ADVERTISEMENT

അറുനൂറ്റിമംഗലത്തെ ഈ എട്ടേക്കര്‍ തോട്ടത്തില്‍ വന്നാല്‍ നേട്ടം രണ്ട്. ലോകത്തിന്റെ വിദൂരകോണുകളില്‍നിന്നുള്ള ആയിരത്തോളം ഉഷ്ണമേഖലാഫലവൃക്ഷങ്ങള്‍ കാണാമെന്നതാണ് ആദ്യത്തെ കാര്യം. ആമസോണ്‍ വനാന്തരങ്ങളില്‍നിന്നും മെക്കോങ് നദീതടത്തില്‍നിന്നുമൊക്കെയുള്ള  വിശിഷ്ട ഫലങ്ങള്‍ വയറുനിറയെ കഴിക്കാനാവുമെന്നത് രണ്ടാമത്തെ കാര്യം. മുന്തിയ വിലയുള്ള പഴങ്ങള്‍പോലും സന്ദര്‍ശകര്‍ക്കായി നീക്കിവച്ചിരിക്കുകയാണ് തോട്ടത്തിന്റെ ഉടമയായ പ്രശാന്ത്.  ഇഷ്ടമുള്ള പഴങ്ങളുടെ സീസണില്‍തന്നെ ഇവിടെ എത്തണമെന്നു മാത്രം. പഴങ്ങള്‍ക്കു വില ഈടാക്കാത്ത പ്രശാന്ത് പക്ഷേ അവയുടെ കുരു തിരികെ ചോദിക്കും, കിളിര്‍പ്പിക്കാനാണ്. തോട്ടത്തിലുണ്ടാകുന്ന എല്ലാ പഴങ്ങളും തൈകളാക്കി കൂടുതലാളുകള്‍ക്ക് ലഭ്യമാക്കുക എന്ന ദൗത്യത്തിലാണ്  ഐനെറ്റ് ഇന്‍ഫോടെക് എന്ന ഐടി കമ്പനിയുടെ ഉടമ കൂടിയായ പ്രശാന്ത്. 

മുറിച്ചുവില്‍ക്കാനായി വാങ്ങിയ സ്ഥലത്തെ കെട്ടിടം ഗസ്റ്റ് ഹൗസാക്കി ഉപയോഗിച്ചുവരികയായിരുന്നു ഐനെറ്റ്. അതിനു ചുറ്റും ഏതാനും  ഫലവൃക്ഷത്തൈകൾ നട്ടപ്പോൾ പ്രശാന്ത് ഓർത്തിരുന്നില്ല, ഒരു കാർഷിക സംരംഭത്തിലേക്കുള്ള ആദ്യ ചുവടുവയ്പാണ് അതെന്ന്. വിദേശ പഴവർഗങ്ങൾ അതിഥികൾക്ക് കൗതുകകരമാകട്ടെയന്നു മാത്രമായിരുന്നു അന്നത്തെ ചിന്ത. എന്നാൽ പഴവർഗപ്രേമം തലയ്ക്കു പിടിച്ചതോടെ റിയൽ എസ്റ്റേറ്റ് സംരംഭം അഗ്രിബിസിനസിനു വഴിമാറി. ആദ്യം പ്ലാവ് നട്ടെങ്കിലും തൈകളുടെ നിലവാരക്കുറവ് മൂലം ഉപേക്ഷിക്കുകയായിരുന്നു. അവയ്ക്കിടയിലൂടെ വിദേശ ഇനങ്ങൾ ഓരോന്നായി വളർന്നുതുടങ്ങി. ക്രമേണ നാടിനു ചേരുന്ന വിദേശപഴവർഗങ്ങളുടെ  മികച്ച ശേഖരമായി പ്രശാന്തിന്റെ ഐനെറ്റ് ഫാം വളർന്നു, വിശേഷിച്ച് അവക്കാഡോ, ജബോട്ടിക്കാബ, അബിയു, ലോങ്ങൻ എന്നിവയുടെ തൈ ഉൽപാദനത്തില്‍ ഐനെറ്റ് ഏറെ മുന്നേറിക്കഴിഞ്ഞു. താമസവും ബിസിനസുമെല്ലാം എറണാകുളത്താണെങ്കിലും പ്രശാന്തിന്റെ ഗസ്റ്റ് ഹൗസും ഫാമും അറുനൂറ്റിമംഗലത്താണ് . ലോക്ഡൗണിനു തൊട്ടുമുമ്പുവരെ വിദേശികളും സ്വദേശികളുമായ പഴവർഗപ്രേമികൾ ഐനെറ്റ് ഫാമിന്റെ അതിഥികളായി എത്തുക പതിവായിരുന്നു. വിവിധ ദേശങ്ങളിലെ പഴച്ചെടികളും അവയെക്കുറിച്ചുളള അറിവുകളും പങ്കു വയ്ക്കാൻ ഇതു സഹായകമായി.

എട്ടു വർഷത്തെ തുടർച്ചയായ പരിശ്രമത്തിലൂടെ  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു തേടിപ്പിടിച്ചു വളർത്തിയെടുത്തതാണ് തന്റെ ഫാമിലെ ഫലവൃക്ഷങ്ങളെന്ന് പ്രശാന്ത്. വാണിജ്യസാധ്യതയുള്ള ഫലവൃക്ഷങ്ങളുടെ നിലവാരമുള്ള തൈ ഉൽപാദനത്തിനായി ഈ മാതൃവൃക്ഷശേഖരം പ്രയോജനപ്പെടുന്നു. നമ്മുടെ നാട്ടിൽ അധികമാർക്കും ഇത്രയും നിലവാരവും വൈവിധ്യവുമുള്ള ഫലവൃക്ഷശേഖരമുണ്ടാവില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കമ്പനി ആവശ്യങ്ങൾക്കുള്ള വിദേശയാത്രകളാണ് പ്രശാന്തിനെ എക്സോട്ടിക് ഫ്രൂട്ട്സിലേക്ക് ആകർഷിച്ചത്. ഓരോ യാത്രയിലും അദ്ദേഹത്തിന്റെ ശേഖരത്തിലേക്ക് പുതിയ ഇനങ്ങൾ വന്നുകൊണ്ടിരുന്നു. പല  രാജ്യങ്ങളിലെയും ഫലവർഗ കൃഷിക്കാരുമായും നഴ്സറികളുമായും അടുത്ത ബന്ധം സ്ഥാപിക്കാനും ഇത് ഉപകരിച്ചു. പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകളിലൂടെ വളർന്ന ഈ ബന്ധമാണ് ഇപ്പോൾ ഐനെറ്റ് ഫാമിന്റെ കരുത്ത്. അപൂർവ ഇനങ്ങളുടെ ഏദൻതോട്ടം ഫലം നൽകിത്തുടങ്ങിയതോടെ അവയുടെ തൈകൾ ആവശ്യപ്പെടുന്നവരും വർധിച്ചു . അങ്ങനെയാണ് വിദേശ ഫലവര്‍ഗങ്ങളുടെ വലിയ ശേഖരവുമായി രണ്ടു വര്‍ഷം മുൻപ്  ആപ്പാഞ്ചിറ റെയില്‍വേ സ്റ്റേഷനു സമീപം ഐനെറ്റ് നഴ്സറി ആരംഭിക്കുന്നത്. ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഴ്സറികള്‍ക്കും കൃഷിക്കാര്‍ക്കും വിദേശ പഴവര്‍ഗങ്ങള്‍ക്കായി ആശ്രയിക്കാവുന്ന പ്രൊഡക് ഷന്‍ഹബ് ആയി ഇവിടം മാറിയിരിക്കുന്നു. കോവിഡ് കാലത്ത് പഴവര്‍ഗച്ചെടികള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

prasant-1
ലില്ലി പില്ലി, ഫെയിൻ ഫോറസ്റ്റ് പ്ലം, കമു കമു

മറ്റാര്‍ക്കും നല്‍കാനാവാത്ത വൈവിധ്യമാണ് തന്റെ നഴ്സറിയുടെ സവിശേഷതയെന്ന്  പ്രശാന്ത്. ഉഷ്ണമേഖലാ, സമശീതോഷ്ണ മേഖലകളില്‍ വളരുന്ന 6 ഇനം അവ്ക്കാഡോകളാണ് ഇവയില്‍ പ്രധാനം. ട്രോപ്പിക്കല്‍ അവ്ക്കാഡോ ഇനങ്ങളായ റീഡ്, ബ്രസീലിയൻ റെഡ്, ബഞ്ച് ഗ്രീൻ എന്നിവയും സബ് ട്രോപ്പിക്കല്‍ ഇനങ്ങളായ ഹാസ്, ജെം ഹാസ്, റോയൽ ഹാസ്, പീറ്റർ ഹാസ് എന്നിവയും ഇവിടെയുണ്ട്. ലോങ്ങന്റെ 7 ഇനഭേദങ്ങളും ജബോട്ടിക്കാബയുടെ 15 ഇനങ്ങളും ഐനെറ്റ് ശേഖരത്തിലുണ്ട്. ട്രോപ്പിക്കല്‍, സബ് ട്രോപ്പിക്കൽ ഇനങ്ങൾ പ്രത്യേകം  വേർതിരിച്ചാണ് വിൽപന. 7 ഇനം അബിയു, 23 ഇനം മങ്കോസ്റ്റിൻ, 9 തരം ചെറി, 11 ഇനം സപ്പോട്ട,  14 തരം പ്ലാവുകള്‍, 7 തരം മേമി സപ്പോട്ട, 9 തരം ചെറി, ഫിംഗര്‍ലൈം, മാപ്പരാംങ്, വെള്ള ഞാവല്‍, റൊളീനിയ, വെള്ള മള്‍ബറി, കെസുസു, വിവിധ തരം ചാമ്പകൾ എന്നിങ്ങനെ പലരും കേട്ടിട്ടുപോലുമില്ലാത്ത ഇനങ്ങളുടെ പട്ടിക നീളുകയാണ്. എല്ലാ മാസവും പഴം കിട്ടുന്ന ഒരു ചെടിയും ഇവിടെയുണ്ട്– റെയിൻ ഫോറസ്റ്റ് പ്ലം. ലോകത്തിൽ ഏറ്റവുമധികം വിലയുള്ള ഫലങ്ങളിലൊന്നായ മക്കഡാമിയ നട്ടിന്റെ തൈകളും  അതിസുന്ദരമായ പൂക്കളുണ്ടാകുന്ന കട്ട് നട് ചെടികളും പ്രശാന്തിന്റെ തോട്ടത്തിലുണ്ട്. 

ഇത്രയധികം ഫലവര്‍ഗങ്ങള്‍ കണ്ടെത്തി നാട്ടിലെത്തിക്കുന്നതുപോലെതന്നെ പ്രയാസമേറിയതാണ് അവയുടെ പരിചരണമെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടി. ഓരോ ഇനത്തിന്റെയും അനുകൂല സാഹചര്യങ്ങള്‍ മനസ്സിലാക്കിയാലേ അവയില്‍ നിന്നു ഫലങ്ങള്‍ ഉല്‍പാദിപ്പിക്കാനാവൂ. ഏറെ പ്രയാസപ്പെട്ടും പണം ചെലവഴിച്ചും കൊണ്ടുവരുന്ന ചെടികള്‍ അപ്രതീക്ഷിതമായി നശിക്കുമ്പോഴുണ്ടാകുന്ന മനോവേദന വലുതാണ്. പലപ്പോഴും മോഹവില നല്‍കിയാലേ വിദേശങ്ങളിലെ അപൂര്‍വ ഇനങ്ങള്‍ വാങ്ങാനാവൂ.  ഒരു കുരുവിന് 158 യൂറോ വില വരുന്ന ഗ്ലോമറാത്തയുടെ തൈ 40,000 രൂപ നല്‍കിയാണ് ബ്രസീലി‍ൽനിന്നു വാങ്ങിയതെന്ന് പ്രശാന്ത് പറഞ്ഞു. ഒരു പക്ഷേ ഏറ്റവുമധികം വില നൽകിയ ഫലവൃക്ഷവും ഇതുതന്നെ.  തൈകളുടെ വിലയായി മാത്രം ഒന്നരക്കോടി രൂപയോളം ഇതിനകം താന്‍ ചെലവഴിച്ചിട്ടുണ്ടെന്നാണ് പ്രശാന്തിന്റെ കണക്ക്. ഇത്രയധികം പണം ചെലവഴിച്ചതിനു പലരും കുറ്റപ്പെടുത്താറുണ്ടെങ്കിലും തനിക്ക് തെല്ലും മനസ്താപമില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്ഡൗൺ കാലത്ത് നഴ്സറിയിലെ വരുമാനം കൊണ്ടാണ് സ്തംഭനാവസ്ഥയിലായ ഐടി കമ്പനിയിൽ വേതനം നൽകാൻ സാധിച്ചതെന്നു പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. കാർഷികവരുമാനംകൊണ്ടു പ്രവർത്തിക്കുന്ന ഐടി കമ്പനി ഒരു പ്രതീകംതന്നെ– കൃഷിയുടെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുന്ന പ്രതീകം. ഐനെറ്റ് ഫാമിനെക്കുറിച്ച് പ്രശാന്തിന്റെ സ്വപ്നങ്ങൾ വലുതാണ്. ഭക്ഷ്യയോഗ്യമായ പുൽവർഗങ്ങളും മുളയുമൊക്കെ ചേർത്ത് വിശിഷ്ടമായ ഒരു ഫുഡ് ഫോറസ്റ്റാക്കി ഇവിടം മാറ്റുകയാണ് ലക്ഷ്യം.

i-net-farm
വന്യമൃഗശല്യമുള്ള കൃഷിയിടങ്ങൾക്കു യോജിച്ച സലാക്ക് (സ്നേക്ക് ഫ്രൂട്ട്)

ഏറ്റവും വാണിജ്യസാധ്യതയുള്ള ഇനങ്ങളുടെ തൈകള്‍ മാത്രമാണ് കൃഷിക്കായി ഉല്‍പാദിപ്പിക്കുക. വിപണി ഉറപ്പില്ലാത്തതും കേരളത്തിന്റെ കാലാവസ്ഥയ്ക്കു ചേരാത്തതുമായ ഇനങ്ങള്‍ വാണിജ്യക്കൃഷിക്കായി ഇവിടെ നിന്നു നല്‍കില്ലെന്നു പ്രശാന്ത് പറഞ്ഞു. സ്വന്തം മാതൃവൃക്ഷശേഖരമുള്ളതിനാല്‍ ഓരോ ഇനത്തിന്റെയും പഴങ്ങള്‍ രുചിച്ചുനോക്കാനും ഇവിടെ അവസരമുണ്ട്. നിലവാരമുള്ള തൈകളാണ് നൽകുന്നതെന്ന് ഉറപ്പാക്കാൻ ഐനെറ്റ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. സ്വന്തം ഫാമിലെ ഫലം നൽകുന്ന വൃക്ഷങ്ങളിൽനിന്നു മാത്രമാണ് തൈകൾ ഉൽപാദിപ്പിക്കുന്നത്.  കായ് പിടിക്കുമോ എന്ന ആശങ്കയില്ലാതെ തൈകള്‍ വാങ്ങാന്‍ ഇതു സഹായിക്കുന്നു. ഫലവൃക്ഷങ്ങള്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നായ് ജനുസുകളുടെയും പൂച്ചകളുടെയും അരുമപ്പക്ഷികളുടെയും മികച്ച ശേഖരംകൂടി  ഇവിടെ ക്രമീകരിക്കാനാണ് പ്രശാന്തിന്റെ പദ്ധതി. ജാക്ക് റസൽ ടെറിയർ, ഫില, ഡോഗ് ഓഫ് അർജന്റീന, ജോനങ്കി, ഗ്രേറ്റ് ഡെയിൻ, അഫ്ഗാൻ ഹണ്ട്, റഫ്കുലി, ഇംഗ്ലീഷ് മാസ്റ്റിഫ്, സെന്റ് ബർണാഡ്, ബുൾ മാസ്റ്റിഫ് എന്നിങ്ങനെ ഏറ്റവും മികച്ച നായയിനങ്ങളുടെ ഒന്നാംതരം ശേഖരമാണ് ഇപ്പോൾ ഇവിടെയുള്ളത്. 

ഫോൺ: 9846998625

English summary: Exotic Fruit Tree Plantation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com