പൗൾട്രി മേഖല അടക്കിവാഴുന്ന ഇന്ത്യയുടെ മുട്ടദേശം, നാമക്കൽ; പ്രത്യേകതകളറിയാം

HIGHLIGHTS
  • തമിഴ്നാട്ടിലെ രണ്ടാമത്തെ വെറ്ററിനറി കോളജ് നാമക്കലിൽ
  • തമിഴ്നാട് ഏറ്റവും കൂടുതൽ കോഴികളുള്ള സംസ്ഥാനം
poultry-egg-farming
SHARE

മുട്ടയും, കോഴിയുമൊക്കെയായി ബന്ധപ്പെട്ടു കിടക്കുന്നവർക്ക് വളരെ പരിചിതമായ സ്ഥലമായിരിക്കും തമിഴ്‌നാട്ടിലെ നാമക്കൽ അഥവാ നാമഗിരി. മുട്ടക്കോഴി, മറ്റു കൃഷി അനുബന്ധ വ്യവസായങ്ങൾക്ക് പേരുകേട്ട നാമക്കൽ ജില്ലയിൽ ലോറികളുടെ ബോഡി നിർമ്മാണവുമായി ബന്ധപ്പെട്ട വ്യവസായവും പ്രസിദ്ധമാണ്. പതിനേഴാം നൂറ്റാണ്ടിൽ തിരുമല നായക് ഭരണ കാലത്ത് നിർമ്മിക്കപ്പെട്ട നാമക്കൽ കോട്ടയും, അടുത്തുള്ള പ്രസിദ്ധമായ നാമഗിരി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രവും, ആഞ്ജനേയ സ്വാമി ക്ഷേത്രവുമെല്ലാം നാമക്കലിന്റെ ആകർഷണങ്ങളാണ്.

മുട്ടയുൽപാദനത്തിൽ മൂന്നാം സ്ഥാനവും, ലോകത്തിലെ മുട്ടയുൽപാദനത്തിന്റെ 5.65 ശതമാനവും  ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. 10332 കോടി മുട്ടകളാണ് ഒരു വർഷം ഇന്ത്യയിൽ ഉൽപാദിപ്പിക്കപ്പെടുന്നത്. എന്നാൽ ആളോഹരി മുട്ടയുടെ ആവശ്യകത ഇന്ത്യയിൽ 180 ആണെങ്കിലും ലഭ്യത ഒരു വർഷം ഒരാൾക്ക് 79 എന്ന കണക്കിന് മാത്രമേ ഉള്ളു. അതായത് ഇനിയും ഈ മേഖലയ്ക്ക് ഒരുപാട് വളർച്ചയ്ക്ക് സാധ്യത ഉണ്ടെന്നർഥം.

ആന്ധ്രയുടെ വിഭജന ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ കോഴികളുള്ള സംസ്ഥാനമായി തമിഴ്നാട് മാറി. രാജ്യത്തിന്റെ 18.2 %  മുട്ടയൽപാദനവും ഈ സംസ്ഥാനത്തുനിന്നാണ്. 4 കോടിയോളം  മുട്ടക്കോഴികളുള്ള മുട്ട ഗ്രാമമായ നാമക്കൽ ജില്ലയിൽ മാത്രം ഒരു ദിവസം ശരാശരി 3.5 കോടിയോളം  മുട്ടകളാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. 10,000 മുതൽ 7 ലക്ഷം മുട്ടക്കോഴികൾ വരെയാണ് ഇവിടുത്തെ ഓരോ ഫാമിലെയും മുട്ടക്കോഴികളുടെ എണ്ണം. ഇത്തരത്തിൽ ഏതാണ്ട് എഴുന്നൂറോളം ഫാമുകൾ നാമക്കൽ ജില്ലയിൽ മാത്രമുണ്ടെന്നാണ് കണക്ക്. മുട്ടയുടെ വില നിർണ്ണയ കർഷക കൂട്ടായ്മയായ നാഷണൽ എഗ്ഗ് കോർഡിനേഷൻ കമ്മിറ്റി(NECC)യുടെ ആസ്ഥാനവും നാമക്കലാണ്. മുഴുവൻ സമയ വ്യാവസായിക ഉൽപാദനം ലക്ഷ്യമാക്കി വളർത്തുന്ന ഇവിടങ്ങളിൽ ഒരു മുട്ടയുൽപാദനത്തിന് വരുന്ന ചെലവ് ഏതാണ്ട് 3.5 രൂപ എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ മുട്ടകളാണ് കടത്തു കൂലിയും, കയറ്റു കൂലിയും  ഒക്കെ കഴിഞ്ഞ് 4.5 രൂപയ്ക്കും 5 രൂപയ്ക്കുമൊക്കെ നമുക്ക് കിട്ടുന്നത്. ചെറുകിട ഉൽപാദനം നടത്തുന്ന ഇവിടുത്തെ കർഷകർക്ക് ഈ വിലയിൽ മുട്ട വിപണിയിൽ എത്തിക്കാനാവാത്തത്തിനാലാണ് വ്യാവസായിക മുട്ട ഉൽപാദനം കേരളത്തിൽ ലാഭകരമല്ലാത്തത്.

മുട്ടയുൽപാദനത്തിൽ നാമക്കലിനുള്ള സവിശേഷ സാഹചര്യം പരിഗണിച്ച് അവിടുത്തെ കർഷക സേവനം മുൻനിർത്തി 1985ൽ  സംസ്ഥാനത്തെ രണ്ടാമത്തെ വെറ്ററിനറി കോളജ് നാമക്കലിൽ സ്ഥാപിക്കപ്പെട്ടു. അതിനടുത്തു തന്നെ പൗൾട്രി ഡിസീസ് ഡയഗ്നോസിസ് ആൻഡ് സർവയ്‌ലൻസ് ലബോറട്ടറി എന്ന ദക്ഷിണേന്ത്യയിലെ തന്നെ പ്രസിദ്ധമായ വളർത്തുപക്ഷി രോഗ നിർണ്ണയ ലാബും  (PDDSL) പ്രവർത്തിക്കുന്നു. ചുരുങ്ങിയ ചെലവിൽ കർഷർക്ക് പോസ്റ്റ്‌മോർട്ടം പരിശോധനകൾ, രക്തം, മറ്റു സ്രവങ്ങൾ എന്നിവ  പരിശോധിച്ച്  രോഗനിർണ്ണയം നടത്തുക, കുടിവെള്ളം, തീറ്റ എന്നിവയുടെ ഗുണ നിർണയം എന്ന് വേണ്ട എല്ലാത്തരം പരിശോധനാ സംവിധാനങ്ങളുമുള്ള  സ്ഥാപനമാണിവിടെയുള്ളത്. കൂടാതെ മുട്ട കയറ്റുമതിക്കു മുന്നോടിയായി വേണ്ട സൽമോണെല്ല ടെസ്റ്റിങ്, പ്രധാന വൈറൽ രോഗങ്ങളായ പക്ഷിപ്പനി, കോഴി വസന്ത എന്നീ രോഗങ്ങൾക്കായി കൃത്യമായ ഇടവേളകളിലുള്ള സ്ക്രീനിംഗ് എന്നിവയും ഈ സ്ഥാപനം നടത്തി വരുന്നു.

English summary: Namakkal poultry farms, Is Poultry Farming A Profitable Business, Poultry Farming Business, Poultry Farming Egg Production, Poultry Farming Management, Types Of Poultry Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA