വാനില തോൽപ്പിച്ചെങ്കിലും ജയന്റ് ഗൗരാമി തോൽപ്പിച്ചില്ല; നേട്ടം വിളവെടുത്ത് അരുൺ

HIGHLIGHTS
  • വളർത്താൻ ദീർഘചതുരാകൃതിയിൽ നിർമിച്ചിരിക്കുന്ന കുളങ്ങൾ
  • വലിയ കുളങ്ങളിലാണ് ഇവയുടെ പ്രജനനം സാധ്യമാക്കാനാകുക
SHARE

രണ്ടു പതിറ്റാണ്ടുകൾക്കു മുമ്പ് വാനില എന്ന സുഗന്ധവിള കേരളത്തിലുണ്ടാക്കിയ തരംഗം ചെറുതായിരുന്നില്ല. അമേരിക്കൻ വിപണിയിൽ കണ്ണുനട്ട് കേരളീയർ വാനിലയിലേക്ക് തിരിഞ്ഞപ്പോൾ വില കൂപ്പുകുത്തി. വാനില എന്ന സുഗന്ധവിള പലർക്കും ദുർഗന്ധവിളയായി. വാനിലയിൽ പ്രതീക്ഷയർപ്പിച്ച് അരയേക്കർ സ്ഥലത്ത് കൃഷിയിറക്കിയ വ്യക്തിയാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിനടുത്തുള്ള കുന്നോന്നി സ്വദേശി കിഴക്കേക്കര അരുൺ കെ ജാൻസ്. വിദ്യാഭ്യാസ കാലത്ത് തോന്നിയ കമ്പത്തിന്റെ പുറത്തായിരുന്നു വാനില കൃഷി ചെയ്തത്. പിന്നീട് വിലത്തകർച്ചയേത്തുടർന്ന് വാനില ഉപേക്ഷിക്കേണ്ടിവന്നപ്പോൾ പ്രതീക്ഷ നൽകിയത് വാനിലക്കൃഷിക്കുവേണ്ടിയുള്ള ജലസേചനത്തിനായി നിർമിച്ച ഭീമൻ പടുതക്കുളമായിരുന്നു... ആ കുളത്തിലെ മത്സ്യങ്ങളായിരുന്നു... പേരുപോലെതന്നെ ഭീമന്മാരായ ജയന്റ് ഗൗരാമികൾ...

പഠനകാലത്ത് സുഹൃത്ത് മലയിഞ്ചിപ്പാറ സ്വദേശി മനുവിന്റെ പക്കൽനിന്ന് വാങ്ങിയ മത്സ്യങ്ങളാണ് 2000 കാലഘട്ടത്തിൽ അരുണിന്റെ കുളത്തിൽ പ്രജനനം നടത്തി പെരുകിയത്. അന്ന് ജയന്റ് ഗൗരാമികൾ അത്ര പ്രചാരത്തിലുള്ള മത്സ്യമായിരുന്നില്ല. എങ്കിലും കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവ വേഗത്തിൽ വിറ്റു തീരുകയും ചെയ്തു. ഇവിടെനിന്നാണ് അരുൺ കെ ജാൻസ് എന്ന ജയന്റ് ഗൗരാമി കർഷകന്റെ പിറവി. മത്സ്യക്കുഞ്ഞുങ്ങളുടെ വിപണി പ്രാധാന്യം തിരിച്ചറിഞ്ഞ് വാനില കൃഷി ചെയ്തിരുന്ന പ്രദേശത്ത് കുളങ്ങൾ നിർമിച്ചു. രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോൾ കുളങ്ങളുടെ എണ്ണം ഒന്നിൽനിന്ന് 25ലെത്തി. 

arun

പല വലുപ്പത്തിലുള്ള കുളങ്ങളുണ്ടെങ്കിലും ദീർഘചതുരാകൃതിയിൽ നിർമിച്ചിരിക്കുന്ന കുളങ്ങൾക്കു ചുറ്റും കോംഗോസിഗ്നൽ എന്ന ഇനം പുല്ലും വച്ചുപിടിപ്പിച്ചിരിക്കുന്നു. കുളം നിർമിക്കാൻ ഉപയോഗിച്ച ഷീറ്റ് കൂടുതൽ ഈട് നൽക്കുന്നതിനും ജയന്റ് ഗൗരാമി‌കളുടെ പ്രജനനത്തിനും ഈ പുല്ല് സഹായിക്കുന്നു.

ഉചിതമായ സ്ഥലം കണ്ടെത്തി, മരങ്ങളുടെ ചോലയില്ലാത്ത തുറന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ച് കുഴി കുത്തി, വശങ്ങൾ കല്ലും വേരുമൊക്കെ നീക്കി ലെവൽ ചെയ്യുക എന്നതാണ് കുളം നിർമാണത്തിന്റെ പ്രരംഭ നടപടി. പഴയ പ്ലാസ്റ്റിക്കുകളും ചാക്കുകളും വിരിച്ചശേഷമാണ് നൈലോൺ ഷീറ്റ് വിരിക്കുന്നത്. ആദ്യ കാലങ്ങളിൽ സിൽപോളിനാണ് അരുൺ ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് നൈലോണിലേക്കു മാറുകയായിരുന്നു. വില അൽപം കൂടുമെങ്കിലും കൂടുതൽ കാലം ഈടുനിൽക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് അരുൺ. വെള്ളം നിറച്ച ശേഷം പുറത്തേക്കു കൂടുതലായുള്ള ഷീറ്റിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റി ചെറിയ ചാലുകീറി അതിലേക്ക് ഇറക്കി മണ്ണിട്ടു മൂടുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ കുളത്തിന്റെ ഭംഗി വർധിക്കുമെന്നു മാത്രമല്ല നിരപ്പായ പ്രദേശത്ത് നയനമനോഹരമായ കാഴ്ചയും ഈ കുളങ്ങൾ സമ്മാനിക്കും.

arun-ponds
ജയന്റ് ഗൗരാമികൾക്കായുള്ള കുളങ്ങൾ

പരിപാലനം കുറവ്, തൊടിയിൽനിന്നുള്ള ഇലവർഗങ്ങൾ ഭക്ഷണമായി നൽകാം, വെള്ളം മോശമെങ്കിലും അതിജീവിക്കാനുള്ള ശേഷി, രുചി എന്നിവയെല്ലാമാണ് ജയന്റ് ഗൗരാമികളുടെ പ്രത്യേകത. മറ്റു മീനുകളെ അപേക്ഷിച്ച് വളരാനുള്ള കാലതാമസവും കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവുമാണ് ഗൗരാമി മത്സ്യങ്ങൾക്ക് വിപണിയിൽ വലിയ പ്രചാരം ഇതുവരെ ഉണ്ടാവാത്തതിനു കാരണമെന്നാണ് അരുണിന്റെ അഭിപ്രായം. 

വലുപ്പമേറിയ മത്സ്യങ്ങൾ ആയതുകൊണ്ടുതന്നെ വലിയ കുളങ്ങളിലാണ് ഇവയുടെ പ്രജനനം സാധ്യമാക്കാനാകുക. അതുതന്നെയാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയും. ഏകദേശം 4 വർഷംകൊണ്ടാണ് ജയന്റ് ഗൗരാമികൾ പ്രായപൂർത്തിയാകുക. പത്ത് അടി നീളവും വീതിയും നാലടി താഴ്ചയുമുള്ള കുളത്തിൽ ഒരു ജോടി ഗൗരാമികളെ പ്രജനനത്തിനായി നിക്ഷേപിക്കാം. 18 അടി നീളവും 12 അടി വീതിയും 4 അടി താഴ്ചയമുള്ള കുളങ്ങളാണ് അരുൺ തയാറാക്കിയിരിക്കുന്നത്. ഇതിൽ 2 ജോടി മത്സ്യങ്ങളെയാണ് നിക്ഷേപിക്കുക. കുളത്തിൽ മത്സ്യങ്ങളുടെ എണ്ണം കൂടിയാലും കുളത്തിന്റെ വലുപ്പം കൂടിയാലും കാര്യമായ ഗുണമില്ലെന്ന് അരുണിന്റെ അനുഭവം. ശരാശരി 500 കുഞ്ഞുങ്ങളെയാണ് ഒരു ജോടി മത്സ്യങ്ങളിൽനിന്നു പ്രതീക്ഷിക്കാാവുന്നത്. 

arun-giant-gourami
ജയന്റ് ഗൗരാമിക്കുഞ്ഞുങ്ങൾ (ബ്ലാക്ക്, പിങ്ക്)

മഴയോടനുബന്ധിച്ചാണ് ഗൗരാമികളുടെ പ്രജനനം. മേയ്–ജൂലൈ, ഒക്ടോബർ–‍ഡിസംബർ കാലയളവിലാണ് പ്രധാനമായും പ്രജനനം നടക്കുക. വെള്ളത്തിന് സൗകര്യമുള്ള പ്രദേശങ്ങളിൽ കുളം വൃത്തിയാക്കി നൽകിയാൽ ഏതു കാലത്തും ജയന്റ് ഗൗരാമികൾ ബ്രീഡാകും എന്ന് അരുണിന്റെ അനുഭവം. മഴക്കാലത്ത്, പ്രത്യേകിച്ച് ജൂൺ, ജൂലൈ മാസങ്ങളിൽ മഴ കൂടുതലായതിനാൽ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകും. അതേസമയം, ഡിസംബർ കാലയളവിൽ പൊതുവേ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർധന കാണാറുമുണ്ട്.

കുളത്തിലേക്കു വളർന്നുകിടക്കുന്ന കോംഗോസിഗ്നൽ പുല്ലിന്റെ ഇടയിലാണ് ഗൗരാമികൾ മുട്ടയിടാനായി കൂടുണ്ടാക്കുക. ഇതിനായി ഉണങ്ങിയ പുല്ലുകൾ, സവാളച്ചാക്ക് അഴിച്ച നൂലുകൾ എന്നിവ ഇട്ടുനൽകും. ആൺമത്സ്യം ഇതുപയോഗിച്ച് കൂട് നിർമിക്കും. മുട്ടയിട്ട് 18–21 ദിവസത്തിനുശേഷം കുഞ്ഞുങ്ങളെ പുറത്ത് കണ്ടുതുടങ്ങും. ഏകദേശം 1 സെ.മി. വലുപ്പമാകുമ്പോൾ പ്രത്യേകം തയാറാക്കിയ നഴ്സറി കുളങ്ങളിലേക്ക് മാറ്റും. 1.5–2 ഇഞ്ച് വലുപ്പമാകുമ്പോഴാണ് വിൽപന. വർഷം 40,000 കുഞ്ഞുങ്ങളാണ് അരുണിന് വിൽക്കാനുണ്ടാവുക. ഒരു കുഞ്ഞിന് ഇപ്പോഴത്തെ മാർക്കറ്റ് വില 30 രൂപയാണ്. 

arun-1
അരുൺ ജയന്റ് ഗൗരാമിക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരിക്കുന്ന ടാങ്കിനരികെ

ഇലകളും പച്ചക്കറികളും ആഹാരമാക്കുന്ന ഗൗരാമികൾക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണം ചേമ്പിലയാണ്. കൂടാതെ മൾബറിയില, അസോള, ഡക്ക്‌വീഡ്, വാട്ടർ കാബേജ്, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവയൊക്കെ ആഹാരമായി നൽകാം. ഇതുകൂടാതെ സ്വന്തമായി തയാറാക്കുന്ന കൈത്തീറ്റമിശ്രിതവും അരുൺ ഇവർക്ക് നൽകാറുണ്ട്.

അരുണിന്റെ ജയന്റ് ഗൗരാമി പ്രേമം രണ്ടു പതിറ്റാണ്ട് പിന്നിട്ടെങ്കിലും അരുണിന്റെ പാത പിന്തുടർന്ന് പുരയിടത്തിൽ മുഴുവൻ കുളങ്ങൾ തീർത്ത വ്യക്തിയാണ് അരുണിന്റെ അയൽവാസി കൂടിയായ പല്ലാട്ടുകുന്നേൽ ജോതിസ് സെബാസ്റ്റ്യൻ. പുരയിടത്തിലെ റബർ വെട്ടിമാറ്റി ആദ്യം 3 കുളങ്ങൾ നിർമിച്ചു. വരുമാനം ലഭിച്ചുതുടങ്ങിയതോടെ ജോതിസിന്റെ പുരയിടത്തിൽ കുളങ്ങൾ മാത്രമായി. ഒരു സീസണിൽ ശരാശരി 6000 കുഞ്ഞുങ്ങളെ വിൽക്കാൻ ഈ യുവ കർഷകന് സാധിക്കുന്നുണ്ട്.

jyothis
ജ്യോതിസ് സെബാസ്റ്റ്യൻ കുളങ്ങൾക്കു സമീപം

പൂഞ്ഞാറിനടുത്തുള്ള ചെറു ഗ്രാമമായ കുന്നോന്നി ഇന്ന് ജയന്റ് ഗൗരാമിയുടെ പേരിലാണ് അറിയപ്പെടുക. അരുണിന്റെ നേതൃത്വത്തിൽ ഒട്ടേറെ കർഷകരാണ് ജയന്റ് ഗൗരാമികളെ വളർത്തി വരുമാനം നേടുന്നത്. കേരളത്തിലെ ആവശ്യത്തിന് അനുസരിച്ചുള്ള ഉൽപാദനം നടക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതിനൊരു മാറ്റം വരും കാലങ്ങളിൽ പ്രതീക്ഷിക്കാം.

ഫോൺ: അരുൺ–9447850299, ജ്യോതിസ്–9400135729

English summary: Successful Giant Gourami Farmer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA