ജീവിതകാലം മുഴുവൻ മേയ്ക്കുന്നോന്റെ അടി കൊണ്ടാലും അവസാനം അറവുകത്തി തന്നെ കഴുത്തിൽ

HIGHLIGHTS
  • ഓരോ മേഖലയിലും പ്രാവീണ്യം ലഭിച്ചവർ വേണം
  • കോഴിവളർത്തൽ മേഖല ഇന്നും കേരളത്തിൽ ഭ്രൂണാവസ്ഥയിൽ
veterinary-team
SHARE

വെറ്ററിനറി സർജന്മാർ ജനപ്രിയരാണോ?

മൃഗസംരക്ഷണ മേഖലയും വെറ്ററിനറി സർജന്മാരും പൊതു സമൂഹത്തിനുവേണ്ടി ഒരുപാട് അധ്വാനിക്കുന്നവരാണെങ്കിലും പൊതുസമൂഹത്തിൽ ആനുപാതികമായ അംഗീകാരം ലഭിച്ചുട്ടുള്ളവരല്ല. ഇതു പറയാതിരിക്കാൻ വയ്യ.

എന്താണ് കാരണം?

ഒരു വെറ്ററിനറി സർജന്റെ ഒരു ദിവസത്തെ ഔദ്യോഗിക ദിനചര്യ പരിശോധിച്ചാൽ, രാവിലെ  8ന് ഓഫീസിൽ എത്തിയാൽ, കർഷകരുമായി നല്ല സേവന മനോഭാവം സൂക്ഷിക്കുന്ന വെറ്റിനറി സർജനാണെങ്കിൽ, 11 മണി വരെ ഒപി ഉണ്ടാകും. അസുഖം പറഞ്ഞു മരുന്നു വാങ്ങുന്നവരും, ആടുകളെയും മറ്റും കൊണ്ടുവന്നവരുമാണ് ഈ സമയത്ത് എത്തുക. ശേഷം ഓഫീസ് വർക്കുകൾ 2 മണിക്കൂർ ചെയ്താൽ 1 മണിയായി. ഓഫീസ് വർക്കുകൾ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ ചെയ്താലും  ഒരു ദിവസം കുറഞ്ഞത്  രണ്ടു മണിക്കൂർ ഫയലുകൾ നോക്കേണ്ടി വരും. പലപ്പോഴും ഇതിനേക്കാൾ കൂടുതൽ സമയം.

അതിനിടെ എമർജൻസി കേസുകൾ വല്ലതുമായി കർഷകൻ വിളിച്ചാൽ ഉച്ചഭക്ഷണം പോലും കഴിക്കാൻ പറ്റില്ല. OP സമയത്ത് അത്യാഹിത ചികിത്സയ്ക്ക് പോയാൽ മൃഗാശുപത്രിയിൽ എത്തുന്ന കർഷകർക്ക് സഹിക്കില്ല. ഇതിനിടെ പഞ്ചായത്തിലെ പദ്ധതികളുടെ  വിശദീകരണത്തിനും സംശയങ്ങൾക്കുമായി പഞ്ചായത്ത്  മെംബർമാർ വരും. ഓരോ മെംബർക്കും ഓരോ സംശയങ്ങളായിരിക്കും. OP സമയത്ത് മെംബർമാരെ കാത്തിരുത്തിയാൽ അവർക്കും ഇഷ്ടപ്പെടില്ല.

ഉച്ചയ്ക്ക് 1നു ശേഷം കർഷകന്റെ വീട്ടുപടിക്കൽ സേവനം നൽകാൻ ഇറങ്ങിയാൽ ഒരു വീട്ടിൽ അര മണിക്കൂർ എന്തായാലും അത്യാവശ്യമായി വരും. യാത്രാസമയം വേറെ! ഒരു ദിവസം 10 വീടുകളിലെങ്കിലും പോകേണ്ടിവരാത്ത വെറ്റിനറി സർജന്മാർ ചുരുക്കം. എങ്ങനെ നോക്കിയാലും 6 മണിക്കു ശേഷം മാത്രം വീട്ടിൽ പോകാം. മൃഗാശുപത്രിയുടെ പ്രവർത്തന സമയം ഉച്ചകഴിഞ്ഞ് 3 വരെയാണെന്ന് ഓർക്കേണ്ടതാണ്. പ്രസവ സംബന്ധമായ ചികിത്സയോ അപകടമോ വന്നാൽ 6നും വീട്ടിൽ പോകാൻ പറ്റില്ല.

വെറ്ററിനറി സർജന്മാർ മൂന്നു തോണിയിൽ ഒരേ സമയം കാൽ വെച്ചിരിക്കുന്ന ഉദ്യോഗസ്ഥരാണ്. ഒന്ന്, കർഷകരുടെ ദിനേനയുള്ള ആവശ്യങ്ങളും ചികിത്സയും. രണ്ട്, മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികൾ. മൂന്ന്. ത്രിതല പഞ്ചായത്തുകളുടെ പദ്ധതികൾ. ഈ മൂന്നു  കാര്യങ്ങളും മേയ്‌വഴക്കത്തോടു കൂടി ചെയ്യാൻ കഴിയുന്നവർക്ക് മാത്രമേ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ  തസ്തികയിൽ ജനപ്രീതി നേടാൻ കഴിയൂ. ഒരു മേഖലയിൽ കയ്യടി നേടുന്നവർ മറ്റു രണ്ടും മേഖലകളിലും കയ്യടി കിട്ടാത്തവരായിരിക്കും. അപൂർവം ചിലരെ കാണാമെങ്കിലും. 

പൊതുജനങ്ങളുടെ തെറ്റിദ്ധാരണകൾ

മൃഗാശുപത്രിയിൽ വരുന്ന  പൊതുജനങ്ങൾ മിക്കപ്പോഴും ഡോക്ടറെ കാണാത്തത് അത്യാഹിത ചികിത്സയ്ക്കു വേണ്ടി ഡോക്ടർ പുറത്തു പോകുന്നതുകൊണ്ടാണ്. കർഷകർ വിളിക്കുമ്പോൾ കൃത്യസമയത് വീട്ടുപടിക്കൽ എത്താൻ കഴിയാത്തത് മൃഗാശുപത്രിയിലെ OPയും അവിടെ കൊണ്ടുവരുന്ന മൃഗങ്ങളുടെ ചികിത്സയും  കാരണമാണ്. പഞ്ചായത്തുകളിൽ മീറ്റിങുകൾക്ക് എത്താൻ കഴിയാത്തതും ഇതുകൊണ്ട് തന്നെ.  ഒരാൾ വേണം ഇതെല്ലാം ചെയ്യാൻ. പക്ഷേ, അവരവരുടെ സമയങ്ങളിൽ ഡോക്ടറെ മുഖധാവിൽ ലഭിക്കാത്തവർ ഡോക്ടർ കൃത്യമായി വരുന്നില്ല എന്നു കരുതും.

ഇത്രയും ജോലികൾ ഒരാൾ ചെയ്തിട്ടും ഇതിന് ആനുപാതികമായി ജനസമ്മതിയോ അല്ലെങ്കിൽ മേഖലയുടെ വളർച്ചയോ കാണാൻ സാധിക്കുന്നില്ല, അല്ലെങ്കിൽ ജനങ്ങളിലേക്ക് എത്തുന്നില്ല.

പരിഹാരങ്ങൾ

കർഷകർക്ക് വേണ്ടത് അവരുടെ വീട്ടുപടിക്കൽ കൃത്യസമയത്തു ചികിത്സ ലഭ്യമാക്കുക എന്നു തന്നെയാണ്. ഇതു കൃത്യമായി കർഷകർക്ക് എത്തിച്ചു നൽകണമെങ്കിൽ ഓഫീസ് പ്രവർത്തനങ്ങൾക്കുവേണ്ടി ക്ലറിക്കൽ പോസ്റ്റുകൾ വർധിപ്പിക്കണം. ഒരു മൃഗാശുപത്രിയിൽ രണ്ടെണ്ണമെങ്കിലും. കൂടാതെ ജൂനിയർ വെറ്റിനറി സർജൻ എന്ന തസ്തിക ഉണ്ടാക്കി മറ്റ് ഉത്തരവാദിത്തങ്ങൾ ഒന്നും  ഇല്ലാതെ ചികിത്സയ്ക്കുവേണ്ടി മാത്രം വെറ്ററിനറി ഡോക്ടർമാരെ നിയമിക്കണം. അതുമല്ലെങ്കിൽ കരാറടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ കൃത്യമായി നിയമിക്കണം.

സംസ്ഥാനത്തിന്റെ പൊതുവായ വളർച്ചയ്ക്കു വേണ്ടത് ക്ഷീരമേഖലയിൽ ഡെയറി ഫാമുകൾ വർധിപ്പിക്കുക എന്നതാണ്. ഇതിനു വേണ്ടി ഈ മേഖലയിൽ ബിരുദാനന്തര ബിരുദമുള്ള അല്ലെങ്കിൽ പരിചയസമ്പന്നരായ ഡോക്ടർമാരെ മേധാവികളാക്കി ജില്ലാപഞ്ചായത്തിനു കീഴിൽ രണ്ട് പ്രത്യേക ഓഫീസ് എങ്കിലും ആരംഭിക്കണം. ഒരു വെറ്ററിനറി സർജനും അനുബന്ധ പാരാ വെറ്ററിനറി സ്റ്റാഫുകളും വേണം.

കോഴിവളർത്തൽ മേഖല ഇന്നും കേരളത്തിൽ ഭ്രൂണാവസ്ഥയിലാണ്. ആകെയുള്ള ബ്രോയിലർ കോഴി മേഖല കേരളത്തിലെ മൃഗാശുപത്രിയുമായോ വെറ്ററിനറി ഡോക്ടർമാരുമായോ ബന്ധം സൂക്ഷിക്കാത്തവരാണ്. തമിഴ്‌നാട്ടിലെയും കർണാടകയിലെയും വെറ്ററിനറി ഡോക്ടർമാരുമായി കേരളത്തിലെ ബ്രോയിലർ കർഷകർ സ്ഥിര സമ്പർക്കം പുലർത്തുന്നു. വേഗത്തിലുള്ള പ്രശ്നപരിഹാരം തന്നെ കാരണം. വളർന്നു വരുന്ന മുട്ടക്കോഴി വളർത്തൽ മേഖലയുടെ അവസ്ഥയും ഇതു തന്നെ.

ഈ മേഖലയിലെ വളർച്ചയ്ക്കും ജില്ലാ പഞ്ചായത്തിനു കീഴിൽ രണ്ടു പരിചയ സമ്പന്നരായ ഡോക്ടർമാരെ നിയമിച്ചാൽ മാത്രമേ അയൽസംസ്ഥാനങ്ങളിലെ പോലെ കോഴിയിറച്ചിയുടെയും മുട്ടയുയുടെയും  ഉൽപാദനം വർധിക്കുകയും സ്വയം പര്യാപ്തതയും കൈവരൂ. കേരള ചിക്കൻ പോലുള്ള പദ്ധതികൾ കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്തി വ്യാപകമാക്കണം.

ഓമന മൃഗങ്ങളും പക്ഷികളും അവയുടെ പരിപാലനവും സർക്കാരിന്റെ ബാധ്യതയല്ല എന്ന നിലപാടാണ് കലാകാലങ്ങളിലായി സർക്കാരുകൾ സ്വീകരിക്കുന്നത്. പക്ഷേ, ഇത്തരം ആളുകളുടെ ആവശ്യകതയും അതിലെ അത്യാധുനികതയുടെ ആവശ്യകതയും ദിനംപ്രതി കൂടിവരികയാണ്. ഈ മേഖല സംരക്ഷിക്കാൻ സർക്കാ താൽപര്യപ്പെടുന്നില്ലെങ്കിൽ അവ കൃത്യമായി ഓർഡർ ഇറക്കുകയും ഓമന മൃഗങ്ങളുടെയും പക്ഷികളുടെയും മേഖല മൃഗാശുപത്രിയിൽനിന്ന് ഒഴിവാക്കേണ്ടതുമാണ്. ഇത് പുതിയ വെറ്ററിനറി ഡോക്ടർമാർക് സ്വകാര്യ ക്ലിനിക്കുകൾ തുടങ്ങാൻ വളരെ പ്രയോജനകരമാകും. അല്ലെങ്കിൽ ഓമനമൃഗങ്ങൾക്കും പക്ഷികൾക്കുമായി ബ്ലോക്കിൽ ഒരു ആശുപത്രിയെങ്കിലും സജ്ജീകരിക്കണം. അത്രയ്ക്കാണ് ഇന്നിന്റെ ആവശ്യം.

ജില്ലാതല്ല ലബോറട്ടറികൾ

ഫീക്കൽ സാമ്പിൾ, രക്തത്തിന്റെ സ്മെയർ എന്നിവ പരിശോധിക്കാൻ മാത്രം കെൽപ്പുള്ള ലബോറട്ടറികൾ, കുറഞ്ഞ പക്ഷം ഫാമുകളിലെ വെള്ളത്തിന്റെ പിഎച്ച്, ബാക്റ്റീരിയൽ കൗണ്ട് എന്നിവയെങ്കിലും പരിശോധിക്കാൻ കഴിയുന്നവയാവണം. അതിനുവേണ്ടി കർഷകൻ ജല അഥോറിട്ടിയുടെ ലാബിൽ പോകേണ്ട അവസ്ഥയാണിന്നുള്ളത്. ഇതിൽ നിന്നും ELISAയും PCRഉം ചെയ്യുന്ന ജില്ലാ തല്ല ലാബുകൾ ഉണ്ടാവണം. ആവശ്യക്കാർ അനവധിയാണ്. കോഴിഫാമികളിലെ പലരും ഇന്ന് അയൽസംസ്ഥാനങ്ങളിലെ സ്വകാര്യ ലാബുകളിൽ പോയി പരിശോധന നടത്തുന്നു.

ഓരോ മേഖലയിലും പ്രാവീണ്യം ലഭിച്ചവർ 

ഇതിനൊക്കെ ആദ്യം വേണ്ടത് ഒരു മേഖലയിൽ പ്രവീണ്യം നേടിയവർ ആ മേഖലയിൽ മാത്രം പ്രവർത്തിക്കലാണ്. കൂടാതെ ലാർജ് അനിമൽ പ്രാക്ടീസ് ചെയ്യുന്നവർ എനിക്ക് പൗൾട്രിയെക്കുറിച്ചും ഓമന മൃഗങ്ങളെക്കുറിച്ചും ഓമനപ്പക്ഷികളെക്കുറിച്ചും  പ്രാഥമിക കാര്യങ്ങളേ അറിയൂ എന്നും വിശദമായി അറിയില്ല എന്നും പറയാൻ ധൈര്യം കാണിക്കണം. മറ്റുള്ളവർ തിരിച്ചും. തനിക്ക് അറിയാവുന്ന വിഷയത്തിൽ കർഷകരെ കൂടുതൽ സഹായിക്കുകയും ചെയ്യണം.

ഇത്തരം കാര്യങ്ങൾ പരിശോധിച്ചു സർക്കാരുകൾക്കുമേൽ സംഘടനകൾ സമ്മർദ്ദം ചെലുത്തെണ്ട കാലം അതിക്രമിച്ചു. കൂടാതെ ഓരോ വിഷയത്തിലും ട്രെയിനിങ്ങുകളും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മുന്നിൽനിന്ന് സംഘടിപ്പിക്കണം. അന്തർദേശിയ കാര്യങ്ങളായ വൺ ഹെൽത്ത് പോലുള്ളവയിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കാണിക്കുന്ന മിടുക്ക് പ്രശംസനീയം തന്നെ. പക്ഷേ സാധാരണക്കാരനോട് വൺഹെൽത്ത് പറയാൻ പറ്റില്ല, അത്യാധുനിക കണ്ടുപിടുത്തങ്ങളെക്കുറിച്ചും പറയാൻ പറ്റില്ല. ജനത്തിന് അവരുടെ കാര്യം നടക്കണം. ഇല്ലെങ്കിൽ കല്ലെറിയും, കാര്യം നടന്നാൽ കയ്യടിക്കും. അത്രതന്നെ.

ഇനിയും ഒരു മാറ്റം നടന്നില്ലെങ്കിൽ.... ‘ജീവിതകാലം മുഴുവൻ മേയ്ക്കുന്നോന്റെ അടി കൊണ്ടാലും അവസാനം അറവുകത്തി തന്നെ കഴുത്തിൽ’ എന്ന അവസ്ഥ തുടരും.

English summary: Veterinarian Issues Related Cases

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA