ADVERTISEMENT

വിപണിയും വിലസ്ഥിരതയും ഉറപ്പിക്കാനായാൽ മാത്രമേ പഴങ്ങളുടെ കൃഷി ലാഭകരമാവുകയുള്ളൂ. ഇക്കാര്യത്തിൽ സംസ്കരണത്തിനും മൂല്യവർധനയ്ക്കും വലിയ പങ്കുണ്ട്.

പഴങ്ങൾ പുതുമയോടെ ആകർഷകമായി മുറിച്ചു പായ്ക്ക് ചെയ്യന്ന ലഘുസംസ്കരണത്തിനു വലിയ സംരംഭസാധ്യതയുണ്ട്. കേടുപാടുകളില്ലാത്തതും അധികം പഴുക്കാത്തതുമായ പഴങ്ങൾ അണുനാശകലായനിയിൽ കഴുകി ജലാംശം നീക്കിയതിനുശേഷം തൊലികളഞ്ഞ് ഒരേ വലുപ്പത്തിൽ ഭംഗിയായി മുറിച്ച്, തെർമോകോൾ അല്ലെങ്കില്‍ പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ അടുക്കി ക്ലിങ് ഫിലിം കൊണ്ട് പൊതിയുക. മുറിച്ചാൽ ജലാംശം പുറത്തു വരാത്ത രണ്ടോ മൂന്നോ പഴങ്ങൾ ഫ്രൂട്ട് ബൗളിനു വേണ്ടി ഉൾപ്പെടുത്താം. ആശുപത്രി കന്റീൻ,  വലിയ ഓഫിസുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ വിപണനസാധ്യതയുണ്ട്.

പൾപ്പാക്കി വിൽക്കാം

വിളവെടുത്ത പഴങ്ങളിലൊരു പങ്ക്  സീസണിൽ പാഴാകുന്നു. സീസൺ കഴിഞ്ഞാൽ മിക്ക പഴവർഗങ്ങൾക്കും വില കൂടും, ലഭ്യത കുറയും. അതിനാൽ സംരംഭകർ സീസണിൽ പഴങ്ങളുടെ പൾപ്പുകൾ തയാറാക്കി സൂക്ഷിക്കേണ്ടതുണ്ട്. ചക്കപ്പഴം, മാമ്പഴം, പപ്പായ, പാഷൻ ഫ്രൂട്ട്, സപ്പോട്ട, പേരയ്ക്ക, തക്കാളി, വാഴപ്പഴം, പൈനാപ്പിൾ തുടങ്ങിയവയുടെ പൾപ്പ് യോജ്യമായ അളവിൽ സംരക്ഷകങ്ങൾ ചേർത്ത് ഫുഡ് ഗ്രേഡ് സംഭരണികളിൽ സൂക്ഷിക്കാം. ഫ്രീസറിലോ കോൾഡ് സ്റ്റോറേജിലോ  സംഭരിക്കുകയാണെങ്കിൽ രാസസംരക്ഷകം ചേർക്കേണ്ടതില്ല.  പൾപ്പ് ഉപയോഗിച്ച് ജാം, സ്ക്വാഷ്, ആർടിഎസ് പാനീയം, ഫ്രൂട്ട് ബാർ, ഹൽവ, സോസ് എന്നിവയുണ്ടാക്കാം.

റെഡി–ടു–ഈറ്റ്

റെഡി ടു സേർവ് പാനീയങ്ങൾ: പാഷൻഫ്രൂട്ട്, മാമ്പഴം, പൈനാപ്പിൾ, പേരയ്ക്ക, മുന്തിരി, ലിച്ചി, പപ്പായ, ചക്കപ്പഴം എന്നിവയുടെ  പൾപ്പ് ഉപയോഗിച്ച് പാനീയങ്ങൾ തയാറാക്കാം. ഒരു ലീറ്റർ പൾപ്പിന്  5–7 ലീറ്റർ ശുദ്ധജലം, 15–20 ഗ്രാം സിട്രിക് ആസിഡ് (പഴങ്ങളുടെ പുളിക്കനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം), 1.5 കിലോ പഞ്ചസാര, ഫുഡ് ഗ്രേഡ് നിറം, എസ്സൻസ്, സംരക്ഷകങ്ങൾ, സ്റ്റെബിലൈസിങ് ഏജന്റ്സ് എന്നിവ ചേർത്ത് ഇതു തയാറാക്കാം. ഫ്രൂട്ട് ജ്യൂസിനൊപ്പം നാറ്റാ ഡി കൊക്കോ, കാൻഡിയാക്കിയ പഴങ്ങളുടെ ചെറുകഷണങ്ങൾ എന്നിവ ചേർത്തും ആകർഷകമാക്കാം. വൈറ്റമിൻ സി, ബി എന്നിവ ആവശ്യാനുസരണം ചേർത്ത് പോഷകഗുണം വർധിപ്പിച്ചും പാനീയങ്ങൾ വ്യത്യസ്തമാക്കാം. പൾപ്പർ, കെറ്റിൽ, ഹോമോജനൈസർ, ബില്ലിങ് മെഷീൻ, ആർ ഒ വാട്ടർ യൂണിറ്റ് എന്നീ യന്ത്രസാമഗ്രികൾ ആവശ്യമാണ്.  

സ്ക്വാഷ്: പൈനാപ്പിൾ, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, മാമ്പഴം, ജാതിക്കാത്തോട്, ഇഞ്ചി, വാഴപ്പിണ്ടി, റോസ്– ചെമ്പരത്തിപ്പൂവുകൾ, നറുനീണ്ടി എന്നിവകൊണ്ട് സ്‌ക്വാഷ് തയാറാക്കാം. പഴച്ചാറിന്റെ തുല്യയളവിൽ വെള്ളവും ഇരട്ടി പഞ്ചസാരയും പഴത്തിന്റെ പുളിപ്പിനനുസരിച്ച് 10–15 ഗ്രാം (ലീറ്ററിന്) സിട്രിക് ആസിഡും ചേർത്തു സ്ക്വാഷ് ഉണ്ടാക്കാം. വെള്ളവും പഞ്ചസാരയും സിട്രിക് ആസിഡും ചേർത്ത് തിളപ്പിച്ചതിനുശേഷം പഴച്ചാർ ചേർക്കാം. 90 ഡിഗ്രി സെല്‍ഷ്യസ് എത്തിയതിനുശേഷം പെട്ടെന്നു തണുപ്പിച്ച്  യോജ്യമായ നിറം, എസൻസ്, സംരക്ഷകം എന്നിവ ചേർക്കണം. ആകർഷകമായ ബോട്ടിലുകളിൽ നിറച്ച് ലേബൽ നൽകി വിപണിയിലിറക്കാം.

ഫ്രൂട്ട് ക്രഷ്: ചതച്ചെടുത്ത പഴക്കുഴമ്പ് ഉപയോഗിച്ചാണ് ഇതു തയാറാക്കുന്നത്. ബ്ലാക്ക് ബെറി, ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ വിദേശപ്പഴങ്ങളുടെ ക്രഷാണ് വിപണിയിൽ സുലഭം. പക്ഷേ നമ്മുടെ നാട്ടിൽ ലഭ്യമായ പാഷൻഫ്രൂട്ട്, പൈനാപ്പിൾ, ഞാവൽ, മുന്തിരി എന്നിവ ഉപയോഗിച്ചും  തയാറാക്കാം. പഴക്കുഴമ്പിൽ തുല്യ അളവിൽ പഞ്ചസാര ചേർത്ത് പാകപ്പെടുത്തിയെടുക്കുന്നു. മിതമായ അളവിൽ സിട്രിക് ആസിഡ്, രാസസംരക്ഷകം എന്നിവ ചേർക്കാം. പഴങ്ങളുടെ തനതു സ്വാദും ഗുണവും നിറവും ധാരാളം ഭക്ഷ്യനാരുകളും ഉണ്ടെന്നതാണ് ഇതിന്റെ സവിശേഷത. പഞ്ചസാരയ്ക്കു പകരം തേനും ഉപയോഗിക്കാം. നേർപ്പിച്ച് ജ്യൂസായും ബ്രഡിനു മുകളിൽ സ്പ്രെഡ് പോലെയും ഉപയോഗിക്കാം.

ജാം: പഴങ്ങളുടെ പൾപ്പും പഞ്ചസാരയും പെക്റ്റിനും സിട്രിക് ആസിഡും ചേർത്ത് തയാറാക്കുന്ന ജാമിന്  കരുതൽ ഭക്ഷണമായും പെട്ടെന്നുള്ള ഭക്ഷണാവശ്യം നിവർത്തിക്കാനുള്ള വിഭവമായും സ്ഥാനമുണ്ട്.  മികച്ച സൂക്ഷിപ്പുഗുണവും. പെക്റ്റിൻ ധാരാളമുള്ള പപ്പായ, ചെറുപഴങ്ങൾ, മാമ്പഴം, ചക്കപ്പഴം, സപ്പോട്ട, പൈനാപ്പിൾ എന്നിവയെല്ലാം ജാം ഉണ്ടാക്കാന്‍ നന്ന്. ഇവ ഒറ്റയ്ക്കോ മൂന്നോ നാലോ പഴങ്ങൾ ഒരുമിച്ചോ ജാം തയാറാക്കാം. പഴക്കുഴമ്പിൽ സ്വാഭാവികമായുള്ള മധുരവും പെക്റ്റിനും  കണക്കിലെടുത്തുവേണം പഞ്ചസാരയും പെക്റ്റിനും ചേർക്കേണ്ടത്. വ്യാവസായികാടിസ്ഥാനത്തിൽ ജാം തയാറാക്കുമ്പോൾ പഴക്കുഴമ്പിന്റെ തുല്യ അളവ് പഞ്ചസാരയും കിലോയ്ക്ക് അഞ്ചു ഗ്രാം എന്ന തോതിൽ പെക്റ്റിനും ചേർക്കണം. പാകമറിയുന്നതിന്  റിഫ്രക്ടോമീറ്റർ എന്ന ചെറു ഉപകരണം ആവശ്യമാണ്.  നിറം, എസ്സൻസ്, സംരക്ഷകം എന്നിവ ചേർത്ത് ചൂടോടെ ബോട്ടിലുകളിൽ നിറയ്ക്കണം. യൂണിറ്റിൽ പൾപ്പർ, ഫ്രൂട്ട്മിൽ, റെറ്റിൽ, ഡോസർ എന്നിവ ആവശ്യമാണ്.

ഫ്രൂട്ട് ബാർ: മിഠായി പോലെ കഴിക്കാവുന്ന ഉൽപന്നമാണ്. തെര എന്നും പറയും. പഴക്കുഴമ്പിൽ പഞ്ചസാര, ഗ്ലൂക്കോസ്, പെക്റ്റിൻ, സിട്രിക് ആസിഡ് എന്നിവ ചേർത്ത് കുറുക്കിയതിനുശേഷം സ്റ്റീൽ ട്രേയിലോ ഫുഡ്ഗ്രേഡ് പ്ലാസ്റ്റിക് ഷീറ്റിലോ നിരത്തി ഉണക്കിയെടുക്കുന്നു. ആദ്യം ഒരു പാളി പൾപ്പ് ഷീറ്റിൽ നിരത്തി ഉണക്കാവുമ്പോൾ അടുത്ത പാളി ചേർക്കും. അങ്ങനെ 4–5 പാളി ആവർത്തിച്ച് നിരത്തി ഉണക്കിയെടുക്കുന്നതാണ് ഈ ഉൽപന്നം. നന്നായി ഉണങ്ങിക്കഴിഞ്ഞാൽ സുതാര്യവും ചവയ്ക്കുമ്പോൾ മൃദുവാകുന്നതുമായ ഉൽപന്നമാണിത്. നീളത്തിൽ മുറിച്ച് ചുരുട്ടിയെടുത്തും ചതുരാകൃതിയിലുള്ള  കഷണങ്ങളാക്കിയും പായ്ക്ക് ചെയ്യാം. ചക്കപ്പഴം, മാമ്പഴം, പൈനാപ്പിൾ, പപ്പായ,  പാഷൻഫ്രൂട്ട്, ജാതിക്കാത്തോട്, പേരയ്ക്ക, ചെറുപഴങ്ങൾ എന്നിവയെല്ലാം ഫ്രൂട്ട്ബാർ നിർമാണത്തിനു യോജ്യമാണ്. ഇത് ഉണക്കിയെടുക്കുന്നതിന് എയർ ഡ്രയറോ സോളാർ ഡ്രയറോ ആവശ്യമാണ്.

ഉണക്കി പായ്ക്ക് ചെയ്യാം

ചുണ്ണാമ്പുലായനിയിലോ ആലത്തിലോ ഇട്ട് ദൃഢത വരുത്തിയ പഴങ്ങൾ പഞ്ചസാരപ്പാനിയിൽ വിളയിച്ചതിനുശേഷം ഡ്രയറിൽ ഉണക്കിയെടുത്താൽ രുചികരവും ആകർഷകവുമാണ്. പൈനാപ്പിൾ, മാമ്പഴം, ചക്കപ്പഴം, പപ്പായ, നെല്ലിക്ക, ഏത്തപ്പഴം, ചെറുപഴങ്ങൾ എന്നിവ ഡ്രൈ ഫ്രൂട്ടിനു യോജ്യം. ഉണങ്ങുമ്പോൾ ചുക്കിച്ചുളിഞ്ഞ് ആകൃതി നഷ്ടപ്പെടാതിരിക്കാനാണ് ചുണ്ണാമ്പിലോ ആലത്തിലോ ഇടുന്നത്. തുടർന്ന് തിളച്ച  വെള്ളത്തിൽ കഴുകി, പഴങ്ങളുടെ തുല്യ അളവിൽ പഞ്ചസാര ചേർത്ത് പരുവപ്പെടുത്തിയതിനു ശേഷം ഉണക്കിയെടുക്കുന്നു. ഏത്തപ്പഴം, ചെറുപഴം തുടങ്ങിയവ മധുരം ഒട്ടും ചേർക്കാതെ തന്നെ ഉണക്കിയെടുക്കാം. ആകർഷകമായി പായ്ക്ക് ചെയ്തു വിപണനത്തിനെത്തിക്കാം. കേക്ക്, ഐസ്ക്രീം, ഫ്രൂട്ട് സാലഡ് എന്നിവയിലെ ചേരുവയായും ഉപയോഗിക്കാം.

ഫ്രൂട്ട് വൈൻ

പഴങ്ങളിൽനിന്നുള്ള ഉൽപന്നങ്ങളിൽ മികച്ച വിലയും വിപണിയും ലഭിക്കാനിടയുള്ളതാണിത്. കർഷകർക്ക് വൈൻ ഉണ്ടാക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇനിയും പ്രാബല്യത്തിലായിട്ടില്ല. കൂഴച്ചക്ക, പൈനാപ്പിൾ, ജാതിക്ക, ചെറുപഴങ്ങൾ, ചാമ്പയ്ക്ക, കശുമാങ്ങ എന്നിവയെല്ലാം ഇതിനു യോജ്യം. 

English summary: List of Profitable Value Added Products from Fruits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com