ADVERTISEMENT

ഭാഗം മൂന്ന്

പുതിയ നിയമം അനുസരിച്ച് വാണിജ്യാടിസ്ഥാനത്തിൽ മത്സ്യങ്ങളെ വളർത്താനും വിൽക്കാനും റജിസ്ട്രേഷൻ/ലൈസൻസ് വേണം. ഫിഷ് ഫാം, വിത്തുൽപാദനം, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ലൈസൻസ് അപേക്ഷാ രീതികളെക്കുറിച്ച് കർഷകർ അറിഞ്ഞുവയ്ക്കണം.

ജലക്കൃഷിക്ക് ഉപയോഗിക്കുന്ന സ്ഥലം റജിസ്റ്റർ ചെയ്യണം

വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യക്കൃഷിക്ക് മത്സ്യക്കൃഷിക്കുള്ള സ്ഥലം റജിസ്റ്റർ ചെയ്യണമെന്നാണ് ഫിഷറീസ് വകുപ്പ് നൽകുന്ന നിർദേശം. മത്സ്യക്കൃഷിക്കാവശ്യമായ സബ്‌സിഡി, വൈദ്യുതി, ഇൻഷുറൻസ് തുടങ്ങിയവ ലഭ്യമാകാൻ ലൈസൻസ് ആവശ്യമാണ്. 

അപേക്ഷകന്റെ പേര്, SC/ST ആണോ, ഏജൻസിയുടെ പേര്, ജലക്കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പേരും സർവേ നമ്പരും (ഒപ്പം വിസ്തീർണം, വില്ലേജ്, പഞ്ചായത്ത്, താലൂക്ക്, ജില്ല. ഇതിനൊപ്പം വില്ലേജ് ഓഫീസർ മുഖേന ലഭിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റും വേണം),  ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള രേഖകൾ (പാട്ടത്തിനാണെങ്കിൽ പാട്ടക്കരാർ), മത്സ്യക്കൃഷിയിൽ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ, ജലക്കൃഷി നടത്താനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ആഴം, ജലാശയത്തിന്റെ ഉറവിടം, ജലത്തിന്റെ ഗുണമേന്മ സംബന്ധിച്ച വിവരങ്ങൾ, വളർത്താനുദ്ദേശിക്കുന്ന മത്സ്യത്തിന്റെ പേര്, ഇനം, കൃഷിയുടെ തരം, മത്സ്യം കുളത്തിൽ നിക്ഷേപിച്ചതു സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവയാണ് അപേക്ഷയിൽ രേഖപ്പെടുത്തേണ്ടത്.

മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനവും വിപണനവും ലക്ഷ്യമിടുന്നുണ്ടെങ്കിൽ  കേരള മത്സ്യവിത്ത് നിയമം അനുശാസിക്കുന്ന രീതിയിലുള്ള റജിസ്ട്രേഷനും ലൈസൻസും ആവശ്യമാണ്. ഇതിനായി 3 തരത്തിലുള്ള ഫോമുകൾ ലഭ്യമാണ്.

  1. മത്സ്യവിത്ത് ഫാമുകളുടെ റജിസ്ട്രേഷനുള്ള/റജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷ
  2. മത്സ്യവിത്ത് ഉൽപാദനം/വിപണനം/ഇറക്കുമതി/കയറ്റുമതി എന്നിവയ്ക്ക് ലൈസൻസിനോ ലൈസൻസ് പുതുക്കുന്നതിനോ ഉള്ള അപേക്ഷ.
  3. മത്സ്യവിത്ത് ഹാച്ചറിയുടെ റജിസ്‌ട്രേഷനുള്ള/റജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷ.

മത്സ്യവിത്ത് ഉൽപാദന–വിതരണകേന്ദ്രം റജിസ്റ്റർ ചെയ്തശേഷമാണ് ലൈസൻസിനായുള്ള അപേക്ഷ സമർപ്പിക്കണ്ടത്. റജിസ്ട്രേഷനുള്ള അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾകൂടി സമർപ്പിക്കണം.

  • ഭൂമിയുടെ ഉടമസ്ഥാവകാശരേഖ, പാട്ടത്തിനാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് (കുറഞ്ഞത് 5 വർഷത്തേക്ക്)
  • ലൊക്കേഷൻ പ്ലാൻ/സൈറ്റ് പ്ലാൻ
  • ഉടമസ്ഥന്റെ/മാനേജരുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്.
  • മത്സ്യവിത്ത് ഫാം/ഹാച്ചറിയുടെ പദ്ധതിരേഖ.
  • നിശ്ചിത ഫീസ് ഒടുക്കിയ രേഖ.

സർട്ടിഫിക്കറ്റ് അനുവദിച്ച തീയതി മുതൽ പരമാവധി 5 വർഷത്തേക്കാണ് റജിസ്ട്രേഷൻ കാലാവധി. കാലാവധി അവസാനിക്കുന്നതിന് 2 മാസം മുമ്പേ പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കണം.

റജിസ്ട്രേഷൻ പൂർത്തിയായാൽ ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കാം. ഇതിന് നിശ്ചിത ഫീസും ഉണ്ടായിരിക്കും. മത്സ്യവിത്ത് ഫാം ഹാച്ചറിയുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും വരുന്ന സാമ്പത്തികവർഷം ഉൽപാദിപ്പിക്കാൻ, വിപണനം നടത്താന്‍/കയറ്റുമതി/ഇറക്കുമതി ലക്ഷ്യമിടുന്ന മത്സ്യവിത്ത് ഇനം, തരം, അളവ് എന്നിവ സൂചിപ്പിക്കുന്ന നിശ്ചിത ഫോറത്തിലുള്ള സ്റ്റേറ്റ്മെന്റും റിട്ടേണും അപേക്ഷയോടൊപ്പം നൽകണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടുക.

റജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ, 1000 രൂപയ്ക്കു മുകളിലുള്ള മത്സ്യവിത്ത് വിൽപന, ഇറക്കുമതി/കയറ്റുമതി നടത്തിയാൽ അത് പിടിച്ചെടുക്കാനും നശിപ്പിക്കാനും ബന്ധപ്പെട്ട അധികൃതർക്ക് അധികാരമുണ്ട്. എന്നാൽ, കേരളത്തിൽ ഇത്തരത്തിൽ മത്സ്യവിത്ത് ഇറക്കുമതിക്കും വിതരണത്തിനുമുള്ള അനുമതിക്കുവേണ്ടി സമർപ്പിച്ചിട്ടുള്ള അപേക്ഷയിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് വിതരണക്കാർ പറയുന്നു. റജിസ്ട്രേഷൻ/ലൈസൻസ് ചുമതലയുള്ള ഉദ്യോഗസ്ഥർ കോവിഡ് ഡ്യൂട്ടിയിലായതിനാലാണ് നടപടി വൈകുന്നതെന്നാണ് റിപ്പോർട്ട്. 

ലൈസൻസിന്റെ അപേക്ഷയിന്മേൽ വ്യക്തമായ തീരുമാനമുണ്ടാകാതെ ഇറക്കുമതിയും വിൽപനയും തടയുന്നതും മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചെടുക്കുന്നതും ശരിയല്ലെന്നാണ് വിതരണക്കാരുടെ പക്ഷം. മാത്രമല്ല, വൻകിട മത്സ്യവിതരണക്കാരുടെ കച്ചവടമത്സരമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നും ചെറുകിട വിതരണക്കാർ പറയുന്നു. പ്രധാന വിതരണക്കാർ മത്സ്യക്കുഞ്ഞുങ്ങളുടെ ഇറക്കുമതി നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കാത്ത സാഹചര്യവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട്. 

ലോക്‌ഡൗണിനേത്തുടർന്ന് തരക്കേടില്ലാത്ത രീതിയിൽ പിടിച്ചുനിന്നത് മത്സ്യക്കുഞ്ഞുങ്ങളുടെ വിൽപനയായിരുന്നു. ഒട്ടേറെ പേർ വീട്ടിലേക്കാവശ്യമായ മത്സ്യം സ്വയം ഉൽപാദിപ്പിക്കാമെന്ന പേരിൽ ചെറിയ തോതിലെങ്കിലും മത്സ്യക്കൃഷി തുടങ്ങുകയും ചെയ്തു. അതുപോലെ ഒട്ടേറെ പുതിയ സംരംഭകർ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണത്തിലേക്കും കടന്നുവന്നു. ഇത്തരം ആളുകൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന വിധത്തിലാണ് പുതിയ സംഭവവികാസങ്ങൾ. 

എത്രയും പെട്ടെന്ന് മത്സ്യവിത്ത് ഇറക്കുമതി, വിതരണവുമായി ബന്ധപ്പെട്ട അനുമതി പ്രശ്നങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ മത്സ്യക്കുഞ്ഞുങ്ങളുടെ വില സംസ്ഥാനത്ത് ഉയരുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം, സംസ്ഥാനത്തെ മത്സ്യക്കുഞ്ഞുങ്ങളുടെ മൊത്തവിതരണം പൂർണമായും കൈവശപ്പെടുത്താനുള്ള ചിലരുടെ നീക്കമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പിന്നിലെന്നും പറയപ്പെടുന്നു. എന്തൊക്കെയാണെങ്കിലും കോരനു കഞ്ഞി കുമ്പിളിൽത്തന്നെ എന്നതാണ് കർഷകരുടെ അവസ്ഥ. 

English summary: Kerala's fisheries sector facing issues due to seed act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com