ADVERTISEMENT

കുന്തിപ്പുഴയുടെ തീരത്തുള്ള പുലാമന്തോൾ. വൈദ്യവൃത്തിയിൽ പേരെടുത്ത അഷ്ടവൈദ്യകുടുംബങ്ങളുടെ നാട്. പുലാമന്തോളിനടുത്ത് പാലൂർ പാടത്ത് സൂര്യകാന്തിച്ചെടികൾ വളർത്തി പ്രദേശമാകെ പുഷ്പോത്സവം തീർത്ത സുകുമാരനും മകൾ ശ്രീജയും പാടത്തുനിന്ന് കൊയ്തെടുക്കുന്ന കതിർക്കറ്റകൾക്ക് ആകർഷകമായ രൂപഭാവങ്ങൾ നെയ്തു നൽകിയാണ് അന്നത്തിന് വഴി കണ്ടെത്തുന്നത്.  

പാലൂരിൽ സുകുമാരന്റെ വീട്ടിൽ ആരെയും ആകർഷിക്കുന്നത് വിവിധ വലുപ്പത്തിലുള്ള  നെല്‍കതിര്‍ക്കുലകളാണ്. നമ്മുടെ കാർഷിക സംസ്കൃതിയുടെ അവിഭാജ്യ ചേരുവയാണ് കതിർക്കറ്റ. കർക്കടകത്തിലെ പഞ്ഞം മാറ്റി വീടുകൾ കതിർക്കറ്റ കൊണ്ടുവന്നു നിറയ്ക്കുന്ന ചടങ്ങ് പണ്ടേക്കുപണ്ടേ പ്രസിദ്ധം. ഐശ്വര്യത്തിന്റെ മുഖമുദ്രയാണ് കതിർക്കറ്റകളെങ്കിലും ഇതിലേക്ക് സുകുമാരന്‍  എത്താനിടയായതിനു പിന്നില്‍ ഒരു സങ്കട കഥയുണ്ട്. ‘അവള്‍ക്ക് ഒരു ജീവിതമാർഗം വേണം, അതിനാണ് ഞാൻ ഇത് തുടങ്ങി വെച്ചത്.’ കതിർക്കറ്റകൾ സൂക്ഷ്മതയോടെ കെട്ടിക്കൊണ്ടിരിക്കുന്ന മകൾ ശ്രീജയെ നോക്കി അദ്ദേഹം തുടർന്നു. 

sreeja-1
ശ്രീജയും സുകുമാരനും കതിർക്കറ്റകൾ കെട്ടുന്നു

‘എന്തിനും മിടുക്കിയായിരുന്നു ശ്രീജ. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ന്യുമോണിയ പിടിപെട്ടത്. തുടർന്ന് സംസാരശേഷിയും കേൾവിശക്തിയും നഷ്ടപ്പെട്ടു. ചെവി ഒട്ടും തന്നെ കേൾക്കാതായി. അവ്യക്തമായി മാത്രമേ സംസാരിക്കുകയുള്ളൂ. പെട്ടെന്ന് ദേഷ്യം വരും. പിണങ്ങും അടുത്ത നിമിഷം ഇണങ്ങുകയും ചെയ്യും.’ സുകുമാരന്റെ ശബ്ദം  ദുഃഖാകുലമായി; വാക്കുകൾ  ഇടറി. എന്നാൽ ശ്രീജ ഇതൊന്നും അറിഞ്ഞ മട്ടില്ല. വളരെ ശ്രദ്ധാപൂർവം കതിർക്കറ്റകൾ അണുവിട തെറ്റാതെ നെയ്തുകൂട്ടുകയാണ്. 

കതിർക്കറ്റ കെട്ടാനുള്ള നെല്ല് സുകുമാരൻ സ്വയം കൃഷി ചെയ്തുണ്ടാക്കുന്നു. ഇതിനായി നാലേക്കർ നിലം പാട്ടത്തിനെടുത്തിട്ടുണ്ട്. കട്ട്യപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കനാൽ ഉള്ളതിനാൽ വർഷം മുഴുവൻ പാടത്ത് വെള്ളം കിട്ടും. മൂന്നു പതിറ്റാണ്ടായി കൃഷിയിറക്കുന്നത് ഇതിന്റെ ബലത്തിൽ തന്നെ;  

കറ്റ കെട്ടാന്‍ ഏറ്റവും നല്ലത് ജീരകശാല ഇനമാണെന്നു സുകുമാരന്‍. ‘ചെറിയ മണികൾ, നല്ല ഭംഗിയും ഉറപ്പും. പോരാത്തതിന്  സ്വതഃസിദ്ധമായസുഗന്ധവും. ഇതുപയോഗിച്ചുണ്ടാക്കുന്നകതിർക്കറ്റയ്ക്ക്  വേറിട്ടൊരു ചന്തം തന്നെ.’ 

‘കതിർക്കുല തയാറാക്കാന്‍ വിളവെടുപ്പു മുതൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മണികൾ തെല്ലും കൊഴിയാതെ തന്നെ നീളത്തിൽ വേണം പാടത്തുനിന്ന് അടിയോടെ മുറിച്ചെടുക്കാൻ. വണ്ടിയിൽ കൊണ്ടുവരുന്നത് അധികം ആയാതെയും കുലുങ്ങാതെയും വേണം. ഇങ്ങനെ കൊണ്ടുവരുന്ന കറ്റകൾ മുറിയിൽ നിരത്തിവയ്ക്കും. ഒരേ ദിശയിലേക്ക് വച്ചു കെട്ടി ചുരുട്ടാക്കിയാണ് കൊണ്ടുവരിക. സദാ ശ്രദ്ധ ആവശ്യമുള്ള ജോലിയാണിത്. അല്ലെങ്കിൽ മണികൾ കൊഴിഞ്ഞു പോകും. സാമാന്യം വലുപ്പമുള്ള കതിർക്കുലയുണ്ടാക്കാൻ ഇത്തരം അഞ്ചു ചുരുട്ടുകൾ വേണ്ടിവരും. മുകൾഭാഗത്തെ വൈക്കോൽ മുറിച്ചുകളയും. പോളയും പുറത്തുള്ള ഇലകളും കളയുമ്പോൾ തണ്ടും കതിരുംമാത്രം ബാക്കിയാവും. ഇത് വേർപെടുത്തിയെടുക്കും. എന്നിട്ട് മഞ്ഞുകൊള്ളിക്കും. എന്നാൽ മാത്രമേ പിറ്റേ ദിവസം മെടയാൻ കഴിയൂ. ഇതുകൊണ്ടു കൂടിയാണ് രണ്ടാം വിള കൃഷിയിറക്കൽ..’

sreeja-2
സുകുമാരനും കുടുംബവും

കതിർക്കറ്റ തയാറാക്കല്‍ 

ഏറെ ശ്രദ്ധയും കരവിരുതും വേണ്ടുന്ന പണിയാണ് കറ്റമെടയൽ. തനതു ഭംഗിയിൽ, കതിരുകൾ ഒരു വശത്ത് വരുംവിധം തികഞ്ഞ ക്ഷമയോടെ വേണം ഇത് ചെയ്യാൻ.  ശ്രീജയാണിത് ചെയ്യുന്നത് മുടി പിന്നുന്നതുപോലെ പിന്നിയെടുക്കും. എന്നിട്ട് പ്ലാസ്റ്റിക് ചരടിട്ടു  ബലമായി ചുറ്റും. കയറിന്റെ അറ്റത്ത് ബൾബോ ചിരട്ടയോ ആവശ്യമനുസരിച്ച് വച്ച് ചുറ്റും. ഒരു കൊളുത്തിൽ പ്ലാസ്റ്റിക് ചരട് ചുറ്റിയിട്ടാണ് ഈ ചുറ്റിക്കെട്ടൽ. ബലമായി ചുറ്റിക്കെട്ടാൻ സുകുമാരന്‍ സഹായിക്കും. 

വിലയും വിപണിയും 

വലുപ്പമനുസരിച്ച് 200 രൂപ,  300 രൂപ, 750 രൂപ, 1000 രൂപ വരെ വിലയിടും.  ജിമിക്കി പോലെ അടിഭാഗം വിസ്തൃതമായ വലിയ കതിർക്കുലയ്ക്കാണ് ആവശ്യക്കാരേറെ. ഒരു വർഷം 50 മുതൽ 100 വരെ കതിർക്കുലകൾ ഉണ്ടാക്കി വിൽക്കാറുണ്ട്. ചിലർ കതിർക്കുലയുടെ ഉൾഭാഗത്ത് ബൾബ് ഘടിപ്പിച്ചു നൽകണം എന്ന് ആവശ്യപ്പെടാറുണ്ട്. കത്തിക്കുമ്പോൾ രാത്രി കാഴ്ചയ്ക്ക് നല്ല ഭംഗിയാണ്. ഒരു കതിർക്കുല 3-4 വർഷം വരെ മണികൾ പൊഴിയാതെയും കേടാകാതെയും നിൽക്കും.

ഫോൺ (സുകുമാരൻ): 9745873110

English summary:A 'survival story' of a unique woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com