കൃഷി ചെയ്തു ജീവിക്കാമെന്ന പ്രതീക്ഷ കേരളത്തിലെ കർഷകർക്ക് വേണ്ട

HIGHLIGHTS
  • കൃഷിയിടത്തിൽ മാത്രമല്ല കാട്ടുപന്നികൾ കിടപ്പുമുറിയിലുമെത്തി
  • വനവിസ്തൃതി കുറഞ്ഞതല്ല, വനത്തിലെ അംഗങ്ങളുടെ എണ്ണം വർധിച്ചു
wild-boar
SHARE

കൃഷിയിടത്തിലെ ശല്യം പോരാതെ കാട്ടുപന്നികൾ പുതിയ മേച്ചിൽപ്പുറം തേടുകയാണ്. കഴിഞ്ഞ മാസം കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിൽ 2 കാട്ടുപന്നികൾ വീടിനുള്ളിൽ കയറിയത് ഇതിന് ഉദാഹരണം. വെടിവച്ചു കൊല്ലാനെടുത്ത സമയംകൊണ്ട് ഈ വീട്ടിലെ കിടപ്പുമുറി പൂർണമായും നിശിപ്പിച്ചിരുന്നു. ഇത്തരത്തിൽ പന്നികൾ വീടിനുള്ളിൽ കയറി നാശനഷ്ടമുണ്ടാക്കിയത് ആദ്യമാണെന്ന് കർഷകർ പറയുന്നു. കൃഷിയിടങ്ങളിൽ പന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. അതുപോലെതന്നെ കർഷകർക്കുനേരെയുള്ള വന്യജീവി ആക്രമണങ്ങളുടെ എണ്ണവും വർധിച്ചു. 

കഴിഞ്ഞ പത്തു വർഷത്തിനിടെ വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 996 ആണ്. പരിക്കേറ്റവരുടെ എണ്ണം 3585. 2008–09ൽ 13 പേർക്ക് വന്യജീവികളുടെ അക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടെങ്കിൽ 2017–18ൽ അത് 168 ആയി. മനുഷ്യർക്കുണ്ടാകുന്ന ജീവഹാനി കൂടാതെ കൃഷിയിടത്തിൽ ആന, കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി, മലയണ്ണാൻ, മയിൽ തുടങ്ങിയവയുടെ കടന്നുകയറ്റം മൂലമുണ്ടാകുന്ന കൃഷിനാശങ്ങൾ നിത്യേന ഡസൻ കണക്കിന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിൽ ഏറ്റവും നാശം വരുത്തുന്നത് പന്നികൾത്തന്നെ.

കൃഷിയിടങ്ങളിൽ പന്നികളുടെ ആക്രമണം ഏറിയതിനെത്തുടർന്ന് അവയെ വെടിവച്ചു കൊല്ലാം എന്ന ഉത്തരവ് സംസ്ഥാന സർക്കാരിൽനിന്നുണ്ടായി. വനംവകുപ്പ് അധികൃതരെക്കൂടാതെ ലൈസൻസുള്ള സാധാരണക്കാർക്കും വെടിവയ്ക്കാൻ അനുമതി നൽകി. മേയ് 18ന് ഇറങ്ങിയ ഉത്തരവിനുശേഷം 6 മാസം പിന്നിടുമ്പോൾ ഇതുവരെ 75 പന്നികളെ വെടിവച്ചു കൊന്നിട്ടുണ്ടെന്ന് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ സുരേന്ദ്രകുമാർ. ഏറ്റവുമധികം പന്നികളെ കൊന്നത് തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ്. പന്നികളെ കൊല്ലുന്നുണ്ടെങ്കിലും അവയുടെ കൃഷിയിടങ്ങളിലെ കടന്നുകയറ്റത്തിന് ഒരു കുറവുമില്ല. മേയ് 18ന് ഇറങ്ങിയ ഉത്തരവിൽ ആറു മാസത്തേക്കാണ് പന്നികളെ കൊല്ലാൻ അനുമതിയുണ്ടായിരുന്നത്. കാലാവധി നവംബറിൽ അവസാനിച്ചപ്പോൾ കർഷകരുടെ പ്രതിസന്ധിക്ക് അറുതി വന്നിട്ടില്ല. അതുകൊണ്ടുതന്നെ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ ശുപാർശപ്രകാരം ഉത്തരവ് 6 മാസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്.

കൃഷിയിടത്തിലിറങ്ങുന്ന പന്നികളെ കൊല്ലാൻ സർക്കാർ ഉത്തരവുണ്ടെങ്കിലും അതിനുള്ള നൂലാമാലകൾ ഏറെയാണ്. പന്നികൾ കൃഷിയിടത്തിൽ എത്തുമ്പോൾ വെടിവയ്ക്കാനുള്ള ആളെ തിരക്കിയിറങ്ങേണ്ട സാഹചര്യമാണ് കർഷകനുള്ളത്. ആളെ കൂട്ടി എത്തുമ്പോഴേക്കും പന്നികൾ അവരുടെ ‘ദൗത്യം’ കഴിഞ്ഞ് ഒഴിഞ്ഞിട്ടുണ്ടാകും. ഇനി പന്നിയെ കൊന്നാൽതന്നെ അത് ഗർഭിണി ആയിരിക്കാൻ പാടില്ലെന്നുമുണ്ട്. ഗർഭിണികളായ പന്നിയെ വെടിവച്ചാൽ അടുത്ത പ്രശ്നം ഉടലെടുക്കും.

വെടിവയ്ക്കാം, പക്ഷേ തോക്ക് തരില്ല

കാട്ടുപന്നിയെ കൊല്ലാനുള്ള കാലാവധി ആറു മാസത്തേക്കുകൂടി നീട്ടിയെങ്കിലും അതിന്റെ ഫലം ഉടനെയൊന്നും കർഷകർക്ക് ലഭിക്കില്ല. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തോക്കുകൾ പോലീസ് സ്റ്റേഷനിൽ ഏൽപിക്കേണ്ടതായി വന്നിട്ടുണ്ട്. മുൻ കാലങ്ങളിലെ നടപടിക്രമങ്ങൾ അനുസരിച്ച് തിരഞ്ഞെടുപ്പു കഴിഞ്ഞ് മൂന്നോ നാലോ മാസങ്ങൾക്കു ശേഷമാണ് നടപടികൾ പൂർത്തിയാക്കി തോക്കുകൾ തിരികെ കൊടുക്കാറുള്ളത്. സമാന രീതിയാണ് ഇവിടെ സംഭവിക്കുന്നതെങ്കിൽ തോക്ക് തിരികെ ലഭിക്കുമ്പോഴേക്ക് ഉത്തരവ് കാലാവധി അവസാനിക്കാറായിട്ടുണ്ടാകും. 

മലയോരമേഖലകളിൽ കപ്പ ഉൾപ്പെടെയുള്ള കിഴങ്ങുവർഗവിളകൾ മൂപ്പെത്തിക്കൊണ്ടിരിക്കുകയാണ്. കിഴങ്ങുകൾ ഇളം പരുവത്തിലായതിനാലും ചൂട് ഏറിയതിനാലും കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് ആകർഷിക്കപ്പെടും. ഈ സാഹചര്യത്തിൽ തോക്ക് കൈവശമില്ലാത്തതിനാൽ കർഷകർ നിസ്സഹായരാകും. 

മറ്റു സംസ്ഥാനങ്ങൾക്കാകാമെങ്കിൽ എന്തുകൊണ്ട് കേരളത്തിന് കഴിയില്ല?

കൃഷിക്ക് പ്രാധാന്യം നൽകുന്ന സംസ്ഥാനങ്ങളിൽ കർഷകക്ഷേമം ലക്ഷ്യമിട്ട് കാട്ടുപന്നിയ വർഷങ്ങൾക്കു മുൻപേ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളാണ് പന്നിയെ ക്ഷുദ്രജീവികളുടെ ഗണത്തിൽ പെടുത്താൻ മുന്നിട്ടിറങ്ങിയത്. കാട്ടുപന്നികളുടെ ശല്യമുള്ള ജില്ലകളിലെല്ലാം അവയെ നശിപ്പിക്കാൻ ഈ സംസ്ഥാനങ്ങൾ തീരുമാനമെടുത്തു. എന്നാൽ, കേരളത്തിന് ഇപ്പോഴും ഇവ കൃഷി നശിപ്പിക്കുന്ന ജീവിയായി തോന്നിയിട്ടില്ല. വന്യജീവി സംക്ഷണ നിയമം ഷെഡ്യൂൾ മൂന്നിൽനിന്ന് കാട്ടുപന്നിയെ ഷെഡ്യൂൾ അഞ്ചിലേക്ക് മാറ്റണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കർഷകരുടെ ഭാഗത്തുനിന്ന് നിരന്തരമായ സമ്മർദ്ദത്തേത്തുടർന്ന് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കത്തയച്ചു. കൂടുതൽ വിവരങ്ങൾ വേണം എന്ന് ചൂണ്ടിക്കാട്ടി ആ കത്ത് തിരിച്ചുവന്നു. കേന്ദ്രം ചോദിച്ച വിവരങ്ങൾ ഉൾപ്പെടുത്തി കത്ത് വീണ്ടും ഡൽഹിക്ക് പോയിട്ടുണ്ട്. ഈ മാസംതന്നെ കർഷകർക്ക് അനുകൂലമായി കേന്ദ്രത്തിന്റെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇതൊക്കെ നടന്നുകൊണ്ടിരിക്കുന്ന കർഷകദുരിതങ്ങൾ. ഇനി അൽപം കണക്കുകളിലേക്കു കടക്കാം. വന്യജീവികൾ കൃഷി സ്ഥലങ്ങളിലേക്കു കടക്കാതിരിക്കാൻ വനാതിർത്തികൾ പ്രത്യേകം തിരിച്ച് വേലികെട്ടിയിട്ടുണ്ട്. 2093 കിലോമീറ്റർ ദൂരത്തിൽ സൗരോർജ വേലിയും 618 കിലോമീറ്റർ കിടങ്ങും ഉൾപ്പെടെ 3170 കിലോമീറ്റർ ദൂരത്തിലാണ് സംരക്ഷണ സംവിധാനം ഒരുക്കിയിട്ടുള്ളത്. എന്നാൽ കേരളത്തിലെ മൊത്തം വനാതിർത്തി 16,846 കിലോമീറ്റർ ആണെന്നിരിക്കേ കൃഷിസ്ഥലങ്ങളിലേക്കുള്ള വന്യജീവികളുടെ കടന്നുകയറ്റം ഒഴിവാക്കാൻ നിലവിലുള്ള സംവിധാനങ്ങൾ പോര. 

വന്യജീവി ആക്രമണങ്ങൾ മൂലം നാശനഷ്ടങ്ങളുണ്ടാകുന്ന കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനായി സർക്കാർ സംവിധാനമൊരുക്കിയിട്ടുണ്ടെന്നത് അൽപം ആശ്വാസം പകരുന്നതാണ്. ഓരോ വിളയ്ക്കും നിശ്ചിത തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുക. നെൽക്കൃഷി വന്യമൃഗങ്ങൾ നശിപ്പിച്ചാൽ ഹെക്ടറിന് 11000 രൂപ കർഷകർക്ക് ലഭിക്കും. കൂടാതെ വലിയ തെങ്ങിന് 770 രൂപയും ടാപ്പ് ചെയ്യുന്ന റബറിന് 330 രൂപയും 10 സെന്റിലെ കപ്പക്കൃഷിക്ക് 165 രൂപയും നിജപ്പെടുത്തിയിരിക്കുന്നു. ഒരു ഹെക്ടർ ഏലത്തോട്ടത്തിലെ കൃഷി നശിച്ചാൽ 2750  രൂപയും ലഭിക്കും. പച്ചക്കറി 220 രൂപ (പത്ത് സെന്റ്), വാഴ കുലച്ചത് 110 രൂപ, കുരുമുളക് ചെടിയൊന്നിന് 83 രൂപ എന്നിങ്ങനെയും കർഷകർക്ക് ലഭിക്കും. ജീവഹാനി നേരിട്ടാൽ 10 ലക്ഷം രൂപയും പരിക്കേറ്റാൽ ചികിത്സാച്ചെലവിലേക്ക് 2 ലക്ഷം രൂപയും ലഭിക്കും.

വന്യജീവികളുടെ ആക്രമണത്തേത്തുടർന്ന് 2018ൽ മാത്രം 10 കോടി രൂപ നഷ്ടപരിഹാര ഇനത്തിൽ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ട്. 

സംസ്ഥാനസർക്കാരിന്റെ സേവനങ്ങൾ ലഭ്യമാക്കുന്ന ഇ–ഡിസ്ട്രിക്ട് പോർട്ടൽ വഴി കർഷകർക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിക്കാം. 

കേരളത്തിന്റെ ആക ഭൂപ്രകൃത്യയിൽ 30 ശതമാനം വനമാണെന്ന് ഇന്ത്യ സ്റ്റേറ്റ് ഫോറസ്റ്റ് റിപ്പോർട്ട് 2019ൽ സൂചിപ്പിക്കുന്നു. ദേശീയ ശരാശരി 22 ശതമാനം ആയിരിക്കെയാണ് കേരളത്തിന്റെ മൂന്നിലൊരു ഭാഗത്തോളം റിസർവ് വനമാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടത്. വനം നശിപ്പിച്ച് വന്യജീവികളുടെ വാസസ്ഥലത്തേക്ക് അതിക്രമിച്ചുകയറിയതിനാലാണ് അവ കൃഷിസ്ഥലത്തേക്ക് ഇറങ്ങുന്നതെന്ന വാദിക്കുന്ന പരിസ്ഥിതിവാദികൾ ഒന്നു മനസിലാക്കണം, കർഷകർ കൃഷി ചെയ്യുന്നത് അവരുടെ മണ്ണിലാണ്. വനത്തിന്റെ വിസ്തൃതിയിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. മാത്രമല്ല കഴിഞ്ഞ 4 വർഷത്തെ കണക്കുകളെടുക്കുകയാണെങ്കിൽ വനവൽകരണത്തിൽ 5 ശതമാനം വളർച്ചയുമുണ്ട്. മാത്രമല്ല വനവൽകരണ വളർച്ചയിൽ മൂന്നാം സ്ഥാനം കേരളത്തിനുണ്ട്. 

വനവിസ്തൃതിയല്ല കാരണം

വനവിസ്തൃതി കുറഞ്ഞതല്ല, വനത്തിലെ അംഗങ്ങളുടെ എണ്ണം വർധിച്ചതാണ് കൃഷിയിടങ്ങളിലേക്ക് ഇറങ്ങാൻ അവയെ പ്രേരിപ്പിക്കുന്നത്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ കടുവയും പുലിയും പോലുള്ള ജീവികൾ നാട്ടിലിറങ്ങിത്തുടങ്ങി. കടുവകളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടെ ഇരട്ടിയിലധികം വർധനയാണുള്ളത്. അതുപോലെ ഉൾക്കാടുകളിൽ ഉള്ളതിനേക്കാളേറെ മൃഗങ്ങൾ ഇപ്പോൾ വനാതിർത്തികളിലാണ്. അതിനാലാണ് മാംസഭോജികളായ ജീവികൾ നാട്ടിലേക്കെത്തുന്നത്. റിസർവ് വനമേഖലകളിൽ നല്ലൊരു ഭാഗവും തേക്ക്, അക്കേഷ്യ, യൂക്കാലി പോലുള്ള മരങ്ങളായതിനാൽ ഭക്ഷണത്തിന്റെ ലഭ്യതക്കുറവ് മൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് എത്തപ്പെടാനുള്ള പ്രധാന കാരണമെന്ന് കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസേസിയേഷൻ ചെയർമാൻ അലക്സ് ഒഴുകയിൽ പറയുന്നു. പന്നികൾക്കൊപ്പം കർഷകരെ ദുരിതത്തിലാക്കാൻ മത്സരിക്കുന്നവരാണ് ആനകൾ. ഇന്ത്യയുടെ വിസ്തൃതിയിൽ കേവലം മൂന്നു ശതമാനം മാത്രം വലുപ്പമുള്ള കേരളത്തിലാണ് രാജ്യത്താകെയുള്ള ആനകളിൽ 20 ശതമാനമുള്ളത്. ഭക്ഷണം കുറഞ്ഞതുതന്നെ ഇവയുടെ കടന്നുകയറ്റത്തിനും കാരണമെന്നും അദ്ദേഹം പറയുന്നു. 

കൃഷിയിടങ്ങൾ വനപ്രദേശമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അതിനൊപ്പം വന്യമൃഗങ്ങളുടെ ശല്യവും. എല്ലാ വശങ്ങളിൽനിന്നുമുള്ള പ്രഹരത്താൽ പൊറുതിമുട്ടിയ കർഷകർ സമരമുറയുമായി രംഗത്തെത്തിയിട്ടുണ്ട്, സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശം കൈവിട്ടുപോകാതിരിക്കാൻ.

English summary: Human-wildlife conflict in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA