ADVERTISEMENT

കാലം മുന്നോട്ടു പോകുമ്പോൾ കാലത്തിനൊപ്പം സഞ്ചരിക്കണം. അതുകൊണ്ടുതന്നെ പഴയ പ്രവണതകളും രീതികളുമെല്ലാം മാറി പുതിയ സംസ്കാരം നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പറഞ്ഞുവരുന്നത് തൊഴിൽ സംസ്കാരത്തേക്കുറിച്ചാണ്. കോവിഡ്–19 മഹാമാരി സമസ്ത മേഖലകളിലും പ്രതിസന്ധി സൃഷ്ടിച്ച് നിയന്ത്രിക്കാനാവാതെ വീണ്ടും വ്യാപിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് മൂലം തൊഴിൽ ഇല്ലാതായവരും വരുമാനം കുറഞ്ഞവരുമെല്ലാം ഏറിവരുന്നു. ഇനി അൽപമെങ്കിലും പിടിച്ചുനിൽക്കാൻ കഴിയുന്നത് കാർഷികമേഖലയ്ക്കാണ്. എന്നാൽ, വലിയ രീതിയിലുള്ള തൊഴിൽ ദാതാവാകാൻ കർഷകർക്ക് കഴിയുകയുമില്ല.

അവിടെയാണ് പുതിയ തൊഴിൽ സംസ്കാരത്തിന്റെ പ്രസക്തി. മാറുന്ന കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് തൊഴിൽ സംസ്കാരം മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ് ഒരു പറ്റം യുവാക്കൾ. കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള പയസ്മൗണ്ട് ഗ്രാമത്തിലെ വാട്സാപ് കൂട്ടായ്മയിലാണ് ഇത്തരത്തിലൊരു തൊഴിൽ സംസ്കാരം മാറ്റേണ്ടതിന്റെ ആവശ്യകത ചർച്ചയായത്. പല മേഖലകളിൽനിന്നും തൊഴിൽ നഷ്ടപ്പെട്ട യുവാക്കളുടെ എണ്ണം ഏറിയതു കണ്ടപ്പോൾ അഡ്വ. ഫ്രിൻസോ മാത്യു കല്ലക്കാവുങ്കലാണ് എന്തുകൊണ്ട് കാർഷികമേഖലയിൽ പാർട് ടൈം തൊഴിൽ എന്നൊരു സംസ്കാരം ആരംഭിച്ചകൂടാ എന്ന ചർച്ചയ്ക്ക് തുടക്കമിട്ടത്. 

പലപ്പോഴും ഒരു കർഷകന് അവന്റെ കൃഷിയിടത്തിൽ മുഴുവൻ സമയ തൊഴിലാളിയുടെ ആവശ്യം വരാറില്ല. അതുകൊണ്ടുതന്നെ ചെയ്യുന്ന ജോലിക്ക് കൂലി എന്ന ആശയം വാട്സാപ് കൂട്ടായ്‌മയിലെ മറ്റ് അംഗങ്ങൾക്കും സ്വീകാര്യമായി. ഇതേത്തുടർന്ന് കേരളപ്പിറവി ദിനത്തിൽ കാർഷിക കർമസേന എന്ന സംരംഭം മേലുകാവ് പഞ്ചായത്ത് തലത്തിൽ ആരംഭിക്കുകയും ചെയ്തു.

ആർക്കും ഈ കർമസേനയുടെ സേവനം ആവശ്യപ്പെടാം. മണിക്കൂർ അടിസ്ഥാനത്തിലാണ് വേതനം നിശ്ചയിക്കുക. രണ്ടു മണിക്കൂറാണ് കുറഞ്ഞ ജോലി സമയം. ആ സമയത്തിന് പുരുഷന്മാർക്ക് 200 രൂപയും സ്ത്രീകൾക്ക് 100 രൂപയുമാണ് വേതനം. തുടർന്നുള്ള ഓരോ മണിക്കൂറിനും യഥാക്രമം 70 രൂപ, 40 രൂപ എന്നിങ്ങനെയും നിശ്ചയിച്ചിരിക്കുന്നു. ഒരിടത്തെ ജോലി തീർന്നാലും മറ്റൊരിടത്തു ജോലി ചെയ്യാനുള്ള അവസരമുള്ളതിനാൽ കർമസേനയിലെ അംഗങ്ങൾക്ക് മികച്ച വരുമാനം നേടാനുള്ള അവസരമുണ്ടെന്ന് കാർഷിക കർമേസേനയുടെ നേതൃത്വം വഹിക്കുന്ന അഡ്വ. ഫ്രിൻസോ മാത്യു പറയുന്നു. കൂടാതെ തൊഴിൽ ചെയ്യുന്ന ആൾക്ക് തന്റെ സമയം അനുസിച്ച ജോലി ചെയ്യാനുള്ള അവസരവുമുണ്ട്.

മുതലാളി, തൊഴിലാളി വേർതിരിവില്ലാതെ പഴയ കാലത്തെ മാറ്റാൾ സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് ഈ പദ്ധതിയിലൂടെ കൂട്ടായ്മ ലക്ഷ്യമിടുന്നത്. റബറിന് വളം ഇടീൽ, റബർ പാൽ എടുക്കൽ, വാഴ പിരിച്ചുവയ്ക്കൽ, മുറ്റത്തെ പുല്ല് പറിക്കൽ, വീടും പരിസരവും വൃത്തിയാക്കൽ, പശുക്കറവ, പശുവിന് പുല്ല് ചെത്തൽ, റബർ ഷീറ്റ് കഴുകൽ, കാപ്പിക്കുരു–കുരുമുളക് വിളവെടുപ്പ് തുടങ്ങിയ കാർഷിക പ്രവർത്തനങ്ങൾ കാർഷിക കർമസേന നിർവഹിക്കും. ചുരുക്കത്തിൽ കർഷകന് കുറഞ്ഞ സമയത്തേക്കു നടത്തുന്ന കൃഷിപ്പണികൾക്കുപോലും തൊഴിലാളികളെ ലഭ്യമാകുന്ന അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. വിദ്യാർഥികൾക്കും മറ്റു മേഖലയിൽ ജോലി ചെയ്യുന്നവർക്കും കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഒരുപോലെ ഈ ഉദ്യമത്തിൽ പങ്കാളികളാകാനും കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. 

പരീക്ഷണാടിസ്ഥാനത്തിൽ പയസ്മൗണ്ട് എന്ന ചെറു ഗ്രാമത്തിൽ തുടങ്ങിയ തൊഴിൽ സംസ്കാരത്തിന്റെ മാറ്റം കാലക്രമേണ മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കും എന്നതാണ് ഈ കൂട്ടായ്മയുടെ പ്രതീക്ഷ. 5 വർഷം മുമ്പ് രൂപീകൃതമായ വാട്സാപ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലോക് ഡൗൺ കാലത്ത് പച്ചക്കറികൃഷി, കന്നുകാലി വളർത്തൽ എന്നിവയിൽ മത്സരങ്ങളും നടത്തിയിരുന്നു. ഓണത്തിന് വിജയികളെ പ്രഖ്യാപിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. 

കൂടുതൽ വിവരങ്ങൾക്ക്: 9447869549

English summary: New job culture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com