ADVERTISEMENT

ചരിത്രമുറങ്ങുന്ന കടത്തനാടൻ മണ്ണിന്റെ ജൈവപൈതൃകസമ്പത്തായ തനത് വടകര ഇനം പശുക്കളുടെ സുസ്ഥിരസംരക്ഷണത്തിന് വേണ്ടി കോഴിക്കോട് വടകര വളയം പഞ്ചായത്തിൽ ഗോശാല പ്രവർത്തമാരംഭിച്ചു. മൃഗസംരക്ഷണവകുപ്പ് കർഷകരുമായി സഹകരിച്ച് അഞ്ചു ലക്ഷം രൂപ ചെലവിൽ  വടകര താലൂക്കിൽ  നടപ്പിലാക്കുന്ന സുസ്ഥിര വടകര  പശു സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് ഗോശാലയ്ക്ക് തുടക്കമിട്ടത്. ‘കടത്തനാടൻ ഗോശാല’ എന്ന് പേരിട്ട സംരക്ഷണകേന്ദ്രത്തിൽ  ആദ്യഘട്ടത്തിൽ പത്തു പശുക്കളും രണ്ട് കാളകളെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വടകര പശുക്കളെയും കാളകളെയും ഉൾപ്പെടുത്താനും ഒരു പ്രജനന കേന്ദ്രമായി ഗോശാലയെ വിപുലമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

വടകര പശു കടത്തനാടിന്റെ ജൈവപൈതൃകം  

വടകര ഉൾപ്പെടുന്ന കടത്തനാടിന്‍റെ മണ്ണില്‍ ഉരുത്തിരിഞ്ഞതും, ഉപജീവിക്കുന്നതുമായ തനത് പശുക്കളാണ് വടകര പശുക്കള്‍. കോഴിക്കോട് വടകര താലൂക്കിലെ വളയം, ചെക്യാട്, നരിപറ്റ, വാണിമേല്‍, വേളം തുടങ്ങിയ പഞ്ചായത്തുകളിലെ പരമ്പരാഗത കര്‍ഷകരാണ് ഇപ്പോൾ വടകര പശുക്കളെ പ്രധാനമായും സംരക്ഷിക്കുന്നത്. 

vadakara-cow-1
വടകര പശു സംരക്ഷണ കൂട്ടായ്മ

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പ്രത്യേക ബ്രീഡ് എന്ന പദവി നല്‍കിയ  കേരളത്തിലെ ഏക പശുവിനമായ വെച്ചൂര്‍ പശുക്കളുമായി സ്വഭാവത്തിലും ശരീരപ്രത്യേകതകളിലും ഏറെ സമാനതകള്‍ പുലര്‍ത്തുന്നവയാണ് വടകര പശുക്കള്‍. പരമാവധി 95 മുതല്‍ 105 സെന്‍റീമീറ്റര്‍ വരെയാണ് ഉയരം. കറുപ്പ്, വെളുപ്പ്, ചുവപ്പ്, തവിട്ട് നിറങ്ങളിലാണ് പ്രധാനമായും പശുക്കള്‍ കാണപ്പെടുന്നത്. നീണ്ടതും  എന്നാല്‍ പരന്നതുമായ മുഖവും കഴുത്തില്‍ നന്നായി ഇറങ്ങി വളര്‍ന്ന താടയും, ചെറുതും മുന്നോട്ട് ചാഞ്ഞ് നില്‍ക്കുന്നതുമായ  മുതുകിലെ പൂഞ്ഞയും, വശങ്ങളിലേക്ക് വളര്‍ന്ന് അകത്തേക്കു വളഞ്ഞ ചെറിയ കൊമ്പുകളും, നിലത്തറ്റം മുട്ടുന്ന വാലുകളുമെല്ലാം വടകര പശുവിന്‍റെ ശരീരപ്രത്യേകതകളാണ്. ചെറിയ മിനുമിനുത്ത രോമങ്ങളും ഉരുണ്ട അഗ്രത്തോടുകൂടിയ ചെറിയ മുലക്കാമ്പുകളും വടകര പശുവിന്‍റെ  ലക്ഷണങ്ങളാണ്.

ശരാശരി 25 - 27 മാസം പ്രായമെത്തുമ്പോൾ ആദ്യ മദിയുടെ ലക്ഷണങ്ങൾ കാണിക്കും. ശരാശരി 35-37 മാസമെത്തുമ്പോൾ ആദ്യ പ്രസവം നടക്കും. കേരളത്തിലെ മറ്റ് നാടന്‍ പശുക്കളുമായി താരതമ്യപ്പെടുത്തിയാല്‍ പാലുല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് വടകര പശുക്കള്‍. ദിവസം 3-4.5  ലീറ്റര്‍ കൊഴുപ്പുള്ള പാല്‍ ലഭിക്കും. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന കറവക്കാലവും വടകര പശുക്കള്‍ക്കുണ്ട്. പാലിന്‍റെ അളവ് ഒന്നര ലീറ്ററായി കുറയുമെങ്കിലും പരമാവധി പത്തു മാസം വരെ കറവ നടത്താം. വര്‍ഷത്തില്‍ ഒരു പ്രസവം വടകര പശുക്കളില്‍ സാധാരണയാണ്. 20 തവണയിലേറെ പ്രസവിച്ച പശുക്കള്‍ വടകര മേഖലയിലുണ്ട്. ആയുസിന്‍റെ കാര്യത്തിലും പശുക്കള്‍ മുന്നില്‍ തന്നെ.  സാംക്രമികരോഗാണുക്കള്‍ കാരണം രോഗങ്ങള്‍ പിടിപെടുന്നതും അപൂര്‍വം. ആരോടും ഇണങ്ങുന്ന ശാന്ത സ്വഭാവക്കാരാണ് വടകര പശുക്കള്‍. വടകര പശുക്കളുടെ പരിപാലനച്ചെലവും തീരെ തുച്ഛമാണ്. 

vadakara-bull
വടകര കാള

സുസ്ഥിര വടകര പശു സംരക്ഷണ പദ്ധതി

ഒരുകാലത്ത് രണ്ടോ അതിലധികമോ തനതുപശുക്കള്‍ ഇല്ലാതിരുന്ന വീടുകള്‍ വടകര മേഖലയില്‍ വിരളമായിരുന്നു. കൃഷി മുഖ്യതൊഴിലായി സ്വീകരിച്ച് ഉപജീവനം നടത്തിയിരുന്ന കടത്തനാട്ടിലെ കര്‍ഷകരുടെ സഹചാരിയും കൈത്താങ്ങുമായിരുന്ന വടകര പശുക്കള്‍. ക്ഷീരസ്രോതസായും, കൃഷിക്ക് ജൈവവളം  നല്‍കിയും വയലുകള്‍ പൂട്ടി നിലമൊരുക്കാന്‍ സഹായിച്ചും വടകരപശുക്കള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി നിന്നു. അത്യുല്‍പ്പാദനശേഷിയുള്ള സങ്കരയിനം പശുക്കള്‍ ക്ഷീരകര്‍ഷകരുടെ മനസിലും  തൊഴുത്തിലും ക്രമേണ ഇടംപിടിച്ചതോടെ മികച്ച രോഗപ്രതിരോധശേഷിയും നല്ല ശരീര കരുത്തും പ്രത്യുല്‍പ്പാദനക്ഷമതയുമെല്ലാം ഉള്ള വടകര പശുക്കളുടെ  വംശശോഷണം ആരംഭിച്ചു. ഭൂമി തുണ്ടം തുണ്ടമായി വിഭജിക്കപ്പെട്ടതും, പുല്‍മേടുകള്‍ നഷ്ടമായതുമെല്ലാം വടകര പശുക്കളുടെ വംശശോഷണത്തിന് ആക്കം കൂട്ടി.

കേരള കാര്‍ഷിക സര്‍വകലാശാല ദേശീയ കാര്‍ഷിക ടെക്നോളജി പദ്ധതിയുടെ ഭാഗമായി 2003ല്‍ നടത്തിയ സമഗ്രപഠനത്തില്‍ വടകര മേഖലയില്‍ 20,000ൽപ്പരം തനതിനം പശുക്കള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞന്‍മാരായ ഡോ. കെ. അനില്‍കുമാറിന്‍റെയും, ഡോ. കെ.പി. രഘുനന്ദനന്‍റെയും നേതൃത്വത്തിലായിരുന്നു അന്ന് പഠനം വടകര മേഖലയില്‍ നടത്തിയത്.  

എന്നാല്‍ പത്തുവര്‍ഷം  കഴിഞ്ഞ് 2013ല്‍ വീണ്ടും കണക്കെടുത്തപ്പോള്‍ വടകര പശുക്കളുടെ എണ്ണം ആയിരത്തില്‍ താഴെ മാത്രമായിരുന്നു. ഒരു തനത് ജീവിയിനം എത്ര വേഗതയിലാണ് വംശനാശത്തിലേക്ക് നീങ്ങുന്നത് എന്നതിന്‍റെ ആഴം വ്യക്തമാക്കുന്ന കണക്കാണിത്. ഈയൊരു സാഹചര്യത്തില്‍ തനത് പശുക്കളെ വരും തലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൃഗസംരക്ഷണവകുപ്പ് വടകര പശുക്കളുടെ സുസ്ഥിര സംരക്ഷണത്തിനായുള്ള പദ്ധതിക്ക് തുടക്കമിട്ടത്. വടകര താലൂക്കില്‍ തനത് വടകര പശുക്കളെ വളര്‍ത്തുന്ന മുഴുവന്‍ കര്‍ഷകരെയും സുസ്ഥിര പദ്ധതിയുടെ ഗുണഭോക്താക്കളാക്കും. ഇതിനായി പ്രവര്‍ത്തക സമിതി രൂപീകരിച്ചിട്ടുണ്ട്.  താലൂക്കിലെ മുഴുവന്‍ വടകര പശുക്കളെയും പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തി ഈ തനതിനത്തിന്‍റെ വംശവര്‍ദ്ധന ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വടകര പശു പരിപാലന സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്.

English summary: Rare Breeds of Cows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com