ADVERTISEMENT

റബറിന്റെ വരുമാനക്കരുത്തില്‍ നിലനിന്നിരുന്ന കേരളത്തിലെ കാര്‍ഷികമേഖല ഇന്ന് പുതിയ ഒരു  വരുമാനസ്രോതസിനെ പ്രതീക്ഷയോടെ നോക്കുകയാണ്- പഴവര്‍ഗങ്ങളെ. പരിമിത വരുമാനംകൊണ്ടു ജീവിക്കാന്‍ പ്രയാസപ്പെട്ടിരുന്ന കുടുംബത്തിലെ ഇളുമുറക്കാരനു നല്ല ജോലി ഓഫര്‍ കിട്ടിയ അവസ്ഥ!  പുതുതലമുറ പഴവര്‍ഗവിളകള്‍  സമ്പത്തുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ തോട്ടമുണ്ടാക്കുന്നവരുടെ എണ്ണം ഏറിവരികയാണ്.

ഏക്കറിൽ രണ്ടു ലക്ഷം രൂപയിലേറെ വരുമാനം പ്രതീക്ഷിക്കാവുന്ന ഏതു വിളയാണ് ഇന്ന് കേരളത്തിലുള്ളത്? ഏലമാണ് ഏക സാധ്യത. അത് പക്ഷേ ചില പോക്കറ്റുകളിൽ ഏതാനും കൃഷിക്കാർക്കു മാത്രം കിട്ടുന്ന ആദായമാണ്. ഏലത്തെക്കാൾ വരുമാനസാധ്യതയുള്ളതും കേരളത്തിന്റെ വിവിധ മേഖലകളിൽ സുസ്ഥിരകൃഷിരീതികളിലൂടെ ഉൽപാദിപ്പിക്കാവുന്നതുമായ വിളകൾ ചൂണ്ടിക്കാണിച്ചാലോ?  ഉത്സാഹിയായ ഏതു കൃഷിക്കാരനും ഒരു കൈ ശ്രമിച്ചു നോക്കുക തന്നെ ചെയ്യും. അത്തരമൊരു സാധ്യതയാണ് ഇന്ന് ഫലവൃക്ഷങ്ങൾ കേരളത്തിലെ കർഷകർക്കു വച്ചുനീട്ടുന്നത്. നാട്ടുകാരായ പ്ലാവ്, മാവ്, പൈനാപ്പിൾ, പപ്പായ എന്നിവയ്ക്കൊപ്പം വിദേശികളായ പാഷൻഫ്രൂട്ടും റംബുട്ടാനും മാങ്കോസ്റ്റിനും അവ്ക്കാഡോയും ദുരിയനുമൊക്കെയുണ്ട്. അപരിചിതരായിരുന്ന ലോംഗനും അബിയുവും അച്ചാച്ചെറുവുമൊക്കെ ഇവർക്ക് പിൻഗാമികളായി എത്തുന്നുമുണ്ട്.

പൈനാപ്പിളാണ് പഴവർഗക്കൃഷിയുടെ വാണിജ്യസാധ്യതകൾ കേരളത്തിനു ചൂണ്ടിക്കാണിച്ചതെന്നു പറയാം.  പാഷൻഫ്രൂട്ട്, ചക്ക എന്നീ പഴവർഗങ്ങളുടെ കൃഷിയിലും അടുത്ത കാലത്ത് ചില മുന്നേറ്റങ്ങളുണ്ടായി.  വീട്ടുവളപ്പുകളിലെ അതിഥികളായെത്തിയ റംബുട്ടാൻ, മാങ്കോസ്റ്റിൻ, ദുരിയൻ എന്നിവ ഉൾപ്പെടെ ഒരുകൂട്ടം വിദേശപഴവർഗങ്ങൾക്കും കേരളത്തിൽ വാണിജ്യ ഉൽപാദനസാധ്യതയുണ്ടെന്ന് നാം തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു വിളകൾ പരാജയം രുചിക്കുന്ന കേരളത്തിൽ  ഇത്തരം പഴവർഗങ്ങളിലാണ് കൃഷിയുടെ ഭാവി.  പഴവർഗക്കൃഷിയുടെ സാധ്യത എത്ര വലുതാണെന്നും എങ്ങനെ പ്രയോജനപ്പെടുത്താമെന്നുമാണ് ഈ  അന്വേഷണം. 

രണ്ടു ഘടകങ്ങളാണ് കേരളത്തിൽ പഴവർഗക്കൃഷിക്ക് വഴിയൊരുക്കുന്നത്. 1. ആരോഗ്യബോധം കൂടുതലുള്ള പുതുതലമുറ പഴങ്ങളോടു കാണിക്കുന്ന താൽപര്യം 2. രാജ്യാന്തരവിപണിയുള്ള ഉഷ്ണമേഖലാ പഴവർഗങ്ങൾക്കു യോജിച്ച മണ്ണും കാലാവസ്ഥയും. ഈ രണ്ടു സാഹചര്യങ്ങളെയും പ്രയോജനപ്പെടുത്തി പഴവർഗക്കൃഷിയിലൂടെ കേരളത്തിലെ കൃഷിക്കാർക്ക് സ്വപ്നതുല്യമായ നേട്ടങ്ങളുണ്ടാക്കാൻ സാധ്യതയേറെയാണെന്ന് കാർഷിക വിദഗ്ധരും നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഈ സാധ്യതകളിലെ നെല്ലും പതിരും വേർതിരിച്ച് ഭാവനാപൂർണമായി ഉപയോഗപ്പെടുത്തണമെന്നു മാത്രം.

കേരളത്തിലും മാറ്റങ്ങൾ

സംസ്ഥാനത്ത് പഴവര്‍ഗക്കൃഷിയില്‍ നിക്ഷേപം നടത്തുന്നവര്‍ ഏറിവരികയാണ്. കേരളത്തിലുടനീളം ആരംഭിച്ചിരിക്കുന്ന ഫലവർഗ നഴ്സറികളും സംസ്കരണശാലകളുമൊക്കെ ഈ രംഗത്ത് പൊതുവെയുള്ള ഉണര്‍വിന്റെയും ആത്മവിശ്വാസത്തിന്റെയും സൂചന തന്നെ. അമ്പതും നൂറും അതിലധികവും വിദേശ ഇനങ്ങള്‍ നട്ടുവളര്‍ത്തുന്ന പഴത്തോട്ടങ്ങൾ വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്. എന്തിനധികം, കൃഷിയിടത്തിന്റെ അരികുകളില്‍ അവഗണിക്കപ്പെട്ടു കിടന്നിരുന്ന പ്ലാവിനുപോലും ഇപ്പോള്‍ നമ്മുടെ നാട്ടില്‍ തോട്ടങ്ങളായി. മൈക്രോസോഫ്റ്റില്‍ നിന്ന് ചക്കയുടെ അപ്പസ്തോലനായി എത്തിയ ജയിംസ് ജോസഫ് മുതല്‍ ചക്കസംസ്കരണകേന്ദ്രങ്ങളും ചക്കക്കടകളുമൊക്കെ നടത്തുന്ന ചെറുകിട സംരംഭകർ വരെ ഈ മുന്നേറ്റത്തില്‍ പങ്കാളികളാണ്. പ്ലാവ് മാത്രമല്ല, പൈനാപ്പിളും പാഷന്‍ഫ്രൂട്ടുമൊക്കെ വരുമാനമേകുമെന്ന് കൃഷിക്കാര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. 

13 വര്‍ഷം മുമ്പ് റംബുട്ടാന്‍, മാങ്കോസ്റ്റിന്‍, പുലാസന്‍ എന്നിവയുടെ നഴ്സറിയുമായി പഴവര്‍ഗക്കൃഷിയില്‍ പുതിയ പാത വെട്ടാന്‍ ധൈര്യം കണിച്ച മൂന്നു യുവസംരംഭകരാണ് ഈ രംഗത്തെ വഴികാട്ടികൾ. കാഞ്ഞിരപ്പള്ളി കൊണ്ടൂപ്പറമ്പിൽ ജോസ് ജേക്കബ്, സഹോദരൻ  റെനി, കസിൻ ജോജോ എന്നിവർ ചേർന്ന് നാലര ഏക്കര്‍ റബര്‍തോട്ടം വെട്ടിനീക്കി തുടക്കം കുറിച്ച ഹോംഗ്രോണ്‍ നഴ്സറി ഇപ്പോൾ 70 ഏക്കറിലേക്ക് വളർന്നുകഴിഞ്ഞു. ആകെ 31 ഉഷ്ണമേഖലാപഴവർഗങ്ങളും അവയുടെ ഇനഭേദങ്ങളും ഇവിടെയുണ്ട്.  200 പേര്‍ക്ക് നേരിട്ടു തൊഴില്‍ നല്‍കുന്ന കാര്‍ഷിക സംരംഭമാണിത്. വര്‍ഷംതോറും ഹോംഗ്രോൺ വിറ്റഴിക്കുന്ന 7 ലക്ഷം ഫലവര്‍ഗത്തൈകള്‍ പഴവര്‍ഗങ്ങളില്‍ കാര്‍ഷികകേരളത്തിനുള്ള താല്‍പര്യവും പ്രതീക്ഷയും വ്യക്തമാക്കുന്നു.   

സാധ്യതകൾ

നമ്മുടെ നാടിന്റെ സവിശേഷ കാലാവസ്ഥയും ഭൂപ്രകൃതിയും പഴവർഗക്കൃഷിക്ക് തികച്ചും യോജ്യമാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. വിശേഷിച്ച് ഉഷ്ണമേഖലാ പഴവർഗങ്ങൾക്ക് മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും കാലാവസ്ഥ അത്ര അനുകൂലമല്ല. നിലവിൽ ഈ രംഗത്തു നേട്ടം കൊയ്യുന്ന ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളായ മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം, ഇന്തൊനേഷ്യ തുടങ്ങിയവയോടു മാത്രമേ മത്സരിക്കേണ്ടിവരുന്നുള്ളൂ.  ഇന്ത്യയോളം വികസിതമെന്ന് അവകാശപ്പെടാനാവാത്ത ഈ രാജ്യങ്ങൾ പഴവർഗക്കൃഷിയിലൂടെ സ്വന്തമാക്കുന്ന നേട്ടങ്ങൾ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതു തന്നെ. ആകെ 9,23,300 ഹെക്ടര്‍ സ്ഥലത്തുനിന്ന് 94.8  ലക്ഷം ടണ്‍ പഴവര്‍ഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിയറ്റ്നാം തന്നെ മികച്ച ഉദാഹരണം. വർഷംതോറും  350-400 കോടി ഡോളറിന്റെ പഴവര്‍ഗങ്ങള്‍ അവര്‍ 60 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 12 ലക്ഷം ടണ്‍ ഡ്രാഗണ്‍ ഫ്രൂട്ട് അവര്‍ മറ്റു രാജ്യങ്ങളിലെത്തിച്ചു. ചൈനയിലേക്കു മാത്രം  265 കോടിയുടെ പഴങ്ങളാണ്  ഒരു വർഷം കയറ്റുമതി ചെയ്യുന്നത്, വൈകാതെ പ്രതിവർഷ പഴവര്‍ഗകയറ്റുമതി 1000 കോടി ഡോളറാക്കാനുള്ള ശ്രമത്തിലാണവര്‍.  

അതേസമയം ലോകവിപണിയിൽ വേണ്ടത്ര ഡിമാൻഡുള്ളതിനാൽ ഇന്ത്യൻ വിപണിയിലേക്ക് ഈ രാജ്യങ്ങൾ കടന്നുകയറാനുള്ള സാധ്യത വിദൂരമാണ്. സൂക്ഷിപ്പുകാലം കുറവായതിനാൽ വിമാനമാർഗം മാത്രമെ  പഴങ്ങൾ കൊണ്ടുവരാനാവൂ. വിമാനങ്ങളിലെ കടത്തുകൂലി ഭീമമായതിനാൽ കുരുമുളകും റബറുമൊക്കെ കൊണ്ടുവരുന്നതുപോലെ കുറഞ്ഞ വിലയ്ക്ക് പഴങ്ങൾ ഇവിടേക്ക് ഇറക്കുമതി ചെയ്യാനാകില്ല. 

