റബർ ചതിക്കില്ല, ആദായം കൂട്ടാൻ വഴികളേറെ: കർഷകശ്രീ സ്വപ്ന ജയിംസ്

HIGHLIGHTS
  • നിലവിൽ പത്തരയേക്കർ റബർക്കൃഷിയുണ്ട്
  • റബറിന് ഇടവിളകളായി കാപ്പിയും കൊക്കോയും
swapna-james
സ്വപ്ന ജയിംസ്
SHARE

കർഷകശ്രീ സ്വപ്നയ്ക്കും ഭർത്താവ് ജയിംസിനും ഇഷ്ടവിള ഇന്നും റബർതന്നെ. നെല്ലും തെങ്ങും ജാതിയും നഴ്സറിയും ഒട്ടേറെ മൂല്യവർധിത ഭക്ഷ്യോൽപന്നങ്ങളുംകൊണ്ട് സമൃദ്ധമായ കൃഷിയിടത്തിൽ വിലയിടിവുണ്ടെങ്കിലും റബറിനു മുന്തിയ പരിഗണന ഇന്നുമുണ്ട്. നിലവിൽ പത്തരയേക്കർ റബർക്കൃഷിയാണ് ഈ ദമ്പതികൾക്കുള്ളത്. അഞ്ചേക്കർ ടാപ്പിങ്ങിലുള്ളത്, അഞ്ചരയേക്കർ തൈ മരങ്ങൾ.

ആഴ്ചയിൽ രണ്ടു ടാപ്പിങ്ങും ഇടവിളകളും ചേരുമ്പോൾ റബർക്കൃഷി ആദായകരമായിത്തന്നെ തുടരുന്നുവെന്നു സ്വപ്ന. റബറിന് ഇടവിളകളായി കാപ്പിയും കൊക്കോയും പരീക്ഷിക്കുന്നത് നാലു വർഷം മുൻപ്. രണ്ടിൽ മികച്ചതായി തോന്നിയത് കൊക്കോ. നാലേക്കറിൽ 800 കൊക്കോയാണ് റബറിന് ഇടവിളയായുള്ളത്. അവയിൽ 400 എണ്ണം നാലാം വർഷമെത്തി മികച്ച ആദായം നൽകുന്നു. 

swapna-james-1
സ്വപ്നയും ഭർത്താവ് ജയിംസും തോട്ടത്തിൽ

പരിമിതമാണ് കൊക്കോയുടെ പരിപാലനം. കമ്പുകോതി നിർത്തി വളർച്ച നിയന്ത്രിക്കണമെന്നു മാത്രം. വളർച്ചയുടെ പ്രാരംഭകാലം പിന്നിട്ടാൽ പിന്നെ വളപ്രയോഗംപോലും ആവശ്യമില്ല. വിളവെടുപ്പ് ലളിതം എന്നതാണ് മറ്റൊരു ഗുണം. മുൻപേ കൊക്കോ വച്ചിരുന്നെങ്കിൽ റബറിന്റെ വിലയിടിവ് തെല്ലും ഏശില്ലായിരുന്നെന്നു സ്വപ്ന. മൂന്നേക്കറിൽ കാപ്പിയും ഇടവിളയായുണ്ട്. എന്നാൽ കാപ്പി പൂവിടുന്ന സമയത്ത് കൃത്യമായി ലഭിക്കേണ്ട മഴ, ഉൽപാദനത്തിൽ നിർണായകമെന്നു ജയിംസ്. സമയത്തിന് മഴ ലഭിച്ചില്ലെങ്കിൽ നനയ്ക്കേണ്ടി വരും. കാപ്പിക്കുരു വിളവെടുപ്പിനാകട്ടെ, ചെലവും അധ്വാനവുമേറെ. തമ്മിൽ മെച്ചം കൊക്കോതന്നെ എന്നതിൽ സംശയമില്ലെന്നു ജയിംസ്.

ആടുകളെ അഴിച്ചുവിട്ടു വളർത്താനും റബർത്തോട്ടം പ്രയോജനപ്പെടുത്താമെന്നു സ്വപ്ന. അമ്പതിലേറെയുണ്ട് ആടുകൾ. അവയ്ക്കു വയർ നിറയ്ക്കാനുള്ളത് തോട്ടത്തിൽനിന്നു ലഭിക്കും. തോട്ടത്തിനു ചുറ്റും നട്ടു വളർത്തിയ പ്ലാവുകളുടെ ഇല ആടുകൾക്ക് വേനലിലേക്കു  കരുതൽ ഭക്ഷണമാകും. 

റബറിനിടയിൽ ഒരുക്കിയ പടുതാക്കുളങ്ങളിൽ മത്സ്യക്കൃഷി. ഒപ്പം റബർത്തോട്ടത്തിൽ കൂവക്കൃഷിയും. കൃഷിയിടത്തിൽനിന്നു വെളിച്ചെണ്ണയുൾപ്പെടെ ഒട്ടേറെ മൂല്യവർധിത ഭക്ഷ്യോൽപന്നങ്ങൾ വിൽക്കുന്ന സ്വപ്നയ്ക്ക് റബർത്തോട്ടത്തിൽ വിളയുന്ന കൂവ സംസ്കരിച്ചുള്ള കൂവപ്പൊടിയും മികച്ച വരുമാനം. അതും റബറിന്റെ വരുമാനക്കോളത്തിൽ എഴുതുന്നു സ്വപ്ന.

വിലാസം: കർഷകശ്രീ സ്വപ്ന ജയിംസ്, പുളിക്കത്താഴെ, കുളയ്ക്കാട്ടുകുറിശ്ശി, കടമ്പഴിപ്പുറം, പാലക്കാട്

ഫോൺ: 9447329247

English summary: How to Generate more Income from Rubber Plantation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA