ADVERTISEMENT

മഹാനായ ശാസ്ത്രജ്ഞൻ ലൂയിസ് പാസ്റ്ററുടെ ചരമദിനമായ ഇന്നാണ് (സെപ്‌റ്റംബർ 28) ലോക പേവിഷബാധ ദിനമായി ആചരിക്കുന്നത്. 2030 ആകുമ്പോഴേക്കും നായ്ക്കളുടെ കടി മൂലം മനുഷ്യരിൽ ഉണ്ടാകുന്ന റേബീസ് പൂർണമായി നിർമ്മാർജനം ചെയ്യുകയാണ് ലോകാരോഗ്യ സംഘടനയുടെ  ലക്ഷ്യം. ബോധവൽകരണത്തിലൂടെയും പ്രതിരോധ കുത്തിവയ്പ്പിലൂടെയും പേവിഷബാധ നിർമ്മാർജ്ജനം എന്ന ആശയമാണ് ഈ ലോക റേബീസ് ദിനം ആഹ്വാനം ചെയ്യുന്നത്. 1885 ൽ ലൂയിസ് പാസ്റ്റർ പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ് കണ്ടു പിടിച്ചതിനു ശേഷം കുത്തിവയ്പ്പുകളിലൂടെ  വിജയകരമായി രോഗനിയന്ത്രണം നടക്കുന്നുണ്ടെങ്കിലും റാബീസ് പൂർണമായി നിർമ്മാർജനം ചെയ്യാൻ നമുക്കായിട്ടില്ല; എന്നു മാത്രമല്ല വർഷത്തിൽ  59,000ലധികം മനുഷ്യരാണ് ഈ രോഗം മൂലം ലോകത്തിൽ മരിക്കുന്നത്. ഇതിൽത്തന്നെ മൂന്നിൽ ഒന്ന്  (അതായത് 20000 ) മരണവും  ഇന്ത്യയിലാണ് എന്നുള്ളത് ഗാഢമായി ചിന്തിക്കേണ്ട വസ്തുതയാണ്. ഓരോ പതിനഞ്ചു മിനിറ്റിലും ഒരാൾ പേവിഷബാധ മൂലം മരിക്കുന്നുവെന്നുള്ളത് ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 100% പ്രതിരോധിക്കാൻ സാധിക്കുന്ന ജന്തുജന്യ രോഗമായ റേബീസിനെ പൂർണമായും തുരത്തുക എന്ന ലക്ഷ്യം കൈവരിക്കാൻ നാം ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ദേശീയ പേവിഷബാധ നിർമ്മാർജന പരിപാടിയുടെ (നാഷണൽ ആക്ഷൻ പ്ലാൻ ഫോർ റേബീസ് ഇറാഡിക്കേഷൻ) ഭാഗമായി ദേശീയ തലത്തിൽ റേബീസുമായി ബന്ധപ്പെട്ടപ്രതിരോധപ്രവർത്തനങ്ങൾ ക്രോഡീകരിക്കപ്പെടുന്നുണ്ട്.  ഇതിൽ മെഡിക്കൽ, വെറ്ററിനറി, മറ്റ് അനുബസ മേഖലകളുടെയും ഏകീകരിച്ചുള്ള പ്രവർത്തനത്തിലൂടെ പരിസ്ഥിതിയെയും വന്യമൃഗങ്ങളെയുമെല്ലാം  സംരക്ഷിച്ചു കൊണ്ടു തന്നെ മനുഷ്യരിലെയും മൃഗങ്ങളിലെയും  പേവിഷബാധ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള വൺ ഹെൽത്ത് സമീപനമാണ്  സ്വീകരിച്ചിരിക്കുന്നത്. 

ലാറ്റിൻ അമേരിക്ക, ബംഗ്ലാദേശ്, മെക്സിക്കോ, ശ്രീലങ്ക, ഫിലിപ്പൈൻസ് തുടങ്ങിയ ലോക രാജ്യങ്ങൾ റാബീസ് രോഗ നിയന്ത്രണ സംവിധാനങ്ങൾ വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. മലേഷ്യയിൽ 1999 മുതൽ രോഗബാധയില്ല. ഇന്ത്യയിലാകട്ടെ ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഒഴിച്ച് മറ്റെല്ലായിടത്തും രോഗം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഗോവ, സിക്കിം, ജാർഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളും റേബീസ് വിജയകരമായി തടയുന്നതിൽ ബഹുദൂരം മുന്നിലാണ്. 

റാബീസ് രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഹൈഡ്രോഫോബിയ, മാഡ് ഡോഗ് ഡിസീസ് എന്നറിയപ്പെടുന്ന വൈറസ് രോഗമാണ് റാബീസ്. നായ, പൂച്ച, കുറുക്കൻ. ചെന്നായ, മരപ്പട്ടി, കുതിര, കുരങ്ങ്, കന്നുകാലികൾ തുടങ്ങി മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളെ ബാധിക്കുന്ന ഈ രോഗം പെരുച്ചാഴി, എലി, അണ്ണാൻ, മുയൽ, പക്ഷികൾ എന്നിവയെ സാധാരണ ഗതിയിൽ സാധിക്കാറില്ല. കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗമുണ്ടാക്കുന്നത് റാബ്ഡോ വൈറിഡേ കുടുംബത്തിൽപ്പെട്ട ലിസ്സ വൈറസുകളാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയാൽ മരണത്തിൽ കലാശിക്കുന്ന രീതിയിൽ അതികഠിനമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും, എന്നിട്ടും ഒരു പരിധി വരെ അവഗണിക്കപ്പെടുന്നതുമായ ജന്തുജന്യ രോഗമാണ് ഇത്. 99% രോഗബാധയും നായ്ക്കളുടെ കടിയേറ്റ് ഉണ്ടാകുന്നതിനാൽ പതിനഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കാണ് കൂടുതലും രോഗബാധയുണ്ടാകുന്നത്. വായു മുഖേനയുള്ള രോഗപകർച്ചയും മനുഷ്യനിൽനിന്നു മനുഷ്യരിലേക്ക് പകരുന്നതും അത്യപൂർവമാണ്. കടിയേറ്റാലുടൻ മുറിവ് സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുകയും 70% വീര്യമുള്ള ആൽക്കഹോളോ അയഡിൻ ലായനിയോ ഉപയോഗിച്ച് തുടയ്ക്കുകയും വേണം. നായ്ക്കളിൽ  അസ്വസ്ഥത, അസാധാരണ പെരുമാറ്റം, ശബ്ദ വ്യത്യാസം, നാഡീ സംബന്ധമായ ലക്ഷണങ്ങൾ, തളർച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

ഇൻകുബേഷൻ പീരിഡ് സാധാരണയായി 3 - 8 ആഴ്ച്ചകൾ വരെയാണെങ്കിലും 10 ദിവസം മുതൽ 6 മാസം വരെ ദീർഘിക്കാൻ സാധ്യതയുണ്ട്. 

വേണം പൊതുജന ബോധവൽക്കരണം

  • നൂറു ശതമാനവും പ്രതിരോധിക്കാവുന്ന രോഗമാണെന്ന് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് പ്രധാനപ്പെട്ടത്.
  • നായ്ക്കളെയും പൂച്ചകളെയും വളർത്തുന്നവർ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കണം. നായ്ക്കൾക്കും ഉടമസ്ഥർക്കും സമയാസമയങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്താനും പ്രേരിപ്പിക്കുക.
  • നായ്ക്കളുടെ കടിയേറ്റുള്ള മുറിവോ, പോറലോ നിസാരമായി കാണാതിരിക്കുക. കടിയേറ്റാലുടൻ വിദഗ്ധ ചികിത്സ ഉറപ്പാക്കുക
  • തെരുവു നായ്ക്കളെ പ്രകോപിപ്പിക്കാതിരിക്കുക
  • ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് ഭക്ഷണപദാർഥങ്ങൾ വലിച്ചെറിയാതിരിക്കുക
  • റേബീസ് നിർമ്മാർജനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാനും മാനവ വിഭവശേഷി പ്രയോജനപ്പെടുത്താനുമുള്ള രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗങ്ങളിലുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുക.
  • റേബീസ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിലുള്ള എല്ലാ നായ്ക്കളെയും കൂട്ടത്തോടെ പ്രതിരോധ കുത്തിവയ്പ്പിനു വിധേയമാക്കുക. മനുഷ്യർക്കും കുത്തിവയ്പ്പ് നൽകുക.  
  • കടിയേറ്റവർക്ക് വിദഗ്ധ ചികിത്സയും ആന്റി റാബീസ് സിറം നൽകുന്നതിനുള്ള സംവിധാനങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ഒരുക്കുക.

രോഗനിർമ്മാർജനം എങ്ങനെ സാധ്യമാക്കാം?

  • നായ്ക്കളുടെ ഉടമസ്ഥർ രോഗ പ്രതിരോധത്തിൽ കൂടുതൽ ഉത്തരവാദിത്വം പുലർത്തേണ്ടതാണ്. 
  • മനുഷ്യരും നായ്ക്കളും കൃത്യസമയത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക.
  • വളർത്തുമൃഗങ്ങളും, മനുഷ്യരും തെരുവുനായ്ക്കളുമായും വന്യമൃഗങ്ങളുമായും  സമ്പർക്കത്തിൽ വരുന്നത് തടയുക. 
  • വനത്തെയും, വന്യമൃഗങ്ങളെയും ശല്യപ്പെടുത്താതെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുക
  • റേബീസ് രോഗനിയന്ത്രണമെന്നത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ ചുമതലയല്ല. നായ്ക്കളുടെ കടിയിലൂടെ പ്രധാന്യമായും പകരുന്നതിനാൽ വൺ ഹെൽത്ത് സമീപനമാണ് ആവശ്യം
  •  കടിയേറ്റവർക്ക് മുറിവിന്റെ കാറ്റഗറിയനുസരിച്ച് ഇമ്യൂണോ ഗ്ലോബുലിൽ അഥവാ ആന്റി റേബീസ് നിറം നൽകുന്നതിൽ വീഴ്ച വരുത്താതിരിക്കുക.

3 കാറ്റഗറികൾ

  • കാറ്റഗറി 1 :  മുറിവില്ലാത്ത ചർമ്മത്തിൽ നായ്ക്കൾ നക്കുകയോ തൊടുകയോ ചെയ്യുന്നത്
  • കാറ്റഗറി 2 : നായ്ക്കൾ കമ്മുകയോ, ചെറിയ പോറലേൽപ്പിക്കുകയോ ചെയ്യുമ്പോൾ രക്തം പൊടിയാതെയുള്ള മുറിവുകൾ
  • കാറ്റഗറി 3 : ശ്ലേഷ്മ സ്തരങ്ങളിലോ മുറിവുള്ള ചർമ്മത്തിലോ നക്കുകയോ  ചെയ്യുക

കടിയേൽക്കുന്നതിന് മുമ്പ് നൽകേണ്ടത് (പേശികളിൽ/തൊലിക്കടിയിൽ) Pre exposure vaccination

  • നായ്ക്കളിൽ: മൂന്നാം മാസം ആദ്യത്തെ ഡോസ്. 2–4 ആഴ്ചകൾക്കു ശേഷം ബൂസ്റ്റർ. പിന്നീട് വർഷാവർഷം കുത്തിവയ്പ്പ് ആവർത്തിക്കുക.
  • മനുഷ്യനിൽ: 0, 7, 21, 28 ദിവസങ്ങൾ. 3 വർഷം കൂടുമ്പോൾ കുത്തിവയ്പ്പ് ആവർത്തിക്കുക.

കടിയേറ്റതിനുശേഷം (പേശികളിൽ/തൊലിക്കടിയിൽ) Post exposure vaccination

  • നായ്ക്കളിൽ: 0, 3, 7, 14, 28, 90 ദിവസങ്ങൾ. 90–ാം ദിന ഡോസ് നിർബന്ധമില്ല.
  • മനുഷ്യനിൽ: 0, 3, 7, 14, 28, 90‌. 90–ാം ദിന ഡോസ് നിർബന്ധമില്ല.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

  • നായ്ക്കളുടെയും വന്യമൃഗങ്ങളുടെയും ചെറിയ കടിയോ പോറലുകളോ അവഗണിക്കുകയോ നിസാരമായി കാണുകയോ അരുത്.
  • പേശികളിലെ കുത്തിവയ്പ്പിന് 1 മിലി വാക്സിനും തൊലിപ്പുറമെയുള്ള കുത്തിവയ്പ്പിന് 0.1 മിലി മതിയെന്നുള്ളതിനാൽ തൊലിപ്പുറമെയുള്ള കുത്തിവയ്പ്  പ്രോൽസാഹിപ്പിക്കുക
  • രോഗ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മൃഗങ്ങളുടെ കടിയേൽക്കുന്നതും മനുഷ്യരുടെ മരണവും നിരീക്ഷിക്കുക
  • ലാബുകളുടെയും രോഗപ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും പ്രവർത്തന ശേഷി വർധിപ്പിക്കുന്നതിനുള്ള ട്രെയിനിങ്ങുകൾ നടത്തുക
  • നായ്ക്കളെ പരിപാലിക്കുന്നവർക്കും നായകളെ പിടികൂടുന്നവർക്കും പരിശീലനം നൽകുക.
  • രോഗ പരിശോധന സംവിധാനം ശക്തിപ്പെടുത്തുക, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക
  • സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയുള്ള ബോധവൽക്കരണം ദ്രുതഗതിയിലാക്കുക
  • വേണ്ടത്ര വാക്സിനും ആന്റി സിറവും സൗജന്യമായി ലഭ്യമാക്കുകയും എല്ലാ ആശുപത്രികളിലും ലഭ്യമാക്കുകയും പ്രഥമ ശുശ്രൂഷ സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുക.
  • പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക.
  • നായകളുടെ വംശനിയന്ത്രണത്തേക്കാൾ അവയുടെ വാക്സിനേഷൻ നിർബന്ധമാക്കുക.
  • മൊബെൽ ഫോൺ ഉപയോഗിച്ചുള്ള മോണിട്ടറിംഗ് നടപ്പിലാക്കുക.
  • ഓഡിയോ, വീഡിയോ, മറ്റ് ആനുകാലിക മാധ്യമങ്ങളിലുടെയും  ബോധവൽക്കരണവും ലീഫ് ലെറ്റുകൾ നോട്ടീസ് തുടങ്ങിയവ പ്രസിദ്ധീകരിക്കുക
  • വേൾഡ് റേബീസ് ഡേ ആചരിക്കുകയും, മോഡൽ  ആന്റി റേബീസ്  ക്ലിനിക്കുകൾ എല്ലാ ജില്ലകളിലും സ്ഥാപിക്കുകയും ചെയ്യുക
  • എല്ലാ ശാസ്ത്ര- ഗവേഷണ വിഭാഗങ്ങളെയും ഉൾപ്പെടുത്തി പദ്ധതികൾ നടപ്പിലാക്കുകയും കൃത്യമായ മോണിട്ടറിംഗ് നടത്തുകയും ചെയ്യുക
  • രോഗനിർണ്ണയത്തിനായി വെറ്ററിനറി ഡിസ്പെൻസറികളിലും മറ്റു ലാബുകളിലും നായ്ക്കളുടെ മസ്തിഷ്ക സാമ്പിളുകൾ ശേഖരിക്കാനും പരിശോധന ലാബുകളിലേക്ക് അയച്ചു കൊടുക്കാനുമുള്ള  സംവിധാനങ്ങൾ എർപ്പെടുത്തുക. ഇത് അവയുടെ മൃതദേഹം പരിശോധനയ്ക്കായി അയയ്ക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കുന്നു.
  • രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കുക 

വെല്ലുവിളികൾ

  • റേബീസ്  നോട്ടിഫയബിൾ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
  • മനുഷ്യരിലും മൃഗങ്ങളിലും രോഗനിയന്ത്രണത്തിന് വ്യവസ്ഥാനുസൃതമായ മാർഗങ്ങൾ  അവലംബിക്കുന്നതിൽ വീഴ്ച
  • വേണ്ടത്ര രോഗ പരിശോധന ലാബുകളുടെ അപര്യാപ്തത
  • ഉത്തരവാദിത്വപ്പെട്ട നേതൃത്വത്തിന്റെ കുറവ്
  • രോഗനിയന്ത്രണ - പ്രതിരോധ പ്രവർത്തനത്തിൽ പൊതുജന പങ്കാളിത്തക്കുറവ്
  • നായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ് ക്രമത്തിലും വംശനിയന്ത്രണത്തിലും  നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിലുള്ള അമാന്തം

സർക്കാർ, സർക്കാരിതര ജീവനക്കാർ, വെറ്ററിനറി -മെഡിക്കൽ സംഘടനകൾ, വിവിധ വികസന ഏജൻസികൾ, ശാസ്ത്ര -ഗവേഷണ സ്ഥാപനങ്ങൾ എന്നിവരെ പ്രയോജനപ്പെടുത്തിക്കൊണ്ട്, സർക്കാർ തലത്തിലുള്ള വിവിധ മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി മനുഷ്യാരോഗ്യ - മൃഗാരോഗ്യ മേഖലകൾ വനം -വന്യ ജീവി, കാർഷികം,  തദ്ദേശഭരണ സംവിധാനങ്ങൾ എന്നിവയെയെല്ലാം ഏകോപിപ്പിച്ചു കൊണ്ട് പേവിഷബാധ നിർമ്മാർജനം ചെയ്യാനുള്ള  സമീപനങ്ങൾ നാം സ്വീകരിക്കേണ്ടതാണ്. എങ്കിൽ  മാത്രമേ, പേവിഷ ബാധ നിർമ്മാർജനമെന്ന ലക്ഷ്യം കൈവരിക്കാൻ നമുക്കാവൂ.

English summary:  world rabies day 2020 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com