ADVERTISEMENT

ദൈവത്തിനു നന്ദി...

കോവിഡ് കാലത്തിനിടയിലൂടെയുള്ള യാത്രയിൽ ഇതുവരെ എന്നെ കാത്തു സൂക്ഷിച്ചതിന് ഹൃദയത്തിന്റെ ഭാഷയിൽ ജഗദീശ്വരനോടുള്ള (അദൃശ്യ ശക്തി) പലപ്പോഴും നേരിട്ട് അനുഭവിച്ചിട്ടുള്ളതും, കൈത്താങ്ങി വിട്ടതിനുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും തീരില്ല... എന്നിരുന്നാലും പറയാതെ വയ്യ...

ഞാൻ പറഞ്ഞു വരുന്നത് ഈ കോവിഡ് കാലത്തിൽ ഞാൻ ജോലി നോക്കുന്ന പഞ്ചായത്തിലും പരിസരത്തും ഒരു കണ്ടെയ്ൻമെന്റ് സോണെന്നോ, കോവിഡ് വന്ന് മരണപ്പെട്ടവരുടെ വീടെന്നോ നോക്കാതെ അവരുടെ അരുമമൃഗങ്ങളുടെ മൃഗചികിത്സയ്ക്ക് ലോക് ഡൗൺ പ്രഖ്യാപിച്ച അന്നു മുതൽ ഇന്ന് ഈ ദിവസം വരെ ഒരൊറ്റ ദിവസം പോലും ലീവെടുക്കാതെ മഴയെന്നോ വെയിലെന്നോ മഞ്ഞെന്നോ പൊടിയെന്നോ കലണ്ടർ അവധിയെന്നോ രാത്രിയെന്നോ പകലെന്നോ പ്രളയമെന്നോ ചുഴലിക്കാറ്റെന്നോ ഒന്നും നോക്കാതെ മാറനല്ലൂർ പഞ്ചായത്തിലെ ക്ഷീരകർഷകർ പറയുന്ന വെറ്ററിനറി ആംബുലൻസിൽ (എന്റെ ടു വീലർ) എന്നെക്കൊണ്ട് ആകുന്ന ശരവേഗത്തിൽ സൈറണൊന്നുമില്ലാതെ നിശബ്ദമായി എത്തിച്ചേർന്ന് എന്നെക്കൊണ്ട് കഴിയുന്ന വിധത്തിലുള്ള സേവനം (അണ്ണാൻ കുഞ്ഞും തന്നാലായത്) നൽകിക്കൊണ്ടിരിക്കുന്നു. ഈ ആംബുലൻസിനെ പതിവ് പോലീസ് പരിശോധനയ്ക്കു പോലും തടയാറില്ല മിക്കവാറും ഡ്യൂട്ടിയിലുളള നല്ലവരായ പോലീസ് സുഹൃത്തുക്കൾ കണ്ണുകളിലൂടെ സംസാരിക്കാറുണ്ട്. 

ഡ്രൈവറില്ല, ക്ലീനറില്ല ( എല്ലാം ഒരാൾ) ഒരൊറ്റ ഫോൺ വിളിയുടെ അടിസ്ഥാനത്തിൽ വീട്ടുപടിക്കൽ കഴിയുന്ന അത്രയും വേഗം സേവനം നൽകുന്ന മറ്റൊരു  സംവിധാനവും ഇന്ന് നിലവിലുണ്ടെന്നു തോന്നുന്നില്ല. ഒരു ജോലിക്കും മലയാളിയെ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിൽ.   

ഈ കാലഘട്ടത്തിലാണ് ലക്ഷക്കണക്കിനു പേരിനിടയിൽനിന്ന് എൻട്രൻസ് എഴുതി കേരളത്തിൽ ആകെയുള്ള രണ്ടു  സർക്കാർ വെറ്ററിനറി കോളേജുകൾ വളരെ പരിമിതമായ സീറ്റുകൾ മാത്രമുള്ള വെറ്ററിനറി സയൻസിന് അഡ്മിഷൻ നേടിയെടുക്കുക ബുദ്ധിമുട്ടുള്ള കാര്യം. അതു കഴിഞ്ഞ്  എല്ലാ ജീവജാലങ്ങളെയും കുറിച്ചുള്ള പഠനം അറു വർഷം, അതിനേക്കാൾ ശ്രമകരം ഫീൽഡിലെ ജോലിയും കഷ്ടപ്പാട് നിറഞ്ഞത്.

ബുദ്ധിമുട്ടുള്ള ഒരു കേസ് കൈകാര്യം ചെയ്യുന്നതിനിടയിൽ സമയം കൂടുതൽ എടുത്താൽ മറ്റുള്ളവർക്ക് സേവനം നൽകാൻ അവരുടെ നിർബന്ധത്താൽ ഒരു പകലിനുള്ളിൽ എത്തിപ്പെടാൻ സഞ്ചരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് വേറെയും. വൈകുമ്പോൾ ഉടമയുടെ മുഖത്തെ കറുപ്പ് മറ്റൊരു വശത്ത്.

ഒരു ഉദാഹരണം എന്റെ ടു വീലർ ഡെലിവറി എടുത്തത് 12/01/2018 ന് ഇന്ന് അത് ഒരു ലക്ഷം കിലോമീറ്ററിനടുത്ത് എത്താറായി (മീറ്റർ റീഡിംഗ് കേബിൾ പ്രവർത്തനക്ഷമമല്ലാതെ ഓടിയ കിലോമീറ്ററുകൾ വേറെയും). ഇത്രയും യാത്രകൾ ഫീൽഡിൽ കർഷകരുടെ ആവശ്യത്തിനായി ഉപയോഗിച്ചിട്ടുള്ളതാണ്. അതിന് കഴിയുമായിരുന്നെങ്കിൽ എന്നെ എത്ര പ്രാവശ്യം അടിപറ്റിച്ചേനെ.... വണ്ടി വഴിയിൽ ക്ഷീണിച്ചു കിടപ്പായാൽ ടു വീലർ റിപ്പയർ സെന്ററിലെ ശ്രീകുമാർ ചേട്ടനെ ഒന്നു വിളിക്കേണ്ട കാര്യമേ ഉള്ളൂ ഞാൻ നിൽക്കുന്ന സ്ഥലത്ത് പറന്നെത്തും. അപ്പോൾ റിപ്പയർ ചെയ്ത്  വിടാൻ സാധിച്ചില്ലെങ്കിൽ അദ്ദേഹം സ്വന്തം വാഹനം എനിക്ക് തന്നിട്ട് പറയും സാറ് നിന്നു പോയാൽ ഒരുപാട് മിണ്ടാപ്രാണികളുടെ ജീവിതവും കുറെ പാവപ്പെട്ടവരും കഷ്ടത്തിലാകും എന്ന്. അദ്ദേഹത്തിന്റെ വീട്ടിലും നിലവിൽ രണ്ട് പശുക്കളുണ്ട്. അവിടെയും ചികിത്സയ്ക്ക് ഞാനാണ് പോകുന്നത്, എന്റെറെ ടു വീലർ പൂർണ ആരോഗ്യക്ഷമമാകുന്നതു വരെ ഒരു ഉപാധികളുമില്ലാതെ അദ്ദേഹത്തിന്റെ വാഹനം എനിക്ക് സ്വന്തം. ഈ കൈത്താങ്ങിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.

വ്യക്തിപരമായ ആവശ്യങ്ങൾക്ക് ബുള്ളറ്റും, കാറുമാണ് പ്രധാനമായി ഉപയോഗിക്കാറുള്ളത്. ബുള്ളറ്റിന്റെ കാര്യം പറയുകയാണെങ്കിൽ അതും ഒന്നര ലക്ഷത്തോളം കിലോമീറ്റർ യാത്ര ചെയ്ത് മേജർ ഹൃദയ ശസ്ത്രക്രിയയും കഴിഞ്ഞ് റെസ്റ്റിലാണ്. അത്യാവശ്യത്തിന് മാത്രമേ അവനെ എടുക്കാറുള്ളൂ. യന്ത്രമാണെങ്കിലും എന്നെ ഇതുവരെ ചതിച്ചിട്ടില്ലാത്തതിനാൽ വാങ്ങിയ വിലയെക്കാൾ കാശു മുടക്കിയാണ് റിപ്പയർ ചെയ്ത് പരിപാലിച്ചിരിക്കുന്നത്.

ജോലിത്തിരക്കിനിടയിൽ ഇത്രയും യാത്രകൾ ചെയ്യുന്നതും ഫോൺ അറ്റൻഡ് ചെയ്യുന്നതും തന്നെ റിസ്ക് നിറഞ്ഞതാണ് ഓരോ ദിവസവും. 

അതിരാവിലെ ജോലിക്കായി തിരിച്ച്  വൈകിയുള്ള ഇരുചക്രവാഹത്തിലൂടെയുള്ള യാത്രയിൽ ജോലിയുടെ ക്ഷീണം കാരണം കണ്ണൊന്ന് ചിമ്മിയാൽ...

സാധാരണ മനുഷ്യർ ഒരു മനുഷ്യായുസിലാണ് ഇത്രയും കിലോമീറ്ററുകൾ താണ്ടുന്നത് (എന്റെ ടു വീലർ ഡെലിവറി കഴിഞ്ഞിട്ട് മൂന്ന് വർഷമായിട്ടില്ല).

ഇതിനു പുറമെയാണ് വന്യമൃഗങ്ങളിൽ നിന്നുള്ള ആക്രമങ്ങളിൽനിന്ന് പൊതുജനത്തെ രക്ഷിക്കാനുള്ള ചുമതല കിട്ടുന്ന വെറ്ററിനറി ഡോക്ടർമാർ, ഇടഞ്ഞ ആനയെ മയക്കുവെടി വയ്ക്കാൻ പോകുന്നതിനിടെ ആനയുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുമുണ്ടായിരുന്നു നമ്മുടെ കൂട്ടത്തിൽ. റിസ്ക് തീരെ കുറഞ്ഞ ജോലിയല്ലേ വെറ്ററിനറി സർജന്റേത്, ഫോറസ്റ്റ് ആൻഡ് വൈൽഡ്‌ ലൈഫ് ഡിപാർട്ട്മെന്റിൽ ജോലി നോക്കുന്ന വെറ്ററിനറി സർജൻമാർക്ക് ഒരു ചികിത്സയ്ക്കായാലും പോസ്റ്റ്മോർട്ടത്തിനായാലും വനത്തിനുള്ളിലൂടെയും അല്ലാതെയും അപകടം പിടിച്ച വഴികളിലൂടെ കാൽ നടയായും സഞ്ചരിച്ചാണ് എത്തിപ്പെടേണ്ടത്.

സുഹൃത്തുക്കളെ നിങ്ങളാരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ, മൃഗശാലയിലുള്ള (Zoo) വെറ്ററിനറി സർജന് ഏതൊക്കെ തരം മൃഗങ്ങളെയാണ് പരിപാലിക്കേണ്ടതും ചികിത്സിക്കേണ്ടതും. ശ്രദ്ധയാന്നു തെറ്റിയാൽ... റിസ്ക് തീരെ കുറഞ്ഞ ജോലിയല്ലേ വെറ്ററിനറി സർജന്റേത്... സഹിക്കുക തന്നെ... എന്റെ അറിവ് ശരിയാണെങ്കിൽ തിരുവനന്തപുരം മൃഗശാലയിൽ ഒരു വെറ്ററിനറി ഡോക്ടറുടെ തസ്തിക മാത്രമേയുള്ളൂ...

പട്ടാളത്തിലാണെങ്കിൽ ജോലിക്കിടയിൽ വീരമൃത്യു സംഭവിക്കുകയാണെങ്കിൽ മരണാനന്തരം ലഭിക്കുന്ന ബഹുമതികൾ ഏറെ, ജീവിച്ചിരിക്കുമ്പോൾ വെറ്ററിനറി ഡോക്ടർമാർക്ക് തുച്ഛമായി കിട്ടിയിരുന്ന റിസ്ക് അലവൻസ്പോലും ഇന്നില്ല.

ഈ അടുത്തിടെ മാധ്യമശ്രദ്ധ ആകർഷിച്ച നെയ്യാർ ലയൺ സഫാരി പാർക്കിലെ കൂട് പൊളിച്ച് പുറത്ത് ചാടിയ പുലിയെ ജീവനോടെ മയക്കുവെടി വച്ച് പിടിക്കുന്നതിനും വെറ്ററിനറി ഡോക്ടർമാർ വേണ്ടി വന്നു (തിരിഞ്ഞൊന്ന് ആക്രമിച്ചാൽ...). ഡ്യൂപ്പില്ലാതെയാണ് വെറ്ററിനറി ഡോക്ടർമാർ ഈ ജോലിക്ക് തയാറാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

മൃഗയയിൽ മമ്മൂട്ടിയും പുലിമുരുകനിൽ മോഹൻലാലും ഒക്കെ സഹവാസികളെ രക്ഷിക്കാൻ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയും പരിശീലനം നൽകിയ പുലികളെയും ഡ്യൂപ്പുകളെയും ഒക്കെ വച്ച് അഭിനയിച്ച് കഴിയുമ്പോഴുമൊക്കെ സർവകാല കളക്ഷൻ റിക്കോർഡുകളും ഭേദിച്ച് പ്രശസ്തിയുടെയും, സൂപ്പർ താര പദവികൾ അലങ്കരിക്കപ്പെട്ട് ഉന്നതങ്ങളിൽ എത്തുന്നു.

ഇത്രയേറെ യാത്രകൾ ചെയ്യേണ്ടുന്നതിനാൽ ഇപ്പോൾ കലശലായ നടുവേദന തുടങ്ങിയിരിക്കുന്നു. പശുക്കളിൽ പ്രസവമെടുക്കുന്നതിനും, പുറത്തുവന്ന ഗർഭപാത്രം തിരികെ അകത്താക്കുന്നതിനും, പ്ലാസന്റ എടുക്കുന്നതിനും ഇടതു കൈ അമിതമായി ഉപയോഗിക്കുന്നതു കാരണം ഹൃദ്രോഗ സാധ്യതയും വെറ്ററിനറി ഡോക്ടർമാർക്ക് കൂടുതലാണ് (ബുദ്ധിമുട്ടുള്ള പ്രസവം കൈകാര്യം ചെയ്യുന്നതിനിടെ മരണപ്പെട്ടവരുമുണ്ടായിരുന്നു നമ്മുടെ ഇടയിൽ).

ഇതിനു പുറമെയാണ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ. എത്ര തവണ എനിക്ക് പട്ടികടി കിട്ടിയിട്ടുണ്ടെന്നും എത്ര തവണ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെന്നതിനും കണക്കില്ല. ഒട്ടുമിക്ക ദിവസവും കിട്ടുന്ന പശുവിന്റെ ചവിട്ടും തൊഴിയും ബോണസ്. ശാരീരിക അധ്വാനം ഒരുപാട് വേണ്ടുന്ന ജോലിയാണ് വെറ്ററിനറി ഡോക്ടർമാരുടേത്.

സച്ചിൻ തെണ്ടുൽക്കറോ, കോലിയോ ഒക്കെ സെഞ്ച്വറി അടിച്ചാൽ നാട്ടിൽ അറിയാത്തവരാരും ഉണ്ടാകില്ല. സച്ചിൻ തെണ്ടുൽക്കർക്ക് ടെന്നിസ് എൽബോ വന്നാൽ പ്രാർഥിക്കാൻ കോടിക്കണക്കിനാൾക്കാർ (ഞാനും പ്രാർഥിച്ചിട്ടുണ്ട് കേട്ടോ). ഇവിടെ ലക്ഷക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് നടുവേദനയും വന്ന് കിടപ്പായാലും ആര് ശ്രദ്ധിക്കാൻ! പഴയ കാലത്തെ പോലെ റോഡിലെ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനാലും നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടും കാരണം പശുക്കളെയും മറ്റും ആശുപത്രികളിൽ കൊണ്ടുവരാറില്ല. അതുകൊണ്ടുതന്നെ മറ്റു ഡോക്ടർമാരെ അപേക്ഷിച്ച് വെറ്ററിനറി ഡോക്ടർമാർക്ക് ഒരു പാട് യാത്ര ചെയ്ത് കർഷകന്റെ വീട്ടുപടിക്കൽ സേവനം നൽകേണ്ടി വരുന്നു.

എന്റെ യാത്രകൾക്ക് ഈ ഇരുചക്രവാഹനം ഇന്ന് പോരാതെ വന്നിരിക്കുന്നു. അമാനുഷിക കഥാപാത്രങ്ങൾക്ക്  പറന്നെത്താൻ കഴിയുന്ന പോലെ സഞ്ചരിക്കാനുള്ള കഴിവ് തരണേ എന്ന ജഗദീശ്വരനോടുള്ള  പ്രാർഥിക്കുന്നു. ഒപ്പം വെറ്ററിനറി ഡോക്ടർമാരുടെ ജോലിക്ക് റിസ്ക് ഇല്ലാ എന്നു കണ്ടു പിടിച്ച് ഉണ്ടായിരുന്ന റിസ്ക് അലവൻസ് എടുത്തുകളഞ്ഞ പേരറിയാത്ത ആ മഹാമനുഷ്യന് സഹസ്രകോടി പ്രണാമവും.

English summary: Veterinarians: Protecting the health of animals and people, veterinary Doctor, Veterinary Surgeon, Veterinary Hospital, Pets, Pets Care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com