ADVERTISEMENT

മലയോര ജനതയുൾപ്പെടെയുള്ള കേരളത്തിലെ കർഷക സമൂഹം നാളുകളായി വളരെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കൃഷിയിടങ്ങളിൽ ആന, പന്നി, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ അഴിഞ്ഞാട്ടം മൂലം പല കർഷകരും ജീവിക്കാൻ ഗതിയില്ലാത്ത അവസ്ഥയിലായി. വന്യജീവികളുടെ ആക്രമണംമൂലം പൊറുതിമുട്ടിയിരിക്കുന്ന കർഷകരുടെ മേൽ വീണ അടുത്ത പ്രഹരങ്ങളാണ് വനാതിർത്തി തിട്ടപ്പെടുത്തലും ബഫർ സോൺ അഥവാ ഇക്കോ സെൻസിറ്റീവ് സോണും. തുടരെത്തുടരെയുള്ള പ്രഹരങ്ങളെത്തുടർന്ന് കർഷകർ ഇപ്പോൾ സംഘടിതരായിരിക്കുന്നു. സംസ്ഥാനവ്യാപകമായി നടന്ന കർഷകർക്കെതിരേയുള്ള ചൂഷണങ്ങൾക്കെതിരേ കർഷകർതന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലമില്ലാതെ ശബ്ദമുയർത്തിക്കഴിഞ്ഞു. ഒട്ടേറെ സമരങ്ങളും ഈ കർഷക സംഘടന നടത്തിയിട്ടുണ്ട്. കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ എന്ന കിഫ കർഷകർക്കുവേണ്ടി പോരാടുന്ന കർഷകരുടെ ശബ്ദമാണ്.

കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും വരാൻ പോകുന്ന ഇക്കോ സെൻസിറ്റീവ് സോണിനെതിരെ കർഷകർ നടത്തുന്ന സമരങ്ങളുമായി ബന്ധപ്പെട്ട് അഡ്വ. ഹരീഷ് വാസുദേവൻ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കിഫ രംഗത്തെത്തിയിട്ടുണ്ട്. കിഫയുടെ ചെയർമാൻ അലക്സ് ചാണ്ടി ഒഴുകയിൽ ഹരീഷ് വാസുദേവന്റെ കുറിപ്പിനെതിരേ വിശദമായ രീതിയിലുള്ള മറുപടിയാണ് നൽകിയിരിക്കുന്നത്. അലക്സ് ചാണ്ടി ഒഴുകയിലിന്റെ കുറിപ്പിന്റെ പൂർണരൂപം ചുവടെ,

കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും വരാൻ പോകുന്ന ഇക്കോ സെൻസിറ്റീവ് സോണിനെതിരെ (ബഫർ സോൺ) നടക്കുന്ന സമരങ്ങളുമായി ബന്ധപ്പെട്ടു അഡ്വ. ഹരീഷ് വാസുദേവൻ എഴുതിയ ഫേസ്ബുക് പോസ്റ്റിനുള്ള കിഫയുടെ മറുപടി.

ഹരീഷ് പറഞ്ഞതുപോലെ പത്തു വർഷം മുമ്പ് തുടങ്ങിയ ഒരു പ്രോസസ് അല്ല ഇത്. ഇതിന്റെ തുടക്കം 18 വർഷങ്ങൾക്കു മുമ്പാണ്.  2002 ജനുവരി 21ന് ന്യൂഡൽഹിയിൽ വെച്ച് നടന്ന ഇന്ത്യൻ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ ഇരുപത്തിയൊന്നാമത് മീറ്റിങ്ങിലാണ് വന്യജീവിസങ്കേതങ്ങൾക്കു ചുറ്റും പരിസ്ഥിതി സംവേദക മേഖല കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ആദ്യത്തെ നിർദ്ദേശം വരുന്നത്. അതിനുശേഷം 2004ൽ ഗോവ ഫൗണ്ടേഷൻ സുപ്രീം കോടതിയിൽ കൊടുത്ത കേസുമായി (460 /2004) ബന്ധപ്പെട്ട് 2006 ഡിസംബർ 4നു സുപ്രീംകോടതി വിധി വന്നിട്ടുണ്ട് (അതിനു ശേഷവും സുപ്രീം കോടതി വിധികളുണ്ട്). അതിനുശേഷം 2013 ഫെബ്രുവരി 9ന് ഇക്കോ സെൻസിറ്റീവ് സോൺ എങ്ങനെ ഉണ്ടാക്കണം എന്നുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടങ്ങുകയും 8.5.2013ലെ ക്യാബിനറ്റ് തീരുമാനപ്രകാരം 13.5.2013ന് കേരളത്തിൽനിന്ന് ആദ്യത്തെ കരട് നിർദേശം കേന്ദ്രത്തിന് നൽകുകയും ചെയ്തു.

ആ കരടിൽ, കേരളത്തിലുള്ള മുഴുവൻ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർ സോണിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 2016ൽ ഇതിന്റെ ആദ്യത്തെ ഗസറ്റ് നോട്ടിഫിക്കേഷനുകൾ ഇറങ്ങിയിരുന്നു. ദൗർഭാഗ്യവശാൽ ആരും അതേപ്പറ്റി അറിഞ്ഞില്ല. ആ വിജ്ഞാപനങ്ങൾ 2018ൽ കാലാവധി തീർന്നു. 2019ൽ കേരള സർക്കാർ വീണ്ടും പുതിയ നിർദ്ദേശങ്ങൾ നൽകി (31.10.2019) അതിന്റെ അടിസ്ഥാനത്തിലുള്ള പുതിയ വിജ്ഞാപനമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഇറക്കികൊണ്ടിരിക്കുന്നത്.

2011 ഫെബ്രുവരി 9ന് കേന്ദ്ര സർക്കാർ ഇറക്കിയ ഗൈഡ്‌ലൈൻസ് പ്രകാരം (section 4.1) ESZ 10 കിലോമീറ്റർ വരെ ആകാം. ആകാം എന്നാണ് പറഞ്ഞിരിക്കുന്നത്, 10 കിലോമീറ്റർ തന്നെ വേണം എന്നല്ല. ഈ ഉത്തരവ് നിങ്ങൾ കണ്ടിട്ടില്ല എങ്കിൽ അതിന്റെ കോപ്പി ഞങ്ങൾ അയച്ചു തരാം. ഇതേ ഉത്തരവിൻറെ സെക്ഷൻ 1.3.1 പറയുന്നത് ഇപ്രകാരമാണ്; Delineation of eco sensitive zone would have to be site specific and relate to regulation, rather than prohibition of specific activities.

അതുകൊണ്ടു തന്നെ '1km ആയി കുറയ്ക്കാനുള്ള കേരള മന്ത്രിസഭയുടെ തീരുമാനത്തിനും സർക്കാർ ഉത്തരവിനും നിയമത്തിനു മുന്നിൽ കടലാസിന്റെ വില പോലുമില്ല' എന്ന നിങ്ങളുടെ വാദം നിലനിൽക്കുന്നതാണോ എന്ന് പരിശോധിക്കണം എന്ന് അഭ്യർഥിക്കുന്നു. 0 മുതൽ 10 വരെ കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപിക്കാൻ സർക്കാരുകൾക്ക് അധികാരമുണ്ട് എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. (അത് അങ്ങനെയല്ല എങ്കിൽ അതുമായി ബന്ധപെട്ട രേഖകൾ പുറത്തുവിടണം എന്നും അഭ്യർഥിക്കുന്നു). ആ അധികാരം ഉപയോഗിച്ചു കൊണ്ട് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ESZ ഇൽ നിന്നും ഒഴിവാക്കണം എന്നാണ് കർഷകരുടെ ആവശ്യം.

സുപ്രീം കോടതി വിധി പ്രകാരമുള്ള 10 കിലോമീറ്റർ എന്നുള്ളത് കേന്ദ്ര ഗവണ്മെന്റ് അന്തിമ വിജ്ഞാപനം ഇറക്കുന്നത് വരെ മാത്രമാണ്. സംസ്ഥാന സൽക്കാരുകളുടെ ശുപാർശ പ്രകാരം കേന്ദ്ര സർക്കാർ അന്തിമ വിജ്ഞാപനം ഇറക്കിയാൽ സുപ്രീം കോടതി പറഞ്ഞ 10 കിലോമീറ്റർ സ്വാഭാവികമായി റദ്ദാകുകയും അന്തിമ വിജ്ഞാപനത്തിൽ എന്തു പറയുന്നുവോ അതായിരിക്കും ESZ.

ഇനി എന്തുകൊണ്ട് കർഷകർ ഇതിനെ എതിർക്കുന്നു എന്ന് പറയാം

ഗസറ്റ് നോട്ടിഫിക്കേഷൻ സെക്ഷൻ 4 പ്രകാരം ഇക്കോ സെന്സിറ്റീവ് സോണിൽ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏതൊക്കെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്.

‘ഇക്കോ സെന്സിറ്റീവ് സോണിൽ എല്ലാ പ്രവർത്തികളും നിരോധിക്കുകയോ നിയന്തിക്കുകയോ ചെയ്യുന്നത് പരിസ്ഥിതി നിയമത്തിലെ വ്യവസ്ഥകളും പരിസ്ഥിതി നിയമ പ്രകാരമുള്ള 2011ലെ തീരദേശ നിയന്ത്രണ മേഖല നിയമം , 2006ലെ Environmental Impact Assessment Notification,  1980ലെ വനസംരക്ഷണ നിയമം, 1927ലെ ഇന്ത്യൻ വനനിയമം, 1972ലെ വന്യജീവിസംരക്ഷണ നിയമം എന്നിവയും അതിൽ കാലാകാലങ്ങളിൽ വരുത്തുന്ന ഭേദഗതികൾ പ്രകാരവുമാണ്.’

ഇതിൽനിന്നും ഹരീഷ് വക്കീലിന് എന്താണ് മനസിലായത്? വക്കീലിന്റെ അത്ര നിയമ പരിജ്ഞാനം ഉള്ളവരല്ല ഞങ്ങൾ കർഷകർ. പക്ഷേ ഞങ്ങൾക്കു മനസിലായ കാര്യം, നിലവിൽ റെവന്യൂ നിയമങ്ങൾ മാത്രം ബാധകമായ ഞങ്ങളുടെ കൃഷിയിടത്തിൽ വനനിയമങ്ങൾ ബാധകമാകും എന്നാണ്. അങ്ങനെയല്ല എന്നാണ് വക്കീലിനു മനസിലായത് എങ്കിൽ, അതൊന്നു വിശദീകരിച്ചു തരണം എന്ന് അഭ്യർഥിക്കുന്നു.

കൃഷിക്കാരെ ദോഷകരമായി ബാധിക്കുന്ന ഒന്നും തന്നെ ബഫർ സോൺ വിജ്ഞാപനത്തിൽ ഇല്ല എന്നാണല്ലോ താങ്കൾ പറയുന്നത്. ഈ വിജ്ഞാപനം വായിച്ചു നോക്കിയപ്പോൾ കർഷകരെ ഗുരുതരമായി ബാധിക്കും എന്ന് ഞങ്ങൾക്ക് തോന്നിയ ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു. അവയെപ്പറ്റിയുള്ള താങ്കളുടെ അഭിപ്രായം പറയുമല്ലോ.

1. ‘പ്രാദേശിക സമൂഹങ്ങളുടെ നിലവിലുള്ള കൃഷി, പഴം പച്ചക്കറി കൃഷികൾ, കാലി വളർത്തൽ, ജലകൃഷികൾ മത്സ്യകൃഷി എന്നിവ നിലവിലുള്ള നിയമമനുസരിച്ചു തദ്ദേശീയ ജനങ്ങൾക്ക് അവരുടെ ഉപയോഗത്തിന് വേണ്ടി അനുവദിച്ചിരിക്കുന്നു.’ ഇത് കോഴിക്കോട് DFO പുറത്തിറക്കിയ മലയാള പരിഭാഷയിൽനിന്ന് എടുത്തതാണ് (item 20 under restricted list). ഗസറ്റ് നോട്ടിഫിക്കേഷനിൽ ഇംഗ്ലീഷിൽ കൊടുത്തിരിക്കുന്നതും ചുവടെ ചേർക്കുന്നു (item 19 under restricted list) Ongoing agriculture and horticulture practices by local communities along with dairies, dairy farming, aquaculture and fisheries are permitted as per the applicable laws for use of locals.

നിലവിലുള്ള ഏതു നിയമത്തിലാണ് പ്രാദേശിക ജനങ്ങൾക്ക് അവരുടെ ആവശ്യത്തിന് മാത്രമേ കൃഷി ചെയ്യാൻ പാടുള്ളൂ എന്ന് പറയുന്നത്? കേരളത്തിൽ കൃഷി ചെയ്യുന്ന ഭൂരിപക്ഷം കർഷകരും സ്വന്തം ആവശ്യത്തിനല്ല കൃഷി ചെയ്യുന്നത്, മറിച്ച്, വിൽക്കാൻ വേണ്ടിയാണ്. കൃഷി വൻ നഷ്ടം ആയതുകൊണ്ടു കന്നുകാലികളെ വളർത്തി ജീവിക്കുന്ന ധാരാളം ആളുകൾ ഈ പറയുന്ന പ്രദേശങ്ങളിൽ ഉണ്ട്. അവർ ഉൽപാദിപ്പിക്കുന്ന പാൽ മുഴുവൻ അവർ തന്നെ കുടിച്ചു തീർക്കണം എന്നാണോ നിങ്ങൾ പറയുന്നത്? അപ്പോൾ ഈ കാര്യം പറഞ്ഞ് ഇത്തരം കൃഷികൾ നിരോധിക്കപെടാൻ സാധ്യതയുണ്ട് എന്ന് പകൽ പോലെ വ്യക്തമാണ്. ഏതൊക്കെ കൃഷികൾ എങ്ങനെയൊക്കെ നിയന്ത്രിക്കണം അല്ലെങ്കിൽ നിരോധിക്കണം എന്ന് വനം വകുപ്പ് തീരുമാനിക്കും എന്നതാണ് മോണിറ്ററിങ് കമ്മിറ്റിയുടെ ഘടന സൂചിപ്പിക്കുന്നത്. ഇത് കർഷകരെ ബാധിക്കില്ല എന്നാണോ നിങ്ങളുടെ അഭിപ്രായം?

2. ‘സംസ്ഥാന സർക്കാരിന്റെ ചുമതലപ്പെട്ട അധികാരിയുടെ മുൻ‌കൂർ അനുമതി ഇല്ലാതെ റവന്യൂ ഭൂമിയിൽ നിന്നോ സ്വകാര്യ കൈവശ സ്‌ഥലത്തു നിന്നോ യാതൊരു മരം മുറിയും പാടില്ല.’ (item 12 under restricted list) നിലവിൽ ചന്ദനം, ഈട്ടി, തേക്ക് മുതലായ ചുരുങ്ങിയ മരങ്ങൾക്കു മാത്രമേ പാസ് എടുക്കെണ്ടതുള്ളൂ . ഇത് കർഷകരുടെ ഭൂമിയിലെ എല്ലാ മരങ്ങല്കും ബാധകമാകും എന്ന് വളരെ വ്യക്തമാണ്. സ്വന്തം പറമ്പിലെ റബറും തെങ്ങും അടക്കം മുറിച്ചുമാറ്റി മറ്റു കൃഷികൾ ചെയ്യുന്നതിനു പോലും ഫോറസ്റ്റുകാരുടെ അനുവാദം വാങ്ങേണ്ടി വരും. എന്നുവച്ചാൽ കൈക്കൂലി വാങ്ങാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് മറ്റൊരു അവസരം കൂടി കൈവന്നിരിക്കുന്നു. ഇത് കർഷകരെ രക്ഷിക്കാനാണോ ശിക്ഷിക്കാനാണോ?

സ്വന്തം പറമ്പിൽ വളർത്തുന്ന മരങ്ങൾ മുറിക്കാൻ കർഷകർക്ക് അനുവാദം ഇല്ലെങ്കിൽ കർഷകർ മരങ്ങൾ നട്ടു വളർത്തും എന്ന് കരുതുന്നുണ്ടോ?

3. ‘കിണറുകൾ കുഴൽ കിണറുകൾ എന്നിവ കാർഷിക ഇതര ആവശ്യത്തിനായി ഉപയോഗിക്കുന്നത് അധികാരികളുടെ കർശന മേൽനോട്ടത്തിൽ നിയന്ത്രണ വിദേയമായിരിക്കും’ (item 24 under restricted list). ആരാണ് ഈ അധികാരികൾ? ഒരു ആവശ്യം കാർഷികമാണോ അല്ലയോ എന്ന് എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്? കൃഷിക്ക് മാത്രമേ വെള്ളം ഉപയോഗിക്കാൻ പറ്റൂ എന്ന് പറഞ്ഞു സ്വന്തം വീട്ടാവശ്യത്തിന് പോലും വെള്ളം എടുക്കുന്നത് ഫോറസ്റ്റുകാർ തടഞ്ഞാൽ സാധാരണക്കാർ എങ്ങനെ ജീവിക്കും? ഇത് വരെയുള്ള ഫോറസ്റ്റുകാരുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ ഈ നിയമങ്ങൾ ഒക്കെ സാധാരണക്കാരുടെ നെഞ്ചത്ത്‌ കുതിരകയറുന്നതിനുള്ള ലൈസസൻസ് ആയി മാറാനാണ് സാധ്യത.

4. ‘കൃഷി ചെയ്യാത്ത ഭൂമികളെയും അതിന്റെ ആവാസ വ്യവസ്ഥകളെയും വീണ്ടെടുക്കും’ എന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട് (Section 3 (1) b). (Efforts shall be made to reforest the unused or unproductive agricultural areas with afforestation and habitat restoration activities). വന്യമൃഗ ശല്യം കാരണവും വിലത്തകർച്ച കാരണവും കൃഷി ഉപേക്ഷിക്കപ്പെട്ട ധാരാളം സ്ഥലങ്ങൾ നിലവിൽ കേരളത്തിലുണ്ട്. അത്തരം സ്ഥലങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടാൽ 2003 ലെ EFL ആക്ട് പ്രകാരം ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാതെ സർക്കാരിലേക്ക് പിടിച്ചെടുക്കുകയോ അവയെല്ലാം വനമായി മാറുകയോ ചെയ്യും എന്ന് തന്നെയല്ലേ അർഥം?

5. ‘വാണിജ്യ ആവശ്യങ്ങൾക്കുള്ള ഒരുതരം കെട്ടിടങ്ങളും ഈ പരിധിയിൽ അനുവദിക്കുന്നതല്ല’ (section 9a). അതായതു ബഫർ സോണിൽ വരുന്ന സ്ഥലങ്ങളിൽ സാധാരണ ഒരു കടമുറി പോലും പണിയാൻ സാധ്യമല്ലാതാകും എന്നു തന്നയല്ലേ ഇതിന്റെ അർഥം?

തദ്ദേശ വാസികൾക്ക് സ്വന്തം താമസിത്തിനായുള്ള വീട് പണിയുന്നതിനുപോലും ഈ പറഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുഖ്യ അധികാരിയായ മോണിറ്ററിങ് കമ്മിറ്റിയുടെ മുൻ‌കൂർ അനുമതി ആവശ്യമായി വരും എന്നാണ് ഇതിനു മുൻപ് ബഫർ സോൺ വന്ന പല സ്ഥലങ്ങളിലെയും അനുഭവം.

6. ഏതൊക്കെ സ്ഥലങ്ങൾ ബഫർ സോൺ പരിധിയിൽ വരുന്നുണ്ട് എന്നത് ഇപ്പോൾ നൽകിയിരിക്കുന്ന മാപ്പിൽ നിന്നും വ്യക്തമല്ല. കൃത്യമായി ഗ്രൗണ്ട് ട്രൂത്തിങ് നടത്തി ബഫർ സോണിന്റെ അതിരുകൾ ഗ്രൗണ്ടിൽ അടയാളപ്പെടുത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂ. ആദ്യത്തെ നോട്ടിഫിക്കേഷൻ ഇറങ്ങി 4 വർഷം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കഴിഞ്ഞിട്ടില്ല എന്നത് ആരുടെ വീഴ്ചയാണ്?

7. ‘പരിസ്ഥിതി സൗഹാർദ്ദ യാത്ര മാർഗങ്ങൾ ഉപയോഗിക്കണം’ എന്ന നിർദേശത്തിന്റെ മറവിൽ (section 3 (15) നിലവിൽ ഉപയോഗിക്കുന്ന ഡീസൽ, പെട്രോൾ വാഹനങ്ങൾ മുഴുവനും നിരോധിക്കുകയും LPG/CNG എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങൾ മാത്രം അനുവദിക്കപ്പെടുകയും ചെയ്യാം . എന്നുവച്ചാൽ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷകളും, ടാക്സികളും ലോറികളും അടക്കം നിരോധിക്കപെടാം എന്നും അതിനുള്ള അധികാരങ്ങൾ ഫോറസ്റ്റ് വകുപ്പിന് ഉണ്ടാവുകയും ചെയ്യും എന്ന് തന്നെയല്ലേ അർഥം?

നിയന്ത്രിക്കപ്പെടുന്ന മറ്റു ചില കാര്യങ്ങളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു

  1. പുതിയ റോഡ് നിർമാണവും നിലവിൽ ഉള്ളവയുടെ വീതി കൂട്ടലും ബലപ്പെടുത്തലും.
  2. വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടും.
  3. എല്ലാ തരത്തിലുള്ള ഉച്ചഭാഷിണി ഉപയോഗവും നിരോധിക്കപ്പെടും.
  4. പുതുതായിട്ട് വ്യവസായ യൂണിറ്റുകൾ ഒന്നുംതന്നെ (ചെറുതായാലും വലുതായാലും) അനുവദിക്കുന്നതല്ല. എന്തൊക്കെയാണ് വ്യവസായങ്ങളുടെ ലിസ്റ്റിൽ വരുന്നത് എന്ന് വ്യക്തമല്ല.
  5. വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനഗതാഗതം നിയന്ത്രണവിധേയമാണ്. ബസ്, ഓട്ടോ, ലോറി, ടാക്സി ജീപ്പ്, ടാക്സി കാർ എന്നിവ നിയന്ത്രണ വിധേയമാണ് (എന്നുവെച്ചാൽ ഇതൊക്കെ ഓടണോ വേണ്ടയോ എന്ന് അതാതു സ്ഥലത്തെ DFO തീരുമാനിക്കും)
  6. ബഫർ സോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു ഒരു കിലോമീറ്റര് വായൂ ദൂരം കൂടാതെ, വീണ്ടും ഒരു കിലോമീറ്റര് വായു ദൂരം കൂടി നിർമാണ പ്രവർത്തനങ്ങളാക്കു നിയന്ത്രണം വരും. എന്നാൽ എന്തൊക്കെ നിയന്ത്രണങ്ങൾ എന്ന് പറഞ്ഞിട്ടില്ല. അപ്പോൾ പ്രായോഗികമായി , ഇപ്പോഴത്തെ വന അതിർത്തിയിൽ നിന്നും 2 കിലോമീറ്റര് വായു ദൂരത്തിൽ കർശനമായ നിയന്ത്രണങ്ങൾ വരും. ആ നിയന്ത്രണങ്ങൾ എന്തൊക്കെ എന്നത് ഈ പറഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുഖ്യ അധികാരിയായ മോണിറ്ററിങ് കമ്മിറ്റി തീരുമാനിക്കും.

ഇതിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വിഷയം, മലബാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ഈ കാര്യങ്ങളെല്ലാം നടത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് കോഴിക്കോട് ജില്ലാ കളക്ടർ ചെയർമാനും, കോഴിക്കോട് DFO മെംബർ സെക്രട്ടറിയും ആയിട്ടുള്ള 10 അംഗ കമ്മിറ്റി ആണ്. ഇതിലുള്ള അംഗങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു

  1. കോഴിക്കോട് ജില്ലാ കളക്ടർ - ചെയർമാൻ
  2. വയനാട് ജില്ലാ കളക്ടറുടെ പ്രധിനിധി
  3. പേരാമ്പ്ര എംഎൽഎ
  4. ബാലുശ്ശേരി എംഎൽഎ
  5. കേരളാ പരിസ്ഥിതി വകുപ്പ് പ്രതിനിധി
  6. പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്ന NGO പ്രതിനിധി (കേരള സർക്കാർ നോമിനേറ്റു ചെയ്യുന്നയാൾ)
  7. മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ അധികാരി - കോഴിക്കോട് ജില്ല
  8. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം
  9. കേന്ദ്ര പരിസ്ഥിതി വകുപ്പ് പ്രതിനിധി
  10. കോഴിക്കോട് DFO - മെംബർ സെക്രട്ടറി

ഈ കമ്മിറ്റിയിൽ എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉള്ള ആൾ കോഴിക്കോട് DFO ആണ്. അതായത് മുകളിൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തുന്നത് മുഴുവൻ കോഴിക്കോട് DFO യുടെ നേതതൃത്വത്തിൽ ആയിരിക്കും. പത്തു പേരിൽ വെറും രണ്ടു പേർ മാത്രമായ എംഎൽഎമാരടങ്ങുന്ന ജന പ്രധിനിധികൾ വെറും നോക്കുകുത്തികൾ ആയിരിക്കുകയും ചെയ്യും.

ഈ പ്രദേശത്തുള്ള പഞ്ചായത്തുകളിലെ പ്രസിഡന്റ്മാരോ, പഞ്ചായത്ത് മെംബർമാരോ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് മെംബർമാരോ അടക്കം ത്രിതല പഞ്ചായത്തിലെ യാതൊരുവിധ ജനപ്രതിനിധികളെയും ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ട് പഞ്ചായത്തുതല പ്രതിനിധികളെ ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല എന്നതിന് വിശദീകരണം ഉണ്ടോ?

ഈ വിജ്ഞാപനത്തിലെ സെക്ഷൻ 4 പ്രകാരം, നിലവിൽ റെവന്യൂ നിയമങ്ങൾ മാത്രം ബാധകമായ കൃഷിസ്ഥലങ്ങളിലും ജനവാസകേന്ദ്രങ്ങളിലും 1980 ലെ ഫോറസ്റ്റ് കോൺസെർവഷൻ ആക്ട് , 1927 ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ട് , 1972 ലെ വന്യജീവി സംരക്ഷണ നിയമം തുടങ്ങിയ വന നിയമങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ടു ജനജീവിതം പൂർണമായും ദുസ്സഹമാക്കുകയും അതുവഴി അപ്രഖ്യാപിത കുടിയിറക്ക് നടത്തി വന്യജീവി സങ്കേതത്തിനു വിസ്തീർണം കൂട്ടുകയും ചെയ്യുക എന്ന ലക്ഷ്യം ഇ നീക്കത്തിന് പിന്നിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇങ്ങനെ ജനജീവിതത്തെ സാരമായി ബാധിക്കുന്ന നിർദേശങ്ങൾ സമർപ്പിച്ചപ്പോൾ ഇത് ബാധിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യാതൊരു ചർച്ചയും നടത്തിയില്ല എന്നത് പഞ്ചായത്തീരാജ് നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ഈ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള മോണിറ്ററിങ് കമ്മിറ്റിയിൽ പഞ്ചായത്തുകളുടെ പ്രധിനിധികളെ ഉൾപ്പെടുത്തിയിട്ടില്ല എന്നതും വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. തികച്ചും ഉദ്യോഗസ്ഥ മേധാവിത്തം നിലനിൽക്കുന്ന മോണിറ്ററിങ് കമ്മിറ്റിയിൽ നിന്ന് സാധാരണ ജനങ്ങൾക്ക് നീതി കിട്ടുമോ എന്ന ചോദ്യം വളെരെ പ്രസക്തമാണ്.

മറ്റൊരുകാര്യം പരിസ്ഥിതി സംരക്ഷിക്കാൻ എന്ന പേരിൽ പുറത്തിയിരിക്കിയിരിക്കുന്ന ഈ നോട്ടിഫിക്കേഷനിൽ, പരിസ്ഥിതിക്ക് ഏറ്റവും കൂടുതൽ കോട്ടം വരുത്തുന്ന ക്വാറി മേഖലകൾ വിദഗ്ധമായി ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതാണ്. കേരളത്തിലെ ഏറ്റവും വലിയ കോൺട്രാക്ടർമാരുടെ അടക്കം ഒട്ടേറെ വൻകിട ക്വാറികൾ സ്ഥിതി ചെയ്യുന്ന ചെമ്പനോട കുണ്ടുതോട് മേഖലയിൽ (കോഴിക്കോട് ജില്ല) ബഫർ സോണിന്റെ വീതി വെറും 100 മീറ്റർ ആയി കുറയ്ക്കുകയും ജനവാസ കേന്ദ്രങ്ങളിൽ ഒരു കിലോമീറ്റർ വീതി നിലനിർത്തികയും ചെയ്തത് ആരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് എന്ന് വ്യക്തമാക്കണം.

അതുപോലെ തന്നെ കക്കയം ഡാമും പവർ ഹൌസും സ്ഥിതി ചെയ്യുന്നയിടത്ത് 1.2 കിലോമീറ്റർ നീളം ബഫർസോൺ '0' ആയി നിജപ്പെടുത്തിയിരിക്കുന്നു . എന്നുവച്ചാൽ അവിടെ ബഫർ സോൺ ഇല്ല എന്നർഥം. അപ്പ‌ോൾ, പാറമടയ്ക്കും ഡാമിനും പവർ ഹൗസിനും ബാധകമല്ലാത്ത ബഫർസോൺ കർഷകരുടെ കൃഷിയിടത്തിൽ മാത്രം മതി എന്ന് പറഞ്ഞാൽ ആ ബഫർ സോൺ തൽകാലം നടക്കില്ല എന്ന് മാത്രം പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ഈ പറയുന്ന നിയന്ത്രണങ്ങൾ ഒക്കെ കണ്ടിട്ട് ഇതൊന്നും കർഷകരെയും സാധാരണ ജനങ്ങളെയും ബാധിക്കില്ല എന്നാണ് വക്കീൽ പറയുന്നത് എങ്കിൽ നമുക്ക് ഇതിനെപ്പറ്റി ഒരു സംവാദം ആകാം. വക്കീലിന്റ സമയവും സൗകര്യവും അനുസരിച്ചു സൂമിലോ ഗൂഗിൾ മീറ്റിലോ ഒരു സംവാദം നടത്താം. അനുകൂലമായ പ്രതികരണം ഉണ്ടാകും എന്ന പ്രതീക്ഷയോടെ,

അലക്സ് ചാണ്ടി ഒഴുകയിൽ

ചെയർമാൻ, KIFA (Kerala Independent Farmers Association)

English summary: Reply by Kerala Independent Farmers Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com