അതേസമയം കേവലം 2500 കി.മീ. മാത്രം അകലെയുള്ള ഗള്‍ഫ് വിപണിയിൽ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളെക്കാൾ കുറഞ്ഞ ചെലവിലും പെട്ടെന്നും പഴവർഗങ്ങളെത്തിക്കാൻ നമുക്കു സാധിക്കും.  ഇരട്ടിയിലധികം ദൂരത്തിലുള്ള തായ്‌ലന്‍ഡിനും മലേഷ്യയ്ക്കുമൊക്കെ ഗള്‍ഫിലേക്ക് കൂടുതല്‍ കടത്തുകൂലി നല്‍കേണ്ടിവരുന്നതാണ് കാരണം. 17,000 കിലോമീറ്റര്‍ അകലെയുള്ള  പെറുവില്‍നിന്നും 19,600 കിലോമീറ്റര്‍ അകലെയുള്ള ചിലിയില്‍നിന്നും 12,800 കിലോമീറ്റര്‍ അകലെയുള്ള മെക്സിക്കോയില്‍നിന്നുമൊക്കെ ചൈനാക്കാര്‍ വെണ്ണപ്പഴം (അവ്ക്കാഡോ) വാങ്ങുന്നുണ്ട്. ഈ സാഹചര്യത്തിൽ 4000 കിലോമീറ്റര്‍ മാത്രം അകലെയുള്ള  കേരളത്തിനു  ചൈനീസ് വിപണിയും ലക്ഷ്യമിടാം.       

ആഭ്യന്തരവിപണി ശരിയായി വികസിപ്പിച്ചാൽതന്നെ അവസരങ്ങളുടെ കൂമ്പാരമാണ് കേരളത്തിലെ പഴവർഗ കർഷർക്കുള്ളത്. രാജ്യത്താകെ 13 മെട്രോ നഗരങ്ങളുണ്ട്. പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ള  നഗരങ്ങൾ അമ്പതോളം വരും. ഇത്രയും നഗരങ്ങൾ മതി കേരളത്തിൽ വിളയുന്ന പഴവർഗങ്ങൾ വിറ്റു തീർക്കാൻ. ഇവർക്കൊക്കെ വേണ്ട റംബുട്ടാനും മാങ്കോസ്റ്റിനും ദുരിയനുമൊക്കെ നൽകാൻ നമുക്കേ കഴിയൂ . കേരളത്തിനു പുറത്ത് ഇവയുടെ ഉൽപാദനം കർണാടകത്തിലെ ചില പോക്കറ്റുകളിൽ മാത്രം. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കൂടി പഴവർഗക്കൃഷിയിലേക്കു വന്നാലും വിശാലമായ ആഭ്യന്തരവിപണിയിൽ കാര്യമായ മത്സരമുണ്ടാകില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.   മറ്റൊന്ന് ഓഫ് സീസൺ സാധ്യതകളാണ്. മറ്റ് മേഖലകളിൽ ഉൽപാദനമില്ലാത്ത കാലത്ത് കേരളത്തിൽ വിളയുന്ന പഴവർഗങ്ങളുണ്ട്.  ഇത്തരം ഓഫ് സീസൺ മാസങ്ങളിൽ അവയ്ക്ക് പ്രീമിയം വില നേടാനാകും.

നാലു സീസണുകളിലായി വർഷം മുഴുവൻ ഏതെങ്കിലും  പഴവർഗങ്ങളുടെ ഉൽപാദനം സാധ്യമാകുന്ന കാലാവസ്ഥയാണ് കേരളത്തിലുള്ളത്. ഹൈറേഞ്ചിലെ തോട്ടങ്ങളിൽ മാത്രമല്ല, ഇടനാട്ടിലെ  കൃഷിയിടങ്ങളിലും  സമുദ്രനിരപ്പിലും താഴ്ന്ന കുട്ടനാട്ടിലുമൊക്കെ കൃഷി ചെയ്യാവുന്ന  ഫലവൃക്ഷങ്ങളുണ്ട്. വൈവിധ്യസമ്പൂർണമായ ഒരു പഴക്കൂടയായി കേരളത്തിനു വളരാനാകുമെന്നു സാരം.

തൊഴിലവസരങ്ങൾ

സംസ്ഥാനത്ത് ആകെ രണ്ടര ലക്ഷം ഹെക്ടറെങ്കിലും പഴവർഗക്കൃഷിക്കു യോജിച്ചതാണ്. ഇത്രയും സ്ഥലത്തെ പഴവർഗക്കൃഷിയിലൂടെ രണ്ടു കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാവുമെന്നാണ് ഒരു കണക്ക്.  കൃഷിക്കാരുടെ വരുമാനത്തിലുണ്ടാകുന്ന വർധനയാണ് ശ്രദ്ധേയം– ഏക്കറിന് 8 ലക്ഷം രൂപ വരെ വരുമാനം നേടാൻ പഴവർഗക്കൃഷിയിലൂടെ സാധിക്കുമത്രെ. ‌പൂർണമായി വികസിച്ചാൽ 46,000 കോടി രൂപയുടെ കാർഷികസമ്പദ് വ്യവസ്ഥ പഴവർഗക്കൃഷിയിലൂടെ ഇവിടെ സൃഷ്ടിക്കാനാവും. പക്ഷേ, ഭാവനാപൂർണമായ നയങ്ങളും നടപടികളും  അതിനാവശ്യമാണ്. നിലവിലുള്ള തോട്ടവിളകളുമായി താരതമ്യപ്പെടുത്തുമ്പോള്‍  ഫലവര്‍ഗക്കൃഷിയില്‍ വളരെയേറെ തൊഴില്‍ സാധ്യതകളുണ്ട്. കൃഷിയും വിളവെടുപ്പും മുതല്‍ പ്രാഥമിക സംസ്കരണം, പായ്ക്കിങ്, മൂല്യവര്‍ധന, സംഭരണ വിതരണശൃംഖല  എന്നീ മേഖലകളിലും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടും. ബഡിങ്, ഗ്രാഫ്റ്റിങ്, കമ്പുകോതൽ തുടങ്ങി വൈദഗ്ധ്യമാവശ്യമുള്ള ജോലികൾ അറിയാവുന്നവർക്ക് മികച്ച വരുമാനം നേടാനാകും.  ഗ്രാമങ്ങളിലാവും ഈ അവസരങ്ങളിലേറെയും. കൃഷിക്കാരുടെ വരുമാനം വര്‍ധിക്കുന്നതിന് ആനുപാതികമായി തൊഴിലാളികളുടെ വേതനവും മെച്ചപ്പെടും. വന്‍തോതില്‍ ഉല്‍പാദനമുണ്ടായാലേ വിപണനസാധ്യതകളും വളരുകയുള്ളൂ. പഴവര്‍ഗങ്ങളുടെ ഉല്‍പാദവും വിപണനവും വര്‍ധിക്കുന്നത് സംസ്ഥാനത്തിന്റെ  വരുമാനവും വര്‍ധിപ്പിക്കും.

ഭൂമിയുടെ ലഭ്യത

വാണിജ്യാടിസ്ഥാനത്തിൽ പഴവർഗക്കൃഷി ചെയ്യാൻ കേരളത്തിൽ ഇനി സ്ഥലമെവിടെ എന്ന് സംശയമുണ്ടാകാം. അതിനുള്ള ഉത്തരം തോട്ടം മേഖലയിലാണുള്ളത്. റബർ, തേയില, കാപ്പി മേഖലകളിലെ നൂറുകണക്കിനു തോട്ടങ്ങൾ തുടർച്ചയായ നഷ്ടം മൂലം പ്രവർത്തനം നിലച്ച സ്ഥിതിയിലാണ്. 13 തോട്ടങ്ങൾ അടച്ചുപൂട്ടി;  മൂവായിരത്തിലധികമാളുകൾക്കാണ് ഇതുവഴി ജോലി നഷ്ടപ്പെട്ടത്. അടച്ചുപൂട്ടാത്ത തോട്ടങ്ങളിൽപോലും നാമമാത്ര പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നത്. ആവർത്തനക്കൃഷിയും  വളമിടലുമൊക്കെ പലരും ഉപേക്ഷിച്ചു. തൊഴിലാളികൾ മറ്റു മേഖലകളിലേക്ക് ജോലി തേടി പോകാൻ നിർബന്ധിതരാകുന്നു. ഏഴു വർഷം മുമ്പ് 21,000 കോടി രൂപയുടെ ഉൽപാദനമുണ്ടായിരുന്ന തോട്ടങ്ങളിൽ ഇപ്പോൾ ലഭിക്കുന്നത് 9900 കോടി രൂപ മാത്രം.

ഈ ദുസ്ഥിതിക്ക് മാറ്റം വരുത്താൻ പഴവർഗക്കൃഷിക്കു സാധിക്കും. റബറിനും കാപ്പിക്കും തേയിലയ്ക്കും ബദലെന്ന നിലയിൽ പ്ലാവും പൈനാപ്പിളും റംബുട്ടാനും മാങ്കോസ്റ്റിനുമൊക്കെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാം.  എല്ലാ തോട്ടങ്ങളും പഴവർഗത്തോപ്പുകളായി മാറ്റുകയല്ല വേണ്ടത്. അത് പ്രായോഗികവുമല്ല. കേരളത്തില്‍ ഫലവർഗക്കൃഷിക്ക് യോഗ്യമായതില്‍ 10 ശതമാനം സ്ഥലത്തു മാത്രമെ നനയ്ക്കാൻ സൗകര്യമുണ്ടാവുകയുള്ളൂവെന്ന് പ്രമുഖ പഴവർഗ സംരംഭകനായ ഷാജി കൊച്ചുകുടി ചൂണ്ടിക്കാട്ടുന്നു . സൗകര്യമുണ്ടെങ്കിൽപോലും  50 ശതമാനം കൃഷിക്കാര്‍ മാത്രമെ ഇങ്ങനെയൊരു ചുവടുമാറ്റത്തിനു സന്നദ്ധരാവുകയുള്ളൂ.  സംസ്ഥാനത്തെ അഞ്ചരലക്ഷം ഹെക്ടര്‍ റബര്‍തോട്ടങ്ങളുടെ മൂന്നിലൊന്നെങ്കിലും പഴവര്‍ഗങ്ങള്‍ക്കായി നീക്കിവയ്ക്കാനായാല്‍ നാടിന്റെ സാമ്പത്തികസ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകും.  പരമാവധി 4–5 വർഷത്തിനുള്ളിൽ ആദായമേകിത്തുടങ്ങുന്ന പഴവർഗവിളകൾ തോട്ടം മേഖലയുടെ  വളർച്ചയ്ക്കു വഴിതെളിക്കും.  വരുമാന സാധ്യത മാത്രമല്ല, പഴവർഗങ്ങളെ തോട്ടം മേഖലയുടെ പുതുസാധ്യതയാക്കി മാറ്റുന്നത്.  സുസ്ഥിര കൃഷിരീതികൾ സാധ്യമാണെന്നതും രാജ്യാന്തര– ആഭ്യന്തരവിപണിയിൽ ഡിമാൻഡുണ്ടെന്നതുമൊക്കെ  അവയെ ഉൽപാദകരുടെ പ്രിയവിളകളാക്കി മാറ്റുന്നു. 

സംസ്ഥാനത്ത്  ആകെ 30,205 ഹെക്ടർ തേയിലത്തോട്ടങ്ങളും 84,987 ഹെക്ടർ കാപ്പിത്തോട്ടങ്ങളുമാണുള്ളത്. ഈ എസ്റ്റേറ്റുകളുടെ  ഹരിതമേലാപ്പ് നഷ്ടപ്പെടുത്താതെ തന്നെ  ഇടവിളയായി ഫലവൃക്ഷങ്ങൾ വളർത്താനാവും. ഉൽപാദനത്തിൽ കുതിച്ചുചാട്ടമുണ്ടാകുന്നതിനും വിപണി പങ്കാളിത്തം വർധിക്കുന്നതിനും തോട്ടം മേഖലയിലെ  പഴവർഗക്കൃഷി ആവശ്യമാണ്.  വലിയ തോതിലുള്ള ഫലവൃക്ഷക്കൃഷി ഉടന്‍  ആരംഭിച്ചാല്‍ മാത്രമെ 5 വര്‍ഷത്തിനുള്ളില്‍  ആഭ്യന്തരവിപണിയിലും കയറ്റുമതി വിപണിയിലും  പ്രസക്തമായ തോതില്‍ ഉല്‍പാദനം സാധ്യമാകൂ.  ചെറുകിട കർഷകർക്കിടയിൽ  15 വര്‍ഷമായി ഫലവര്‍ഗക്കൃഷി  പ്രചരിക്കുന്നുണ്ടെങ്കിലും സമ്പദ് വ്യവസ്ഥയില്‍  കാര്യമായ ചലനമുണ്ടാക്കുന്ന വിധത്തില്‍ വളരാന്‍ സാധിച്ചിട്ടില്ലെന്നോർക്കണം.  ജലലഭ്യത പോലുള്ള പ്രശ്നങ്ങള്‍ക്കൊപ്പം വലിയ തോതിലുള്ള മുതല്‍മുടക്കിനും നഷ്ടസാധ്യത നേരിടുന്നതിനും ചെറുകിട കര്‍ഷകര്‍ക്കുള്ള പേടിയും ഇതിനു കാരണമാണ്. 

വൻകിട സംരംഭകർ പഴവർഗക്കൃഷിയിലേക്ക് കടന്നുവന്നാൽ ഈ മേഖലയിലെ അടിസ്ഥാനസൗകര്യവികസനത്തിൽ കൂടുതൽ മുതൽമുടക്കുണ്ടാകും. പായ്ക്ക് ഹൗസുകളും  ശീതീകൃത സംഭരണ– വിതരണ ശൃംഖലയുമൊക്കെ വ്യാപകമാകുന്നത് ചെറുകിടക്കാർക്കുകൂടി പ്രയോജനപ്പെടും.  എസ്റ്റേറ്റുകൾ പഴവർഗക്കൃഷിയിലേക്കു കടന്നുവരികയാണെങ്കിൽ കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്താനാവും. അതിനാവശ്യമായ അടിസ്ഥാനസൗകര്യവും വിപണിപഠനവുമൊക്കെ ഏർപ്പെടുത്താനുള്ള ആളും അർഥവുമൊക്കെ എസ്റ്റേറ്റ് ഉടമകൾക്കുണ്ടാവും.  ഇതുവഴി വര്‍ധിക്കുന്ന തൊഴിലവസരങ്ങളും മൂല്യവര്‍ധനാസംരംഭങ്ങളില്‍നിന്നു ലഭിക്കാവുന്ന വരുമാനവും വലുതായിരിക്കും. നാടിന്റെ പോഷകസുരക്ഷയ്ക്കും പുതുതലമുറയെ കൃ‍ഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും പഴവര്‍ഗങ്ങള്‍ക്കുള്ള സാധ്യത  പരിഗണിക്കേണ്ടതുതന്നെ. തോട്ടവിളയായി മാറിയാല്‍ മാത്രമേ വന്‍തോതിലുള്ള പഴവര്‍ഗ ഉല്‍പാദനത്തിലൂടെ ഈ നേട്ടങ്ങള്‍ യാഥാര്‍ഥ്യമാക്കാനാവൂ.  ചെറുകിട– ഇടത്തരം പഴത്തോട്ടങ്ങളിലാണ് പരിപാലനം കൂടുതൽ കാര്യക്ഷമമായി നടക്കുക. എന്നാൽ പുതിയ ഒരു മേഖലയെന്ന നിലയിൽ വൻകിട സംരംഭകരുടെ സാന്നിധ്യം പഴവർഗക്കൃഷിക്ക് ബാലാരിഷ്ടതകൾ അതിജീവിച്ചു വളരാനാവശ്യമായ ഊർജം  പകരും. 

തോട്ടം മേഖലയിൽ പഴവർഗക്കൃഷി അനുവദിക്കുന്നത് സർക്കാർതലത്തിൽ സജീവപരിഗണനയിലാണ്. ശരിയായി നടപ്പായാൽ പുതിയൊരു ഉൽപാദനവിപ്ലവത്തിനാവും ഇത് തുടക്കം കുറിക്കുക. പരിസ്ഥിതിക്കോ സമൂഹത്തിനോ ഒരു ദോഷവുമുണ്ടാക്കാതെ, പോഷകസുരക്ഷയും വരുമാനസുരക്ഷയും ഉറപ്പാക്കുന്ന ഈ പരിഷ്കാരം പൂർണതോതിൽ നടപ്പാക്കാൻ അനുവദിക്കുകയാണ് വേണ്ടത്.  പരിമിതമായ തോതിൽ മാത്രം പഴവർഗക്കൃഷി അനുവദിക്കുന്നത്  ഈ സംരംഭത്തിന്റെ സാമ്പത്തികക്ഷമത ഇല്ലാതാക്കും.  

നീര പോലെ പ്രയോജനരഹിതമായ പരിഷ്കാരമാകാതിരിക്കാൻ ഈ രംഗത്തെ സംരംഭകർക്ക് പൂർണസ്വാതന്ത്ര്യം അനുവദിക്കുകയും വേണം.  തൊഴിലും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട് ഏതു പഴവും  ഏത് അളവിലും ഉൽപാദിപ്പിക്കട്ടെ. അതിന്റെ മധുരം ഈ നാടിനാകെ ലഭിക്കുമല്ലോ?

പൈനാപ്പിൾ പാഠങ്ങൾ

സർക്കാർ ഏജൻസികളുടെ സാമ്പത്തിക, സാങ്കേതിക പിന്തുണ ലഭിച്ച വാഴക്കൃഷിയെക്കാൾ നേട്ടമുണ്ടാക്കാൻ പൈനാപ്പിൾ കൃഷിക്കു സാധിച്ചു. സ്വന്തം പരിശ്രമത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും വാഴക്കുളത്തെ  കൃഷിക്കാരുണ്ടാക്കിയ  ഈ നേട്ടം പുതുവിളകൾ പരീക്ഷിക്കുന്നവർക്കെല്ലാം പാഠമാകേണ്ടതുതന്നെ. സർക്കാർ ഏ‍ജൻസികളുടെ സേവനത്തിനായി  കാത്തുനിൽക്കാതെ വിപണികേന്ദ്രീകൃതമായ ഉൽപാദനം നടത്തി സ്വന്തം കാലിൽ നിൽക്കാനായിരുന്നു അവരുടെ ശ്രമം.   ആവർത്തനക്കൃഷി നടക്കുന്ന റബർതോട്ടങ്ങളിലെ സ്ഥല ലഭ്യത പ്രയോജനപ്പെടുത്തി വിസ്തൃതിയും ഉൽപാദനവും വർധിപ്പിച്ച അവർക്ക് പുതിയ വിപണികൾ കണ്ടെത്തി വികസിപ്പിക്കാനും സാധിച്ചു.   

വിപണിക്കനുസരിച്ച് കൃഷിയിൽ വരുത്തിയ മാറ്റങ്ങളാണ് ഈ വിജയത്തിനു കാരണമെന്ന് പ്രമുഖ പൈനാപ്പിൾ കർഷകനായ  ബേബി ജോൺ പേടിക്കാട്ടുകുന്നേൽ ചൂണ്ടിക്കാട്ടുന്നു. എൺപതുകളിൽ എറണാകുളം നഗരത്തിൽ വിപണി കണ്ടെത്തിയ പൈനാപ്പിൾ കൃഷിക്കാർ  ക്രമേണ ബെംഗളൂരുവിലും മുംബൈയിലും ഡൽഹിയിലും  വിപണി കണ്ടെത്തി. വിപണിക്കനുസരിച്ച് ഉൽപാദന രീതികളിൽ മാറ്റം വരുത്തിയതും വിജയത്തിന്റെ പ്രധാന ഘടകമായിരുന്നു. തുടക്കത്തിൽ  സംസ്കരണത്തിനു പറ്റിയ ‘ക്യൂ’ ഇനം കൃഷി ചെയ്തിരുന്നവർ  നഗരവിപണികൾക്കായി ‘മൗറീഷ്യസ്’ എന്ന ടേബിൾ വെറൈറ്റിയിലേക്കു മാറി. മുംബൈ വിപണിക്കായി പച്ച കന്നാര ഉൽപാദിപ്പിച്ചു തുടങ്ങിയതായിരുന്നു മറ്റൊരു പ്രധാന മാറ്റം. പുതിയ വിപണികൾ കണ്ടെത്തുന്നതനുസരിച്ച് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി വിസ്തൃതമാക്കാൻ സാധിച്ചതോടെ സമ്പത്ത് സൃഷ്ടിക്കുന്ന വിളയായി പൈനാപ്പിൾ വളരുകയായിരുന്നു. ഒരു ഏക്കറിൽ ശരാശരി പത്തു ടൺ  ഉൽപാദനം പ്രതീക്ഷിക്കാവുന്ന പൈനാപ്പിൾ വർഷം തോറും പുതുതായി പത്തേക്കറെങ്കിലും പാട്ടത്തിനെടുത്തു കൃഷി ചെയ്തു മികച്ച വരുമാനം നേടുന്ന ഒട്ടേറെ സംരംഭകരുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പ് 4-5 ലോഡ് പൈനാപ്പിള്‍ പോയിരുന്ന  സ്ഥാനത്ത്  ഇപ്പോള്‍ ദിവസേന 100 ലോഡ് പൈനാപ്പിളാണ് കേരളത്തില്‍നിന്നു കയറിപ്പോകുന്നത്. സീസണില്‍ ഇത് 150 ലോഡ് വരെയാകും. പതിനായിരക്കണക്കിനു തൊഴിലാളികള്‍ക്കാണ് ഈ രംഗത്ത് തൊഴില്‍ ലഭിക്കുന്നത്. സംസ്ഥാനത്തിനു ഗണ്യമായ നികുതിവരുമാനവും ഇതിലൂടെ ലഭിക്കുന്നുണ്ട്.

English summary: Most Profitable Fruits to Grow in Kerala, Fruit trees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com