ADVERTISEMENT

ഭാഗം രണ്ട്

മത്സ്യക്കൃഷിയിലൂടെ വരുമാനം നേടാം എന്നു ചിന്തിച്ച് മുന്നിട്ടിറങ്ങുന്നവരാണ് ഇന്ന് അധികവും. എന്നാൽ, വരുമാന–ലാഭ ലക്ഷ്യം മാത്രം മുന്നിൽക്കണ്ട് മത്സ്യക്കൃഷിയിലേക്ക് തിരിയുന്നവർ അതിനു പിന്നിലുള്ള അധ്വാനവും പരിചരണവും സൂക്ഷ്മതയും വിൽപനയുമൊന്നും ചിന്തിക്കില്ല. ആദ്യം കൃഷി, വിപണി പിന്നീട് ചിന്തിക്കാം എന്നാണ് പലരുടെയും കണക്കുകൂട്ടൽ. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ അത് പ്രായോഗികമാണോ? അല്ലാ എന്നുതന്നെയാണ് മത്സ്യക്കർഷകരുടെ അഭിപ്രായം.

കേരളത്തിലെ മത്സ്യക്കൃഷി മേഖലയിൽ അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങൾ കർഷകരെ ഒന്നുകൂടി ചിന്തിപ്പിക്കുന്നതാണ്. കർഷകർക്ക് വരുമാനം നൽകിയിരുന്ന മത്സ്യയിനമായ റെഡ് ബെല്ലീഡ് പാക്കുവിനെ ഇനി മുതൽ വളർത്താൻ പറ്റില്ല. കുറഞ്ഞ കാലംകൊണ്ട് മികച്ച വളർച്ചയും രുചിയുമുള്ള റെഡ് ബെല്ലീഡ് പാക്കു മത്സ്യത്തിന്റെ നിരോധനം കർഷകരെ കുറച്ചൊന്നുമല്ല വലയ്ക്കുക. ഇത്തരം സാഹചര്യത്തിലാണ് ഇനമനുസരിച്ച് വളർത്തേണ്ടതിന്റെ പ്രാധാന്യം കർഷകർ തിരിച്ചറിയേണ്ടത്. 

ശരിയായ മത്സ്യയിനം തിരഞ്ഞെടുക്കുക

റെഡ് ബെല്ലീഡ് പാക്കു, ആഫ്രിക്കൻ മുഷി എന്നീ മത്സ്യങ്ങൾ വളർത്താൻ പാടില്ല. ആഫ്രിക്കൻ മുഷിക്ക് കേരള വിപണിയിൽ വലിയ പ്രചാരമില്ലാത്തതിനാൽ കേരളത്തിലെ കർഷകരെ അത് ബാധിക്കില്ല. എന്നാൽ, നട്ടർ എന്നു വിളിപ്പേരുള്ള റെഡ് ബെല്ലീഡ് പാക്കുവിന്റെ കാര്യം അങ്ങനെയല്ല. ഇവയെ വളർത്തുന്ന കർഷകരോട് എത്രയും വേഗം അവയെ നശിപ്പിക്കണം എന്നാണ് ഫിഷറീസ് വകുപ്പ് നൽകുന്ന നിർദേശം. മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണക്കാർക്ക് ഈ ഇനം മത്സ്യക്കുഞ്ഞുങ്ങളെ വിൽക്കാനും കഴിയില്ല. ഇത്തരത്തിൽ വിതരണത്തിന് എത്തിയ കുഞ്ഞുങ്ങളെ അടുത്തിടെ നടന്ന റെയ്‌ഡിൽ പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു.

വിദേശമത്സ്യങ്ങൾ നമ്മുടെ ജലാശയങ്ങളിൽ കടന്നുകയറി തദ്ദേശീയ മത്സ്യങ്ങൾക്ക് ഭീഷണിയാകും എന്ന തിരിച്ചറിവിലാണ് വിദേശ മത്സ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. അതുകൊണ്ടുതന്നെ വാണിജ്യാടിസ്ഥാനത്തിൽ മത്സ്യക്കൃഷി ചെയ്യുന്നവർ ഇത്തരം മത്സ്യങ്ങളെ വളർത്താതിരിക്കുന്നതാണ് ഉചിതം. അതുപോലെ തിലാപ്പിയയുടെ വ്യത്യസ്ത വകഭേദങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും കൃത്യമായ ജൈവസുരക്ഷാ മാർഗങ്ങൾ സ്വീകരിച്ച ജലാശയങ്ങളിൽ മാത്രമേ അവ വളർത്താൻ പാടുള്ളൂ എന്നാണ് കേന്ദ്രസർക്കാർ നിർദേശം. 

2018ലെ പ്രളത്തിൽ വലിയതോതിൽ വളർത്തുമത്സ്യങ്ങൾ പൊതുജലാശയത്തിൽ എത്തിയതാണ് ഇത്തരത്തിലൊരു നടപടി കർശനമായി സ്വീകരിക്കാൻ വകുപ്പിനെ പ്രേരിപ്പിച്ചത്. അതുപോലെ പുറംനാടുകളിൽനിന്ന് കണക്കില്ലാത്ത അളവിൽ മത്സ്യക്കുഞ്ഞുങ്ങൾ ഇവിടേക്ക് എത്തുന്നതും നടപടിയെടുക്കുന്നതിനു കാരണമായി.

തിലാപ്പിയ, വാള, അനാബസ് പോലുള്ള മത്സ്യങ്ങൾ മത്സ്യക്കർഷകരുടെ പ്രിയ ഇനങ്ങളാകുമ്പോൾ മറ്റൊരു വശത്ത് നാടൻ മത്സ്യങ്ങൾക്കും മികച്ച വിപണി ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ഒട്ടേറെ പേർ നാടൻ മത്സ്യങ്ങളിലേക്ക് തിരിഞ്ഞിട്ടുമുണ്ട്. കരിമീൻ, വരാൽ, ചേറ്, നാടൻ മുഷി തുടങ്ങിയ ഇനങ്ങൾക്കാണ് പ്രിയമേറെ. അതുകൊണ്ടുതന്നെ ഇത്തരം മത്സ്യങ്ങൾക്കുകൂടി പ്രാധാന്യം നൽകിയാവണം കൃഷി.

അനുയോജ്യമായ സ്ഥലം വേണം

മത്സ്യക്കൃഷി ആരംഭിക്കുന്നതിന് ഉചിതമായ സ്ഥലം കണ്ടെത്തേണ്ടത് വിജയകരമായ നടത്തിപ്പിന് ആവശ്യമാണ്. അതുകൊണ്ടുതന്നെ പ്രകൃതിദത്ത കുളങ്ങളോ പാറമടകളോ പടുത–സിമന്റ് കുളങ്ങളോ ഉപയോഗിക്കാം. തുറസായ സ്ഥലമാണ് മത്സ്യക്കൃഷിക്ക് അനുയോജ്യം. എന്നാൽ, ഇത് വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലത്താവരുത്. പുതിയ ഫിഷ് ഫാമിങ് ലൈസൻസ് ചട്ടങ്ങൾ പ്രകാരം വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ മത്സ്യക്കൃഷിക്ക് അനുമതി ലഭിക്കില്ല. വെള്ളപ്പൊക്കത്തിൽ നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരവും ലഭിക്കില്ല. 

2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ കോട്ടയം മീനച്ചിലാർ കരകവിഞ്ഞൊഴുകിയപ്പോൾ ഭരണങ്ങാനം സ്വദേശിയായ യുവ കർഷകന്റെ മത്സ്യക്കൃഷി സംവിധാനങ്ങൾ പാടേ നശിച്ചു. റാസ് (റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം) രീതിയിലായിരുന്നു അദ്ദേഹം മത്സ്യക്കൃഷി ചെയ്തിരുന്നത്. പ്രളയത്തേത്തുടർന്ന് നഷ്ടം ഒരു ലക്ഷം രൂപയ്ക്കു മുകളിൽ. മത്സ്യക്കൃഷിക്ക് ഫിഷറീസിന്റെ ലൈസൻസുള്ള ആ യുവകർഷകന് നഷ്ടപരിഹാര ഇനത്തിൽ അനുവദിച്ചത് 78 രൂപ മാത്രമാണ്. 78 രൂപയുടെ ചെക്ക് വാങ്ങാൻ ഭരണങ്ങാനത്തുനിന്ന് ഫിഷറീസ് ഓഫീസിൽ ചെല്ലുന്നതിനുള്ള ചെലവ് നോക്കിയപ്പോൾ ആ ചെക്ക് അദ്ദേഹം വാങ്ങിയില്ല. 

ഇതാണ് ഇന്നത്തെ മത്സ്യക്കൃഷിയുടെ അവസ്ഥ. മത്സ്യക്കൃഷിയിലെ നൂതന സാധ്യതകൾ നടപ്പിലാക്കുമെങ്കിലും അതനുസരിച്ചുള്ള മാറ്റങ്ങൾ ഇതുവരെ വകുപ്പിലുണ്ടായിട്ടില്ല. അതിനുകൂടി മാറ്റം വന്നെങ്കിൽ മാത്രമേ കർഷകർ വകുപ്പിനെ വിശ്വസിക്കൂ.

അപ്പോൾ പറഞ്ഞുവന്നത്, സ്ഥലസൗകര്യമുള്ള വ്യക്തികൾ മത്സ്യക്കൃഷിയിലേക്ക് തിരിയുകയാണെങ്കിൽ വലിയ കുളങ്ങൾ നിർമിച്ച് അതിൽ മത്സ്യക്കൃഷി നടത്തിയാൽ മത്സ്യങ്ങൾക്ക് മികച്ച വളർച്ച ഉണ്ടാകും എന്നതിൽ സംശയമില്ല. ആധുനിക മത്സ്യക്കൃഷി രീതിക്കുള്ള സംവിധാനങ്ങളൊരുക്കുന്ന ചെലവിൽ രണ്ടോ മൂന്നോ വലിയ കുളങ്ങൾ നിർമിക്കാൻ‌ കഴിയും. ബയോഫ്ലോക്ക് പോലുള്ള ആധുനിക രീതികളിലേക്ക് തിരിയുമ്പോൾ നന്നായി പഠിച്ചതിനുശേഷം മാത്രം മുന്നിട്ടിറങ്ങുക. 

നല്ല കുഞ്ഞുങ്ങൾ, രോഗങ്ങൾ ഒഴിവാക്കണം

മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി നേരേ പ്രധാന കുളത്തിലേക്കു നിക്ഷേപിക്കുന്നതിനു പകരം അവയെ ക്വാറന്റൈൻ ചെയ്ത് രോഗങ്ങളില്ല എന്ന് ഉറപ്പുവരുത്തണം. മറ്റൊരു നാട്ടിൽനിന്ന് മറ്റൊരു ജലാശയത്തിൽനിന്ന് പുതിയ ജലാശയത്തിലേക്കെത്തുന്ന മത്സ്യക്കുഞ്ഞുങ്ങൾ ഒരുപക്ഷേ രോഗവാഹകർ കൂടിയാകും. പുതിയോ രോഗങ്ങൾ സമീപത്തുള്ള ഫാമുകളിലേക്കുകൂടി വ്യാപിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് മത്സ്യക്കുഞ്ഞുങ്ങളെ എത്തിക്കുമ്പോൾ ക്വാറന്റൈൻ മുഖ്യമാണ്. ക്വാറന്റൈൻ എങ്ങന ചെയ്യാം എന്നതിനെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

തീറ്റയിൽ ശ്രദ്ധ

മത്സ്യക്കൃഷിയിൽ ചെലവാകുന്ന തുകയുടെ നല്ലൊരു ഭാഗം തീറ്റയ്ക്കുവേണ്ടിയുള്ളതാണ്. അതുപോലെ, മത്സ്യക്കുളങ്ങളിലെ മാലിന്യത്തിന്റെ നല്ലൊരു അളവും മത്സ്യത്തീറ്റയാണ്. നിലവാരം കുറഞ്ഞ തീറ്റകൾ മത്സ്യങ്ങൾ ആഹാരമാക്കാതെ വരുമ്പോൾ അത് മാലിന്യമായി അടിയുന്നു. ഇത് ജലം മോശമാകാനും മത്സ്യങ്ങളുടെ വളർച്ചയെയും ആരോഗ്യത്തെയും ജീവനയെയും പ്രതികൂലമായി ബാധിക്കുന്നു. 

അതുപോലെ, കൂടുതൽ പ്രോട്ടീൻ അംശമുള്ള തീറ്റകൾ കഴിക്കുന്ന മത്സ്യങ്ങൾക്ക് അതിലെ പോഷകങ്ങൾ പൂർണതോതിൽ ആഗീരണം ചെയ്യാൻ കഴിഞ്ഞെന്നുവരില്ല. അത്തരം പോഷകങ്ങൾ വിസർജ്യത്തിലൂടെ പുറംതള്ളപ്പെടും. അതും ജലമലിനീകരണത്തിന് കാരണമാകും. അതുകൊണ്ടുതന്നെ ഇനമനുസരിച്ച് കൃത്യമായ തീറ്റ നൽകാൻ ശ്രദ്ധിക്കണം. ഗുണനിലവാരമുള്ള മത്സ്യത്തീറ്റ കർഷകർക്ക് ഉറപ്പാക്കാൻ സർക്കാർ ഏജൻസികളും ശ്രദ്ധിക്കണം. 

രാസവസ്തുക്കളും മരുന്നുകളും കുറയ്ക്കുക

മത്സ്യക്കൃഷിയിൽ രാസവസ്തുക്കളുടെയും മരുന്നുകളുടെയും ഉപയോഗം പൊതുവെ കുറവാണെങ്കിലും മത്സ്യക്കൃഷിക്കായി ജലാശയം ഒരുക്കുമ്പോൾ കളമത്സ്യങ്ങളെയും ഉപദ്രവകാരികളെയും ഒഴിവാക്കാനും ജലത്തിന്റെ ഗുണനിലവാരം സ്ഥരപ്പെടുത്താനും പലരും രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. അതുപോലെ വെറ്ററിനറി മരുന്നുകളും മത്സ്യങ്ങളുടെ ആരോഗ്യത്തിനായി പലപ്പോയും ഉപയോഗിക്കപ്പെടുന്നുമുണ്ട്. 

ഇത്തരം പ്രവണതകൾ സ്വീകരിക്കുമ്പോൾ ട്രീറ്റ്മെന്റ് നടത്തുന്ന ജലാശയത്തിലെ ജലം പൊതുജലാശയത്തിലേക്ക് എത്തിപ്പെടാം. അങ്ങനെവരുമ്പോൾ മറ്റു ജീവികളേക്കൂടി അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ പ്രകൃതിദത്ത മാർഗങ്ങൾ പരമാവധി സ്വീകരിക്കാൻ ശ്രദ്ധിക്കണം. അതുപോലെ, ഏതെങ്കിലും മത്സ്യത്തിന് ചികിത്സ നൽകേണ്ടതായി വന്നാൽ അവയെ പ്രത്യേകം മാറ്റിപ്പാർപ്പിച്ച് ചികിത്സിക്കുന്നതാണ് ഉചിതം. 

മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ കർഷകർക്ക് വിജയകരമായ രീതിയിൽ മത്സ്യക്കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. എങ്കിലും, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നല്ല രീതിയിൽ മത്സ്യങ്ങളെ വളർത്തിയെടുത്താൽ മാത്രം പോര, അവ കൃത്യസമയത്ത് വിറ്റഴിക്കാനും കർഷകന് കഴിഞ്ഞിരിക്കണം.

English summary: Kerala's fisheries sector facing issues due to seed act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com