കുപ്പിയുടെ ഭംഗിയല്ല തേനിന്റെ നിലവാരം നിശ്ചയിക്കുക, നാം ഇനിയെങ്കിലും മനസിലാക്കണം

HIGHLIGHTS
  • 20 ശതമാനത്തിനു മുകളിൽ ജലാംശമുള്ള തേൻ നിലവാരമില്ലാത്തത്
  • തേൻ ആരോഗ്യദായകമല്ല രോഗദായകം
honey
SHARE

മാധുര്യമേറിയതാണ്, ആരോഗ്യ ദായകമാണ്, ഔഷധമാണ്, ഉത്തമ ഭക്ഷണമാണ് എന്നിങ്ങനെ തേനിന് ചാർത്തിക്കൊടുക്കാത്ത വിശേഷണങ്ങളില്ല. എന്നാൽ, ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായിരിക്കുന്ന, വിവിധ ബ്രാൻഡുകളിലുള്ള ‘തേൻ’ ആരോഗ്യദായകമല്ല രോഗദായകമാണെന്ന് പഠനറിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. അതായത്, തേൻ എന്ന പേരിൽ വാങ്ങുന്നത് പഞ്ചസാര സിറപ്പാണെന്ന്. വലിയ ബ്രാൻഡുകളെ വിശ്വസിച്ച് അയൽവക്കത്തുള്ള തേനീച്ച കർഷകരെ അവഗണിച്ച പലരും ഈ വാർത്ത കേട്ട് ഞെട്ടിയിട്ടുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

ഇന്ത്യൻ വിപണിയിലുള്ള 13 ബ്രാൻഡുകളുടെ തേൻ സാമ്പിളുകൾ പരിശോധിച്ചതിൽ നാലിലൊന്നു ബ്രാൻഡുകളുടെ തേൻ മാത്രമാണ് ഉപയോഗിക്കാവുന്നതെന്ന് കണ്ടെത്തിയിരിക്കുന്നു. ഇന്ത്യൻ ലാബുകൾക്ക് തിരിച്ചറിയാൻ കഴിയാത്ത ഈ മായംചേർക്കൽ തട്ടിപ്പ് ജർമനിയിലെ പരിശോധനകളിലാണ് തിരിച്ചറിയാനായത്. അ‌തായത് വലിയ സന്നാഹങ്ങളില്ലാതെ ഇത്തരത്തിലുള്ള മായംചേർക്കൽ തട്ടിപ്പ് തിരിച്ചറിയാൻ കഴിയില്ലെന്നു സാരം. ഇന്ത്യയിൽ തേനിൽ വ്യാപകമായി കോൺ സിറപ്പ്, അരി സിറപ്പ് പോലുള്ള മായം ചേർക്കപ്പെടുന്നുണ്ടെന്ന് കർഷകശ്രീ ഈ വർഷം മേയിൽ വായനക്കാരുമായി പങ്കുവച്ചിരുന്നു. അത് ശരിവയ്ക്കുന്ന റിപ്പോർട്ടുകളാണ് ഏറ്റവും പുതുതായി പുറത്തുവന്നിരിക്കുന്നത്. കർഷകശ്രീ തേനിലെ മായവുമായി ബന്ധപ്പെട്ട് പങ്കുവച്ച ലേഖനം ‘തേനിലെ മായം എങ്ങനെ കണ്ടുപിടിക്കാം? കണ്ടുപിടിക്കാൻ കഴിയുമോ?’ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  

ചൈനയിൽനിന്ന് വ്യാവസായിക ആവശ്യത്തിനെന്ന പേരിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പഞ്ചസാര സിറപ്പാണ് തേനായി വിപണിയിലെത്തുന്നത്. ‘വ്യാവസായിക ആവശ്യം’ എന്ന് പ്രത്യേകം രേഖപ്പെടുത്തിയുള്ള ഒരു ഉൽപന്നം ഭക്ഷ്യോൽപന്നമായി മാറി രാജ്യത്തുടനീളം എത്തുന്നു. അപ്പോൾ ഇതു കഴിക്കുന്നവരുടെ ആരോഗ്യം?

ഇനി കുറച്ചു കാലം പിറകോട്ടു ചിന്തിക്കാം. തേനിലെ ഈർപ്പത്തിന്റെ അളവിൽ നേരിയ വർധന ഉണ്ടെന്ന് കണ്ടെത്തിയതിന്റെ പേരിൽ പ്രതിക്കൂട്ടിലായ കർഷകനുള്ള നാടാണ് കേരളം. അഗ്‌മാർക്ക്, ബിഐഎസ്, എഫ്എസ്എസ്എഐ തുടങ്ങിയ ഉൽപന്ന ഗുണനിലവാര നിയന്ത്രണ ഏജൻസികൾ തേനിൽ ജലാംശം 25 ശതമാനം വരെയാകാമെന്ന് അംഗീകരിച്ചിരുന്നു. എന്നാൽ, ജലാംശം 20 ശതമാനത്തിൽ താഴെയാകണമെന്ന് എഫ്എസ്എസ്എഐ കഴിഞ്ഞ വർഷം നിഷ്കർഷിച്ചിരുന്നു. അതായത് 20 ശതമാനത്തിനു മുകളിൽ ജലാംശമുള്ള തേൻ നിലവാരമില്ലാത്തതാണെന്നാണ് പുതിയ നിലപാട്. കേരളത്തിലെ കാലാവസ്ഥയിൽ തേനിലെ ജലാംശം 20–25 ശതമാനമാണെന്നിരിക്കേ ഇത്തരത്തിലൊരു തീരുമാനം കർഷകരെ പ്രതിക്കൂട്ടിലാക്കാൻ പോന്നവയായിരുന്നു. അത്തരത്തിൽ നടപടികൾ ഉണ്ടാവുകയും ചെയ്തിരുന്നു. പൊതുവിപണിയിൽനിന്ന് കേരളത്തിലെ തേനും അതുൽപാദിപ്പിക്കുന്ന കർഷകരെയും അകറ്റിനിർത്തുന്ന തന്ത്രമാണിതെന്ന് അന്ന് കർഷകർ ആരോപിച്ചിരുന്നു.

കർഷകർ സ്വയം പായ്ക്ക് ചെയ്ത് സ്റ്റിക്കറോ ബ്രാൻഡോ പതിപ്പിക്കാതെ വിപണിയിലെത്തിക്കുന്ന തേനിനോട് കേരളീയർക്ക് പൊതുവേ നീരസമാണ്. മുന്തിയ ബ്രാൻഡ് അല്ലെങ്കിലും കർഷകർ നേരിട്ട് വിപണിയിലെത്തിക്കുന്ന തേനിന് ഗുണവും മികവും കൂടുമെന്നതിൽ സംശയമില്ല. അതായത് പുറംമോടിയല്ല ഉള്ളിലെ ഉൽപന്നത്തിന്റെ ഗുണനിലവാരം തിരിച്ചറിഞ്ഞ് ഉൽപന്നങ്ങൾ വാങ്ങാൻ ശ്രമിക്കണം. ചുരുക്കിപ്പറഞ്ഞാൽ കടകളിൽ ചില്ലുകൂട്ടിൽ വച്ചിരിക്കുന്ന തേനല്ല അയക്കാരന്റെ വീട്ടിൽനിന്നുള്ള തേനാണ് ശരിയായ തേൻ. അതുകൊണ്ടുതന്നെ തേൻ കർഷകർക്കു പ്രതീക്ഷിക്കാം, ഇനി തങ്ങളുടെ നല്ലകാലമാണെന്ന്. 

English summary: 10 out of 13 honey brands fail purity test

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA