‘കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാതെ വോട്ടിനുവേണ്ടി ആരും ഈ പടി കയറേണ്ടതില്ല’

HIGHLIGHTS
  • കാലം മാറി, കർഷകർ ചിന്തിച്ചുതുടങ്ങി
  • മേലും കീഴും നോക്കാതെ, ചിന്തിക്കാതെ വോട്ട് ചെയ്യാൻ കർഷകനെ കിട്ടില്ല
wild-boar-problem
SHARE

കോഴിക്കോടുകാരനായ ഒരു കർഷകൻ തന്റെ വീടിനു മുന്നിൽ സ്ഥാപിച്ച ബോർഡാണ് മുകളിൽ കാണുന്നത്. ഇത്തരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ മാറി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. കർഷകർ വർഷങ്ങളായി ഉന്നയിക്കുന്ന കാര്യങ്ങൾ, അതും അടിസ്ഥാന ആവശ്യങ്ങളിൽ ഉൾപ്പെട്ട ഒന്നിനോട് ഭരണകൂടം കാണിക്കുന്ന നിസംഗതയാണ് ഓരോ കർഷകനെയും ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

വഴിവക്കിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നതും റോഡ് ടാർ ചെയ്യുന്നതും മാത്രമാണോ വികസനം? ആ നാട്ടിലെ ജനങ്ങളുടെ ഉന്നമനം കൂടി വികസനം എന്ന വാക്കിൽ ഉൾപ്പെടില്ലേ? നാട് പല രീതിയിൽ മോടി പിടിപ്പിച്ച് വികസിക്കുന്നുണ്ടെങ്കിലും നാടിന്റെയും സമൂഹത്തിന്റെയും നട്ടെല്ലായ കർഷകർ ഇന്ന് നാട്ടിലിറങ്ങിയ കാട്ടുമൃഗങ്ങളോട് ജീവിക്കാൻവേണ്ടി പടവെട്ടുകയാണ്. അത് നോക്കിയിരുന്നു രസിച്ച് കുറ്റപ്പെടുത്താനും കല്ലെടുത്തെറിയാനും താൽപര്യമുള്ള ഒരു ജനത ഉയരങ്ങളിലുള്ള മണിമാളികകളിൽ സുഖലോലുപതയോടെ ജീവിക്കുന്നു എന്നത് മറ്റൊരു യാഥാർഥ്യം.

രാഷ്ട്രീയമില്ലാത്ത കർഷകർ വിരളമായിരുന്നു. ഓരോ തവണയും തങ്ങൾക്ക് ഇഷ്ടമുള്ള പാർട്ടിക്കുവേണ്ടി അവർ വോട്ടു കുത്തി. വോട്ടു തേടി സ്നേഹത്തോടെ വന്നവരാരും പിന്നീട് അവരെ തിരിഞ്ഞുനോക്കിയില്ല. കർഷകനാണു സർ സഹായിക്കണം എന്നു പറഞ്ഞ് സഹായം അഭ്യർഥിക്കുമ്പോൾ ലഭിക്കുന്നത് പുച്ഛത്തോടെയുള്ള നോട്ടം മാത്രം. എന്നിട്ടും അടുത്ത തവണയും എല്ലാം മറന്ന് അവർ തങ്ങളുടെ പ്രിയപ്പെട്ട സംഘടനയ്ക്കുവേണ്ടി വോട്ടു കുത്തും.

കാലം മാറി, കർഷകർ ചിന്തിച്ചുതുടങ്ങി. ജീവിക്കാൻ മണ്ണിനോട് പൊരിവെയിലത്ത് പടവെട്ടുന്ന തന്റെ വോട്ടിന്റെ ബലത്തിൽ പലരും എയർ കണ്ടീഷനുള്ള മുറികളിലും വാഹനങ്ങളിലും ചൂടും വിയർപ്പും എന്താണെന്നുപോലും അറിയാതെ ജീവിക്കുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ പലരെയും മഷിയിട്ടു നോക്കിയാൽ പോലും കാണില്ല. 

ഇനി മേലും കീഴും നോക്കാതെ, ചിന്തിക്കാതെ വോട്ട് ചെയ്യാൻ കർഷകനെ കിട്ടില്ല. ആദ്യം ജീവിക്കാനുള്ള വഴി ശരിയാക്കൂ... എന്നിട്ടാവാം വോട്ട്... എന്നു പറയുന്ന കർഷകർ ഉയർന്നുവരുന്നു. കാരണം, മാസങ്ങളോളം പണിയെടുത്തു വളർത്തുന്ന കപ്പയും നെല്ലും തെങ്ങും എല്ലാം വിളവെടുക്കാൻ വരുന്നത് കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, തത്ത, മയിൽ, ആന പോലുള്ള ജീവികളാണ്. ഇവയുടെ കടന്നുകയറ്റത്തിൽ ജീവൻ മാത്രം കൈയിൽ പിടിച്ച് കർഷകർ എന്നു പേരുള്ള ഒരു ജീവസമൂഹം നിസ്സഹായരായി നോക്കി നിൽക്കുന്നു. സഹായിക്കേണ്ടവർ സഹായിക്കാതെ നിയമത്തിന്റെ പേരും പറഞ്ഞ് ഈ ജീവ സമൂഹത്തെ ദ്രോഹിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു...

ജനങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ ജനമധ്യത്തിൽ നേതാക്കന്മാർ ചോദ്യം ചെയ്യപ്പെടുന്ന കാലം ഇങ്ങെത്തിയിരിക്കുന്നു. ജനങ്ങൾ ചിഹ്നം നോക്കി കുത്തുന്ന പഴയ സമ്പ്രദായമൊക്കെ മാറി എന്നോർക്കുന്നത് നന്ന്... ഇന്ന് ചിഹ്നത്തെകൾ പ്രധാനം അവകാശങ്ങൾക്കാണ്. അതുകൊണ്ടുതന്നെ വീടിനു മുന്നിൽ ബോർഡ് സ്ഥാപിച്ച കർഷകന്റെ മാതൃക എല്ലാ കർഷകർക്കും പ്രചോദനമാകുമെന്നതിൽ സംശയമില്ല.

English summary: Human-Wildlife conflict must factor in Panchayat Election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA