ഗപ്പിക്കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വാഴയിലയും മാവിലയും, ഇത് ജോഷിയുടെ രീതി

HIGHLIGHTS
  • രണ്ടു രീതിയിലാണ് ജോഷി ഗപ്പിക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്
  • മത്സ്യങ്ങൾക്കു വേണം നല്ല ജലം മത്സ്യങ്ങൾക്കുള്ള ജലത്തിന്റെ ഗുണനിലവാരം എപ്പോഴും ശ്രദ്ധിച്ചിരിക്കണം
joshy-guppy-farm-1
പ്ലാറ്റിനം റെ‍ഡ് ടെയിൽ ഡംബോ ഇയർ ഗപ്പികൾക്കു സമീപം ജോഷി ജേക്കബ്
SHARE

പഠിച്ചതും ജോലി ചെയ്തതും ആതുരസേവന മേഖലയിലെങ്കിലും ജോഷി ജേക്കബിന് എന്നും മത്സ്യങ്ങളോട് പ്രണയംതന്നെയായിരുന്നു. അതുകൊണ്ടുതന്നെ വിദേശജോലി മതിയാക്കി നാട്ടിലെത്തിയപ്പോൾ പഴയ ഗപ്പിപ്രേമം വീണ്ടും പൊടിതട്ടിയെടുത്തുവെന്നു പറയാം. ഇന്ന് കോട്ടയം ചവിട്ടുവരിയിലുള്ള പുറയംപള്ളിൽ വീടിനു പിന്നിലെ ഷെഡ്ഡിലാണ് ജോഷി വലിയൊരു മത്സ്യലോകം തീർത്തിരിക്കുന്നു. സ്ഫടിക ടാങ്കുകളിലും പഴയ ഫ്രി‍ഡ്ജ് ബോക്സുകളിലുമായി മത്സ്യങ്ങൾ നീന്തിത്തുടിക്കുന്നു. കൈകാര്യം ചെയ്യാനുള്ള സൗകര്യത്തിന് അപ്പോൾ സുതാര്യമായ പ്ലാസ്റ്റിക് പാത്രങ്ങളും ഇവിടെ ഉപയോഗിക്കുന്നു.

ഗോൾഡൻ ലേസ്, ബ്ലാക്ക് ലേസ്, ഗോൾഡൻ ബ്ലാക്ക് ലേസ്, സിൽവർ ലേസ്, ബ്ലൂ കോയി, പ്ലാറ്റിനം റെഡ് ടെയിൽ ഡംബോ ഇയർ, ചില്ലി റെഡ് ഡംബോ ബിഗ് ഇയർ എന്നിങ്ങനെ നാൽപതോളം തരത്തിലുള്ള ഗപ്പികളും 10 തരം എയ്ഞ്ചലും 6 തരം ഫൈറ്ററുകളും ഇവിടുണ്ട്. ജോടിക്ക് 100 മുതൽ 1000 വരെ രൂപ വിലയുള്ള ഗപ്പികൾ ജോഷിയുടെ ജോഷ് അക്വയിൽനിന്ന് ലഭിക്കും. ഇവയിൽ പലതിന്റെയും മാതൃമത്സ്യങ്ങളെ ജോഷി സ്വന്തമാക്കിയത് ജോടിക്ക് 3500 രൂപ വരെ നൽകിയാണ്.

രണ്ടു രീതിയിലാണ് ജോഷി ഗപ്പിക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. വലിയ ടാങ്കുകളിൽ മാതൃമത്സ്യങ്ങളെ കേജിൽ വളർത്തി ജനിക്കുന്ന കുട്ടികൾ ടാങ്കിനുള്ളിൽത്തന്നെ സ്വതന്ത്രമായി വളരുന്ന രീതിയാണ് ഒന്ന്. രണ്ടാമത്തെ രീതിയിൽ ഇങ്ങനെയുണ്ടാകുന്ന കുഞ്ഞുങ്ങളെ ശേഖരിച്ച് പ്രത്യേക നഴ്സറി ടാങ്കുകളിൽ വളർത്തിയെടുക്കുന്നു. ആർട്ടീമിയ വിരിയിച്ചാണ് കുഞ്ഞുങ്ങൾക്ക് നൽകുക. രണ്ടാഴ്ച കഴിഞ്ഞാൽ ഈ കുഞ്ഞുങ്ങളെ വലിയ ഗ്രോവർ ടാങ്കിലേക്കു മാറ്റും.

joshy-guppy-farm
ജോഷിയുടെ ഫാം

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വാഴയില

നഴ്സറി കുളങ്ങളിലേക്കു കുഞ്ഞുങ്ങളെ മാറ്റുന്നതിനൊപ്പം വാഴയിലയും അതിൽ നിക്ഷേപിക്കും. അതുവഴി സൂക്ഷ്മജീവികൾ ഉണ്ടാകുന്നത് കുഞ്ഞുങ്ങൾ ഭക്ഷണമാക്കുകയും ചെയ്യും. കൂടാതെ ഗപ്പി ഗ്രാസ് പോലുള്ള സസ്യങ്ങളും നഴ്സറി ടാങ്കിൽ നിക്ഷേപിക്കുന്നു. ഇതും കുഞ്ഞുങ്ങളുടെ ആരോഗ്യവും വളർച്ചയും മികച്ചതാക്കും. ഇത്തരത്തിൽ മാവിന്റെ ഇലയും ടാങ്കിൽ ഇടാറുണ്ട്. ചെറിയൊരു ആന്റിബയോട്ടിക് പോലെ മാവില പ്രവർത്തിക്കുമെന്ന് ജോഷി. മാവിലയാണെങ്കിലും വാഴയിലയാണെങ്കിലും നന്നായി പഴുത്ത് ഉണങ്ങിയതിനുശേഷം മാത്രമേ ടാങ്കിൽ നിക്ഷേപിക്കാൻ പാടുള്ളൂവെന്നും ജോഷി. ഫൈറ്റർ ഫിഷുകൾക്ക് (ബെറ്റ ഫിഷ്) ബദാമിന്റെ ഇല ഉപയോഗിക്കുന്നു.

ഗ്രോവർ ടാങ്കുകളിൽ ഉണങ്ങിയ ചാണകം ചെറിയ കിഴിയായി കെട്ടിയിടാറുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ കുഞ്ഞുങ്ങളുടെ വളർച്ച കൂടുന്നതായാണ് ജോഷിയുടെ അനുഭവം. 

joshy-guppy-farm-3

മത്സ്യങ്ങൾക്കു വേണം നല്ല ജലം

മത്സ്യങ്ങൾക്കുള്ള ജലത്തിന്റെ ഗുണനിലവാരം എപ്പോഴും ശ്രദ്ധിച്ചിരിക്കണം. അതുകൊണ്ടുതന്നെ കുറഞ്ഞത് 2 ആഴ്ചയെങ്കിലും പിടിച്ചിട്ട വെള്ളമാണ് ജോഷി തന്റെ ഷിഫ് ടാങ്കുകളിൽ ഉപയോഗിക്കുന്നത്. ടാങ്ക് തയാറാക്കി അൽപം കല്ലുപ്പും മെത്തിലിൻ ബ്ലൂവും ചേർത്തശേഷം ചെറിയൊരു കഷണം വാഴയിലയും നിക്ഷേപിക്കും. ഇങ്ങനെ തയാറാക്കിയ ടാങ്കിലേക്കാണ് മത്സ്യങ്ങളെ വിടുന്നത്. അതോടൊപ്പം ഒരു ടാങ്കിൽ വെള്ളം റിസർവ് ചെയ്ത് സൂക്ഷിച്ചിട്ടുമുണ്ട്. വെള്ളം മാറേണ്ട സാഹചര്യം വരുമ്പോൾ ഇങ്ങനെ റിസർവ് ചെയ്തിരിക്കുന്ന വെള്ളമാണ് പുതുതായി ടാങ്കിൽ നിറയ്ക്കുന്നത്. വെള്ളം മാറുമ്പോൾ 25 ശതമാനം വെള്ളം നിലനിർത്തിയശേഷം മാത്രമാണ് മാറുക. അടിയിൽനിന്നു മാത്രം വലിച്ചുകളയും.

കിണർവെള്ളം, മഴവെള്ളം, പൈപ്പ് വെള്ളം എന്നിങ്ങനെ ഏതു സാഹചര്യത്തിലുമുള്ള വെള്ളം ഗപ്പികൾക്കായി തിരഞ്ഞെടുക്കാമെന്ന് ജോഷി. എന്നാൽ, മുകളിൽ പറഞ്ഞതുപോലെ 20 ദിവസമെങ്കിലും തുറന്നു സൂക്ഷിച്ച വെള്ളമായിരിക്കണം മത്സ്യങ്ങളെ നിക്ഷേപിക്കാൻ എടുക്കേണ്ടത്.

joshy-guppy-farm-2

ആദ്യം വാങ്ങേണ്ടത് മത്സ്യങ്ങളെയല്ല

മത്സ്യങ്ങളെ വാങ്ങാൻ തന്റെ ജോഷ് അക്വയിലെത്തുന്നവരോട് ജോഷി ആദ്യം നിർദേശിക്കുക വെള്ളം സെറ്റ് ചെയ്യുക എന്നതാണ്. അതിനൊപ്പം ഒരു ചെറിയ ഹീറ്ററും അവശ്യ മരുന്നുകളും ഒരുക്കാനും പറയാറുണ്ട്. കൂടാതെ മത്സ്യങ്ങൾക്കാവശ്യമായ ഭക്ഷണത്തിനുള്ള മാർഗവും ഒരുക്കിയിരിക്കണം. മൊയ്ന പോലുള്ള ജീവനുള്ള തീറ്റകൾ മത്സ്യങ്ങളുടെ ആരോഗ്യത്തെയും വളർച്ചയെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടാണ് ഭക്ഷണത്തിന്റെ കാര്യവും ഇതോടൊപ്പം നിർദേശിക്കുന്നത്. ഇതിനെല്ലാം ശേഷമാണ് മത്സ്യങ്ങളെ വാങ്ങേണ്ടത്. ഇത്തരത്തിൽ ചെയ്യുമ്പോൾ മത്സ്യങ്ങളുടെ മരണനിരക്ക് നല്ലൊരളവ് വരെ കുറയ്ക്കാനാകും. തുടക്കത്തിൽ നിക്ഷേപം കൂടുമെങ്കിലും ഭാവിയിലേക്ക് അതാണ് നല്ലത്. മാത്രമല്ല, മത്സ്യങ്ങളെ കുറേക്കൂടി ഗൗരവത്തോടെ കാണാൻ തുടക്കക്കർക്ക് ഇതൊരു പ്രേരണയുമാകും. അതുപോലെ മത്സ്യങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ഫാം സന്ദർശിച്ച് വാങ്ങാൻ ശ്രമിക്കണമെന്നും ജോഷി പറയുന്നു. മത്സ്യങ്ങളെ കണ്ടറിഞ്ഞ് വാങ്ങുന്നതിനൊപ്പം അവയെ സുരക്ഷിതമായി കൊണ്ടുപോകാനും ഇത്തരത്തിൽ ഫാം സന്ദർശനത്തിലൂടെ സാധിക്കും.

‌ജീവനുള്ള ഭക്ഷണം പ്രധാനം

ഗപ്പികൾ മാത്രമല്ല ഏതിനം മത്സ്യങ്ങളുടെയും ആരോഗ്യം, വളർച്ച, നിറം എന്നിവയ്ക്ക് ജീവനുള്ള ഭക്ഷണം പ്രധാനമാണ്. മൊയ്ന, ആർട്ടീമിയ, പ്രിൻസ്‌വീൻ, ഇ ലാർവൽ, സ്പിറുനില പൗഡർ, ഒഎസ്ഐ ആർട്ടീമിയ ഫ്ലേക്ക്, ഫ്രോസൺ ആർട്ടീമിയ എന്നിവയെല്ലാം മത്സ്യങ്ങൾക്കു നൽകുന്നു. ഇത്തരം ഭക്ഷണങ്ങളുടെ വിൽപനയും ഇവിടെയുണ്ട്.

ഗപ്പി വളർത്തൽ ഗൗരവമായി കണ്ടുതുടങ്ങിയിട്ട് അഞ്ചുവർത്തോളമായെങ്കിലും ജീവനുള്ള തീറ്റകളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതാണ് ഈ മേഖലയിൽ തനിക്ക് നേട്ടം നൽകിയതെന്ന് ജോഷി. കഴിഞ്ഞ മൂന്നു വർഷംകൊണ്ട് ഫാം വിപൂലീകരിക്കാനും ജോഷിക്കു കഴിഞ്ഞു. സോഷ്യൽ മീഡിയ കൂട്ടായ്മകളാണ് തനിക്ക് ഇതിനെല്ലാം പിന്തുണ നൽകുന്നതെന്നും ജോഷി. ജീവനുള്ള തീറ്റകളെക്കുറിച്ച് കൂടുതൽ അറിവുകൾ നൽകിയത് ഈ കൂട്ടായ്മകളാണെന്നും ഈ യുവ കർഷകൻ പറയുന്നു.

ഫോൺ: 9562880424

English summary: Guppy Farmer from Kottayam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA