്യുന്ന മകൻ വിനോദ് ഓരോ ആഴ്ചയും മണ്ണൂത്തിയിൽനിന്ന് വാങ്ങിവരുന്ന വിത്തുകളും തൈകളും നടാനും മണ്ണിൽ ഇടമുണ്ട്. ലോക്‌ഡൗണിനു ശേഷം പതിനയ്യായിരം രൂപയുടെ തെകളാണ് വിനോദ് വാങ്ങി‌വന്നത്. പുരയിടത്തിലെ വലിയ കുളത്തിൽ നിറയെ മത്സ്യങ്ങളും. വരാലും തിലാപ്പിയയും കാരിയും കട്‍ലയും നീന്തിത്തുടിക്കുന്നു. ചിത്രകാരിയും കവയത്രിയും അധ്യാപികയുമായ മരുമകൾ അരുണിമയും അമ്മയ്ക്കൊപ്പം കൃഷിയിൽ സജീവമാണ്. 

ജൈവകൃഷി രീതികൾ പിന്തുടരുന്ന രുക്മിണിയമ്മ പ്രകൃതിദത്ത വളങ്ങളും മണ്ണിര കമ്പോസ്റ്റും മീൻവളവുമാണ് മണ്ണിൽ കൂടുതലായി പ്രയോഗിക്കുന്നത്. വേപ്പെണ്ണ പോലുള്ള പ്രകൃതിജന്യ വസ്തുക്കളെ ഉപയോഗിച്ചുള്ള കീടനാശിനികളും പ്രയോഗിച്ചാണ് പാണാവള്ളിയെ ഹതിരാഭമാക്കുന്ന രുഗ്മിണിയമ്മയുടെ കാർഷിക മുന്നേറ്റം.

rukmini-amma
രുക്മിണിയമ്മയും മകൾ ദിവ്യയും

അമ്മയുടെ മകൾ 

അമ്മയുടെ ‘പച്ചയായ’ ജീവിതം കണ്ടു വളർന്ന മകളും കർഷകയാകാൻ മുന്നിട്ടിറങ്ങിയ കഥ ഇതാ. വീട്ടിലേക്കാവശ്യമായ പാലും മുട്ടയും പച്ചക്കറിയും സ്വന്തമായി ഉൽപാദിപ്പിക്കുന്നതിന്റെ അഭിമാനത്തിലാണ് ദിവ്യ. നേവിയിൽനിന്ന് വിരമിച്ച ശേഷം ഇപ്പോൾ കൊച്ചി മെട്രോയിൽ ട്രെയിൻ ഓപ്പറേറ്ററായ  ഭർത്താവ് അനീഷും മകൾ ബാലയും പൂർണ പിന്തുണയാണ് നൽകുന്നത്. കുടുംബസ്വത്തായി കിട്ടിയ മുവാറ്റുപുഴയിലെ 4 ഏക്കറിലാണ് ഇവർ സംയോജിത കൃഷിരീതി അവലംബിച്ചത്. ഡിഗ്രിയും ടിടിസിയും കഴിഞ്ഞെങ്കിലും മുഴുവൻ നേരവും കൃഷിയിടത്തിൽ തന്നെയാണ് ദിവ്യ.

കാസർഗോഡ് കുള്ളൻ പശുവും കിടാവും വെച്ചൂർ പശുവും കിടാവും മലബാറി ഇനത്തിൽപ്പെട്ട 3 ആടുകളും ചാര, ചെമ്പല്ലി ഇനത്തിലെ 20 കുട്ടനാടൻ താറാവുകളും 10 മുട്ടക്കോഴികളുമാണ് ഇവിടുത്തെ ജീവജാലങ്ങൾ. കൂട്ടിൽ വളർത്തുന്ന താറാവുകളെ 2 മണിക്കൂർ പുറത്തിറക്കും. ഗോതമ്പും അസോളയും തീറ്റയായി നൽകും. 15 മുട്ട ദിവസം കിട്ടുന്നുണ്ട്. 3 ലീറ്റർ പാലും  അതിൽനിന്ന് നെയ്യും തൈരും ഒക്കെ ഉപയോഗിക്കുന്നു.

നാടൻ പശുക്കളും നൽകുന്ന ചാണകവും ഗോമൂത്രവും ആണ് കൃഷിയിടത്തിൽ വളമായി നൽകുന്നത്. പുല്ലും വെള്ളവും മാത്രം നൽകി വളർത്തുന്ന പശുക്കളുടെ ചാണകവും ഗോമൂത്രവും കൊണ്ട് ജീവാമൃതം ഉണ്ടാക്കി ഉപയോഗിക്കും. കീടനാശിനിയായും ഗോമൂത്രമാണ് ഉപയോഗിക്കുന്നത്. 

rukmini-amma-1
രുക്മിണിയമ്മയും മകൾ ദിവ്യയും തോട്ടത്തിൽ

മുവാറ്റുപുഴ ആയവന പഞ്ചായത്തിന്റെ ഈ വർഷത്തെ മികച്ച ജൈവകർഷക പുരസ്കാരം ലഭിച്ചു. 4 വർഷം മുൻപ് മൂവാറ്റുപുഴയിൽ വീടുവച്ച് താമസിക്കും വരെ ഇവിടം റബർത്തോട്ടമായിരുന്നു. ഈ തോട്ടത്തെയാണ് ജൈവകൃഷിയിടമായി മാറ്റിയെടുത്തത്.

പൂർണമായും ജൈവകൃഷിരീതിയാണ് ദിവ്യ പിന്തുടരുന്നത്. 50 സെന്റിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറി (വെണ്ട, വഴുതന, കൂർക്ക, പച്ചമുളക്, ഇഞ്ചി, മഞ്ഞൾ, ബീൻസ്, പപ്പായ, കാബേജ്, കോളിഫ്ലവർ) കൃഷി ചെയ്യുന്നു. 50 അടി നീളവും വീതിയുമുള്ള പടുതാക്കുളത്തിൽ ഗിഫ്റ്റ് മത്സ്യം, അനാബസ് എന്നിവയെയും വളർത്തുന്നു. മീൻകുളത്തിലെ വളക്കൂറുള്ള വെള്ളം സ്പ്രിഗ്ലർ ഉപയോഗിച്ച് പച്ചക്കറി കൃഷിക്ക് എത്തിക്കുന്നു. ഗണപതി നാരകം, മുള്ളാത്ത, ഓറഞ്ച്, സപ്പോട്ട, ചാമ്പ, വെസ്റ്റിൻഡീസ് ചെറി തുടങ്ങി 25ൽപ്പരം ഫലവൃക്ഷങ്ങളും മൂവാറ്റുപുഴയിൽ കാളിയാറിൻതീരത്തെ വീട്ടിൽ പടർന്നു നിൽക്കുന്നു.  

ഇടയ്ക്ക് അമ്മ മകളുടെ കൃഷിയിടവും മകൾ അമ്മയെയും സന്ദർശിച്ച് പുതിയ വിത്തുകളും കാർഷിക പാഠങ്ങളും കൈമാറുകയും ചെയ്യും. 

English summary: These Two Women are Taking Organic Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com