മത്സ്യക്കൃഷിയിൽ കല്ലുപ്പ് ദിവ്യ ഔഷധം; കല്ലുപ്പ് പ്രയോഗം ശരിയോ?

HIGHLIGHTS
  • ഏതൊരു മരുന്നിനും അന്തന്തരഫലമുണ്ടാകും
  • അനായാസം കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതാണ് ഉപ്പ്
fish-farming-neethu
SHARE

എന്റെ മത്സ്യത്തിന് ചെറിയൊരു ക്ഷീണം പോലെ. എന്തു ചെയ്യും?

കല്ലുപ്പ് ഇട്ടോളൂ...

മത്സ്യത്തിന്റെ ദേഹത്ത് പൂപ്പൽ കാണുന്നു.

കല്ലുപ്പ് ഇട്ടോളൂ...

മത്സ്യങ്ങൾ കൂട്ടത്തോടെ ചാകുന്നു.

കല്ലുപ്പ് തന്നെ ഇട്ടോളൂ...

മത്സ്യങ്ങൾക്ക്, പ്രത്യേകിച്ച് വളർത്തുമത്സ്യങ്ങൾക്ക് എന്തെങ്കിലും അസുഖം ശ്രദ്ധയിൽപ്പെട്ടാൽ, പ്രതിവിധിയായി പലരും ആദ്യമേ പ്രയോഗിക്കുക, അല്ലെങ്കിൽ പറഞ്ഞുകൊടുക്കുക കല്ലുപ്പ് അഥവാ സോഡിയം ക്ലോറൈഡ് ആണ്. എന്നാൽ, എന്തിനും ഏതിനും കല്ലുപ്പ് ഉപയോഗിക്കുന്നത് ശരിയാണോ? പലരും ഉന്നയിക്കുന്നൊരു ചോദ്യമാണിത്. രോഗമെന്താണെന്ന് അറിഞ്ഞ് അതിനനുസരിച്ചുള്ള മരുന്നുകളല്ലേ പ്രയോഗിക്കേണ്ടത്? 

ഏതൊരു മരുന്നിനും അന്തന്തരഫലമുണ്ടാകുമെന്ന് അറിയാത്തവർ ആരുംതന്നെയുണ്ടാവില്ല. എന്നാൽ, ഉപ്പ് അങ്ങനെയല്ല. ലോകത്ത് മത്സ്യകൃഷി മേഖലയിലുള്ളവർ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഔഷധമാണ് ഉപ്പ്. അതുപോലെതന്നെ ഭക്ഷ്യമത്സ്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന അനുവദനീയ രാസവസ്തുവുമാണ് ഉപ്പെന്ന സോഡിയം ക്ലോറൈഡ്. കാരണം അതിന് വിത്ഡ്രോവൽ പീരിഡ് ഇല്ല എന്നതുതന്നെ. ചുരുക്കത്തിൽ ഉപ്പ് മത്സ്യങ്ങളുടെ ഉള്ളിൽ ചെന്നാൽ മത്സ്യത്തിനോ ആ മത്സ്യം കഴിക്കുന്നവർക്കോ യാതൊരുവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്നു സാരം.

എന്തുകൊണ്ട് ഉപ്പ്?

ഉപ്പ് ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മുകളിൽ സൂചിപ്പിച്ചു. രണ്ടാമത്തെ കാരണം ഉപ്പിന്റെ ലഭ്യതയാണ്. ആർക്കും എവിടെയും അനായാസം കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതാണ് ഉപ്പ്. വലിയ ജലാശയങ്ങളിൽ പോലും ഉപ്പ് നിക്ഷേപിക്കുമ്പോൾ കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാവുന്നില്ല.

രോഗങ്ങൾക്ക് ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കേണ്ടി വന്നാൽ മത്സ്യങ്ങളുടെ ശരീരത്തിൽനിന്ന് അവയുടെ അംശം പൂർണമായും മാറാതെ വിപണിയിൽ എത്തിക്കാൻ കഴിയില്ല. ആന്റിബയോട്ടിക് സാന്നിധ്യമുള്ള മത്സ്യങ്ങൾ ഭക്ഷിക്കുന്നവർക്ക് ആന്റിബയോട്ടിക് റെസിസ്റ്റൻസ് ലഭിക്കുകയും പിന്നീട് എന്തെങ്കിലും അസുഖങ്ങൾക്ക് ആന്റിബയോട്ടിക് ശരീരത്തിൽ പ്രതികരിക്കാതിരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ആന്റിബയോട്ടിക് മരുന്നുകൾ നൽകേണ്ടിവന്നാൽ അതിന്റെ വിത്ഡ്രോവൽ പീരിഡ് കഴിയാതെ മത്സ്യങ്ങളെ വിൽക്കാൻ പാടില്ല.

