ADVERTISEMENT

റബർതോട്ടങ്ങൾക്കിടയിലെ വീട്ടിൽ ജനിച്ച്, റബർഷീറ്റുകൾ അലങ്കരിച്ച മുറ്റത്തു വളർന്ന്, റബർമേഖലയിൽ ബിസിനസ് നടത്തിയ ജോസിക്ക് ഇത്രയധികം വൈകാരികബന്ധമുള്ള മറ്റൊരു വിളയുണ്ടാവില്ല. എന്നാൽ, പിതൃസ്വത്തായി ലഭിച്ച കൃഷിയിടത്തിൽ റബറിനെ മാത്രം ആശ്രയിക്കാതെ ജീവിക്കാനുള്ള വഴികളിലൂടെയാണ് അഞ്ചു വർഷത്തിലേറെയായി ജോസിയുടെ സഞ്ചാരം. ഉടനെങ്ങും തിരിച്ചുവരാനാവാത്തവിധമുള്ള പതനമാണ് റബർവിപണിയിൽ സംഭവിക്കുന്നതെന്നും ഭക്ഷ്യവിളകളുടെ ഉൽപാദനത്തിനു പ്രസക്തിയും പ്രാധാന്യവും വർധിക്കുകയാണെന്നുമുളള യാഥാർഥ്യബോധം തന്നെയായിരുന്നു കാരണം.

കോളജ് വിദ്യാഭ്യാസത്തിനു ശേഷം ബിസിനസ് നടത്തിവരികയായിരുന്ന ജോസിക്ക് 2010ലാണ് വീടിനോടു ചേർന്നുള്ള കൃഷിയിടത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടിവന്നത്.  മൂന്നു വർഷം കഴിഞ്ഞപ്പോൾ ബിസിനസ് അവസാനിപ്പിച്ച് പൂർണമായും കൃഷിയിൽ ശ്രദ്ധിച്ചുതുടങ്ങി.  മുഖ്യവിളയായ റബറിന്റെ സുവർണകാലമായിരുന്നതിനാൽ അതിനുവേണ്ടിതന്നെയാണ് അക്കാലത്ത് സമയവും ഊർജവും ഏറക്കുറെ പൂർണമായി നീക്കിവച്ചിരുന്നത്. ബാക്കിയൊക്കെ വീട്ടാവശ്യങ്ങൾക്കുള്ള ഭക്ഷ്യോൽപാദനത്തിനു മാത്രം. 

എന്നാൽ, ജീവിതത്തിനു റബർ നൽകിയ തിളക്കം 2014 ഓടെ അവസാനിച്ചു. വിലയിടിവ് അതിന്റെ പാരമ്യത്തിലെത്തുകയും ദീർഘകാലം നീണ്ടുനിൽക്കുകയും ചെയ്തതോടെ ബദൽവഴികൾ തേടാൻ താനും കുടുംബാംഗങ്ങളും തീരുമാനിക്കുകയായിരുന്നെന്ന് ജോസി പറഞ്ഞു. ‘അധികവരുമാന സാധ്യതകളെക്കുറിച്ച് വീട്ടിൽ എല്ലാവരും കൂട്ടായി ചർച്ച ചെയ്തപ്പോൾ ഞാൻ മൃഗസംരക്ഷണരംഗത്തെ സാധ്യതകൾ ചൂണ്ടിക്കാട്ടുകയായിരുന്നു’– ജോസി പറഞ്ഞു.  ജോസിയുടെ നിർദേശം പിതാവ് കലയത്തിനാൽ കെ.യു. ജോൺ ഉൾപ്പെടെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വീകാര്യമായി. പുതിയ സംരംഭത്തിന്റെ തുടക്കം മുതൽ എല്ലാ പിന്തുണയുമായി മാതാപിതാക്കളും ഭാര്യയും മക്കളും തനിക്കൊപ്പമുണ്ടായിരുന്നെന്നും ജോസി കൂട്ടിച്ചേർത്തു. 

Josi
ജോസിയും പിതാവ് കെ.യു. ജോണും

‘ഗ്രാമീണ അന്തരീക്ഷത്തിൽ സ്വസ്ഥമായ കാർഷിക കുടുംബജീവിതം തുടരാവുന്ന വഴികൾ മാത്രമാണ് പരിഗണിച്ചത്. വരുമാനത്തിനായി ജീവിതത്തിലെ നന്മകള്‍ നഷ്ടപ്പെടുത്തരുതല്ലോ? പാരമ്പര്യസ്വത്തായി ലഭിച്ച ഭൂമിയിൽനിന്നു പരമാവധി ഉൽപാദനക്ഷമതയും അതുവഴി വരുമാനവും ഉറപ്പാക്കുന്നതിനുള്ള വിവിധ സംരംഭങ്ങൾ ആരംഭിക്കാനായിരുന്നു തീരുമാനം. താരതമ്യേന കുറഞ്ഞ കാലത്തിനുള്ളിൽ വരുമാനം നൽകിത്തുടങ്ങാവുന്ന മൃഗസംരക്ഷണ സംരംഭങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താമെന്നു തോന്നി. കൃഷിയും മൃഗസംരക്ഷണവും സംയോജിപ്പിച്ചുകൊണ്ട് വലിയ മുതൽമുടക്കില്ലാതെ ആരംഭിക്കാവുന്ന ഫാം ആയിരുന്നു മനസിൽ. ഏതൊക്കെ സംരംഭങ്ങളാണ് യോജ്യമെന്നു തീരുമാനിക്കാൻ കൃഷിഓഫിസർ ജോ പൈനാപ്പള്ളിയും വെറ്ററിനറി സർജൻ ഡോ. ബിനോയി ജോസഫും  സഹായിച്ചു. അങ്ങനെയാണ് അഞ്ചു വർഷം മുൻപ് സംയോജിത–സമ്മിശ്രകൃഷിയിലേക്കുള്ള  ചുവടുമാറ്റം’– ജോസി പറഞ്ഞു.

തുടക്കം മുതലുള്ള ആസൂത്രണമാണ് ജോസിയുടെ കാർഷിക സംരംഭങ്ങളെ വ്യത്യസ്തമാക്കുന്നത്. തുടക്കത്തിൽ തന്നെ സ്വന്തമായുള്ള കൃഷിയെയും കൃഷിഭൂമിയെയും കുറിച്ച് വിവരശേഖരമുണ്ടാക്കി. വരും വർഷങ്ങളിൽ യാഥാർഥ്യമാകേണ്ട ലക്ഷ്യങ്ങൾ തീരുമാനിച്ച ശേഷം അതിനു ചേരാത്ത ഘടകങ്ങൾ ഓരോന്നായി ഒഴിവാക്കുകയും വേണ്ടതുമാത്രം നിലനിറുത്തുകയും ചെയ്തു. 

ഫാം നിർമാണത്തിനു മുന്നോടിയായി വിശദമായ മാസ്റ്റർപ്ലാൻ തന്നെ രൂപപ്പെടുത്തി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, അവയുടെ സ്ഥാനം, ഫാമിനുള്ളിലൂടെയുള്ള റോഡ് സൗകര്യം, ജലലഭ്യത  എന്നിവയൊക്കെ മുൻകൂട്ടി നിശ്ചയിച്ചു. പല ഘട്ടങ്ങളിലായി ഇവ നടപ്പാക്കി ഫാം വികസിപ്പിക്കുകയാണ് ചെയ്തത്. വളർത്തുമൃഗങ്ങൾക്കായി മൂന്നേക്കറോളം റബർ വെട്ടിമാറ്റി സ്ഥലം കണ്ടെത്തി. പത്തു വർഷത്തെ ടാപ്പിങ് ബാക്കി നിൽക്കുമ്പോഴായിരുന്നു അത്. കൂടുകൾ സ്ഥാപിക്കുന്നതിനും തീറ്റപ്പുൽക്കൃഷിക്കും മാത്രമല്ല, ആടുകൾക്ക് മേയുന്നതിനും ഈ സ്ഥലം പ്രയോജനപ്പെടുന്നു.

പ്രധാനമായും മൂന്ന് സംരംഭങ്ങളാണ് ഫാമിൽ ഇപ്പോഴുള്ളത്– മലബാറി ആടുകളുടെ പ്രജനനകേന്ദ്രം, ബിവി380 മുട്ടക്കോഴികളുടെ എഗ്ഗർ നഴ്സറി, നാടൻ മുട്ട ഉൽപാദനത്തിനായി കോഴിവളർത്തൽ. തുടക്കം ആടുവളർത്തലിലായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നു മലബാറി ആടുകളെ വാങ്ങി വളർത്തുകയും അവയിൽ നിലവാരമില്ലാത്തവയെ ഒഴിവാക്കുകയുമെന്ന തന്ത്രമാണ് സ്വീകരിച്ചത്. മലബാറി ആടുകളുടെ മികച്ച മാതൃശേഖരമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഗുണനിലവാരത്തിനു പ്രാധാന്യം നൽകി കർശനബുദ്ധിയോടെ ഇത് ചെയ്തതിനാൽ ലക്ഷ്യത്തിലെത്താൻ നാലുവർഷമെടുത്തു.  ഇവിടെയുണ്ടാകുന്ന കുഞ്ഞുങ്ങളിൽ  ഏറ്റവും മികച്ചവയെ മാതൃശേഖരത്തിലേക്ക് ചേർക്കുകയാണ്.  ബാക്കിയുള്ളവയെ ആവശ്യക്കാർക്ക് വളർത്താനായി വിൽക്കും. നിലവാരമില്ലാത്തവയെയും മുട്ടനാടുകളെയും മാസംതോറും കശാപ്പ് ചെയ്തു വിൽക്കുകയാണ് പതിവ്. കച്ചവടക്കാർക്ക് നൽകുന്നതിലും ഉയർന്ന വരുമാനം നേരിട്ടുള്ള മാംസവിൽപന വഴി ലഭിക്കുമെന്ന് ജോസി ചൂണ്ടിക്കാട്ടി. ഇപ്രകാരം ഒഴിവാക്കപ്പെട്ട ആട്ടിൻകുട്ടികളായിരുന്നു ആദ്യവർഷങ്ങളിലെ വരുമാനസ്രോതസ്.

മാതൃശേഖരം എഴുപതാകുന്നതോടെ കൂടുതൽ ആട്ടിൻകുഞ്ഞുങ്ങളെ വിറ്റുതുടങ്ങും. ഏതാനും മാസങ്ങളിലേക്കുള്ള ബുക്കിങ് ലഭിച്ചുകഴിഞ്ഞു. കിലോയ്ക്ക് 350–400 രൂപ നിരക്കിലാണ് വളർത്താനായുള്ള ആട്ടിൻകുട്ടികളുടെ വിൽപന. അടുത്തവർ‌ഷം 150 ആട്ടിൻകുട്ടികളെ ലഭിക്കുമെന്നാണ് ജോസിയുടെ കണക്കുകൂട്ടൽ. 

Josi-2
ബിവി380 മുട്ടക്കോഴികൾ

ബിവി380 മുട്ടക്കോഴികൾക്ക് വർധിച്ചുവരുന്ന ഡിമാൻഡ് തിരിച്ചറിഞ്ഞാണ് അവയുടെ എഗർ നഴ്സറി ആരംഭിച്ചത്. ആടുവളർത്തലിനൊപ്പം ആയാസമില്ലാതെ നടത്താവുന്ന സംരംഭമാണിത്. കേരളത്തിൽ ഏറെ ആവശ്യക്കാരുള്ള  ഈ ഇനം കോഴിക്കുഞ്ഞുങ്ങളെ, അവ വികസിപ്പിച്ച വെങ്കിടേശ്വരാ ഹാച്ചറിയിൽനിന്ന് എത്തിക്കും, മറ്റ് എഗർ നഴ്സറികളിൽനിന്നു വ്യത്യസ്തമായി വെങ്കിടേശ്വരാ ഹാച്ചറീസ് തയാറാക്കിയ പരിപാലനമുറ (protocol) പ്രകാരമാണ് ഇവിടെ രണ്ടു മാസത്തോളം കോഴിക്കുഞ്ഞുങ്ങൾ വളരുന്നത്. കൂടുതൽ വാക്സിനുകൾ കൃത്യതയോടെ നൽകുന്നതിനാൽ കോഴികൾക്ക് മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കാൻ ഇതുപകരിക്കുന്നു. ഇവയിൽനിന്നു തെരഞ്ഞെടുത്ത 500 കോഴികളെ മുട്ടക്കായി വളർത്തുന്നുമുണ്ട്. ദിവസവരുമാനം ഉറപ്പാക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ ഒരു വർഷം മുൻപ് ആരംഭിച്ച മുട്ട ഉൽപാദനം ഫാമിന്റെ അനുദിനച്ചെലവുകൾ നികത്താൻ ഏറെ സഹായകമായി. ദിവസേന മുന്നൂറോളം മുട്ടകൾ ഇപ്പോൾ കിട്ടുന്നുണ്ട്. നാലിലൊന്നോളം മുട്ടകൾ അയലത്തുതന്നെ വിറ്റഴിയുമ്പോൾ ബാക്കി പാലായിലെ 3 കടകളിലായി നൽകും. ഇപ്പോൾ കുറഞ്ഞത് 6 രൂപ വില ലഭിക്കുന്നുണ്ട്. ഇടക്കാലത്ത് തീറ്റവില കുത്തനെ ഉയർന്നത് മുട്ട ഉൽപാദനം ആകർഷകമല്ലാതാക്കിയിരുന്നു. എന്നാൽ ഇപ്പോൾ മുട്ട മികച്ച വരുമാനസാധ്യതയാണെന്നു ജോസി പറഞ്ഞു. പുതിയ ബാച്ച് കുഞ്ഞുങ്ങൾ എത്തുന്ന മുറയ്ക്ക് ഏറ്റവും പ്രായമുള്ളവയെ ഒഴിവാക്കും. ഏകദേശം പത്തു മാസത്തെ മുട്ട ഉൽപാദനം ലഭിച്ച ഈ കോഴികളെ മാംസമാക്കി വിൽക്കുകയാണ്.  കിലോയ്ക്ക് 150 രൂപ ലഭിക്കും. 

പാലായിലും മീനച്ചിലിലുമൊക്കെ സുലഭമായിരുന്ന നാടൻപന്നികളെയും ജോസി വളർത്തുന്നു. അവശിഷ്ട നിർമാർജനത്തിനു പന്നിവളർത്തൽ ഏറെ സഹായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫാമിൽ നിന്നുള്ള ഉൽപന്നങ്ങൾ മാത്രമാണ് ഇവിടെ വിൽക്കുക. നിലവാരം ഉറപ്പാക്കി നൽകുന്നതിനാൽ സമീപപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കിടയിൽ ജോസിയുടെ ‘ഹിസ് ഗ്രേസ്’ ഫാമിനു നല്ല മതിപ്പാണ്. വിപണനത്തിൽ ഇത് ഏറെ സഹായകമാകുന്നുണ്ടെന്നു ജോസി.

വിവിധ വിളകൾക്കാവശ്യമായ മുഴുവൻ വളവും ഫാമിൽ തന്നെ ലഭിക്കുന്നത് കൃഷിയിലെ ഉൽപാദനച്ചെലവ് കുറയ്ക്കുന്നതിനും ആദായം ഉറപ്പാക്കുന്നതിനും സഹായിക്കുന്നു. കൃഷിയിടത്തിലുടനീളം വാഹനം ചെല്ലത്തക്കവിധം റോഡുകളുണ്ടാക്കിയത് ജോലിഭാരം കുറയ്ക്കാൻ ഉപകരിച്ചു.  കമ്പോസ്റ്റ് ചെയ്തു വിൽക്കുന്ന ആട്ടിൻകാഷ്ഠത്തിനും കോഴിക്കാഷ്ഠത്തിനുമൊക്കെ ആവശ്യക്കാരേറെ. കഴിഞ്ഞ വർഷം എഴു ടണ്ണോളം ആട്ടിൻകാഷ്ഠം കമ്പോസ്റ്റാക്കി നൽകി. ഫാമിലെ വളർത്തുമൃഗങ്ങൾക്കായി പ്രത്യേക മേച്ചിൽ സ്ഥലവും തീറ്റപ്പുൽകൃഷിയുമുള്ളതിനാൽ തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുന്നുണ്ട്.

ജോസി ആത്മവിശ്വാസത്തിലാണ്. കോവിഡ് മഹാമാരി തന്റെ സംരംഭത്തിന്റെ പ്രസക്തിയും പ്രാധാന്യവും വർധിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ല രീതിയിൽ പ്രാദേശികമായി ഉൽപാദിപ്പിച്ച ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യക്കാരേറുകയാണ്. കോവിഡ് കാലത്ത് ഫാമിലെ ഉൽപന്നങ്ങൾക്കുണ്ടായ വർധിച്ച ഡിമാൻഡ് തന്നെ തെളിവെന്ന് ജോസി പറയുന്നു. 

ഫോൺ: 9446659323

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com