ADVERTISEMENT

ഷുഗറിനെ പേടിച്ച് ചോറു കുറയ്ക്കുന്നവരോട് കോഴിക്കോട് ചാത്തമംഗലത്തെ നെൽക്കർഷകനായ ജയകൃഷ്ണനു പറയാനുള്ളത് ‘ചോറുണ്ട് ഷുഗർ കുറയ്ക്കാം’ എന്നാണ്. ‘തവിടു നീക്കിയ അരിയെ അരിയെന്നു വിളിക്കരുത്, കാർബോഹൈഡ്രേറ്റ് മാത്രമുള്ള ഉൽപന്നമാണത്. അതു കഴിച്ചു ഷുഗർ കൂടിയതിന് അരിയെ പഴി പറയരുത്’ എന്നും ജയകൃഷ്ണൻ. തവിടു നീക്കാതെ കഴിക്കുമ്പോഴും രുചി കുറയാത്തതും ആരോഗ്യ, ഔഷധമേന്മകൾ നിറഞ്ഞതുമായ അരിഭക്ഷണം കഴിക്കാനാണ് ജയകൃഷ്ണന്റെ നിർദേശം. അതു കഴിച്ച് ഷുഗർ നിയന്ത്രിക്കുന്നവർ ഉൾപ്പെടെയുള്ള ഉപഭോക്താക്കളാണ് തന്റെ കരുത്തെന്നും ജയകൃഷ്ണൻ. 

പാരമ്പര്യ നെൽക്കർഷക കുടുംബത്തിലെ അംഗമായ ജയകൃഷ്ണൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പാരമ്പര്യ ഔഷധനെല്ലിനങ്ങൾ കൃഷി ചെയ്തു സംരക്ഷിക്കുന്നു. അവയിൽ രക്തശാലി, നവര, കനകചൂർണ, മുള്ളൻ കയമ, ജീരകശാല, കറുത്ത നെല്ലിനങ്ങളായ കാലാമല്ലിഫുല, കാലാപത്തി തുടങ്ങി പത്തിലധികം ഇനങ്ങൾ വിപുലമായിത്തന്നെ കൃഷി ചെയ്യുന്നു. സുഹൃത്ത് ലെനീഷുമായി ചേർന്ന് വയനാട്ടിൽ ഉൾപ്പെടെ 26 ഏക്കറിലാണ് ഔഷധ നെൽകൃഷി. ഒപ്പം, ഔഷധ നെല്ലിനങ്ങളിൽനിന്ന് മൂല്യവർധിത അരിയുൽപന്നങ്ങളും. നെൽകൃഷിയിലെ ഈ വേറിട്ട വഴി, പുതിയ കാലത്തിന്റെ വിപണന സാധ്യതകൾ തിരിച്ചറിഞ്ഞുതന്നെ.

അരിക്കച്ചവടക്കാരും അരി ബ്രാൻഡുകളും ചേർന്ന് അരി വിപണി പണ്ടേ കൈവശപ്പെടുത്തിയെങ്കിലും സമീപകാലത്ത് കേരളത്തിലെ നെല്ലുൽപാദനത്തിലും അരിവിപണിയിലും ബദലുകൾ ശക്തമായിട്ടുണ്ട്. നാടൻ നെല്ലിനങ്ങളോട് താല്‍പര്യമുള്ള കർഷകരുടെയും ഉപഭോക്താക്കളുടെയും എണ്ണം കൂടുന്നുമുണ്ട്. അക്കൂട്ടത്തിൽപെടും ജയകൃഷ്ണനും. നവരയുടെയും വൈറ്റമിൻ B5 സമൃദ്ധമായുള്ള രക്തശാലിയുടെയുമെല്ലാം പോഷക, ഔഷധമൂല്യം ആളുകൾ ഇന്നു തിരിച്ചറിയുന്നുണ്ടെന്നു ജയകൃഷ്ണൻ. അതുകൊണ്ടുതന്നെ ഔഷധ നെല്ലിനങ്ങളുടെ വിപണി വിവിധ സംസ്ഥാനങ്ങളിലായി വിശാലവുമാണ്.  

‌ഏക്കറിന് 750–1000 കിലോ മാത്രമാണ് രക്തശാലിയുടെ ഉൽപാദനക്ഷമത. കിലോയ്ക്ക് 190 രൂപ വിൽപന വിലയും. നവരയുടെ വിളവ് ഏക്കറിന് 600–700 കിലോ മാത്രം. നാടൻ നെല്ലിനങ്ങൾക്കെല്ലാം വിളവു പൊതുവെ കുറവാണ്. അരിക്കു വില കൂടുന്നതു പക്ഷേ അതുകൊണ്ടല്ല. ജൈവരീതിയില്‍ കൃഷിച്ചെലവ് രാസക്കൃഷിക്കുള്ളതിന്റെ ഇരട്ടി വരുമെന്നു ജയകൃഷ്ണൻ.  

പച്ചിലവളമായി ഡെയിഞ്ച വിതച്ച്, മുളച്ചുയർന്നു കഴിയുമ്പോളത് ഉഴുതു മണ്ണിൽച്ചേർത്താണു കൃഷി തുടങ്ങുക. ഡെയിഞ്ചയുടെ വിത്തിനു വലിയ വിലയാണ്. പാടത്തു വെള്ളം നിലനിർത്തിയാണ് കള ഒട്ടൊക്കെ നിയന്ത്രിക്കുന്നത് എന്നതിനാൽ വരമ്പിടൽ അത്യാവശ്യം. രാസകീടനാശിനിയോ രാസവളങ്ങളോ പ്രയോഗിക്കാത്തതുകൊണ്ട് ജൈവവളക്കൂട്ടുകൾ തയാറാക്കാനുൾപ്പെടെ കൂലിച്ചെലവും കൂടുതൽ. അരിയുടെ വിലയിലും മൂല്യത്തിലും ഈ വ്യത്യാസം പ്രകടമാവും. അതേസമയം ഈ വില കൊടുത്തു വാങ്ങിയാലും നഷ്ടമല്ല എന്നു ചിന്തിക്കുന്ന ഉപഭോക്താക്കൾ ഏറുന്നതിനാൽ ഔഷധ നെൽകൃഷി ലാഭകരം.

ഒഡീഷയിൽനിന്നു ലഭിച്ച കറുത്ത നെല്ലിനങ്ങളും കൂവപ്പൊടിയും കാശ്മീരി ബദാമും ചേർത്ത് ആരോഗ്യപാനീയക്കൂട്ടും തയാറാക്കുന്നു ജയകൃഷ്ണൻ. ഔഷധനെല്ലിനങ്ങൾകൊണ്ടുള്ള ബേബി ഫുഡ് ആണ് മറ്റൊരുൽപന്നം. രണ്ടിനും മികച്ച ഡിമാൻഡ്. നെൽകൃഷിയിലെ നാടൻവഴി കൂടുതൽ കർഷകർക്കു മാതൃകയാക്കാം എന്നുതന്നെയാണ് ജയകൃഷ്ണന്റെ നേട്ടം തെളിയിക്കുന്നത്.

ഫോൺ: 9447638034

English summary: Conserving Indigenous Rice Varieties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com