വെറ്ററിനറി ഡോക്ടർമാരും മനുഷ്യരാണ്; അധിക്ഷേപിച്ചവർക്ക് മറുപടിയുമായി വനിതാ ഡോക്ടർ

veterinary-Doctor
SHARE

വെറ്ററിനറി ഡോക്ടർമാരെ ഒന്നടങ്കം അധിക്ഷേപിച്ചതിനെതിരേ കൂടുതൽ ഡോക്ടർമാർ അനുഭവങ്ങൾ പങ്കുവച്ച് രംഗത്ത്. സംസ്ഥാനത്താകെ കർഷകർക്കുവേണ്ടി, അവരുടെ വളർത്തുമ‍ൃഗങ്ങൾക്കും പക്ഷികൾക്കുംവേണ്ടി പ്രവർത്തിക്കാൻ 1140 വെറ്ററിനറി ഡോക്ടർമാരാണുള്ളത്. ഡോക്ടർമാരാണെങ്കിലും പരിമിതികൾ ഏറെയുള്ള ഒരു ചെറിയ സമൂഹം. തങ്ങളെ കുറ്റപ്പെടുത്തുമ്പോൾ തങ്ങളുടെ പരിമിതികൾക്കൂടി മനസിലാക്കണമെന്ന് ഈ സമൂഹം പറയുന്നു. ഒട്ടേറെ വെറ്ററിനറി ഡോക്ടർമാർ തങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾക്കെതിരേ പ്രതികരിച്ചിട്ടുണ്ട്. ഒപ്പം വെറ്ററിനറി ഡോക്ടർമാർക്ക് പിന്തുണയുമായി കർഷകരും രംഗത്തെത്തി. ഡോ. എസ്. ജയശ്രീയുടെ പ്രതികരണം ചുവടെ...

വെറ്ററിനറി ഡോക്ടർമാരും മനുഷ്യരാണ്. കുടുംബവും ജീവിതവുമുള്ള പച്ച മനുഷ്യർ. കഴിഞ്ഞ ദിവസം വെറ്ററിനറി ഡോക്ടർമാരെ അടച്ചാക്ഷേപിക്കുന്ന വീഡിയോ കണ്ടപ്പോൾ കുറച്ചു കാര്യങ്ങൾ എല്ലാവരോടും പറയണമെന്ന് തോന്നി. 

മിണ്ടാപ്രാണികളെ ചികിത്സിക്കുന്ന ഒരു വൈദ്യ സമൂഹം. അതും ഒന്നും രണ്ടുമല്ല തന്റെ മുന്നിലെത്തുന്ന വൈവിധ്യമാർന്ന ജീവജാലങ്ങളുടെയെല്ലാം അനാട്ടമിയും ഫിസിയോളജിയും ഒക്കെ മനസ്സിലാക്കി പരിശോധിച്ച് രോഗനിർണ്ണയം നടത്തി ചികിത്സിക്കേണ്ടുന്ന വിദഗ്ധർ. കുടുംബത്തോടും കുട്ടികളോടും ഒപ്പം ചെലവഴിക്കേണ്ടുന്ന നല്ല നിമിഷങ്ങളെല്ലാം തന്റെ പ്രൊഫഷനായി ഉഴിഞ്ഞുവെച്ചവർ. 

ഉഴവുമാടിനെ പോലെ ഉഴുത് ഉഴുത് തളരുമ്പോൾ ഒരു അവധിയെടുക്കാമെന്നു വെച്ചാലോ  അന്നും സമാധാനമായി വീട്ടിൽ ഇരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. നിലയ്ക്കാത്ത ഫോൺകോളുകൾ ഒരു വശത്ത്. ചിലർക്ക് ഫോണിലൂടെ മരുന്നു കിട്ടണം. ചിലർക്ക് സംശയം പുതിയ സംരംഭങ്ങളെപ്പറ്റിയാകും. എല്ലാം ഫോണിലൂടെയായാലും കിട്ടിയേ പറ്റൂ.

ആശുപത്രികളുടെ പ്രവർത്തന സമയം 3 മണി വരെ ആണെന്ന് പലർക്കും അറിയില്ലേ എന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോകും. അത്യാവശ്യ കേസുകൾ പോട്ടെ നിസ്സാരമായ കാര്യങ്ങൾക്ക് പോലും വീട്ടിലെത്തിയാലും ഡോക്ടർമാരെ വിളിച്ചു ബുദ്ധിമുട്ടിക്കുന്ന എത്രയോ കർഷകരുണ്ട്. വീട്ടിലെത്തി കുടുംബാംഗങ്ങളോടുകൂടി ചെലവഴിക്കുന്ന സമയം പോലും തന്റെ പ്രഫഷനു വേണ്ടി മാറ്റിവയ്ക്കുന്ന വലിയൊരു ജനവിഭാഗമാണ് വെറ്ററിനറി ഡോക്ടർമാർ. തന്റെ ഡ്യൂട്ടി ടൈമിനു ശേഷവും മിണ്ടാപ്രാണികൾക്ക് അസുഖം വരുമ്പോൾ ഒന്നുകിൽ നേരിട്ട് പോവുകയോ അല്ലെങ്കിൽ അതിനുവേണ്ടി ചികിത്സ സംവിധാനം ഒരുക്കി കൊടുക്കുകയും ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷം വെറ്ററിനറിഡോക്ടർമാരും.

എന്നാൽ ഏതു സമയവും ഡോക്ടറുമായി സംസാരിക്കുക എന്നത് തങ്ങളുടെ അവകാശമായി കരുതുന്ന രീതിയിലേക്ക് നിർഭാഗ്യവശാൽ നമ്മുടെ സമൂഹം വഴിമാറുകയാണ്. ഞങ്ങളും മനുഷ്യരാണ്. ഞങ്ങൾക്കുമുണ്ട് ഒരു കുടുംബം. അവരോടൊപ്പം ചെലവിടാൻ ഞങ്ങൾക്കും വേണം അൽപം സമയം.

ജോലി സമയത്തിന് ശേഷവും തങ്ങളുടെ ജോലിയുടെ ഭാഗമായി ചെയ്യുന്ന നന്മകൾ കാണാതെ ഒരു ദിവസം വിളിക്കുമ്പോൾ ഫോണിൽ കിട്ടിയില്ലെങ്കിൽ അത് ഡോക്ടറുടെ ഭാഗത്തുനിന്നുള്ള അക്ഷന്തവ്യമായ അപരാധമായി കണക്കിലെടുത്ത് ഡോക്ടറെ കുറ്റക്കാരി ആക്കുന്ന രീതിയിലുള്ള നീക്കങ്ങൾ നഷ്ടപ്പെടുത്തുന്ന ആത്മവീര്യത്തിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്. 

കുടുംബത്തിലെ സുപ്രധാന ചടങ്ങുകൾക്ക് പോലും പങ്കെടുക്കാൻ ആവാതെ എമർജൻസി കേസുകൾക്കായി ഓടേണ്ടി വരുന്ന ഒരു വെറ്ററിനറി ഡോക്ടറുടെ മാനസികാവസ്ഥ ഈ സമൂഹത്തിന് എന്നു മനസ്സിലാകും? ഇത്രയുമൊക്കെ ആത്മാർഥത കാണിച്ചിട്ട് എന്തിന് എന്ന് അറിയാതെ ചിന്തിച്ചു പോകും.

അത് ആരുടെയും കുറ്റമല്ല .

കാര്യങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കാതെ ചിലരെങ്കിലും പടച്ചുവിടുന്ന വാർത്തകൾ എത്ര പേരുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടാകും?

എത്ര പേരുടെ ആത്മവീര്യം തകർത്തിട്ടുണ്ടാകും?

അങ്ങനെ ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർത്തിട്ട് ആർക്ക് എന്ത് നേട്ടം?

ഒരു നേട്ടവുമില്ല. ഓരോ സംഭവവും കുറച്ചുപേരെക്കൂടി നിർവികാരതയുടെ ചട്ടക്കൂടിൽ തളച്ചിടുന്നു. അത്രമാത്രം. 

എത്രപേർക്ക് അതുകൊണ്ട് കിട്ടേണ്ടിയിരുന്ന നന്മകൾ കിട്ടാതെ പോകുമെന്ന് എന്ന് പടച്ചുവിടുന്നവർ അറിയുന്നില്ല.

‘അധികമായാൽ അമൃതും വിഷം’

അധിക ആത്മാർഥതയും പാടില്ല എന്ന് അനുഭവം പഠിപ്പിക്കുന്നു.

ജോലി സമയം നോക്കാതെ സാധ്യമായ സമയങ്ങളിൽ ഒക്കെ കർഷക ഭവനങ്ങളിൽ ഓടിയെത്തി ഊണിലും ഉറക്കത്തിലും സേവന മനസ്കരായി ഇരിക്കുന്നവരെ ഒരു ദിവസം ചികിത്സയ്ക്കായി കിട്ടിയില്ലെങ്കിൽ പിന്നെ പ്രശ്നമായി... പരാതിയായി...

അവനവന്റെ പരിമിതികൾക്കുള്ളിൽ നിന്ന് മാത്രം ജോലി ചെയ്യാൻ പഠിച്ചാൽ ഈ കുഴപ്പമില്ലല്ലോ എന്ന് ചിന്തിച്ചു പോയാൽ അതിൽ യാതൊരു തെറ്റുമില്ല അല്ലേ. 

നാം തളർന്നു വീഴുമ്പോൾ താങ്ങാൻ നമ്മുടെ കുടുംബം മാത്രമേ ഉണ്ടാവൂ എന്ന് ഓരോ സംഭവവും നമ്മളെ ഓർമിപ്പിക്കുകയാണ്. 

സമൂഹത്തിന് വേണ്ടി ഓടി നടന്ന് കുറെ രോഗങ്ങൾ മാത്രം സമ്പാദ്യമായി ഉണ്ടാകും. ജന്തുജന്യ രോഗങ്ങൾക്കടിപ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയിലൂടെ സഞ്ചരിച്ചവർ എത്രയോ പേർ ( ഈ ഞാനുൾപ്പടെ). 

ഈ കുറിപ്പെഴുതുന്ന സമയത്തും ജന്തുജന്യ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന എത്രയോ ഡോക്ടർമാർ. അലർജി, ടെന്നീസ് എൽബോ, ഡിസ്ക് പ്രൊലാപ്സ് എന്നിവ സന്തത സഹചാരികളായി കൂടെ കൂടിയിരിക്കുന്നു. രാത്രി മുഴുവൻ ഉറക്കമിളച്ച് ടോർച്ച് വെളിച്ചത്തിൽ പോലും വിഷമ പ്രസവം പോലെയുള്ളവ അറ്റൻഡ് ചെയ്തിട്ട് രാവിലെ വീണ്ടും ഹാജരാകുന്ന വെറ്ററിനറി ഡോക്ടർമാർ. ചികിത്സയും സ്കീം നടത്തലും ഫാം കൺസൽട്ടേഷനുമെല്ലാം ഒരിടത്തു നിന്നു തന്നെ കൊടുക്കുന്ന ജാലവിദ്യക്കാർ. പശുക്കളുടെ തൊഴി കിട്ടാത്ത ഒരൊറ്റ വെറ്ററിനറി ഡോക്ടർമാർ പോലും കേരളത്തിലുണ്ടാവില്ല.

ജീവൻ പോലും പണയം വെച്ച്‌ ആധുനിക രോഗനിർണ്ണയ സംവിധാനങ്ങളുടെ പോരായ്മയും ഒക്കെ സഹിച്ച് ഒരേ സമയം ക്ലിനിഷ്യനായും സർജനായും ഗൈനക്കോളജിസ്റ്റായും ക്ലർക്കായും നിർവ്വഹണ ഉദ്യോഗസ്ഥരായും ഒക്കെ വേഷമിടുന്ന ഞങ്ങളെപ്പോലെയുള്ളവർ പക്ഷേ ഇനിയും ഇവിടെത്തന്നെയുണ്ടാകും. ഞങ്ങളുടെ പ്രൊഫഷനെ ഞങ്ങൾ നെഞ്ചോട് ചേർത്തുപിടിക്കുകയും ചെയ്യും.

ഇടയ്ക്കെങ്കിലും ഞങ്ങളും മനുഷ്യരാണെന്ന് ഹേ സമൂഹമേ ഒന്നോർത്തു വെയ്ക്കുവിൻ...

എന്ന്,

ഡോ. എസ്. ജയശ്രീ, ആലപ്പുഴ

English summary: Veterinarian Issues Related Cases

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA