ADVERTISEMENT

‘ഏഴേക്കർ വരുന്ന എന്റെ കൃഷിയിടത്തിലെ ഒരു വർഷത്തെ പണിക്കൂലി ആറര ലക്ഷം രൂപ വരും. ഞാനൊരു മുഴുവൻസമയ കൃഷിക്കാരനാണ്. വർഷത്തിൽ 365 ദിവസവും കൃഷിയിടത്തിൽ പണിയെടുക്കുന്നു.  എന്തെങ്കിലും ആവശ്യത്തിനു മാറിനിൽക്കേണ്ടി വന്നാൽപോലും  മറ്റു ദിവസങ്ങളില്‍ അധികസമയം പണിയെടുക്കും. വീട്ടുകാര്യങ്ങൾ കഴിഞ്ഞ് ഭാര്യ ജോയ്സിയും കൃഷിപ്പണിക്കു കൂടും. ഞങ്ങളുടെ അധ്വാനത്തിന്റെ മൂല്യമാണ് മേൽപറഞ്ഞ തുക. ഈ തുക പണിക്കൂലിയായി തൊഴിലാളികൾക്കു നൽകിയാൽ കൃഷി നഷ്ടമാകുമെന്നു തീർച്ച. ഒന്നോർക്കുക, കൃഷിക്കു മാത്രമായി ഒരു പരാജയമില്ല. അധ്വാനിക്കാനുള്ള മനസ്സും ആസൂത്രണ മികവുമില്ലാതെ ഏതു രംഗത്തിറങ്ങിയാലും പരാജയപ്പെടും’, സാബു ജോസഫിന്റെ ഈ വാക്കുകളിലുണ്ട് അധ്വാനത്തിന്റെ മൂല്യവും കാർഷിക വിജയത്തിൽ അതിനുള്ള പങ്കും.

ജാതിയാണ് സാബുവിന്റെ ഇഷ്ട വിള. ഏഴേക്കറിലായി 600 എണ്ണം. ഏറെക്കാലമായി വിലയിൽ കാര്യമായ ചാഞ്ചാട്ടമൊന്നുമില്ലാതെ തുടരുന്ന സുരക്ഷിത വിളയാണു ജാതിയെന്നു സാബു. കുരുവിനു കിലോയ്ക്ക് ശരാശരി 250 രൂപ, പത്രിക്ക് ശരാശരി 1700 രൂപ. നാലഞ്ചു മാസം മുടങ്ങാതെ ആഴ്ച വരുമാനം നൽകും ജാതി. തെങ്ങിന് ഇടവിളയാണ് ഇവിടെ ജാതി. അനുകൂല കാലാവസ്ഥയും നന സൗകര്യവുമുണ്ടെങ്കില്‍ തെങ്ങ്– ജാതി കൂട്ടുകെട്ട് മികച്ചതെന്നു സാബു. 30 അടി അകലത്തിൽ രണ്ടും ഒരുമിച്ചു കൃഷി ചെയ്യാം. അടിയളവുകൾ തെറ്റിച്ചും സാധ്യമായിടത്തെല്ലാം സാബു ജാതി വച്ചിരിക്കുന്നു. 

ജാതി കഴിഞ്ഞാൽ വിശ്വസ്ത വിളയെന്ന സ്ഥാനം നൽകുന്നതു തെങ്ങിനാണ്. ഏഴേക്കറിലായി 250 തെങ്ങുകൾ. ഏക്കറിന് 50 തെങ്ങ് എന്നു കണക്കാക്കുക. തെങ്ങൊന്നിൽനിന്ന് 120 തേങ്ങ വച്ച് വർഷം ചുരുങ്ങിയത് 6000 തേങ്ങ. ഇപ്പോഴത്തെ നിരക്കിൽ ഒരു തേങ്ങയ്ക്ക് 15 രൂപ വച്ച് വർഷം ഒരേക്കർ തെങ്ങിൻതോപ്പിൽനിന്ന് 90,000 രൂപ വരുമാനം. ജാതിക്കെന്നപോലെ തെങ്ങിന്റെയും പരിപാലനം സാബുവും ജോയ്സിയും തന്നെ. എല്ലാ ജോലികളും കൂലിക്കാരെ നിർത്തി ചെയ്താൽ തേങ്ങയൊന്നിന് 30 രൂപ കിട്ടിയാലും നഷ്ടമെന്നു സാബു. 

തെറ്റില്ലാത്ത വിലയുള്ളതിനാൽ നിലവിൽ തേങ്ങയായി വിൽക്കുന്നതുതന്നെ ലാഭം. എന്നാൽ മുൻപ് തേങ്ങയ്ക്കു വിലയിടിഞ്ഞ് കിലോയ്ക്ക് 26 രൂപയെത്തിയപ്പോൾ മടിച്ചു നിൽക്കാതെ 40 തെങ്ങുകള്‍ ചെത്താൻ നൽകി. അഞ്ചു മാസത്തേക്ക് തെങ്ങൊന്നിനു ലഭിച്ചത് 1800 രൂപ. വിലയിടിവുണ്ടാക്കിയ നഷ്ടം ആ വർഷം തന്നെ അങ്ങനെ തിരിച്ചു പിടിച്ചു. 

വരുമാനത്തെ വരുതിയിലാക്കാൻ ഇനിയുമുണ്ട് വഴികളെന്നു സാബു. ആണ്ടിൽ 200 തേങ്ങ വിത്തിനെടുത്തു വയ്ക്കുക. തൈകളാക്കി 250 രൂപ നിരക്കിൽ വിൽക്കുമ്പോൾ 50,000 രൂപ വരും. മികച്ച 1000 ജാതിത്തൈകൾ ഒരുക്കി വിറ്റാൽ ഇന്നത്തെ നിരക്കിൽ കയ്യിലെത്തുക 80,000 രൂപ. 1000 കുരു തൂക്കി നോക്കിയാൽ 10 കിലോ കാണും. കുരുവായി വിറ്റാൽ പരമാവധി ലഭിക്കുക 2500 രൂപ. തൈ ആയി മാറുമ്പോഴതിന് 80,000 രൂപ. ‘ഇതാണ് ലാഭയുക്തി’ എന്നു സാബു. ജാതിയുടെ ബഡ്ഡ് കമ്പുകൾ മുറിച്ചുകൊടുത്തുള്ള വരുമാനം വേറെ. തെങ്ങും ജാതിയും മുഖ്യവിളയെങ്കിൽ അവയുടെ ആശ്രിതരെന്നോണം വാഴയുൾപ്പെടെയുള്ള ഇടവിളകളും തേനീച്ചക്കൃഷിയുമെല്ലാമുണ്ട് വരുമാന വഴികളായി സാബുവിന്റെ ഏഴേക്കറിൽ.

മുഴുവൻ സമയ കൃഷിക്കാരനു മാത്രമേ സമ്മിശ്ര–സംയോജിത കൃഷിയിടം പരിപാലിക്കാനും അതിനെ ലാഭത്തിലെത്തിക്കാനും സാധിക്കൂ എന്ന് സാബു ഓർമിപ്പിക്കുന്നു. കൃഷി പാർട് ടൈം ആയോ പണിക്കാരെ നിർത്തിയോ ചെയ്യാനിറങ്ങുന്നവർ മേൽപ്പറഞ്ഞവയ്ക്കൊന്നും മെനക്കെടില്ല, അധ്വാനിക്കാൻ മടിയില്ലാത്തവരും കൃഷിയുടെ രീതിശാസ്ത്രവും ലാഭയുക്തിയും അറിയുന്നവരും മാത്രം അതിനിറങ്ങിപ്പുറപ്പെട്ടാൽ മതിയെന്നു ചുരുക്കം. 

ഒരിക്കൽ കേരളത്തിലെ കർഷകരെ മുഴുവൻ മോഹിപ്പിച്ച് നിരാശപ്പെടുത്തിയ വിളയാണ് വനിലയെങ്കിലും വീണ്ടും വില ഉയരങ്ങളിലെത്തിയ സാഹചര്യത്തിൽ 300 ചുവട് കൃഷിയുമായി അതിലും പ്രതീക്ഷവയ്ക്കുന്നു സാബു. 

വിലാസം: തറക്കുന്നൽ, പുല്ലൂരാംപാറ, തിരുവമ്പാടി, കോഴിക്കോട്. ഫോൺ: 9447855970

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com