ADVERTISEMENT

കൃഷിയെ വിജയത്തിലെത്തിക്കുന്ന ഘടകങ്ങൾ മൂന്നെന്നു തോമസ്. ആദ്യത്തേത് മണ്ണ്–ജല സംരക്ഷണം. ഇന്നത്തെ സാഹചര്യത്തിലും ഇനിയങ്ങോട്ടു കൃഷിതന്നെ നിലനിൽക്കുന്നതിലും നിർണായകമാകുക മണ്ണ്–ജല സംരക്ഷണമെന്നു തോമസ്. കഴിഞ്ഞ 50വർഷത്തെ അനുഭവം വച്ച് കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ കണ്ടെത്തലുകൾ തികച്ചും ശരിയെന്നു തോമസ് പറയുന്നു. ‘ഉദാഹരണത്തിന്, ഏതാനും വർഷങ്ങളായി ജൂൺ–ജൂലൈ മാസ മഴ ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലേക്കു മാറിയിരിക്കുന്നു. ജാതിയുടെ പൂവിടലിനെയും ഉൽപാദനത്തെയും അതു  ബാധിക്കുന്നുണ്ട്. മറ്റു വിളകളുടെ കാര്യത്തിലുമുണ്ട് മാറ്റങ്ങൾ. തെങ്ങിന്റെ ഉൽപാദനക്കുറവ് ഉദാഹരണം. വർധിക്കുന്ന ചൂടാണ്  കാരണം. കാലാവസ്ഥാമാറ്റത്തിന് അനുസൃതമായി കേരളത്തിലെ കൃഷി എങ്ങനെ ക്രമീകരിക്കണമെന്നു വിദഗ്ധർ അടിയന്തരമായി ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന്’ തോമസ്.

‘ആറു മാസം മഴ, മൂന്നു മാസം മഴ–വെയിൽ, മൂന്നു മാസം വേനൽ; മുൻപ് ഇതായിരുന്നു നമ്മുടെ കാലാവസ്ഥയെങ്കിൽ ഇന്നതു മാറിയിരിക്കുന്നു. ആണ്ടവസാനം കണക്കെടുക്കുമ്പോൾ മഴയുടെ അളവിൽ കുറവില്ലെങ്കിലും കാലംതെറ്റി പെയ്യുന്ന സ്ഥിതി. ഫലത്തിൽ ആറുമാസം വരെ നീളുന്ന വേനലിലേക്ക് നമ്മളെത്തിയിരിക്കുന്നു. കൃഷിയിടത്തിൽ വീഴുന്ന മഴവെള്ളം തുള്ളിപോലും നഷ്ടപ്പെടാതെ മണ്ണിൽ താഴ്ത്തി മാത്രമേ ഈ മാറ്റത്തെ നേരിടാൻ കഴിയൂ’, തോമസിന്റെ വാക്കുകൾ.

കയ്യിൽക്കിട്ടുമ്പോൾ വെറും മൊട്ടക്കുന്നായിക്കിടന്ന സ്ഥലത്ത് തോമസ് തീര്‍ത്ത മാജിക്കും അതുതന്നെ. കയ്യാലകൾ തിരിച്ച്, നീർക്കുഴികൾ തീർത്ത്, മണ്ണിന്റെ ഉൽപാദനക്ഷമത അൽപവും നഷ്ടപ്പെടാതെ കൃഷിയിടം സംരക്ഷിച്ചിരിക്കുന്നു ഈ കർഷകൻ. ചകിരിച്ചോർനിർമാണശാലയിൽനിന്നുള്ള അവശിഷ്ടങ്ങൾ കൊണ്ടുവന്നു പുതയിട്ടും കൃഷിയിടത്തിന് വേനൽ കവചം തീർക്കുന്നുണ്ട്. ശരിയായ മണ്ണ്–ജലസംരക്ഷണമുള്ളതിനാൽ തന്റെ കൃഷിയിടം ഒരളവോളം കാലാവസ്ഥാ മാറ്റങ്ങളെ ചെറുക്കുന്നെന്നു തോമസ്. മണ്ണ്–ജല സംരക്ഷണം കാര്യക്ഷമമായ കൃഷിയിടങ്ങളിൽ കൃഷിപ്പണികൾ കുറയുമെന്നും അങ്ങനെ കൃഷിച്ചെലവു ചുരുങ്ങുമെന്നും തോമസ് പറയുന്നു. 

ബഹുവിളക്കൃഷിയാണ് വിജയഘടകങ്ങളിൽ രണ്ടാമത്തേത്. 50വർഷം മുൻപ് ഏഴേക്കറിൽ തുടങ്ങിയ കൃഷി 20 ഏക്കറിലെത്തി നിൽക്കുമ്പോഴും കൃഷിയുടെ ഈ പാരമ്പര്യവഴി തന്നെ മികച്ചതെന്ന കാര്യത്തിൽ തോമസിനു സംശയമില്ല. തെങ്ങ്, ജാതി, കുരുമുളക്, കമുക്, അവയ്ക്കിടയിൽ തന്നാണ്ടു വിളകളായ ചേന, ചേമ്പ്, കാച്ചിൽ, വാഴ എന്നിങ്ങനെ വിളസമൃദ്ധമായ കൃഷിയിടം. എല്ലാറ്റിനുമുള്ള ജൈവവള ലഭ്യതയ്ക്കും ഒപ്പം അധിക വരുമാനത്തിനുമായി മൃഗസംരക്ഷണവും.

‌മൂന്നാമത്തെ ആദായ ഘടകം ഉപതൊഴിലുകളെന്നു തോമസ്. ഉപതൊഴിൽ എന്നാൽ കോഴി, പശു, ആട്, മത്സ്യം, പച്ചക്കറി, വാഴ തുടങ്ങിയവ. സമ്മിശ്രക്കൃഷിയിടത്തിൽ പരസ്പരം താങ്ങും തണലുമായി അവ പുലരും. മുഖ്യവിളകളുടെ വിലയിടിഞ്ഞാൽപോലും പരിക്കേൽക്കാതെ രക്ഷപ്പെടാൻ ഉപതൊഴിലുകൾ സഹായകമാകും. 

ബഹുവിളക്കൃഷിയിൽ കാര്യമായ പരിപാലനങ്ങളൊന്നുമില്ലാതെ ലാഭകരമാക്കാവുന്ന വാഴയിനങ്ങളാണ് ഞാലിപ്പൂവൻ, പാളയംകോടൻ, ചുണ്ടില്ലാക്കണ്ണൻ എന്നിവയെന്നു തോമസ്. ഇവയിൽത്തന്നെ ഞാലിപ്പൂവന് ഒരു കാലത്തും കാര്യമായി വിലയിടിയില്ല. ഓരോ തെങ്ങിനും കമുകിനും ഒന്ന് എന്ന കണക്കിൽ തോമസിന്റെ കൃഷിയിടം മുഴുവനുമുണ്ട് ഈ വാഴയിനങ്ങൾ. ആഴ്ചയിൽ ശരാശരി 15 കുലകൾ വിൽക്കാനുണ്ടാവും. വീട്ടുചെലവിന് അതു ധാരാളം. 

വനിലയുടെ രണ്ടാം വരവ് ഉറപ്പെന്നും തോമസ്. ഉൽപാദനത്തിലേക്കെത്തുന്ന 500 ചുവട് വനിലയുമായി വീണ്ടുമൊരു വനിലക്കാലത്തിനു തയാറെടുക്കുന്നു ഈ കർഷകൻ.

വിലാസം: കർഷകശ്രീ ടി.വി. തോമസ്, വെട്ടം, വെറ്റിലപ്പാറ, അരീക്കോട്, മലപ്പുറം

ഫോൺ: 0483 2759118, 7909224974

English summary: Karshakasree TV Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com