മോദി സർക്കാരിനെ കർഷകർക്ക് വിശ്വാസമില്ല; കാരണങ്ങൾ ഏറെ

HIGHLIGHTS
  • കേന്ദ്രസർക്കാർ നൽകുന്ന ഉറപ്പ് വിശ്വസിക്കാൻ കർഷകർ തയാറല്ല
farmers-protest-UP
സമരമുഖം: കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുപിയിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളും. ‌ ഡൽഹി – യുപി അതിർത്തിയിലെ ഗാസിപുരിൽ നിന്നുള്ള കാഴ്ച. ചിത്രം: ജെ.സുരേഷ് ∙ മനോരമ.
SHARE

പുതിയ കാർഷിക ബില്ലിനെതിരേ കർഷകർ പ്രക്ഷോഭം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. ബിൽ പാർലമെന്റ് പാസാക്കി 2 മാസത്തിനുശേഷമാണ് കർഷകർ സമരവുമായി മുന്നിട്ടിറങ്ങിയത്. 2 മാസക്കാലം ഇല്ലാത്ത സമരം എന്തുകൊണ്ട് ഇപ്പോൾ എന്നാണ് സർക്കാർ അനുഭാവികളുടെ ചോദ്യം. അതിന് മറുപടിയായി കർഷകർക്ക് ഒന്നേ പറയാനുണ്ടാവൂ... കഴിഞ്ഞ മാസങ്ങളൊക്കെ വിളവെടുപ്പുകാലമാണ്. വിളവെടുപ്പ് അവസാനിക്കാതെ മറ്റൊന്നിലേക്കും ഇറങ്ങാൻ പറ്റില്ല. 

വിളവെടുപ്പ് പൂർത്തിയായി. കർഷകർ കൂട്ടത്തോടെ ഡൽഹിയിലേക്കു തിരിച്ചു. 500ലധികം കർഷക കൂട്ടായ്മകളാണ് സമരത്തിലുള്ളത്. കർഷകരും അവരുടെ കുടുംബാംഗങ്ങളും സമരത്തിന്റെ ഭാഗമായി മാറി.

നരേന്ദ്ര മോദി സർക്കാർ പാസാക്കിയ പുതിയ നിയമങ്ങളിൽ കർഷകർക്ക് വിശ്വാസമില്ല. കേന്ദ്രസർക്കാർ നൽകുന്ന ഉറപ്പ് വിശ്വസിക്കാൻ കർഷകർ തയാറല്ല. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ എവിടെയും വിൽക്കാനുള്ള അനുമതി നിയമം അനുശാസിച്ചുനൽകുമ്പോൾ രാജ്യത്തെ പൊതുവിതരണ ശ‍ൃംഖല ഇല്ലാതാകുകയും സ്വകാര്യ സ്ഥാപനങ്ങൾ പറയുന്ന വിലയ്ക്ക് തങ്ങളുടെ ഉൽപന്നം വിൽക്കേണ്ടിവരുമെന്നും കർഷകർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഉൽപന്നങ്ങൾക്ക് അടിസ്ഥാന വില നിശ്ചയിക്കാൻ കർഷകർ ആവശ്യപ്പെടുന്നത്.

പുതിയ നിയമം വഴി ഗുണങ്ങളല്ലാതെ ദോഷമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും കർഷകർക്ക് അദ്ദേഹത്തിൽ വിശ്വാസമില്ല.  മുൻ പ്രവൃത്തികൾത്തന്നെ അതിനു കാരണം. കള്ളപ്പണം ഇല്ലാതാക്കും എന്ന ഉറപ്പിൽ 500ന്റെയും 1000ന്റെയും കറൻസികൾ പിൻവലിച്ചതിനെത്തുടർന്നുള്ള ആഘാതം കാർഷികമേഖലയിൽ ഇപ്പോഴുമുണ്ട്.

കൂടാതെ, 2014ലെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ ഉറപ്പുനൽകിയ ജലസേചന പദ്ധതി 5 വർഷം പിന്നിട്ടിട്ടും നിർ‌മാണത്തിൽത്തന്നെ. പ്രധാൻമന്ത്രി കൃഷി സിഞ്ചൈ യോജന എന്ന ഈ പദ്ധതിയുടെ വെബ്സൈറ്റിൽ 58 ശതമാനം പദ്ധതിയും പൂർത്തിയായിട്ടില്ല. ഇതിനായി കേന്ദ്രം ഉറപ്പുനൽകിയ തുക പോലും നൽകിയിട്ടില്ല. സംസ്ഥാന സർക്കാരുകളാണ് ഇപ്പോൾ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്.

വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാൻ മന്ത്രി ഫസൽ ഭീമ യോജനയുടെ കാര്യവും ഇതുതന്നെ. വിള ഇൻഷുറൻസിൽ അംഗമായവർക്ക് ഇൻഷുറൻസ് ക്ലെയിം തീർപ്പാക്കാൻ കാലതാമസം വന്നത് ഒട്ടേറെ കർഷകരെ ബുദ്ധിമുട്ടിലാഴ്ത്തി. ആയിരം കോടി രൂപയിലധികമാണ് ഇത്തരത്തിൽ തീർപ്പാക്കിനൽകാനുള്ളത്. 

2018ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ഉറപ്പുനൽകിയ ഒരു പദ്ധതിയാണ് ഓപ്പറേഷൻ ഗ്രീൻസ്. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ സംഭരണത്തിനായി 500 കോടി രൂപയുടെ പദ്ധതി ആവിഷ്കരിക്കുമെന്നായിരുന്നു വാഗ്ദാനം. സീസണിൽ വില ഇടിയുകയും ഉൽപാദനം കുറയുമ്പോൾ വില കൂടുകയും ചെയ്യുന്നതിനാൽ കർഷകർക്ക് ഗുണമുണ്ടാകുന്ന പദ്ധതിയാണെന്നായിരുന്നു ഉറപ്പ്. പക്ഷേ, ഈ പദ്ധതിക്കുവേണ്ടി ഈ വർഷം നീക്കിവച്ചതാവട്ടെ 162 കോടി രൂപ മാത്രം. 

പശ്ചിമ ഉത്തർപ്രദേശിലെ കരിമ്പ് കർഷകരും ഡൽഹിയിലെ കർഷകർക്കൊപ്പം സമരത്തിൽ പങ്കുചേർന്നിട്ടുണ്ട്. കരിമ്പിന്റെ വില 14 ദിവസത്തിനുള്ളിൽ നൽകണമെന്നാണ് അവരുടെ ആവശ്യം. ഇതും മറ്റൊരു നടക്കാത്ത വാഗ്ദാനത്തിന്റെ ഭാഗമാണ്. 2017 യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി അധികാരത്തിലെത്തിയാൽ കർഷകർക്ക് 14 ദിവസത്തിനുള്ളിൽ കരിമ്പ് കുടിശിക തീർപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു സീസൺ അവസാനിക്കുമ്പോൾ കർഷകർക്ക് ലഭിക്കാനുള്ള വകയിൽ 8000 കോടി രൂപയുണ്ട്.

English summary: Why Indian Farmers Find it Hard to Trust Modi Government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA