ADVERTISEMENT

ആദ്യം പ്രളയം, പിന്നാലെ പരാതി, ഫാം മാറ്റി മെച്ചപ്പെട്ടു വന്നപ്പോൾ തീറ്റയ്ക്കു വില കൂടി, ഒപ്പം മുട്ടയുടെ വില ഇടിഞ്ഞു, ആയിരക്കണക്കിന് മുട്ടകൾ കുഴിച്ചുമൂടി, മുട്ടയും ഇറച്ചിയും മൂല്യവർധിത ഉൽപന്നമാക്കി വിപണിയിൽ എത്തിക്കാൻ തുടങ്ങിയപ്പോൾ പക്ഷിപ്പനി, പിന്നാലെ കോവിഡ്–19... പാലക്കാട് മംഗലംഡാം സ്വദേശി ഷാലു ജയിംസ് എന്ന യുവാവ് കാടവളർത്തലിൽ അഭിമുഖീകരിച്ച പ്രശ്നങ്ങളാണിവ. 

കാട വളർത്തൽ ലാഭകരമാണോ എന്നു ചോദിച്ചാൽ ഷാലു പറയും വിൽക്കാൻ അറിയില്ലെങ്കിൽ ഈ മേഖലയിലേക്ക് തിരിയരുതെന്ന്. കാരണം, അത്രയേറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഷാലു കാടകളെ വളർത്തുന്നത്. 2018ൽ ബിഫാം പഠനശേഷം ഒരു കൗതുകത്തിന് 500 കുഞ്ഞുങ്ങളെ മണ്ണുത്തിയിൽനിന്നു വാങ്ങിയായിരുന്നു തുടക്കം. വീടിനോടു ചേർന്ന് കൂട് തയാറാക്കിയാണ് അവയെ പാർപ്പിച്ചത്. മുട്ടകൾ ലഭിച്ചുതുടങ്ങിയപ്പോഴേക്കും പ്രളയം വന്നു. ഇതോടെ പഞ്ചായത്തിൽ പരാതി എത്തി. പരാതിയുടെ അടിസ്ഥാനത്തിൽ കാടഫാം ഒരു മാസത്തിനുള്ളിൽ വീട്ടിൽനിന്ന് മാറ്റാൻ പഞ്ചായത്ത് നിർദേശിച്ചു. 

വീട്ടിൽനിന്നു കുറച്ചു മാറി ഷാലുവിന്റെ പിതാവ് ജയിംസിന് റബർത്തോട്ടമുണ്ട്. അവിടെ ഏതാനും റബർമരങ്ങൾ വെട്ടിമാറ്റി പുതിയൊരു ഷെഡ് പണിത് കാടകളെ അങ്ങോട്ടു മാറ്റി. ഷെഡ് പണിയുന്നതിനും മറ്റുമായി ബാങ്ക് വായ്പയും എടുത്തിരുന്നു. 500ൽനിന്ന് കാടകളുടെ എണ്ണം ക്രമേണ ഉയർത്തി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വാങ്ങി പഞ്ചായത്തിൽനിന്ന് ലൈസൻസ് എടുത്തതിനുശേഷമായിരുന്നു ഫാമിന്റെ വിപുലീകരണം. സമീപത്തുള്ള കടകളിലായിരുന്നു മുട്ടവിൽപന. തീറ്റയ്ക്ക് വില കൂടിയതും ഷാലു 2 രൂപയ്ക്ക് വിറ്റിരുന്ന കടകളിൽ മറ്റൊരാൾ 1.70 രൂപയ്ക്ക് മുട്ട വിതരണം ചെയ്തു തുടങ്ങിയതും വലിയ തിരിച്ചടിയായി. വിപണി കൈവിട്ടുപോയതോടെ പതിനായിരത്തിലധികം മുട്ടകൾ കുഴിച്ചുമൂടേണ്ടി വന്നു. പുതിയ ഫാമിൽനിന്ന് വരുമാനം ലഭിച്ചുതുടങ്ങിയിരുന്നില്ല. മുട്ടകൾ വിൽക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് മൂല്യവർധിത ഉൽപന്നം എന്ന ആശയം മനസിലുദിച്ചത്.

ആദ്യം മുട്ട ഉപ്പിലിട്ടു പിന്നെ അച്ചാറായി

കാടമുട്ട പുഴുങ്ങി ഉപ്പിലിട്ടായിരുന്നു തുടക്കം. എന്നാൽ, അതിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. മാത്രമല്ല, പെട്ടെന്ന് നശിച്ചു പോകുകയും ചെയ്യും. ഇവിടെനിന്നാണ് കാടമുട്ട അച്ചാറിന്റെയും കാടയിറച്ചി അച്ചാറിന്റെയും ജനനം. ഇന്റർനെറ്റിൽ പരതിയപ്പോൾ അത്തരത്തിലൊരു ഉൽപന്നത്തെക്കുറിച്ച് കേട്ടുകേൾവിയുമില്ല. അതോടെ ആവേശമായി. 2019ൽ കാടമുട്ട, കാടയിറച്ചി അച്ചാറുകൾ മനസിലേക്കു വന്നെങ്കിലും ആറുമാസത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ ഈ വർഷം ജനുവരി മുതലാണ് വിൽപന തുടങ്ങിയത്. തിരുവനന്തപുരത്തുള്ള ഒരു ബ്രാൻഡിന്റെ ലേബലിലാണ് ഷാലുവിന്റെ അച്ചാറുകൾ ആമസോൺ വഴി വിറ്റുപോകുന്നത്. ഇപ്പോൾ എറണാകുളത്തുനിന്നും ഇടനിലക്കാർ വലിയ രീതിയിൽ വാങ്ങുന്നുണ്ട്. 

ഓൺലൈൻ വിൽപന മാത്രമല്ല ഓർഡർ അനുസരിച്ച് അച്ചാറുകൾ തയാറാക്കി അയച്ചുകൊടുക്കുന്നുമുണ്ട് ഷാലു. ഒരു കിലോഗ്രാം കാടയിറച്ചി അച്ചാറിന് 900 രൂപയാണ് വില. വില കൂടുതലല്ലേ എന്ന് ചോദിക്കുന്നവരോട് ഷാലുവിന് ഒന്നേ പറയാനുള്ളൂ. കൂടുതലാണ്, പക്ഷേ അതുപോലെ ചെലവുണ്ട്. ഒരു കിലോ ലഭിക്കണമെങ്കിൽ 10–11 കാടകൾ വേണം. ഒരെണ്ണത്തിന് വിപണിയിൽ 40–45 രൂപ വിലയുണ്ട്. അപ്പോൾത്തന്നെ 400 രൂപയ്ക്കു മുകളിലായി. ഇവ എണ്ണയിൽ വറുത്തതിനുശേഷമാണ് അച്ചാറിടുക. വറുത്തുകഴിഞ്ഞാൽ ഒരു കിലോഗ്രാം ഇറച്ചി എന്നത് 450 ഗ്രാം ആയി കുറയും. പിന്നെ ആവശ്യമായ ചേരുവകകൾക്കു വേറെ വില വരും. പണിക്കൂലിയും ചെലവും എല്ലാംകൂടി വരുമ്പോൾ 900 രൂപയോളം വരും. ഇതിൽതന്നെ പണിക്കൂലി ഇനത്തിൽ 100 രൂപയേ എടുക്കുന്നുള്ളൂവെന്നും ഷാലു പറയുന്നു. കാടമുട്ട അച്ചാറിന് 450 രൂപയാണ് വില.

അച്ചാർ കൂടാതെ കാടമുട്ടപ്പൊടി, ഇടിയിറച്ചി (കാട) എന്നിവയും വിപണിയിൽ എത്തിക്കുന്നുണ്ട്. ചപ്പാത്തി, ഷെയ്ക്ക് തുടങ്ങിയവയിൽ കാടമുട്ടപ്പൊടി ചേർത്താൽ നല്ലതാണെന്ന് ഷാലു അവകാശപ്പെടുന്നു.

ഷാലുവിന്റെ ഉൽപന്നങ്ങളുടെ വിഡിയോ റിവ്യു ചുവടെ

ബ്രാൻഡ് 'കാടക്കട'

ഫാർമസിസ്റ്റ് ആയ ഷാലു 'ദ ക്വയിൽ ഷോപ്' എന്ന പേരിൽ തന്റെ സംരംഭത്തെ ബ്രാൻഡ് ചെയ്തിട്ടുണ്ട്. ട്രേഡ് മാർക്കും എടുത്തിട്ടുണ്ട്. 100 ഗ്രാം മുതലുള്ള പായ്ക്കിൽ അച്ചാറുകൾ ഷാലു ആവശ്യക്കാരിലെത്തിക്കുന്നു. കോവിഡ് കാലമായതിനാൽ ഇപ്പോൾ നേരിട്ടുള്ള വിൽപന കുറവാണ്. ആമസോണിൽ വിൽക്കുന്നതിനായുള്ള ഓർഡറാണ് പ്രധാനമായും തയാറാക്കിക്കൊടുക്കുന്നത്. മാസം ശരാശരി 80 കിലോ ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്. കോവിഡ് പ്രശ്നങ്ങളെല്ലാം മാറുമ്പോൾ വിൽപന കുറേക്കൂടി മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് ഈ യുവ സംരംഭകന്റെ പ്രതീക്ഷ. 

റെസിപ്പി ഷാലുവിന്റേതാണെങ്കിലും അച്ചാറുകൾ തയാറാക്കുന്നത് അമ്മ സാലിയാണ്. അമ്മയുടെ കൈപ്പുണ്യമാണ് തന്റെ ഉൽപന്നങ്ങൾക്ക് സ്വീകാര്യത ലഭിക്കാൻ കാരണമെന്നു ഷാലു പറയുന്നു. ഷാലുവിന്റെ സഹോദരി ഷിലുവും സഹായത്തിനുണ്ട്.

shalu-james-1
ഷാലുവിന്റെ ഉൽപന്നങ്ങൾ

കാട മാത്രമല്ല കോഴിയും പൈനാപ്പിളും അച്ചാറായി

കാടയിറച്ചിയും മുട്ടയും ശ്രദ്ധിക്കപ്പെട്ടതോടെ ഷാലുവിനെ തേടി ഒട്ടേറെ ഓർഡറുകൾ എത്തുന്നുണ്ട്. അതിലൊന്നായിരുന്നു പൈനാപ്പിൾ അച്ചാർ. പൈനാപ്പിൾ വറുത്തതിനുശേഷമാണ് അച്ചാറാക്കുക.  2500ലധികം കാടകളാണ് ഷാലുവിന് ഇപ്പോഴുള്ളത്. കാട മാത്രമല്ല നാടൻ കോഴികളെയും ‌വളർത്തുന്നു. ആദ്യം കോഴിക്കുഞ്ഞുങ്ങളെയും മുട്ടയും വിൽക്കുന്നതിലൂടെ വരുമാനം കണ്ടെത്തുകയായിരുന്നെങ്കിൽ ഇപ്പോൾ കോഴിയിറച്ചി അച്ചാറായി ഷാലു വിപണിയിൽ എത്തിക്കുന്നു. ഇതിനും ആവശ്യക്കേരേറെ. 

300 കോഴിമുട്ട വിരിയിക്കാവുന്ന ഇങ്കുബേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞുങ്ങളെ വിരിയിക്കുക. 1000 കാടമുട്ട ഇതിൽ വിരിയിക്കാനാകും. ഓർഡർ അനുസരിച്ച് കാടക്കുഞ്ഞുങ്ങളുടെ വിതരണവും ഇപ്പോഴുണ്ട്. പ്രതിസന്ധികളെ സധൈര്യം നേരിട്ട് കാടയുടെ സംരഭസാധ്യതകൾ തിരിച്ചറിഞ്ഞ് വിപണി പിടിക്കാനുള്ള ശ്രമത്തിലാണ് ഈ ഇരുപത്തിനാലുകാരൻ

ഫോൺ: 9074209257

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com