ADVERTISEMENT

നാലഞ്ചു വർഷം മുൻപുവരെ വാണിജ്യാടിസ്ഥാനത്തിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നവർ കേരളത്തിൽ രണ്ടോ മൂന്നോ മാത്രമായിരുന്നു. ഇന്ന് അതല്ല സ്ഥിതി. വിദേശ പഴവർഗങ്ങൾ കൃഷി ചെയ്യുന്നവർ പലരും ഡ്രാഗൺ കള്ളിച്ചെടിയുടെയും സാധ്യത തിരിച്ചറിഞ്ഞുകഴിഞ്ഞു. മെക്സിക്കൻ വംശജനാണ് ഡ്രാഗൺ ഫ്രൂട്ട്. വിപണനസാധ്യത പ്രയോജനപ്പെടുത്തുന്നത് മുഖ്യമായും തായ്‌ലൻഡ്, വിയറ്റ്നാം, ഇസ്രയേൽ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ. 

ട്രോപ്പിക്കൽ ഇനമായതിനാൽ നമ്മുടെ കാലാവസ്ഥയിലും നല്ല വളർച്ചയും മികച്ച ഉൽപാദനവും. എല്ലിനും പല്ലിനും കണ്ണിനും കരളിനും നാഡീവ്യൂഹത്തിനുമെല്ലാം സംരക്ഷകനാണ് ഡ്രാഗൺ. പത്തനംതിട്ട–അടൂർ റൂട്ടിലെ തട്ടയിൽ സ്വദേശി ജ്യോതിഷ് കുമാർ കംപോഡിയയിൽ വച്ചാണ് ആദ്യമായി ഡ്രാഗണിനെ പരിചയപ്പെടുന്നത്. സുഗന്ധവ്യഞ്ജനവിളകൾ കയറ്റുമതിചെയ്യുന്ന കമ്പനിയിൽ ഉദ്യോഗസ്ഥനായ ജ്യോതിഷ് കുമാർ കമ്പനിക്കു കംപോഡിയയിലുള്ള മഞ്ഞൾക്കൃഷിയുടെ മേൽനോട്ടത്തിനാണ് ഇടയ്ക്ക് അങ്ങോട്ടു പോയത്. വാണിജ്യാടിസ്ഥാനത്തിൽ ഡ്രാഗൺകൃഷിയുണ്ട് കംപോഡിയയിൽ. മടങ്ങുമ്പോൾ ഏതാനും തൈകൾ കയ്യിൽ കരുതി. നാട്ടിലെത്തി അവ വളർത്തി അവയിൽനിന്നു കൂടുതൽ തൈകളുൽപാദിപ്പിച്ച ജ്യോതിഷ് കുമാറിന് ഇപ്പോൾ ഉൽപാദനത്തിലെത്തിയ 700 ചെടികൾ വളരുന്ന ഡ്രാഗൺതോട്ടം സ്വന്തം. 

വിയറ്റ്നാമാണ് ഡ്രാഗൺകൃഷിയിലും വിപണിയിലും മുന്നിലെന്നു ജ്യോതിഷ് കുമാർ. ചൈനയാണ് വിയറ്റ്നാമിന്റെ മുഖ്യ വിപണി. ഓവൽ ആകൃതിയും ഉള്ളിൽ ചുവന്ന കാമ്പുമുള്ള ഇനം ഡ്രാഗൺപഴത്തിനാണ് ലോകത്തെവിടെയും ഡിമാൻഡ്. വിയറ്റ്നാം മുൻപു കൃഷി ചെയ്തിരുന്നത് കാമ്പിനു വെള്ള നിറമുള്ള ഇനമായിരുന്നു. രുചിയും പോഷകമേന്മയും കുറഞ്ഞ ഈയിനം ക്രമേണ ഒഴിവാക്കി ചുവപ്പിനത്തിലേക്ക് അവർ തിരിഞ്ഞ കാലത്ത്, രണ്ടു കൊല്ലം മുൻപ്, വിയറ്റ്നാമിൽനിന്നു വെള്ള ഡ്രാഗൺപഴം തൂത്തുക്കുടി തുറമുഖം വഴി കേരളത്തിലെ വഴിയോരക്കച്ചവടക്കാരിലെത്തിയിരുന്നു. അന്നതു രുചിച്ച പലർക്കും അത്ര പിടിച്ചില്ല. ഗുണമേന്മയിലും രുചിയിലും ചുവന്നയിനം വെളുത്ത ഇനത്തെക്കാൾ ഏറെ മുന്നിലെന്നു ജ്യോതിഷ്.  കേരളത്തിലിന്ന് എല്ലാവരും കൃഷി ചെയ്യുന്നതു ചുവപ്പിനം തന്നെ.

dragon--fruit-1
ജ്യോതിഷിന്റെ തോട്ടം

ലാഭക്കൃഷി

ഏപ്രിൽ–മേയ് മുതൽ പല ഘട്ടങ്ങളായാണ് പൂവിടലും വിളവെടുപ്പും. സാധാരണഗതിയിൽ സെപ്റ്റംബറോടെ സീസൺ അവസാനിക്കുമെങ്കിലും അതൽപം നീട്ടാന്‍ പരീക്ഷണം നടത്തുന്നു ജ്യോതിഷ്. പകൽദൈർഘ്യം കുറവുള്ള മാസങ്ങളാണല്ലോ ഇത്. തോട്ടത്തിൽ ലൈറ്റുകൾ ക്രമീകരിച്ച്, പകൽ മുറിക്കാത്ത രീതിയിൽ, വൈകുന്നേരം മുതൽ രാത്രി 10–11 മണിവരെ ചെടികൾക്കു വെളിച്ചം നൽകുന്നത് ഉൽപാദനകാലം നീളാനിടയാക്കുമെന്നു ജ്യോതിഷ്. മുൻ വർഷങ്ങളിലെക്കാൾ ഡ്രാഗണിന്റെ വിപണി വർധിച്ചുവെന്നും ജ്യോതിഷ്. ഒരേക്കറിലേക്കു കൂടി കൃഷി വിപുലമാക്കുന്നതിനു കാരണം ഈ ഡിമാൻഡു തന്നെ.

ആൾപൊക്കത്തിൽ സ്ഥാപിച്ച കോൺക്രീറ്റ് പോസ്റ്റിലാണ് ഡ്രാഗൺഫ്രൂട്ട്കൃഷി. വരികൾ തമ്മിലും വരികളിലെ പോസ്റ്റുകൾ തമ്മിലും എട്ടടി അകലം. പോസ്റ്റിനു മുകളിൽ ക്രമീകരിച്ച പഴയ ടയറിനുള്ളിലൂടെ തണ്ടു കയറ്റിവിട്ട് അതിനു പുറത്തേക്കു ചായ്ച്ചു വളർത്തുന്നതാണു സാധാരണ രീതി. ടയറിനു പകരം അതേ ആകൃതിയുള്ള കോൺക്രീറ്റ് വളയമാണിപ്പോൾ ജ്യോതിഷ് പ്രയോജനപ്പെടുത്തുന്നത്. ഏക്കറിൽ 650 പോസ്റ്റുകളിടാം. ഒരു പോസ്റ്റിൽ 4 ചെടികൾ. ഒരു വർഷം പ്രായമെത്തിയ തൈ നട്ടാൽ അടുത്ത ഒരു വർഷത്തിനുള്ളിൽ ഉൽപാദനത്തിലെത്തും. 

ആദ്യ വർഷം ഒരു പോസ്റ്റിൽനിന്ന് ശരാശരി 5 കിലോ പഴം പ്രതീക്ഷിക്കാം. അടുത്ത സീസണിലത് 8 കിലോയായി വർധിക്കും. അഞ്ചു വർഷമെത്തിയ ആദ്യ ബാച്ച് കൃഷിയിടത്തിലെ പോസ്റ്റിൽനിന്ന് ഈ വർഷം ശരാശരി 15 കിലോ പഴം വിളവെടുക്കാൻ കഴിഞ്ഞെന്നു ജ്യോതിഷ്. ചുവപ്പുനിറമെത്തുമ്പോൾതന്നെ പഴം പറിക്കാം. കൂടുതൽ ചുവക്കാൻ കാത്തിരുന്നാൽ വിളവെടുപ്പിനു ശേഷമുള്ള സൂക്ഷിപ്പുകാലം ഒരാഴ്ചയായി ചുരുങ്ങി വേഗത്തിൽ ചീഞ്ഞു പോകും. മറിച്ചെങ്കിൽ 15 ദിവസം വരെ ലഭിക്കും. 

ചാണകവും എല്ലുപൊടിയും കോഴിക്കാഷ്ഠവും ഉൾപ്പെടെ ജൈവവളങ്ങൾ മതിയാകും ഡ്രാഗണിന്. നല്ല വേനലിൽ മാസത്തിൽ ഒന്നോ രണ്ടോ നന. രോഗ, കീടാക്രമണങ്ങൾ ഇല്ലെന്നുതന്നെ പറയാം. പ്രാരംഭ കൃഷിച്ചെലവ് ഉയർന്നതെങ്കിലും കിലോ ശരാശരി 200 രൂപ വിലയുള്ള ഡ്രാഗൺപഴം മികച്ച വരുമാനം നൽകുന്നുവെന്നു ജ്യോതിഷ്. ആവശ്യക്കാർക്കു നടീൽവസ്തു ലഭ്യമാക്കുന്നതും വരുമാനം വർധിപ്പിക്കുന്നു.

ജ്യോതിഷ് ജോലി ചെയ്യുന്ന സ്ഥാപനവും പാലക്കാട് ജില്ലയിൽ വിപുലമായ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്കു കടന്നിരിക്കുകയാണ്. പഴങ്ങളുടെ മൂല്യവർധനയാണ് കമ്പനിയുടെ ലക്ഷ്യം.

ഫോൺ: 8281889112 

English summary: Dragon Fruit Cultivation in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com