ADVERTISEMENT

കേരളം തിരഞ്ഞെടുപ്പു ചൂടിലാണ്. എന്നാൽ, അതിലേറെ ചൂട് കർഷകരുടെ നെഞ്ചിലാണ്. ജനിച്ചുവളർന്ന മണ്ണ് കൈവിട്ടുപോകാതിരിക്കാൻ, നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് കർഷകർ. കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുമ്പോൾ ഒരു പറ്റം കർഷകർ തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ നിൽപ്പു സമരവുമായി തെരുവിലാണ്. സൈലന്റ് വാലി ദേശീയോദ്യാനത്തിനു ചുറ്റും വരുന്ന പരിസ്ഥിതി ലോല മേഖല (ESZ) കരടുവിജ്ഞാപനത്തിനെതിരായാണ് ഇപ്പോൾ കർഷകർ തെരുവിലിറങ്ങിയിരിക്കുന്നത്. കൂടാതെ കേരളത്തിന്റെ പല മലയോര മേഖലകളിലും വനംവകുപ്പ്–കർഷകർ സംഘർഷം ഏറിവരുന്നുമുണ്ട്. ഇത്രയേറെ പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നത്.

തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ വോട്ട് ചോദിച്ച് വീടിന്റെ പടി കടക്കേണ്ടതില്ലെന്ന് പല കർഷകരും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിനൊപ്പം സ്ഥാനാർഥികളോട് 12 ചോദ്യവുമായി കർഷക സംഘടന കിഫയും രംഗത്തെത്തി.

ഈ വരുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു വരുന്ന സ്ഥാനാർഥികളോട് കേരളത്തിലെ കർഷകർ ഉന്നയിക്കുന്ന ചോദ്യങ്ങൾ. 

1. കേരളത്തിലെ കൃഷിയിടങ്ങളിൽ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗശല്യത്തിനെതിരെ നിങ്ങളും നിങ്ങളുടെ പാർട്ടിയും മുന്നണിയും നാളിതുവരെ എന്തൊക്കെ ചെയ്തു എന്ന് വിശദീകരിക്കാമോ?

2. 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം  സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചുകൊണ്ട് കാട്ടുപന്നി,  മുള്ളൻപന്നി, കുരങ്ങ്,  മാൻ, മലയണ്ണാൻ എന്നിവയെ അടിയന്തിരമായി ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്തിൽ പ്രമേയം പാസാക്കാനും അത് നടപ്പാക്കാനും നിങ്ങൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയിലും മുന്നണിയിലും സമ്മർദ്ദം ചെലുത്താനും നിങ്ങൾ തയ്യാറാണോ?

3. വന്യജീവികളെ വളർത്തേണ്ടത് വനത്തിലാണെന്നും, അതിന്റെ പരിപൂർണമായ ഉത്തരവാദിത്തം വനം വകുപ്പിനും സംസ്ഥാന സർക്കാരിനും ആണെന്നും, സർക്കാർ ആ ഉത്തരവാദിത്തം നിറവേറ്റാതെ വന്യജീവികൾ കൃഷിയിടത്തിൽ ഇറങ്ങിയാൽ, അത്തരം വന്യജീവികളെ ഏതു മാർഗം ഉപയോഗിച്ചും നേരിടാനും കൊല്ലാനുമുള്ള അവകാശം കരഷകർക്കുണ്ടെന്നും നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പഞ്ചായത്തു ഭരണ സമിതിയിൽ പ്രമേയം പാസാക്കാൻ നിങ്ങൾ തയ്യാറാണോ? തയ്യാറാണെങ്കിൽ പഞ്ചായത്തു ഭരണ സമിതി അധികാരം ഏറ്റെടുത്ത് എത്ര ദിവസത്തിനുള്ളിൽ ഈ  പ്രമേയം നിങ്ങൾ പാസാക്കും?

4. കേരളത്തിലെ കർഷകരുടെ 35,000ൽപ്പരം ഏക്കർ ഭൂമി ഒരു രൂപ പോലും നഷ്ടപരിഹാരം കൊടുക്കാതെ ഏറ്റെടുത്തു വനമാക്കി മാറ്റിയ EFL (Ecologically Fragile Land Act 2003) എന്ന കരി നിയം നിയമം റദ്ദു ചെയ്യണമെന്നതും ഇതുവരെ ഏറ്റെടുത്ത സ്ഥലത്തിന് ന്യായമായ നഷ്ടപരിഹാരം കൊടുക്കണമെന്നതും  നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനായി എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ ചെയ്യും? എത്ര ദിവസത്തിനുള്ളിൽ ചെയ്യും?

5. കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും വരുന്ന പരിസ്ഥിതി സംവേദക മേഖല(ESZ)കളിൽ നിന്നും കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും പൂർണമായും ഒഴിവാക്കണം എന്ന കർഷകരുടെ ആവശ്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനായി നിങ്ങൾ എന്തൊക്കെ ചെയ്യും? എത്ര ദിവസത്തിനുള്ളിൽ ചെയ്യും?

6. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 92 വില്ലേജുകളിൽ, കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കണം എന്ന എന്ന കർഷകരുടെ ആവശ്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉൾപെടുത്തിക്കൊണ്ടാണ് സർകാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് എങ്കിൽ അതിനെതിരെ  നിങ്ങൾ എന്തൊക്കെ ചെയ്യും? എത്ര ദിവസത്തിനുള്ളിൽ ചെയ്യും?

7. റബർ, കൊക്കോ, കാപ്പി, തേയില തുടങ്ങിയ തോട്ടവിളകൾ രൂക്ഷമായ വിലയിടിവിനെതുടർന്നു കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം നിലവിൽ ഉള്ളതിനാൽ കേരളത്തിലെ തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി മാവ്‌, പ്ലാവ്, സപ്പോട്ട, റംബുട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങിയ ഫലവൃക്ഷങ്ങളെയും തോട്ടവിളകളായി അംഗീകരിച്ചുകൊണ്ട്  നിയമനിർമാണം നടത്തുന്നതിനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെകിൽ പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് പഞ്ചായത്തു പ്രമേയം പാസാക്കാൻ നിങ്ങൾ തയാറാണോ? ആണെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ആ പ്രമേയം പാസാക്കും?

8. കർഷകന്റെ കൃഷി ഭൂമിയിൽ നിൽക്കുന്ന ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും ഉപാധി രഹിതമായി വെട്ടാനും പുതിയത് നടാനുമുള്ള  കർഷകന്റെ അവകാശത്തെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെകിൽ പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് പഞ്ചായത്തു പ്രമേയം പാസാക്കാൻ നിങ്ങൾ തയാറാണോ? ആണെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ആ പ്രമേയം പാസാക്കും?

9. 1977 ജനുവരി 1 നു  മുൻപ് കർഷകർ കൈവശം വെച്ചിരിക്കുന്ന ഭൂമി വനഭൂമിയല്ല കൃഷി ഭൂമിയാണ് എന്ന സുപ്രീം കോടതി വിധി വന്നശേഷവും, 1977 ജനുവരി 1 നു മുൻപ് കൈവശം തെളിയിക്കുന്ന രേഖകൾ ഉള്ള കർഷകരെയും ഭൂമി സംബന്ധമായ രേഖകൾ നൽകാതെ പീഡിപ്പിക്കുന്ന നീതി നിഷേധത്തിനെതിരെ പ്രതികരിക്കാൻ നിങ്ങൾ തയ്യാറാണോ? ആണെങ്കിൽ ഇതുമായി ബന്ധപെട്ടു എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ ചെയ്യും?

10. വയനാട് ജില്ലയിൽ കടുവ സങ്കേതം വേണ്ട എന്ന് പരസ്യമായി പറയാനും അതിനെതിരെ പ്രവർത്തിക്കാനുമുള്ള ആർജവം നിങ്ങൾ കാണിക്കുമോ? നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ വയനാട്ടിൽ കടുവാ സങ്കേതം വരുന്നതിനെതിരെ പഞ്ചായത്തു പ്രമേയം പാസാക്കാൻ തയ്യാറാണോ? ആണെങ്കിൽ അധികാരമേറ്റ് എത്ര ദിവസത്തിനകം പ്രസ്തുത പ്രമേയം പാസാക്കും?

11. ഇടുക്കി ജില്ല നേരിടുന്ന വിവേചനപരമായ നിർമാണ നിയന്ത്രണങ്ങളും പട്ടയ പ്രശ്നങ്ങളും പരിഹരിക്കാൻ നിങ്ങൾ എന്ത് നടപടി സ്വീകരിക്കും?

12. മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കു വോട്ടു കിട്ടാനായി സമ്മതം പറയുകയും, വിജയിച്ചതിനു  ശേഷം ഇതൊന്നും ചയ്യാതിരിക്കുകയും ചെയ്താൽ, സ്വയം രാജി വെച്ച് പോകാനുള്ള ആർജവം നിങ്ങൾ കാണിക്കുമോ?

Englissh summary: find solution to issues of farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com