പൈനാപ്പിൾ കൃഷി എന്തുകൊണ്ട് സാമ്പത്തികമായി പരാജയപ്പെടുന്നു? 4 കാരണങ്ങൾ

HIGHLIGHTS
 • കുതിച്ചുയരുന്ന പാട്ടത്തുക
 • പരിമിതികൾ നോക്കാതെയുള്ള കൃഷി
pineapple
SHARE

എറ​​ണാകുളം ജില്ലയിലെ ചെറിയൊരു പ്രദേശമായ വാഴക്കുളത്തെ രാജ്യാന്തര തലത്തിൽ വരെ എത്തിച്ച ഫലമാണ് പൈനാപ്പിൾ. കാർഷികകേരളത്തിൽ പൈനാപ്പിൾ കൃഷിക്ക് രാജപദവിയുണ്ടെങ്കിലും ഏതാനും നാളുകളായി ഉയർന്നുവരുന്നത് പൈനാപ്പികൾ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. വിലത്തകർച്ചയും തൊഴിലാളിക്ഷാമവും വിൽപന ബുദ്ധിമുട്ടും കടബാധ്യതയുമെല്ലാമാണ് ഇന്ന് പൈനാപ്പിൾ മേഖലയിലെ കർഷകർക്കുള്ളത്.

ഒരുകാലത്ത് മികച്ച കാർഷികവിളയായിരുന്ന പൈനാപ്പിളിന് എന്തുപറ്റി? എന്തുകൊണ്ട് പൈനാപ്പിൾ കർഷകർ സാമ്പത്തികമായി പരാജയപ്പെടുന്നു? കർഷകർ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേവലം പുറംമോടി മാത്രം കണ്ട് കൃഷിയിലേക്കിറങ്ങാതെ കൃത്യമായി പഠിച്ച് മുന്നിട്ടിറങ്ങണമെന്ന് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബി ജോൺ പറയുന്നു. സമീപകാലത്ത് മുൻപെങ്ങുമില്ലാത്ത വിധത്തിൽ സ്ഥലത്തിന്റെ പാട്ടത്തുകയും കയറി. ഈ സാഹചര്യത്തിൽ വലിയ ലാഭമുള്ള കൃഷിയല്ലിതെന്നും ഈ കർഷകൻ പറന്നു.

പൈനാപ്പിൾ കൃഷിയെ നഷ്ടത്തിലാക്കുന്ന ചില പ്രവണതകളുണ്ട്. 

1. കുതിച്ചുയരുന്ന പാട്ടത്തുക

പാട്ടത്തുകയാണ് കർഷകർക്ക് ഏറ്റവുമധികം ബാധ്യതയുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ചില കണക്കുകൾകൂടി ഉൾപ്പെടുത്താം.

 • ഒരേക്കറിൽ നടാൻ കഴിയുന്ന ചെടികളുടെ എണ്ണം ശരാശരി 8000 ആണ്. ഒരു കാനി(നടീൽ വസ്തു)ക്ക് സീസൺ അനുസരിച്ച് 7–8 രൂപ വില വരും.
 • നടാനുള്ള ചെലവ് ഒരു കാനിക്ക് 3 രൂപ. ഇതിൽ നിലമൊരുക്കാൻ 1.5 രൂപയും നടാൻ 1.5 രൂപയുമാണ് വേണ്ടിവരിക (ഒരു ചെടിക്ക്).
 • ഒരേക്കറിൽ കളനശീകരണത്തിന് 8,000–10,000 രൂപ ചെലവാകും. 3 തവണ കളനശീകരണം. 
 • ഒരു ചെടിക്ക് 100 ഗ്രാം വളം വേണം. ഇത്തരത്തിൽ ഒരു ചെടിക്ക് 3–4 രൂപ ചെലവ് വരും. വളത്തിന് 1.5 രൂപ (ജൈവവളമാകുമ്പോൾ വില കൂടും). വളമിടാൻ 1.5 രൂപ. 
 • എല്ലാ ചെടികളും ഒരുമിച്ച് പൂക്കാൻ ഉപയോഗിക്കുന്ന എത്തിഫോൺ പ്രയോഗിക്കുമ്പോൾ ഒരു ചെടിക്ക് 50 പൈസ ചെലവ്.
 • വിളവെടുപ്പിന് ഒരു ചെടിക്കു ചെലവാകും 50 പൈസ. 
 • ജലസേചനം/പുതയിടൽ എല്ലാമായി ഒരു ചെടിക്ക് 1.5 രൂപ.
 • കീടരോഗനിയന്ത്രണത്തിന് ചെലവാകും ഒരു ചെടിക്ക് 2 രൂപ.
 • ഒരു ചെടിക്ക് പാട്ടത്തുക 5 രൂപ കണക്കാക്കിയാൽ ഏക്കറിന് 40,000 രൂപ.

ഇത്രയേറെ ചെലവുകൾ കഴിഞ്ഞ് കിലോഗ്രാമിന് 20 രൂപയെങ്കിലും വില കിട്ടിയാൽ കർഷകന് 3 വർഷംകൂടി ആകെ ലഭിക്കുന്ന ലാഭം 60000 രൂപ. ഇത് വാർഷിക കണക്കിൽ ഉൾപ്പെടുത്തിയാൽ 20,000 രൂപ. അതേസമയം, പാട്ടത്തുക വീണ്ടും മുകളിലേക്ക് കയറിയാൽ എന്തായിരിക്കാം. അവസ്ഥ എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പാട്ടത്തുക കുത്തനെ ഉയരുമ്പോൾ ചെറുകിട കർഷകർക്ക് കൃഷിചെയ്യാൻ സാഹചര്യമില്ലാത്ത അവസ്ഥയായി.

2. പരിമിതികൾ നോക്കാതെയുള്ള കൃഷി

സാഹചര്യമനുസരിച്ചല്ലാതെയുള്ള കൃഷിയും വലിയ ബാധ്യത വരുത്തിവയ്ക്കുന്നുണ്ട്. ഉദാഹരണത്തിന്, ഒരു കർഷകന് 5 ഏക്കർ സ്ഥലത്ത് കൃഷിചെയ്യാനുള്ള സാഹചര്യവും തൊഴിലാളികളുമുള്ളൂവെന്ന് കരുതുക. അവിടെ മെച്ചപ്പെട്ട വിളവ് ലഭിച്ചുവെന്ന് കരുതുക. അദ്ദേഹം കൂടുതൽ സ്ഥലം പാട്ടത്തിനെടുത്തു കൃഷി തുടങ്ങി. ഇതിന് വായ്പയും എടുത്തിട്ടുണ്ടാകും. എന്നാൽ, 5 ഏക്കർ സ്ഥലം നല്ലരീതിയിൽ സംരക്ഷിക്കാൻ കഴിയുന്ന കർഷകന് കൂടുതൽ സ്ഥലം അതുപോലെ ശ്രദ്ധിക്കാനോ പരിചരിക്കാനോ കഴിഞ്ഞെന്നുവരില്ല. അങ്ങനെവരുമ്പോൾ കൃഷി നഷ്ടത്തിലേക്കെത്തും. ഇന്ന് നമ്മുടെ നാട്ടിലെ പല കർഷകർക്കും പറ്റുന്ന പ്രധാന അബന്ധമാണിത്.

3. അറിവില്ലായ്മ

പലപ്പോഴും പലരും കൃഷിയിലേക്കിറങ്ങുന്നത് മറ്റൊരാളെ നോക്കിക്കണ്ടാണ്. അങ്ങനെ ഇറങ്ങുന്നവർക്ക് കൃഷിയെക്കുറിച്ച് ധാരണപോലും ഉണ്ടാവില്ല. ഇത്തരം സാഹചര്യങ്ങളിൽ കേട്ടുകേൾവിയുടെ പിൻബലത്തിൽ കൃഷി ആരംഭിക്കും. പലപ്പോഴും വദഗ്ധരായ കർഷകരുടെയും കാർഷിക വിദഗ്ധരുടെയും അനുഭവങ്ങളും അറിവുകളും കർഷകർ ചോദിച്ചറിയാൻ ശ്രമിക്കുന്നില്ല. കൃഷി ചെയ്യേണ്ടതും വളപ്രയോഗം നടത്തേണ്ടതുമൊക്കെ കർഷകരുടെ അറിവ് ഉപയോഗിച്ചാവണം. അല്ലാതെ, വളക്കടക്കാരനോ മരുന്നുകമ്പനിക്കാരോ നിർദേശിക്കുന്നതുപോലെയാകരുത്. വരവിൽ കൂടുതൽ ചെലവിലേക്ക് എത്തരുത്.

4. അനുയോജ്യമല്ലാത്ത മേഖലയിലും കൃഷി

എല്ലാ കാലാവസ്ഥയിലും പൈനാപ്പിൾ വിളയുമെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ സ്ഥലത്തിന്റെ ഘടന ശ്രദ്ധിക്കണം. വേനൽമഴ ലഭിക്കുന്ന മേഖലകളിലാണെങ്കിൽ നല്ല രീതിയിൽ പൈനാപ്പിൾ കൃഷി ചെയ്യാൻ കഴിയും. എന്നാൽ, അതിന്റെ കുറവുള്ള പ്രദേശങ്ങളിൽ നന നൽകേണ്ടിവരും. ഇത് ചെലവുയർത്തും. ചെറിയ സ്ഥലത്തെ കൃഷിക്ക് നന വലിയ ബുദ്ധിമുട്ടാവില്ലെങ്കിലും കൂടുതൽ സ്ഥലത്ത് കൃഷി വരുമ്പോൾ പ്രതിസന്ധി സൃഷ്ടിക്കും.

മുകളിൽപ്പറ​ഞ്ഞവയാണ് പൈനാപ്പിൾ മേഖലയിൽ നഷ്ടങ്ങൾ വരുത്തുന്നവ. പൈനാപ്പിൾ വലിയ ലാഭമുണ്ടാക്കിക്കൊടുക്കുന്ന മേഖലയാണെന്ന് കരുതി അതിലേക്ക് മുന്നിട്ടിറങ്ങാതെ ആഴത്തിൽ പഠിച്ചതിനുശേഷം മാത്രം കൃഷി ചെയ്യാൻ മുതിരുക. ഇക്കരെ നിൽക്കുമ്പോൾ അക്കരയിലെ പച്ച കണ്ട് എടുത്തു ചാടാൻ തുനിയരുത്. അത് കാർഷികമേഖലയിലെ ഏതു വിഭാഗമാണെങ്കിലും....

പൈനാപ്പിളിന്റെ ദിവസേനയുള്ള വിലവിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: the truth behind the loss of pineapple cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA