ഒരു നേരമെങ്കിലും ഭക്ഷണം ഉപേക്ഷിക്കാൻ അഭ്യർഥിക്കേണ്ടി വന്ന പ്രധാനമന്ത്രി; അങ്ങനൊരു ചരിത്രമുണ്ട് ഇന്ത്യയ്ക്ക്

HIGHLIGHTS
  • മനുഷ്യന്‍ കൃഷി ചെയ്യാനാരംഭിച്ചതാണ് ഒന്നാം കാര്‍ഷിക വിപ്ലവം
  • മെക്‌സിക്കോയിലാണു ഹരിതവിപ്ലവത്തിന് നാന്ദി കുറിച്ചത്
farmers-protest
ഡൽഹിയിലെ കർഷക സമരത്തിൽനിന്ന്
SHARE

പട്ടിണിമരണവും ഭക്ഷ്യക്ഷാമവും ബ്രിട്ടീഷ് ഇന്ത്യയിൽ സാധാരണമായിരുന്നു. 1942-43 ലെ ബംഗാൾ ക്ഷാമത്തിൽ മരിച്ചുവീണത് 40 ലക്ഷത്തോളം മനുഷ്യർ. സ്വാതന്ത്യം നേടിയ രാജ്യത്തിന്റെ പ്രധാന സ്വത്ത് 40 കോടിയോളം വരുന്ന അർധ പട്ടിണിക്കാരായ പൗരന്മാരും. ഭക്ഷ്യധാന്യങ്ങർക്കായി സമ്പന്ന രാജ്യങ്ങളുടെ മുൻപിൽ കൈ നീട്ടേണ്ട ഗതികേട്. ഭക്ഷണശേഖരവുമായി എത്തുന്ന അമേരിക്കൻ കപ്പലുകൾക്കായി കാത്തുനിൽപ്പ്. 1965ൽ പാക്കിസ്ഥാനുമായുള്ള യുദ്ധമാരംഭിച്ചതോടെ സ്ഥിതി അതീവ ദയനീയം. യുദ്ധം നിർത്തിയില്ലെങ്കിൽ ഗോതമ്പില്ലെന്ന് അമേരിക്കയുടെ ഭീഷണി. ആഴ്ചയിൽ ഒരു നേരം ഭക്ഷണമുപേക്ഷിച്ച് രാജ്യത്തെ സഹായിക്കാൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ അഭ്യർഥന. മാതൃകയാകാൻ മുൻപേ തന്നെ തന്റെ കുടുംബത്തിൽ അത്താഴം ഒഴിവാക്കിയ ആദർശധീരനായിരുന്നു അദ്ദേഹം. ‘ജയ് ജവാൻ ,ജയ് കിസാൻ’ എന്ന മുദ്രാവാക്യത്തിലൂടെ അതിർത്തി കാക്കുന്ന സൈനികനെയും അടുപ്പു കാക്കുന്ന കർഷകനേയും വാഴ്ത്തിയ നേതാവ്. എന്തായാലും കർഷകരുടെ അധ്വാനത്തിന്റെയും ത്യാഗങ്ങളുടെയും ചിറകിലേറിയ ഇന്ത്യയുടെ ധാന്യപ്പുര കോ‌വിഡ് കാലത്തുപോലും അക്ഷയപാത്രമായി നിലകൊണ്ടത് കർഷകർ നയിച്ച ഹരിതവിപ്ലവത്തിന്റെ ഫലമാണ്.

കാര്‍ഷിക വിപ്ലവങ്ങള്‍

വേട്ടയാടി അലഞ്ഞുതിരിഞ്ഞു നടന്ന മനുഷ്യന്‍ കൃഷി ചെയ്യാനാരംഭിച്ചതിനെയാണ് ഒന്നാം കാര്‍ഷിക വിപ്ലവം  (നിയോലിത്തിക് വിപ്ലവം) എന്നു വിളിക്കുന്നത്.  കന്നുകാലി വളര്‍ത്തലും ഇതോടൊപ്പം ആരംഭിച്ചു. രണ്ടാം കാര്‍ഷിക വിപ്ലവമാകട്ടെ വ്യാവസായിക വിപ്ലവത്തിന്റെ സന്തതിയായിരുന്നു.  17-18 നൂറ്റാണ്ടുകളില്‍ പുത്തന്‍ കൃഷിരീതികള്‍ ആവിഷ്‌കരിക്കപ്പെട്ടതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഹരിതവിപ്ലവം മൂന്നാം കാര്‍ഷിക വിപ്ലവമായിരുന്നു.

1923ല്‍ നിന്ന് 1973ല്‍ എത്തുന്ന അന്‍പതു വര്‍ഷങ്ങള്‍ കൊണ്ട് ലോകജനസംഖ്യ ഇരട്ടിയായി. ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയും, പോഷകക്കുറവും മൂലം മരിക്കുന്നത് നിത്യക്കാഴ്ചയ്ക്കായി  മാറി. ഹരിതവിപ്ലവത്തെ അനിവാര്യമാക്കിയ് അതായിരുന്നു.  കാര്‍ഷികോൽപാദനം വര്‍ധിപ്പിക്കുന്നതിനായി  1940 മുതല്‍ 1970 വരെ ലോകമെമ്പാടുമായി നടന്ന കാര്‍ഷിക ഗവേഷണ സാങ്കേതിക  മുന്നേറ്റത്തെ ഹരിതവിപ്ലവം (മൂന്നാം കാര്‍ഷിക വിപ്ലവം) എന്ന് ചരിത്രം അടയാളപ്പെടുത്തി. 1940കളില്‍ മെക്‌സിക്കോയില്‍ നോര്‍മല്‍ ഏണസ്റ്റ് ബോര്‍ലോഗിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഈ മുന്നേറ്റം  ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു.  ഫിലിപ്പീന്‍സ്, ഇന്ത്യ തുടങ്ങിയ  രാജ്യങ്ങള്‍  ഈ മാറ്റം ഏറ്റെടുക്കാന്‍ മുന്‍പില്‍ നിന്നു. 1950നെ അപേക്ഷിച്ചു നോക്കിയാല്‍ 1965ല്‍ 400 ശതമാനം വര്‍ധനയോടെ  ലോകം ഭക്ഷ്യകാര്യത്തില്‍  സമ്പന്നമായി. 1943ല്‍ ബംഗാളില്‍ ഭക്ഷ്യക്ഷാമം (Bengal famine) മൂലം നാല്‍പതുലക്ഷത്തോളം ആളുകള്‍ മരണമടഞ്ഞ അനുഭവമുള്ള ഇന്ത്യയുടെ പ്രതീക്ഷയായി ഹരിതവിപ്ലവം വിരുന്നു വന്നു. ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന മെക്‌സിക്കോ 1957ല്‍ ഭക്ഷ്യ സ്വയംപര്യാപ്തമായി. നോര്‍മല്‍ ബോര്‍ലോഗ് കണ്ടുപിടിച്ച സൊനോറ എന്ന ഗോതമ്പിന്റെ അത്യുല്‍പ്പാദനശേഷിയുള്ള  വിത്താണ്  വിപ്ലവത്തിന് അടിസ്ഥാനമായത്. പിന്നീട് അരി, ബജ്‌റ, ചോളം തുടങ്ങിയ ധാന്യവിളകളിലും വിപ്ലവകരമായ  മാറ്റങ്ങളുണ്ടായി. അത്യുല്‍പ്പാദനശേഷിയുള്ള  വിത്തിനങ്ങള്‍ക്കൊപ്പം  കൃത്രിമ വളങ്ങള്‍, കീടനാശിനികള്‍, യന്ത്രസംവിധാനങ്ങള്‍ എന്നിവ കൃഷിക്ക് താങ്ങായി. വില്യം എസ്. ഗാഡ് (William S. Guaud) എന്ന അമേരിക്കക്കാരനാണ് ഹരിതവിപ്ലവം എന്ന വാക്ക് ആദ്യമായി  ഉപയോഗിച്ചത്. യുണൈറ്റഡ്  സ്റ്റേറ്റ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍  ഡെവലപ്‌മെന്റ് (USAID) ഡയറക്ടറായിരുന്നു  അദ്ദേഹം. 

നാള്‍വഴികള്‍

1950 മുതല്‍ 1970 വരെയുള്ള  കാലഘട്ടത്തില്‍ മെക്‌സിക്കോയിലാണു ഹരിതവിപ്ലവത്തിന് നാന്ദി കുറിച്ചത്. ഐക്യരാഷ്ട്രസഭയുടെ  ഭക്ഷ്യ കാര്‍ഷിക സംഘടന(Food and Agriculture Organization - FAO)യുടെയും  റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെയും സഹായമായിരുന്നു ഇതിനു പിന്നില്‍. കാര്‍ഷിക ശാസ്ത്രജ്ഞനായ  നോര്‍മല്‍ ബോര്‍ലോഗ് അത്യുല്‍പ്പാദന, രോഗപ്രതിരോധശേഷികളുള്ള ഗോതമ്പിനങ്ങള്‍ സൃഷ്ടിച്ചെടുത്തു. 1968ല്‍ ഉയര്‍ന്ന ഉല്‍പ്പാദനശേഷിയുള്ള നെല്ല്, ഗോതമ്പു വിത്തു വിതച്ച് നടത്തിയത് വന്‍ കുതിച്ചുചാട്ടമായിരുന്നു. കുറവ് ഊര്‍ജം  ഉപയോഗിച്ച് വലിപ്പമുള്ള കതിരുകള്‍ നല്‍കാനും, ബാക്കി വരുന്ന ഊര്‍ജത്തെ ഉല്‍പ്പാദനമാക്കി മാറ്റാനും ഈ ഇനങ്ങള്‍ക്കു കഴിഞ്ഞു. 1960-ല്‍ ഫിലിപ്പീന്‍സിലെ മനിലയില്‍ രാജ്യാന്തര നെല്ല് ഗവേഷണ കേന്ദ്രം (International Rice Research Institute - IRRI) സ്ഥാപിക്കപ്പെട്ടു. ഇവിടെ 1966-ല്‍ വികസിപ്പിച്ചെടുത്ത നെല്ലിനമാണ് IR 8.  തായ്‌വാനില്‍ തായ്ചുണ്ട് നേറ്റീവ്-1 എന്ന ഉല്‍പ്പാദനശേഷിയുള്ള നെല്ലിനം വികസിപ്പിച്ചു. കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടു തുടങ്ങിയ ഇന്ത്യ 1961-ല്‍ ബോര്‍ലോഗിനെ  ഇന്ത്യയിലേക്കു  ക്ഷണിച്ചു. ഫിലിപ്പീന്‍സായിരുന്നു ഏഷ്യയിലെ ഹരിത വിപ്ലവ കേന്ദ്രമെങ്കില്‍ ഇന്ത്യയിലിതു പഞ്ചാബായിരുന്നു.  IR 8 -ന്റെ ഉപയോഗവും രാസവള, കീടനാശിനി പിന്തുണയും ചേര്‍ത്ത് ഇന്ത്യയില്‍ നെല്ലുല്‍പ്പാദനം വർധിപ്പിച്ചു.  ലെര്‍മ റോജോ 64 (Lerma Rojo 64), സൊണോറ 64 (Sonora 64), മെയോ 64 (Mayo 64) എന്നീ ഗോതമ്പിനങ്ങളുടെ  വരവോടെ ഗോതമ്പുല്‍പ്പാദനവും പലമടങ്ങായി.  മേല്‍പ്പറഞ്ഞ ഗോതമ്പിനങ്ങളുടെ  ചുവപ്പു  നിറം, സ്വീകാര്യത കുറഞ്ഞതായിരുന്നു. കല്യാണ്‍ സോന (Kalyan sona), സൊണാലിക (Sonalika) തുടങ്ങി  വെള്ള, ആംബര്‍ (amber) നിറങ്ങളുള്ള  വിത്തുകള്‍ സ്വീകാര്യവുമായിരുന്നു. 1980-ല്‍ നിന്ന് 2018-19 ല്‍ എത്തുമ്പോള്‍  ഗോതമ്പിന്റെ ഉത്പാദനം 11 ദശലക്ഷം ടണ്ണില്‍ നിന്ന് 97 ദശലക്ഷമായും നെല്ലിന്റേത് 36 ദശലക്ഷത്തില്‍ നിന്ന് 111 ദശലക്ഷം ടണ്ണായി ഇന്ത്യയില്‍ വർധിച്ചു എന്നത് ഓര്‍ക്കുക. ഇക്കാലയളവിനിടയില്‍  കൃഷി ചെയ്യുന്ന  ഭൂമിയുടെ വിസ്തൃതിയില്‍ കുറവുണ്ടായിട്ടും ഉൽപാദനക്ഷമതയിലുണ്ടായ വർധന നമുക്ക് താങ്ങായി. 1967-77 കാലഘട്ടത്തിലുണ്ടായിരുന്ന ഭക്ഷ്യകമ്മി മറന്ന് ഭാരതം ലോകത്തെ പ്രമുഖ കാര്‍ഷിക രാജ്യമായി മാറി. പവര്‍ ടില്ലര്‍, ട്രാക്ടറുകള്‍ എന്നിവ പാടങ്ങളിലെത്തി.  അത്യുല്‍പ്പാദനശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിച്ചതിലൂടെ ഉൽപാദനക്ഷമതയില്‍ വര്‍ധനയുണ്ടായി. ഒപ്പം കൃഷി ചെയ്യപ്പെടുന്ന സ്ഥല വിസ്തൃതി വര്‍ധന രേഖപ്പെടുത്തി. നിലവിലുണ്ടായിരുന്ന കൃഷിഭൂമിയിലാകട്ടെ വര്‍ഷത്തില്‍ രണ്ടോ, മൂന്നോ തവണ കൃഷി ചെയ്യുന്ന രീതിയുണ്ടായി. ജലസേചനത്തിനായി ഡാമുകളും, കനാലുകളും നിര്‍മ്മിക്കപ്പെട്ടു. ഇന്ത്യന്‍ കൗണ്‍സില്‍  ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ - ICAR) നെല്ല്, ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളുടെ ജനിതകമായി മെച്ചപ്പെടുത്തിയ ഉല്‍പ്പാദനക്ഷമതയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചു. ഉദാഹരണത്തിന്  K-68 എന്ന ഗോതമ്പിനം ഏറെ പ്രസിദ്ധമായിരുന്നു. രാസവളങ്ങളുടെ പ്രയോഗം, ജലസേചനം, കീടനാശിനി ഉപയോഗം, കര്‍ഷകരെ സഹായിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, യന്ത്രവല്‍ക്കരണം എന്നിവ ഹരിതവിപ്ലവത്തിന്റെ ഭാഗമായി. ആവര്‍ത്തന കൃഷിയും, മണ്ണ് പരിശോധനയും, വിപണിയില്‍ വില ഉറപ്പാക്കുന്ന സംവിധാനവുമൊക്കെ വിപ്ലവത്തിന് സഹായകരമായി. 

ഹരിതവിപ്ലവത്തിന്റെ പിതാവാര്?

ലോകമെമ്പാടുമുള്ള  പതിനായിരങ്ങളെ പട്ടിണിയില്‍ നിന്നു രക്ഷിച്ച, 1914 മാര്‍ച്ച് 25-ന് അമേരിക്കയില്‍ ജനിച്ച ജീവശാസ്ത്രജ്ഞനും, മനുഷ്യാവകാശ വാദിയുമായ നോര്‍മന്‍ ഏണസ്റ്റ് ബോര്‍ലോഗ് പട്ടിണിയില്‍ നിന്നുള്ള  മോചനമാണ് സമാധാനത്തിലേക്കുള്ള  ആദ്യപടിയെന്ന് വിലയിരുത്തി, 1970-ല്‍  അദ്ദേഹത്തിന് നൊബേല്‍ പുരസ്‌കാരം നല്‍കപ്പെട്ടു. അത്യുല്‍പ്പാദനശേഷിയുള്ള അര്‍ധ കുള്ളന്‍ ഗോതമ്പിനങ്ങള്‍ വികസിപ്പിച്ചു എന്ന നേട്ടമാണ് അദ്ദേഹം  ലോകത്തിന്  നല്‍കിയത്. ഇന്ത്യന്‍ ഹരിതവിപ്ലവത്തിലും അദ്ദേഹം പങ്കുവഹിച്ചു. ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  അദ്ദേഹത്തിന്റെ  വിത്തിനങ്ങള്‍ പരീക്ഷിച്ച് വിജയം കണ്ടു. ലഭ്യമായ  ഭൂമിയില്‍ ഉല്‍പ്പാദനം കൂട്ടിയാല്‍ കൃഷിക്കായി  കൂടുതല്‍ വനനശീകരണം വേണ്ടിവരില്ലെന്ന ബോര്‍ലോഗ് ഹൈപോതിസിസ് (Hypothesis) ശ്രദ്ധ നേടി. പത്മവിഭൂഷണന്‍ പുരസ്‌ക്കാരം നല്‍കി ഭാരതം ആദരിച്ചു. ഹരിതവിപ്ലവത്തിന്റെ പിതാവ് (Father of Green Revolution) എന്ന് അറിയപ്പെടുന്നു. 2009 സെപ്റ്റംബര്‍ 12-ന് അന്തരിച്ചു.

green-revelution
നോര്‍മന്‍ ഏണസ്റ്റ് ബോര്‍ലോഗ്, എം.എസ്. സ്വാമിനാഥന്‍

ഭാരതത്തിന്റെ ഹരിത വിപ്ലവ പിതാവ്

1925 ഓഗസ്റ്റ് 7-ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മങ്കൊമ്പിലാണ്  സ്വാമിനാഥന്‍ ജനിച്ചത്. ബോര്‍ലോഗിന്റെ ഗവേഷണങ്ങള്‍ക്ക് ഇന്ത്യന്‍ മുഖം നല്‍കിയ അദ്ദേഹം  നമ്മുടെ ഹരിതവിപ്ലവ പിതാവായി  അറിയപ്പെടുന്നു. ഇരുപതാംനൂറ്റാണ്ടിലെ  ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ ടൈം മാഗസിന്‍ തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയില്‍ നിന്ന് ഗാന്ധിജിക്കും ടാഗോറിനുമൊപ്പം അവസാനം ഇരുപതില്‍ ഉണ്ടായിരുന്ന ഇന്ത്യക്കാരനായി. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ആദ്യ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചു. (1972-79). ദേശീയ കര്‍ഷക കമ്മീഷന്‍ ചെയര്‍മാനായിരിക്കെ സമര്‍പ്പിച്ച സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നു. വേള്‍ഡ് ഫുഡ് പ്രൈസ്, പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, മാഗ്‌സസെ പുരസ്‌ക്കാരങ്ങള്‍ നേടി. 1986-ല്‍ ബോര്‍ലോഗ് ഏര്‍പ്പെടുത്തിയ  ലോക ഭക്ഷ്യ സമ്മാനം ആദ്യം ലഭിച്ചത്  എം.എസ്. സ്വാമിനാഥനായിരുന്നു. ഈ പണംകൊണ്ടാണ് എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കപ്പെട്ടത്. ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് (Father of Indian Green Revolution) എന്ന്  വിളിക്കപ്പെടുന്നു.  

ഇവരും വിപ്ലവനായകർ

  • ഡോ. എം.പി. സിങ്ങ്

 ഭാരതത്തിന്റെ  ഹരിതവിപ്ലവനായകനായിരുന്ന (Hero of Green Revolution of India) എം.പി. സിങ് അത്യുല്‍പ്പാദനശേഷിയുള്ള  വിത്തിനങ്ങള്‍ (High yielding variety seeds - HYV seeds) വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. 

  • ചിദംബരന്‍ സുബ്രഹ്മണ്യം

1960 കളില്‍ ഇന്ത്യയുടെ കൃഷിമന്ത്രിയായിരുന്നു സി. സുബ്രഹ്മണ്യം. ഹരിതവിപ്ലവത്തിന്റെ  രാഷ്ട്രീയ പിന്‍ബലമായി വര്‍ത്തിച്ചു. 1972-ല്‍ ഭക്ഷ്യ-കൃഷി മന്ത്രിയായിരിക്കുമ്പോള്‍ അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകള്‍, രാസവളം, കീടനാശിനികള്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കി. 

  • ബെഞ്ചമിന്‍ പിയറി പാല്‍

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (Indian Council of Agricultural Research-ICAR) ആദ്യത്തെ ഡയറക്ടര്‍ ജനറല്‍. പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്രു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നിവരുടെ ശക്തമായ പിന്തുണയും ഹരിതവിപ്ലവത്തിനുണ്ടായി.

English summary: Importance Farmer to the Nation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA