ADVERTISEMENT

കന്നുകാലികളുടെ പ്രാധാന്യം പണ്ടുമുതലേ അറിയപ്പെട്ടിരുന്നു. ചരിത്രാതീത കാലത്തും പുരാതന ഇന്ത്യയിലും മൃഗസംരക്ഷണം കാർഷിക മേഖലയുടെ അവിഭാജ്യ ഘടകമാണ്. പുരാതന, മധ്യകാല ഇന്ത്യയിലെ മൃഗസംരക്ഷണം ഉയർന്ന നിലവാരത്തിലായിരുന്നുവെന്ന് രേഖകളും പഴയ നാഗരികതയുടെ മുദ്രകളും  സൂചിപ്പിക്കുന്നു. 

കന്നുകാലികളുടെ പ്രാധാന്യത്തെക്കുറിച്ചും അവ വളർത്തുന്നതിനെക്കുറിച്ചും ഒട്ടേറെ പരാമർശങ്ങൾ നിലവിലുണ്ട്. ഉദാ: വേദങ്ങൾ, ഉപനിഷത്തുകൾ, രാമായണം, മഹാഭാരതം, ബുദ്ധ–ജൈന സാഹിത്യങ്ങൾ, കൗടില്യയുടെ അർഥശാസ്ത്രം, പുരാണങ്ങൾ തുടങ്ങിയവ. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ രാമായണത്തിന് 9000 വർഷം പഴക്കവും വേദങ്ങൾ ബിസി 5000-3000, മഹാഭാരതത്തിന് 5000 വർഷം പഴക്കവും, പുരാണങ്ങൾ ബിസി 2000-1000, ജൈന–ബുദ്ധ സാഹിത്യങ്ങൾക്ക് 2500 വർഷം, അർഥശാസ്ത്രം എ ഡി 300-600 വർഷങ്ങൾ പഴക്കവുമുണ്ട്.

പഴയ ശിലായുഗത്തിൽ (ബിസി 10,000) വളർത്തപ്പെട്ട ആദ്യത്തെ മൃഗമാണ് നായ, മറ്റ് കാർഷിക മൃഗങ്ങളെ നവീന ശിലായുഗത്തിൽ (ബിസി 7500-6500) വളർത്തി എന്നാണ് വിശ്വാസവും ശിലായുഗ മുദ്രകളും സൂചിപ്പിക്കുന്നത്. യൂറോപ്പ്, മധ്യ-പശ്ചിമേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ വ്യത്യസ്ത മൃഗങ്ങളെ വളർത്തിയിട്ടുണ്ട്. യൂറോപ്പിലും ഏഷ്യയിലും കുതിര, പശു, ആട് എന്നിവ വളർത്തപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കോഴി, ആന, എരുമ എന്നിവ ഇന്ത്യയിലും, ചൈനയിൽ പന്നിയെയും ആണ് കൂടുതലായി കണ്ടിരുന്നത് എന്നു വേണം കരുതാൻ. വളർത്തുമൃഗങ്ങളുടെ ക്രമം നായ, ആട്, പശു, എരുമ, പന്നി, ആന, കുതിര, ഒട്ടകം, കഴുത എന്നിങ്ങനെ ആയിരുന്നത്രേ.

