ADVERTISEMENT

കാർഷിക മേഖലയ്ക്ക് സഹകരണ ബാങ്കുകളിൽനിന്നു വലിയ പിൻതുണ ലഭിക്കുന്ന കാലമാണിത്. സ്വന്തം നിലയ്ക്കു കൃഷി, കൃഷിക്കാർക്ക് ആവശ്യമായ വായ്പകൾ, ഇടനിലക്കാരെ ഒഴിവാക്കി കാർഷികോൽപന്നങ്ങൾ വിറ്റഴിക്കാനുള്ള സൗകര്യം തുടങ്ങി ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്ന സഹകരണബാങ്കുകളുണ്ട്. അക്കൂട്ടത്തിൽ മുൻനിരയിൽ ഇടം പിടിച്ചിരിക്കുന്നു ചക്കിട്ടപ്പാറ സർവീസ് സഹകരണ ബാങ്ക്.

കോഴിക്കോടിന്റെ മലയോര കാർഷികമേഖലയായ ചക്കിട്ടപ്പാറയിൽ അര നൂറ്റാണ്ടിനപ്പുറം പ്രവർത്തനം തുടങ്ങിയ ഈ സഹകരണബാങ്കിന്റെ സഹകാരികളിൽ നല്ല പങ്കും അന്നും ഇന്നും കൃഷിക്കാർതന്നെ. റബറും തെങ്ങും കപ്പയും ചേനയും സമൃദ്ധമായുള്ള ചക്കിട്ടപ്പാറയിലെ കർഷകർ വായ്പയ്ക്കു മുതൽ വിപണന സൗകര്യത്തിനുവരെ ആദ്യം ആശ്രയിക്കുന്നതും ഈ ബാങ്കിനെത്തന്നെ.

കാർഷിക മേഖലയിൽ സുപ്രധാനമായ രണ്ടു കാര്യങ്ങളാണ് നല്ല നടീൽവസ്തുക്കളുടെ ലഭ്യതയും ലാഭകരമായ വിപണന സൗകര്യവും. ഗുണമേന്മയുള്ള വിത്തുകൾ, തൈകൾ, വളം, കീടനാശിനി എന്നിവ കർഷകർക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പേരാമ്പ്രയിൽ കർഷക സേവനകേന്ദ്രം ബാങ്ക് തുടങ്ങുന്നത്. തെങ്ങും കുരുമുളകും ഉൾപ്പെടെ മുഖ്യവിളകളുടെയെല്ലാം മികച്ച നടീൽവസ്തുക്കൾ കർഷകസേവനകേന്ദ്രത്തിൽത്തന്നെ ഉൽപാദിപ്പിക്കാൻ ബാങ്ക് സന്നദ്ധമായി. ന്യായവിലയ്ക്ക് അവ വിൽക്കാനും തുടങ്ങിയതോടെ പ്രദേശത്തെ ചെറുകിട കർഷകർക്കു കൈവന്നത് ചെറുതല്ലാത്ത നേട്ടം. കോവിഡ് കാലത്ത് കൃഷി വർധിച്ചതിനാൽ നടീൽവസ്തുക്കൾക്കു നല്ല ഡിമാൻഡും കൈവന്നിരിക്കുന്നു.

നടീൽവസ്തുക്കൾ മാത്രമല്ല, ഗുണമേന്മയുള്ള വളം ലഭ്യമാക്കുന്നതിലും ബാങ്ക് ശ്രദ്ധവയ്ക്കു ന്നുണ്ട്. കുടുംബശ്രീ വനിതകൾക്കു കോഴിയും കൂടും നൽകുന്ന, നബാർഡിന്റെ കോഴിഗ്രാമം പദ്ധതി ബാങ്ക് ചക്കിട്ടപ്പാറയിൽ നടപ്പിലാക്കിയിരുന്നു. കോഴിവളർത്തൽ യൂണിറ്റുകളിൽനിന്നു ലഭ്യമാക്കുന്ന കോഴിവളവും കർഷക സേവനകേന്ദ്രം വഴി വിറ്റഴിക്കാൻ ബാങ്ക് സൗകര്യമൊരുക്കി. ട്രില്ലർ, ട്രാക്ടർ എന്നിവ ഉൾപ്പെടെ കൃഷിയന്ത്രങ്ങൾ കുറഞ്ഞ നിരക്കിൽ വാടകയ്ക്കു നൽകുന്നുമുണ്ട്. 

ഉൽപാദനം മാത്രം പോരല്ലോ, വിപണനവും പ്രധാനം തന്നെ. ചെറുകിട കർഷകർ വിപണിയിൽ നേരിടുന്ന പ്രതിസന്ധികൾക്കു പരിഹാരം എന്ന നിലയ്ക്കു കൂടിയാണ് ബാങ്ക് പേരാമ്പ്രയിൽത്തന്നെ ഫാർമേഴ്സ് സൂപ്പർ മാർക്കറ്റ് തുടങ്ങുന്നത്. കർഷകരിൽനിന്നു സംഭരിക്കുന്ന ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സൗകര്യമായതോടെ ന്യായവില എന്ന നേട്ടം കർഷകർക്കും നല്ല നാടൻ ഉൽപന്നങ്ങൾ വാങ്ങാം എന്ന സൗകര്യം ഉപഭോക്താക്കൾക്കും കൈവന്നു. 

പഴം–പച്ചക്കറി എന്നിവയുടെ കാര്യത്തിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന തറവില ഉറപ്പാക്കാനുള്ള തീരുമാനവുമുണ്ട് ബാങ്കിന്. കോവിഡ് കാലത്ത് ചക്കിട്ടപ്പാറ പഞ്ചായത്തിലെ അയ്യായിരത്തി അഞ്ഞൂറോളം വരുന്ന വീടുകളിൽ സൗജന്യ ഭക്ഷ്യോൽപന്ന കിറ്റുകൾ വിതരണം ചെയ്യാനും ബാങ്ക് മനസ്സു വച്ചു. കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല സ്വന്തം കൃഷിയിലൂടെ മാതൃക തീർക്കാനും ബാങ്ക് മുന്നിലുണ്ട്. പാട്ടത്തിനെടുത്ത സ്ഥലത്ത് വാഴക്കൃഷിയിലാണ് ബാങ്ക് ഇത്തവണ ശ്രദ്ധ വച്ചിരിക്കുന്നത്. 

കാർഷിക മേഖല പലവിധ തിരിച്ചടികളിൽ ഉഴലുമ്പോൾ ചക്കിട്ടപ്പാറയിലെ മലയോരക്കർഷകർ പ്രതീക്ഷ വയ്ക്കുന്നതും ബാങ്കിന്റെ കാർഷിക പ്രവർത്തനങ്ങളിൽത്തന്നെ. പി.പി. രഘുനാഥ് പ്രസിഡന്റായുള്ള ഭരണസമിതിയും സെക്രട്ടറി ഇ.എം. സുരേഷിന്റെ നേതൃത്വത്തിൽ ജീവനക്കാരും കർഷകരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കാൻ സന്നദ്ധർ. 

ഫോൺ: 9495890759

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com