ADVERTISEMENT

സംസ്കൃതത്തിൽ ‘സൂര്യൻ’ എന്ന അർഥമാണ് ഹേലി എന്ന വാക്കിന്. പണ്ഡിതനായ അച്ഛൻ പി.എം. രാമന്റെ സാഹിത്യ പ്രണയമായിരിക്കണം ഈ പേര് തിരഞ്ഞെടുക്കാൻ കാരണമെന്ന്  ആർ. ഹേലി എന്ന പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ഒരിക്കൽ പറഞ്ഞു.

‘ശ്രവണമാത്രയിൽ ജാതി തിരിച്ചറിയാതിരിക്കുക എന്നതും ഗുരുദേവ ഭക്തനായ പിതാവിന്റെ ലക്ഷ്യമായിരിക്കണം. പേരിന്റെ പേരിൽ ഞാൻ പലതവണ പുലിവാലു പിടിച്ചിട്ടുണ്ട്. പെണ്ണിന്റെ പേരായി കണ്ടവരും ഇല്ലാതില്ല...’–ഹേലിയുടെ വാക്കുകൾ...

പേരിലെ സൂര്യത്തിളക്കം അന്വർഥമാക്കും വിധം കേരളത്തിലെ കാർഷിക മേഖലയിൽ സൂര്യ പ്രകാശം പരത്തി നൂറുമേനി വിളയാൻ വഴിയൊരുക്കിയ സൂര്യൻ തന്നെയായിരുന്നു ഹേലി. ആർ. ഹേലിക്കു മുൻപും പിൻപും ഒട്ടേറെ പേർ കൃഷി ഡയറക്ടർ സ്ഥാനത്തിരുന്നിട്ടുണ്ട്. പക്ഷേ ജോലിയിൽനിന്നു വിരമിച്ച് 3 പതിറ്റാണ്ടു കഴിഞ്ഞിട്ടും ഹേലിയാണ് ഇപ്പോഴും കൃഷി ഡയറക്ടർ എന്നു കരുതുന്ന കർഷകർ ഏറെയാണ്.

ജാതി വ്യവസ്ഥയോടും ക്രൂരതകളോടും അവഹേളനങ്ങളോടും പൊരുതി ജയിച്ച വ്യക്തിയായിരുന്നു തന്റെ അച്ഛൻ പി.എം. രാമനെന്ന് ആർ. ഹേലി എപ്പോഴും ആവർത്തിക്കുമായിരുന്നു. അച്ഛനെക്കുറിച്ചുള്ള ഓർമകളാണ് തന്റെ ധൈര്യമെന്നും അദ്ദേഹം പറയുമായിരുന്നു.  

കഥയിൽനിന്ന് കൃഷിപാഠങ്ങളിലേക്ക്

പഠിക്കുന്ന കാലത്ത് കഥകളെഴുതിയിരുന്നു ഹേലി. പഠിച്ചു കഴിഞ്ഞ് റബർ ബോർഡിൽ ജോലിക്കാരനായപ്പോൾ, തിരുവിതാംകൂറിൽ റബർ കൃഷിക്കുള്ള സാധ്യതകൾ പഠിച്ച് റിപ്പോർട്ടു ചെയ്തു. കഥയിൽനിന്നും കാര്യത്തിലേക്കുള്ള എഴുത്തിന്റെ ഈ മാറ്റം മലയാളത്തിന് ഒരു കഥാകാരനെ നഷ്‌ടപ്പെടുത്തിയിട്ടുണ്ടാവാം. പക്ഷേ, ഭാവനാ ശാലിയായ കൃഷി വിജ്‌ഞാന വ്യാപന പ്രവർത്തകൻ എന്ന നിലയിൽ ഹേലി കാർഷികമേഖലയിൽ നടത്തി നിശബ്ദ വിപ്ലവം, അതിലും എത്രയോ വലുതായിരുന്നു.

കൃഷി പ്രചാരകന്റെ വിജ്‌ഞാന വ്യാപനം

നല്ല വിത്ത്, നല്ല വളം നല്ല പരിചരണം, നല്ല വിളവ് എന്ന കൃഷിതത്ത്വം ഗുരുദേവകൃതികളുടെ പ്രസിദ്ധീകരണത്തിലും വിതരണത്തിലും പ്രചാരണത്തിലും തെളിയിച്ചു ഹേലി. കൃഷി പ്രചാരകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കൃഷി വിജ്‌ഞാന വ്യാപനത്തിനു വേണ്ടി സർക്കാർ മെഷീനറി ബോധപൂർവ്വം ഉപയോഗിക്കുകയും കൃഷിയും മൃഗ സംരക്ഷണവുമുൾപ്പെടെയുള്ള വിഷയങ്ങളിൽ അടിസ്‌ഥാനവിവരങ്ങളും ആശയങ്ങളും സാധാരണക്കാരനിലെത്തിച്ചു.

സംസ്ഥാനത്തെ കാർഷിക മാധ്യമരംഗത്തെ ചാലകശക്തിയായ ഫാം ഇൻഫോർമേഷൻ ബ്യൂറോയുടെ ശിൽപി കൂടിയായിരുന്നു അദ്ദേഹം. 1968 വരെ കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളിൽ പ്രത്യേക ഇൻഫർമേഷൻ സർവീസുകളാണ് നിലവിലുണ്ടായിരുന്നത്. ഇവ സംയോജിപ്പിച്ചുകൊണ്ട് ഫാം ഇൻഫർമേഷൻ ബ്യൂറോ ആരംഭിക്കുന്നത് 1969 ജനുവരി ഒന്നിനായിരുന്നു. ഭക്ഷ്യോൽപാദനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടു വരണമെന്ന അന്നത്തെ കൃഷി മന്ത്രി എം.എൻ. ഗോവിന്ദൻ നായരുടെ ദീർഘദൃഷ്ടി ആണ് ബ്യൂറോയുടെ രൂപീകരണം എന്ന ആശയത്തിൽ എത്തിച്ചത്. 1969 ജനുവരി ഒന്നു മുതൽ 1983 ജനുവരി 20 വരെ അദ്ദേഹം ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ആയിരുന്നു.

ഗ്രൂപ്പ് ഫാമിങ്

കേരളത്തിൽ, നെൽകൃഷിയിൽ ഗ്രൂപ്പ് ഫാമിങ് ഏർപ്പെടുത്തിയത് ഹേലി കൃഷി ഡയറക്‌ടറായിരുന്ന കാലത്താണ്. ആദ്യഘട്ടമെന്ന നിലയിൽ 60000 ഏക്കർ സ്‌ഥലത്താണ് ഗ്രൂപ്പ് ഫാമിങ് നടത്തിയത്. മലയാള ദിനപത്രങ്ങളിൽ കാർഷിക പംക്തികളുടെ ആരംഭം, ആകാശവാണിയിലെ കാർഷിക വാർത്ത,  കേരള കർഷകൻ മാസികയുടെ നവീകരണം തുടങ്ങി ഒട്ടനവധി ആശയങ്ങളുടെ ശിൽപി കൂടിയായിരുന്നു. ഹേലിയുടെ ലേഖനങ്ങൾ സാധാരണ പുസ്‌തകവലുപ്പത്തിൽ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തുകയാണെങ്കിൽ പുസ്‌തകത്തിന്റെ പേജുകൾ തന്നെ എൺപതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിൽ വരും.  1955ൽ നവയുഗം വാരികയിൽ ലേഖനം എഴുതിത്തുടങ്ങിയ അദ്ദേഹത്തിന്റെ സൃഷ്ടികൾ തമിഴിലും മറ്റ്‌ ചില ഇന്ത്യൻ ഭാഷകളിലും ലേഖനങ്ങൾ വിവർത്തനം ചെയ്തു.

കേരളത്തിലെ ഗ്രാമീണ വായനശാലകളിൽ ഫാം ബുക് കോർണർ തുടങ്ങി. നെൽകൃഷി, മത്സ്യം വളർത്തൽ, വളപ്രയോഗം എന്ന വിഷയങ്ങളിൽ ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, ഇന്തോനീഷ്യ  എന്നിവിടങ്ങളിൽ പരിശീലനം നേടി.

തന്റേടിയുടെ കതിരുറപ്പു വേണം കർഷകന്...

‘ജീവിതം ഒരു കൃഷിയിറക്കലാണ്. അവിടെ എന്തും സംഭവിക്കാം. ദുരനുഭവങ്ങളുടെ കാലവർഷത്തിൽ മട വീഴാം, നിർഭാഗ്യത്തിന്റെ കടുംവെയിലിൽ കരിരുകൾ വാടി വീഴാം. കളകൾ, കിളികൾ, പ്രാണികൾ വേണ്ടതു വേണ്ടപ്പോൾ വേണ്ടതുപോലെ ചെയ്തില്ലെങ്കിൽ കൃഷി നാശം ഫലം. ഒരു കർഷകന് നിശ്ചവും വിശ്വാസവും വേണം, പ്രാർഥന വേണം, പരാജയത്തിലും കുനിയാതെ ഒരു തന്റേടിയുടെ കതിരുറപ്പു വേണം.’– ഹേലിയുടെ വാക്കുകൾ..

English summary:  Farm Journalism Pioneer R Heli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com