buffalo

ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും എല്ലാം എരുമകൾ ഉണ്ടായിരുന്നു എന്ന് തദ്ദേശ പുരാണങ്ങളിലും ഉപനിഷത്തുകളിലും വേദങ്ങളിലും പറയുന്നു. എന്നാൽ ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നുമാണ് എരുമകൾ ഉത്ഭവിച്ചത് എന്നാണ് അനുമാനിക്കേണ്ടത്. ഇന്ത്യ, ചൈന, അസീന- ബാബിലോണിയ, പുരാതന പേർഷ്യൻ ഇതിഹാസങ്ങളിലും സാഹിത്യങ്ങളിലുമെല്ലാം എരുമകളെ രോഷാകുലരായ പിശാചുക്കൾ മുതൽ സവാരി മൃഗങ്ങളായി വരെ ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദു ഐതിഹ്യപ്രകാരം യമ ഭഗവാന്റെ വാഹനമായിരുന്നല്ലോ പോത്ത്. എങ്കിലും പോത്തിനെ പൊതുവേ പൈശാചിക ശക്തിയായി തന്നെയാണ് കണ്ടു പോന്നിരുന്നത്. ഇവയെ ഭക്ഷണത്തിനായി വേട്ടയാടിയിരുന്നു എന്ന് രാമായണത്തിലും മഹാഭാരതത്തിലും പ്രതിപാദിച്ചിട്ടുണ്ട്. ആറു മാസം ഉറങ്ങുകയും ആറു മാസം ഉണർന്നിരിക്കുകയും ചെയ്തിരുന്ന കുംഭകർണ്ണന്റെ  ജേഷ്ഠനായ രാവണ മഹാരാജാവ് കുംഭകർണന് ആയിരം കുഭം വീഞ്ഞും ധാരാളം എരുമകളെയും നൽകാൻ ഉത്തരവിട്ടു എന്നാണ് തുളസീദാസ് രാമചരിതമാനസത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. മഹാഭാരതത്തിലും എരുമകളെ കാട്ടുമൃഗങ്ങളായി പ്രതിപാദിച്ചിട്ടുണ്ടത്രേ. സിന്ധു നദീതട സംസ്കാരത്തിന്റെ പൈതൃകങ്ങളായ പല മുദ്രകളിലും എരുമക്കൊമ്പു കൈകളിലേന്തിയ യോഗ നിബിഡമായ ദേവന്മാരെ കൊത്തിവച്ചിരിക്കുന്നു. ഒരുപക്ഷേ ആ കാലഘട്ടത്തിൽ എരുമക്കൊമ്പ് കൈകളിലേന്തിയ ആളുകൾ സമൂഹത്തിൽ ഉന്നതകുലജാതരായി അല്ലെങ്കിൽ ദൈവീകത്വം ഉള്ളവരായി കരുതിയിരുന്നു എന്ന് വേണം അനുമാനിക്കാൻ. എരുമ രൂപമുള്ള ആളുകളുമായി സംഘർഷത്തിൽ ഏർപ്പെടുന്ന ശിലകളും കാണാം. ഒരുപക്ഷേ ഇവ സൂചിപ്പിക്കുന്നത് എരുമ രൂപത്തിലുള്ള രാക്ഷസ രൂപങ്ങളെയും അല്ലെങ്കിൽ  രൗദ്രഭാവത്തിൽ വരുന്ന എതിരാളികളായ രാജാക്കന്മാരെയും ആകാം. ഹൈന്ദവവിശ്വാസപ്രകാരം അയ്യപ്പസ്വാമി മഹിഷിയെ (എരുമരൂപമുള്ള) വധിച്ചു എന്ന വിശ്വാസം നിലനിൽക്കുന്നുണ്ടല്ലോ.

ബിസി 2500–ാം ആണ്ടോടു കൂടി മെസപ്പെട്ടോമിയയിലെ  അക്കിഡിയൻ രാജകുടുംബത്തിന് ഭരണകാലത്താണ് എരുമകളെ വളർത്തിത്തുടങ്ങിയത് എന്നാണ് ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. എന്നാൽ, സിന്ധു നദീതട സംസ്കാര കാലഘട്ടത്തിൽ ഹാരപ്പാ- മോഹൻജൊദാരോ എന്നിവിടങ്ങളിലും ഉത്തര പടിഞ്ഞാറായ ചില സംസ്ഥാനങ്ങളുടെ ഭാഗങ്ങളിലും എരുമകളെ വളർത്തിത്തുടങ്ങി എന്നും ചിലർ വിശ്വസിക്കുന്നു. ചന്ദ്രകലയോടു കൂടി ഉപമിക്കാവുന്നതും  കൂറ്റൻ കൊമ്പുകൾ ഉള്ളതുമായ കിരീടം വെച്ച് എരുമകളുടെ മുദ്രകളും ശിൽപങ്ങളും ഇതിൻറെ തെളിവാണ് എന്നാണ് ഡുയൂണർ (1963) രേഖപ്പെടുത്തിയിട്ടുള്ളത്. തൊട്ടിയിൽ തീറ്റുന്ന എരുമകളുടെ ചിത്രം ആലേഖനം ചെയ്ത ലാഹോർ മ്യൂസിയത്തിലെ സിന്ധു നദീതട സംസ്കാര കാലഘട്ടത്തിലെത്  എന്ന് കരുതപ്പെടുന്ന മുദ്രയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ദക്ഷിണ ബലൂചിസ്ഥാനിലെ സംസ്കാരത്തിന്റെ പ്രതീകമായ ചില സെറാമിക് രൂപങ്ങളിലും എരുമകളുടെ ചിത്രങ്ങൾ കാണാൻ സാധിക്കും. മെരുക്കിയ എരുമകളുടെ സാന്നിധ്യം രണ്ടാം സഹസ്രാബ്ദത്തിൽ ചൈനയിലെ ഷാങ്  രാജവംശത്തിന്റെ  ഗ്രന്ഥങ്ങളിലും ചിത്രങ്ങളിലും തൂണുകളിലും ചിത്രീകരിച്ചിട്ടുണ്ട് എന്ന് പരാമർശിക്കപ്പെട്ടിട്ടുണ്ട്. (വൈറ്റ്, 1974) , (ബ്രന്റ്റ്ജെസ്, 1969). ഉത്തര- പൂർവ തായ്‌ലൻഡിന്റെ ചില സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയ ഫോസിലുകൾ പരിശോധിച്ചാൽ ഏകദേശം 1600 ബിസി കാലഘട്ടത്തിൽ എരുമകളെ പരിപാലിച്ചിരുന്നു എന്നും നമുക്ക് അനുമാനിക്കാം. മധ്യകാലഘട്ടത്തോടെയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എരുമകളെ പാൽ ഉൽപ്പാദനത്തിനായി ആട്, പശു എന്നിവയുടെ കൂടെ വളർത്തിത്തുടങ്ങിയത് എന്നാണ് കൗഡില്യന്റെ അർധശാസ്ത്രത്തിൽ  (381-186 ബിസി) പ്രതിപാദിച്ചിട്ടുള്ളത്. 

എരുമകളെ പരിപാലിക്കുന്നതിനെക്കുറിച്ച് വേദങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. ഒരുപക്ഷേ കറുത്ത തൊലിയുള്ള ജീവികളായതുകൊണ്ടായിരിക്കാം പലപ്പോഴും എരുമകളെ ക്രൂര മൃഗങ്ങളായി ചിത്രീകരിച്ചിട്ടുള്ളത്. സാംസ്കാരികമായും വിശ്വാസപരമായും എരുമകൾക്ക് പോസിറ്റീവ്, നെഗറ്റീവ് ഗുണങ്ങൾ ചേർത്തിട്ടുണ്ട്. നെഗറ്റീവ് ഗുണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ ഇരുട്ട്, വഞ്ചന, അജ്ഞത, അതിമോഹം, പൈശാചിക സ്വഭാവം, മൃഗീയ ശക്തി എന്നിവയെ എരുമകൾ പ്രതിനിധീകരിക്കുന്നു: ദുർഗ്ഗാദേവി മഹിഷാസുരനെ വധത്തിൽ എൻറെ ഓർമ്മയിൽ ആണല്ലോ ഭാരതത്തിൽ പ്രത്യേകിച്ചും പശ്ചിമബംഗാളിൽ ദുർഗ്ഗാപൂജ വിപുലമായി ആചരിക്കുകയും ചെയ്തിരുന്നത്. പോസിറ്റീവ് വശത്ത് ശക്തി, ദൈവത്വം എന്നിവയെ പ്രതിനിധീകരിക്കുന്നു. നീതിദേവനായ യമ ഭഗവാന്റെ വാഹനം പോത്ത് ആയിരുന്നു എന്നാണല്ലോ വിശ്വാസം. അതുപോലെ ഒരു രാജാവിന്റെ ആദ്യ പത്നിയെ പട്ടമഹിഷി എന്നാണ് വിളിച്ചിരുന്നത്. എരുമകളെ സമ്പത്തും പ്രശസ്തിയും ജീവിതം നൽകുന്ന ഒരു ജീവി ആയിട്ടാണ് കലിക പുരാണത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. ജ്ഞാനേശ്വർ മഹർഷി എരുമകളെ വേദം പഠിപ്പിച്ചു എന്നും പുരാണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ ഇതൊരു വിശ്വാസം ആണെങ്കിലും ഇവ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർക്ക് എരുമകളോടുള്ള മനോഭാവത്തെ പ്രതിനിധാനം ചെയ്യുന്നു. ദേവപ്രീതിക്കായി കുതിരകളെ പോലെ എരുമകളേയും ആചാരങ്ങൾക്കായി ബലി കൊടുത്തിരുന്നു എന്നാണ് വിശ്വാസം. ദുർഗ്ഗാപൂജ സമയത്ത് പരാശക്തിയുടെ പൂജയ്ക്കായി എരുമകളെ പണ്ടുകാലത്ത് ബലി കൊടുത്തിരുന്നു എന്നും ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഋഗ്വേദത്തിലെ  8.58.15 , 9.92.6, 9.96.6, 10.123.4 എന്നീ ഉരുക്കളിൽ എരുമകളെ പറ്റി പ്രതിപാദിക്കുന്നു. മധ്യാഹ്‌ദിൻ യജുർവേദത്തിലും (24.28) എരുമകളെ വിശുദ്ധ മൃഗങ്ങളായാണ് കണക്കാക്കിയിരുന്നത്. എന്നാൽ യജ്ഞങ്ങൾക്ക് എരുമപ്പാൽ ഉപയോഗിക്കുന്നതായി എവിടെയും രേഖപ്പെടുത്തി കണ്ടിട്ടില്ല. അതിനായി പശുവിൻപാൽ ആണ് ഉപയോഗിക്കുന്നത്. അതിനാൽ എരുമപ്പാൽ കൂടുതലായും ഗാർഹിക ഉപയോഗങ്ങൾക്കായി ആയിരുന്നിരിക്കണം ഉപയോഗിച്ചിരുന്നത്. 

സദ്പഥ ബ്രഹ്മണം കൃതികളിൽ എരുമകളെ ആചാരങ്ങളുടെ അഗ്നിദേവനായും (7.3.1.23, 7.3 1.34 ) ,പ്രാണൻ ആയും (6.7. 4.5), യജ്ഞത്തിലെ പുരോഹിതരായ ഋത്വിക്കുകൾ ആയും (12.8.1.2) ഉപമിച്ചിരിക്കുന്നു. പൗരാണിക മായും എരുമകളെ ശക്തരായ മൃഗങ്ങളായി ഇവയെല്ലാം കണ്ടിരുന്നു എന്നാണു ഈ ഗ്രന്ഥങ്ങളെല്ലാം തെളിയിക്കുന്നത്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ചക്രവർത്തിയുടെ മുഖ്യരാജ്ഞിയെ എരുമയുടെ സംസ്കൃത പര്യായമായ മഹിഷി എന്ന് വിളിച്ചിരുന്നത്. ഭൂമി, സംസാര ശക്തി എന്നിവയൊക്കെ മഹിഷി എന്ന് തന്നെയാണ് സംബോധന ചെയ്തിരുന്നത് എന്നും സദ്പഥ ബ്രാഹ്മണത്തിലും (6.5.3.1, 7.3.1.34 & 6.7.4.5), തൈത്തിരീയ ബ്രാഹ്മണത്തിലും പ്രതിപാദിച്ചിട്ടുള്ളത്. 

എരുമകൾ ജലത്തിന്റെ മടിത്തട്ടിൽ വളരുന്ന മൃഗങ്ങളായും പ്രാണവായുവും അഗ്നിയായും ചിത്രീകരിച്ചിരിക്കുന്നു (സദ്പഥ ബ്രാഹ്മണ, Vol 3, 348p). മൗര്യ സാമ്രാജ്യ കാലഘട്ടത്തിലും എരുമകളുടെ പ്രസക്തിയെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധ ഗ്രന്ഥമായ സുട്ടാനി പഥത്തിൽ കന്നുകാലികൾ ഭക്ഷണം (അന്നത), സൗന്ദര്യം (വന്നത), സന്തോഷം (സുഖത) നൽകുന്നു എന്നു  രേഖപ്പെടുത്തിയിട്ടുണ്ട്. അർധശാസ്ത്രത്തിൽ ആടുകളെ പോലെ തന്നെ പാൽ  ഉൽപാദനത്തിനായി എരുമകളെയും വളർത്തുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇണചേരുന്നതിനായി എല്ലാ 10 എരുമകൾക്കും 4 പോത്തുകളെ നൽകിയിരുന്നതായും പറയുന്നു. എരുമപ്പാലിലും  പശുവിൻപാലിലും കൊഴുപ്പിന്റെ  അളവിലുള്ള വ്യത്യാസവും രേഖപ്പെടുത്തിയിട്ടുണ്ട് (ആർ. കെ. സിംഗ്). എരുമകൾക്കായി പ്രത്യേക പാലകരും  ഉണ്ടായിരുന്നു (ഐഎഎസ്ആർഐ).

മധ്യകാല ഇന്ത്യയിലെ മൃഗസംരക്ഷണത്തെക്കുറിച്ചു ദക്ഷിണേന്ത്യയിലെ വിദേശ സന്ദർശകനായ അബ്ദുർ റസാക്ക് പ്രതിപാദിച്ചിട്ടുണ്ട്.  വിജയനഗർ സാമ്രാജ്യത്തിലെ ദേവേന്ദ്ര രണ്ടാമൻ തന്റെ ഭരണകാലത്ത് എരുമകൾക്ക് ഭക്ഷണത്തിനായി മോളാസുകൾ ഉപയോഗിച്ചിരുന്നു എന്ന് അബ്ദുർ റസാക്ക് നിരീക്ഷിച്ചു. പഞ്ചാബ് പ്രദേശങ്ങളിൽനിന്നും കൊണ്ടുവന്നിരുന്ന എരുമകളായിരുന്നു  മികച്ചത്. പ്രായപൂർത്തിയായ 4 കന്നുകാലികളെയും അതിന്റെ കിടാരികളെയും പരിപാലിക്കുന്നതിനായി ഒരാൾ എന്ന നിലക്ക് ഗോപാലകരെ നിയമിച്ചിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

സിന്ധു നദീതട സംസ്കാര കാലഘട്ടത്തിൽ ആ പ്രദേശങ്ങളിലാണ് എരുമകളെ ആദ്യമായി മെരുക്കിയിട്ടുണ്ടാകുകയെന്നു വേണം നമുക്ക് അനുമാനിക്കാൻ. പിന്നീട് കിഴക്കോട്ട് ചൈനയിലേക്കും പടിഞ്ഞാറ് മെസോപ്പൊട്ടാമിയലേക്ക് സിന്ധു-ഗംഗ സമതലങ്ങളിലേക്ക് വ്യാപിച്ചു എന്ന് അനുമാനിക്കാം എന്നതാണ് ഈ ലേഖനത്തിന് രത്നചുരുക്കം. കൂടാതെ ജല എരുമകളെ റിവെറൈൻ (നദി) എന്നും സ്വാമ്പ് (ചതുപ്പ്) എരുമകൾ എന്നും തരംതിരിച്ചിരിക്കുന്നു. ഭൗമശാസ്ത്രപരമായി ബർമയിലെ പത്ഥകായ്, ബറായിൽ, അർക്കാൻ- യോമ  മലനിരകളാണ് ജല എരുമകളുടെ ഭൗമശാസ്ത്രപരമായ വേർതിരിവിനു  കാരണമെന്നാണ് കരുതിപ്പോരുന്നത്. കാരണം ഈ മലനിരകളുടെ കിഴക്കൻ പ്രദേശത്തുള്ളവയെ  സ്വാമ്പ്  എരുമകളായും പടിഞ്ഞാറ് പ്രദേശത്തുള്ളവയെ  റിവറൈൻ എരുമകളായി ആണ് കരുതപ്പെടുന്നത്. ദക്ഷിണേഷ്യൻ എരുമകൾ പൊതുവെ സ്വാമ്പ് എരുമകൾ ആണ്.

English summary: Evolution of Domestic Water Buffalo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com