എന്തിനൊക്കെ ഉപ്പ്?

വിളവെടുക്കുമ്പോഴോ, മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമ്പോഴോ ഉണ്ടാകുന്ന സമ്മർദം കുറയ്ക്കാൻ ഉപ്പ് ഏറ്റവും ലളിതമായ മാർഗമാണ്. അതുപോലെ രോഗങ്ങൾ വരാതിരിക്കാനും നിയന്ത്രിക്കാനും ഉപ്പ് പ്രയോഗിക്കുന്നതിലൂടെ സാധിക്കും. ലവണാംശം 2 പിപിടി (10 ലക്ഷത്തിൽ 2) എങ്കിലുമുള്ള ജലാശയങ്ങളിലെ മത്സ്യങ്ങൾക്ക് മരണനിരക്ക് വളരെ കുറവായിരിക്കും. പരിസ്ഥിയിലുണ്ടാകുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാനും, പ്രജനനത്തിന് ഉപയോഗിക്കുന്ന മത്സ്യങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ഉപ്പിന് കഴിയും. മാത്രമല്ല മത്സ്യങ്ങളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചു വളരുന്ന പരാദങ്ങളെ ഒഴിവാക്കാനും മുറിവുകൾ വേഗം സുഖപ്പെടാനും ഉപ്പിനേ കഴിഞ്ഞേ മറ്റെന്തുമുള്ളൂ.

മത്സ്യക്കൃഷിയിൽ ഉപ്പിനുള്ള പ്രാധാന്യത്തിൽ പല കർഷകരും ഇന്നും അജ്ഞരാണ്. അതുപോലെ ഉപ്പിന്റെ പ്രയോഗത്തിലും വേണം ശ്രദ്ധ. ഓരോ മത്സ്യത്തിനും അതിന് താങ്ങാനാകുന്ന ലവണാംശത്തിന്റെ തോത് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ ശ്രദ്ധ വേണം. ഉപ്പ് അധികമായാലും കുറഞ്ഞുപോയാലും പ്രയോജനമുണ്ടാവില്ല.

ബാക്ടീരിയൽ, ഫംഗൽ അസുഖങ്ങൾ മൂലമുള്ള നഷ്ടം കുറയ്ക്കാൻ ഉപ്പിനു കഴിയും. പ്രധാനമായും മൂന്നു രീതിയിൽ മത്സ്യങ്ങൾക്ക് ഉപ്പ് ചികിത്സ നൽകാം. 

ഗാഢത കൂടിയത് (20-50 ppt) അഥവാ ഉപ്പിന്റെ അംശം ഉയർത്തി ചികിത്സിക്കാം. ഈ സാഹചര്യത്തിൽ മത്സ്യങ്ങളെ അതിൽ മുക്കിയെടുക്കുക (dipping) മാത്രമേ ചെയ്യാവൂ. കാരണം, ശുദ്ധജലമത്സ്യങ്ങൾക്ക് കൂടുതൽ അളവിലുള്ള ഉപ്പ് താങ്ങാൻ കഴിയില്ല. 

രണ്ടാമത്തെ രീതി ഗാഢത കുറഞ്ഞ ലായനിയിൽ (10–15 ppt) കൂടുതൽ സമയം മത്സ്യങ്ങളെ സൂക്ഷിക്കാം എന്നതാണ്. അതേസമയം, 2 ppt ഗാഢതയെങ്കിലും മത്സ്യങ്ങളെ നിക്ഷേപിക്കുന്ന കുളത്തിലെ ജലത്തിന് ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഇതാണ് മൂന്നാമത്തെ രീതി. മത്സ്യങ്ങളുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും മൂന്നാമത്തെ രീതി അനിവാര്യമാണ്.

വെള്ളത്തിലെ ഉപ്പിന്റെ അംശം pptയിൽ കണക്കാക്കാം: 1 ഗ്രാം ഉപ്പ് നിക്ഷേപിച്ച ബീക്കറിലേക്ക് ശുദ്ധജലം ചേർത്ത് അത് 1000 ഗ്രാമിലേക്ക് എത്തിച്ചാൽ ആ ലായനി 1ppt ഉപ്പുള്ള ലായനിയായി. 

English summary: Sodium Chloride is a useful tool in aquaculture, Fish Farming, Fish, Aquaculture, Fish Diseases, Fish Treatment, Disease Management

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA