ADVERTISEMENT

രാജ്യത്തൊട്ടാകെയുള്ള കര്‍ഷകരെ ജൈവകൃഷിയിലേക്കു നയിക്കുകയെന്ന ബൃഹദ് ദൗത്യവുമായി മുന്നിട്ടിറങ്ങിയ കേരളത്തില്‍നിന്നുള്ള കര്‍ഷക കൂട്ടായ്മയാണ് ഇടുക്കിയിലെ രാജാക്കാട് ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനി (എസ്പിസി ലിമിറ്റഡ്). ജൈവകൃഷിയെക്കുറിച്ചു ബോധവല്‍ക്കരണം, ജൈവകൃഷിത്തോട്ടങ്ങള്‍, ജൈവകൃഷിയുപാധികളുടെ നിര്‍മാണവും വിപണനവും തുടങ്ങിയവയെല്ലാം എസ്പിസിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. സമ്പൂര്‍ണ ജൈവകൃഷിയെന്ന ലക്ഷ്യവുമായി 'മേയ്ക്ക് ഇന്ത്യ ഓർഗാനിക് 'എന്ന പ്രോജക്ടിന് എസ്പിസി തുടക്കമിടുന്നത് 2013 ഏപ്രിൽ 17നാണ്. 7 വർഷം പിന്നിടുമ്പോൾ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. 

എസ്പിസി ചെയർമാൻ എൻ.ആർ. ജയ്മോന്‍, മാനേജിങ് ഡയറക്ടർ റിയാസ് കടവത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ ജീമോൻ പുല്ലേരി, ഡയറക്ടർമാരായ ടി. മുജീബ്, സാബു ചെറിയാൻ, മൊഹമ്മദ് അഷ്റഫ്, രഞ്ജിത്ത് തളിയിടത്ത്, സിഇഒ പി.പി. മിഥുൻ എന്നിവരടങ്ങുന്ന നേതൃത്വമാണ് പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്നത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ജൈവം പദ്ധതിയുടെ ഭാഗമായുള്ള ജൈവകൃഷി സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ചേര്‍ന്നു  ജൈവകൃഷിയുടെ ശാസ്ത്രീയരീതികൾ സ്വായത്തമാക്കിയവരാണ് കമ്പനി ചെയർമാന്‍ ഉള്‍പ്പെടെ നേതൃത്വത്തിലുള്ളവരെല്ലാം. വനിതകളടക്കം ഈ കര്‍ഷക കൂട്ടായ്മയിലുള്ളവരും ഈ കോഴ്സില്‍ പങ്കെടുത്ത് ശാസ്ത്രീയജ്ഞാനം നേടിവരുന്നു. 

മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയുമായി ചേർന്ന് ജൈവകൃഷിയിൽ ഗവേഷണം നടത്തുന്ന പദ്ധതിയാണ് എസ്പിസി പുതുതായി ആരംഭിച്ചത്. ഇതിനായി വിദ്യാർഥികൾക്ക് ഫെലോഷിപ് നൽകും. രാസകൃഷിയിൽ ഒട്ടേറെ ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ജൈവകൃഷിയിൽ കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു പദ്ധതിക്ക് എസ്‌പിസി തുടക്കം കുറിച്ചതെന്ന് എസ്പിസി ചെയർമാൻ എൻ.ആർ. ജയ്മോൻ. എംജി യൂണിവേഴ്സിറ്റിയും എസ്‌പിസിയും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം വെള്ളിയാഴ്ച ഒപ്പുവച്ചു.

spc-organic-farming-1
ജൈവകൃഷിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് എംജി യൂണിവേഴ്സിറ്റിയും എസ്‌പിസിയും ധാരണാപത്രം ഒപ്പുവച്ചപ്പോൾ

മേയ്ക്ക് ഇൻ ഇന്ത്യ പദ്ധിയുടെ ഭാഗമായി 155 പഞ്ചായത്തുകളിൽ എസ്‌പിസിയുടെ ഫ്രാഞ്ചൈസികൾ തുറന്ന് ജൈവകൃഷി പ്രവർത്തനങ്ങൾ നടന്നുവരുന്നു. 400 പഞ്ചായത്തുകളിൽ പുതിയ ഫ്രാഞ്ചൈസികൾ വൈകാതെ തുറക്കും. 2021 മാർച്ചോടെ കേരളത്തിലെ 941 പ‍ഞ്ചായത്തുകളിലും എസ്‌പിസിയു‌ടെ ഫ്രാഞ്ചൈസികൾ തുറക്കുകയാണ് ലക്ഷ്യം. അതിനുശേഷം ഇതര സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. 

തെലുങ്കാന, കർണാടക സംസ്ഥാനങ്ങൾ ജൈവകൃഷിക്ക് താൽപര്യം അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ധാരണയിലെത്താൻ കർണാടക ഡപ്യൂട്ടി മുഖ്യമന്ത്രി വരും ദിവസങ്ങളിൽ കൊച്ചിയിലെത്തും. ഇതുകൂടാതെ ഇന്ത്യയ്ക്കു പുറത്തുനിന്നും എസ്‌പിസിയുടെ സഹായം തേടിയുള്ള വിളി എത്തിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് അവിടുത്തെ ഭരണകൂടം എസ്‌പിസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവിടെ ചെന്ന് കൃഷിക്കാവശ്യമായ നിർദേശങ്ങൾ നൽകണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകം മുഴുവൻ ജൈവമാക്കുക എന്നതാണ് എസ്‌പിസിയുടെ ലക്ഷ്യം. അതിന് മാതൃകയായി മാറുകയാണ് മേക്ക് ഇന്ത്യ ഓർഗാനിക് എന്ന പദ്ധതിയിലൂടെ.

spc-organic-farming-mk-muneer
എം.കെ. മുനീർ ടെറസിലെ പച്ചക്കറിത്തോട്ടത്തിൽ

എസ്‌പിസിയുടെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് അടുക്കളത്തോട്ടം പദ്ധതി. ഗ്രോബാഗ്, വിത്ത്, വളങ്ങൾ, നടീൽ മിശ്രിതം തുടങ്ങിയവ ഈ പദ്ധതിയിലൂടെ കിറ്റായി വിതരണം ചെയ്യുന്നു. ഓരോ പ്രദേശത്തെയും മണ്ണിന് പ്രത്യേകതകളുള്ളതിനാലും അതിൽ ആവശ്യമായ പോഷകങ്ങൾ ഇല്ലാത്തതിനാലുമാണ് നടീൽ മിശ്രിതവും കൂട്ടത്തിൽ നൽകുന്നത്. ഒട്ടേറെ പ്രമുഖർ അടുക്കളത്തോട്ടം പദ്ധതിയുടെ ഗുണഭോക്താക്കളാണ്. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, എം.കെ. മുനീർ, സിനിമാതാരങ്ങളായ മഞ്ജു വാര്യർ, ജയസൂര്യ, റോഷൻ ആൻഡ്രൂസ് തുടങ്ങവരെല്ലാം വീടുകളിൽ ജൈവകൃഷി ചെയ്യുന്നു. 

ഗ്രോബാഗ് തയാറാക്കി വിത്തിട്ടതിനുശേഷം ഓരോ ദിവസവും എന്തെല്ലാം പരിചരണമാണ് നൽകേണ്ടത് എന്ന് ഓർമിപ്പിക്കാൻ പ്രത്യേക സംവിധാനവും എസ്‌പിസി ഒരുക്കിയിട്ടുണ്ട്. എസ്‌പിസി പ്രാണ എന്ന മൊബൈൽ ആപ് ആണ് ഇതിനായി ഓരോ വ്യക്തിയെയും സഹായിക്കുക. ഗൂഗിൾ പ്ലോസ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഈ ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷം ആപ് തുറന്ന് ഏത് പച്ചക്കറിയുടെ വിത്താണോ നടാൻ ഉദ്ദേശിക്കുന്നത് ആ പച്ചക്കറിയുടെ പേര് തിരഞ്ഞെടുക്കുക. 

അതിൽ വിത്തിടാൻ ഉദ്ദേശിക്കുന്ന തീയതി രേഖപ്പെടുത്താം. വിത്ത് നടാൻ ഉദ്ദേശിക്കുന്നതിന്റെ തലേ ദിവസം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണമെന്ന നോട്ടിഫിക്കേഷൻ ലഭിക്കും. അതിനുശേഷം ഓരോ ദിവസവും എന്തൊക്കെ പരിചണമാണ് നൽകേണ്ടതെന്ന് ആപ് ഓർമിപ്പിക്കും. ഒപ്പം എങ്ങനെ കൃഷി ചെയ്യാമെന്നത് വിഡിയോ രൂപത്തിൽ കാണുകയും ചെയ്യാം.

spc-organic-farming
എസ്‌പിസി പ്രാണ മൊബൈൽ ആപ്

ആപ്പിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. കർഷകർക്ക് വളവും മറ്റും വാങ്ങാനുള്ള സൗകര്യവും എസ്‌പിസി പ്രാണ ആപ് നൽകുന്നു. കൂടാതെ, ഉൽപന്നങ്ങൾ വിൽക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്.

എസ്പിസി നേതൃനിരയിലുള്ള കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ സമ്പൂര്‍ണ ജൈവകൃഷി നടപ്പാക്കി മാതൃക സൃഷ്ടിച്ചുകൊണ്ടാണ് മറ്റു കര്‍ഷകരെ ഈ മാര്‍ഗത്തിലേക്കു നയിക്കുന്നതെന്നു ജയ്മോന്‍ പറഞ്ഞു. സംസ്ഥാനത്തു ജൈവകൃഷിയുടെ  പ്രമുഖ പ്രയോക്താവായ കെ.വി. ദയാല്‍,  ജൈവം പദ്ധതിയുടെ കോ– ഓര്‍ഡിനേറ്റര്‍ ജി. ശ്രീകുമാര്‍ എന്നിവരാണ് ‘മേയ്ക്ക്  ഇന്ത്യ ഓര്‍ഗാനിക്’ പ്രോജക്ടിന്റെ ഉപദേഷ്ടാക്കള്‍. കാര്‍ഷിക സെമിനാറുകളിലൂടെ കര്‍ഷകരെ ബോധവൽകരിക്കുകയും തുടര്‍ന്ന് ഓരോ കര്‍ഷകന്റെയും കൃഷിയിടത്തില്‍  വിദഗ്ധരെത്തി മണ്ണു പരിശോധിച്ചു കുറ്റവും കുറവും തിരിച്ചറിഞ്ഞ് അതിനെ നന്നാക്കിയെടുക്കാന്‍ സഹായിക്കുകയുമാണ് കമ്പനി ചെയ്യുന്നത്. 

ജൈവരീതിയില്‍ തയാറാക്കിയ വളം, കീടനാശിനി, പോഷകക്കൂട്ടുകള്‍ തുടങ്ങിയ കൃഷിയുപാധികള്‍ ഗുണമേന്മയോടെ ആവശ്യമുള്ള അളവില്‍ കിട്ടാനില്ലാത്തതാണ്  ജൈവകൃഷിയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന തടസം. ഇതിനു പരിഹാരമായി മികച്ച ഉല്‍പന്നങ്ങളുടെ ഒരു വലിയ നിരതന്നെ വിപണിയിലിറക്കുന്നുണ്ട് എസ്പിസി. പ്രമുഖ ജൈവ കര്‍ഷകനും കൃഷിശാസ്ത്ര വിദഗ്ധനുമായ ഡോ. ജോഷി ചെറിയാന്‍, ജൈവകൃഷി വിദഗ്ധനായ ജി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ– വികസന വിഭാഗമാണ്  ഉല്‍പന്നങ്ങള്‍ ഉരുത്തിരിച്ചെടുത്തത്. പിണ്ണാക്കുമിശ്രിതങ്ങള്‍, പൊട്ടാഷ്, ഫോസ്ഫറസ്, പ്രോട്ടീൻ, ഫാറ്റ്, ഹ്യുമിക്, ഫൾവിക്, കടല്‍പായല്‍ തുടങ്ങി പന്ത്രണ്ടിലധികം ഘടകങ്ങള്‍ സംയോജിപ്പിച്ചുണ്ടാക്കിയ ബയോപവർ എന്ന ജൈവവളം കർഷകർക്കിടയിൽ വേഗത്തിൽ ശ്രദ്ധ നേടി. ചെടികളുടെ വേരുകൾ നന്നായി വളരാൻ ഹ്യുമിക്, കോശങ്ങളുടെ വളർച്ചയ്ക്ക് ഫൾവിക്, പുഷ്പിക്കാനും കായ്ക്കാനും കായ്കൾ കൊഴിയാതെ പിടിക്കാനും വലിയ ഫലങ്ങ ൾ ലഭിക്കാനും അമിനോ,  സീവീഡ് ജെല്‍,  മണ്ണിന്റെ ഘടനയ്ക്കനുസരിച്ച് പിഎച്ച് നിലനിര്‍ത്താന്‍ പി എച്ച് ബൂസ്റ്റര്‍, സൂക്ഷ്മാണുക്കളെ മണ്ണിലെത്തിക്കാൻ ബയോ ഗ്രോത്തും, മണ്ണിൽ മഗ്നീഷ്യം യഥേഷ്ടം എത്തിക്കാൻ ബയോ ഗ്രീന്‍ എന്നിങ്ങനെ മുപ്പതിലധികം ജൈവ ഉപാധികള്‍ എസ്പിസി തയാറാക്കി കർഷകർക്കു നൽകിവരുന്നു. കീടനിയന്ത്രണത്തിന് ബയോഗാർഡ്, അഗ്രോഗ്രീൻ ഹോമിയോ തുടങ്ങിയവയും. 

ഫോണ്‍: 9497287063, 9447259343

English summary: Kerala based Company Builds the Future of Organic Farming, Home Vegetable Garden Kerala, Kitchen Vegetable Garden In Kerala, Terrace Vegetable Garden In Kerala, Terrace Vegetable Garden Kerala, Vegetable Cultivation In Kerala, Vegetable Farming In Kerala, Vegetable Farming Kerala, Vegetable Garden At Home Kerala, Vegetable Garden In Kerala, Vegetable Garden Kerala, Vegetable Garden Of Kerala, Vegetable Gardening Ideas In Kerala, Vegetable Gardening In Kerala, Vegetable Plants In Kerala, Vegetable Production In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com