ADVERTISEMENT

ലാഭം എന്നത് കേവലാർഥത്തിൽ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസമാണ്. എന്നാൽ കൃഷിയിലെ യഥാർഥ ചെലവുകൾ സംബന്ധിച്ച് നമ്മുടെ കർഷകർക്കു കൃത്യമായ ധാരണയില്ല എന്നു വേണം കരുതാൻ. ബിസിനസ് എന്ന നിലയിൽ കൃഷിയെ സമീപിക്കാനുള്ള മനസ്സ് ശരാശരി കൃഷിക്കാരനില്ല. അതുകൊണ്ടുതന്നെ കണക്കുകൾ എഴുതി സൂക്ഷിക്കുന്ന പതിവുമില്ല. ഏറ്റവും ചെറിയ നിലയിൽ പ്രവർത്തിക്കുന്ന വാണിജ്യ സംരംഭങ്ങൾക്കുപോലും കണക്കുകൾ എഴുതി സൂക്ഷിക്കുന്ന പതിവുണ്ട് എന്നു നമുക്കറിയാം. 

നാം അവലംബിച്ച കാർഷിക പ്രവർത്തനങ്ങളെക്കുറിച്ചു വിശകലനം നടത്താനും അടുത്ത കൃഷിയിൽ അതിനനുസരിച്ചു മാറ്റം വരുത്താനും കൃത്യമായ കണക്കുകൾ കര്‍ഷകനെ സഹായിക്കും. പാഴ്ചെലവുകളും അശാസ്ത്രീയ പരിപാലനമുറകളും ഒഴിവാക്കി, മെച്ചപ്പെട്ട കാർഷിക രീതികളിലേക്കു മാറാൻ കർഷകനു സഹായകരമാവുന്ന ശീലമാണ് കൃത്യമായ കണക്കെഴുത്തും അതിന്റെ വിശകലനവും അനുസൃത മാറ്റങ്ങളും. 

കണക്കുകൾ എഴുതുന്നില്ല എന്നതിനൊപ്പം തന്നെ പരാമർശിക്കേണ്ട കാര്യമാണ് കൃഷിച്ചെലവു സംബന്ധിച്ച ധാരണയില്ലായ്മ. പലപ്പോഴും കർഷകനും കുടുംബാംഗങ്ങളും ചെയ്യുന്ന കൃഷിപ്പണികളുടെ കൂലിച്ചെലവ്, സ്വന്തം നിലയ്ക്ക് ഉൽപാദിപ്പിക്കുന്ന ജൈവവളങ്ങൾ, വിത്ത് മുതലായ ഉൽപാദനോപാധികളുടെ വില എന്നിവയൊന്നും ചെലവില്‍പ്പെടുത്താറില്ല. ഇത് ശരിയായ സമീപനമല്ല. ഇവയും കാർഷികോൽപാദനത്തിന്റെ ഭാഗം തന്നെ.

കാർഷികോൽപാദനച്ചെലവ് ശാസ്ത്രീയമായി കണക്കാക്കുന്നത് എങ്ങനെയാണ്? ഏതെല്ലാം ഘടകങ്ങളാണ് ഉൽപാദനച്ചെലവായി പരിഗണിക്കേണ്ടത്? ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനു കീഴിലുള്ള Commission for Agricultural Costs and Prices അവലംബിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ മനസ്സിലാക്കുന്നത് നന്ന്. അതുപ്രകാരമുള്ള കാർഷികോൽപാദനച്ചെലവുകൾ താഴെ:

  1. കൂലിച്ചെലവ് (തൊഴിൽ ദിനങ്ങളുടെ അടിസ്ഥാനത്തിൽ കർഷകനും കുടുംബാംഗങ്ങളും മറ്റു തൊഴിലാളികളും ചെയ്യുന്ന ജോലികൾക്കുള്ള നടപ്പുകൂലി. യന്ത്രങ്ങൾ, കാലികൾ എന്നിവ ഉപയോഗിച്ചുള്ള കൃഷിപ്പണികൾക്കുള്ള ചെലവ് )
  2. വിത്ത്, വളം (ജൈവവളങ്ങൾ, പച്ചിലവളങ്ങൾ, കാലിവളം (വാങ്ങിയതും സ്വയം ഉൽപാദിപ്പിച്ചതും)
  3. രാസവളം ,കുമ്മായം മുതലായവ
  4. കീട–രോഗ–കള നിയന്ത്രണച്ചെലവുകൾ തുടങ്ങി നേരിട്ട് കാർഷികോൽപാദനത്തിൽ ഉപയോഗിക്കുന്ന എല്ലാ ഉപാധികളും. 
  5. ഭൂനികുതി, വെള്ളക്കരം
  6. ജലസേചനം
  7. യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികൾ  
  8. മറ്റ് അനുബന്ധ ചെലവുകൾ 
  9. കർഷകനും കുടുംബാംഗങ്ങളും ചെയ്യുന്ന കൃഷിപ്പണികളുടെ കൂലി ഒഴികെ 1 മുതൽ 8  വരെയുള്ള, പ്രവർത്തന മൂലധനം എന്നറിയപ്പെടുന്ന സംഖ്യയിന്മേലുള്ള പലിശ.
  10. മറ്റു ജംഗമവസ്തുക്കളിന്മേലുള്ള (യന്ത്രങ്ങൾ, ഉപകരണങ്ങൾ, കാർഷികാവശ്യത്തിനുപയോഗിക്കുന്ന കെട്ടിടങ്ങൾ എന്നിവയുടെ മൂല്യത്തിന്മേലുള്ള) പലിശ,
  11. കൃഷിഭൂമിയുടെ പാട്ടം
  12. കർഷകന്റെ മേൽനോട്ടച്ചെലവുകൾ

ഇത്രയും ഘടകങ്ങൾ ഉൾക്കൊള്ളുന്ന സമഗ്ര സമീപനമാണ് സാങ്കേതികമായി കൃഷിച്ചെലവ് എന്ന് അംഗീകരിക്കപ്പെടുന്നത്. ഇതിൽ 1 മുതൽ  9 വരെയുള്ള കാര്യങ്ങൾ തീർച്ചയായും നേരിട്ടുള്ള ചെലവുകൾ തന്നെ.

കർഷകരുടെ കൃഷിയിടങ്ങൾ കേന്ദ്രീകരിച്ചു ശാസ്ത്രീയപഠനങ്ങളിലൂടെ ഇപ്രകാരം കേരളത്തിലെ പ്രധാന വിളകളുടെ വരവുചെലവു തിട്ടപ്പെടുത്തുന്നത് സംസ്ഥാന എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്റ്ററേറ്റാണ്. 2019 ൽ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2016-17’ കാലയളവിലെ പഠന ഫലം പട്ടികയില്‍. അതിൻപ്രകാരം വിവിധ വിളകളുടെ വരവുചെലവും  അറ്റാദായവും കണക്കാക്കിയിരിക്കുന്നു. കർഷകന്റെ നേരിട്ടുള്ള ചെലവുകൾ പ്രകാരമുള്ള വിശകലനമാണ് നടത്തിയിട്ടുള്ളത്

 കേരളത്തിലെ പ്രധാന വിളകളുടെ താരതമ്യ സാമ്പത്തികവശങ്ങൾ (രൂപ  ഹെക്ടറിന്

 ഒരു താരതമ്യത്തിനായി ഈ കണക്കുകൾ പ്രയോജനപ്പെടുമെങ്കിലും ശരാശരി  ഉൽപാദനക്ഷമത, വിലനിലവാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ ചെലവുകളും വരവും എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. പ്രാദേശികമായ വ്യത്യാസങ്ങൾ തീർച്ചയായും ഉണ്ടാകും. കേവല ലാഭത്തോടൊപ്പം വിള ദൈർഘ്യം, ഭൗതിക സാഹചര്യങ്ങൾ, മൂലധന ലഭ്യത, നഷ്ടസാധ്യതകൾ, സുസ്ഥിരത എന്നിവയെല്ലാംതന്നെ വിള തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഉൽപാദനോപാധികളുടെ ശാസ്ത്രീയവും കാര്യക്ഷമവുമായ പ്രയോഗത്തിലൂടെ ചെലവുകൾ പരിമിതപ്പെടുത്തിയും ഉൽപാദനക്ഷമത വർധിക്കുന്ന തരത്തിലുള്ള പരിപാലനമുറകൾ  അവലംബിച്ചും വിപണിവിലകൾ കഴിയുന്നത്ര അനുകൂലമാക്കിയും അറ്റാദായം മെച്ചപ്പെടുത്താനാകും.

chart

കൃഷിച്ചെലവ് കുറയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ ഒരുപക്ഷേ ഏറ്റവും പ്രധാനം മണ്ണറിഞ്ഞു കൃഷി ചെയ്യുകയാണ്. കാലങ്ങളായി അവലംബിച്ചു വരുന്ന അശാസ്ത്രീയ പരിപാലനമുറകൾ, വിശേഷിച്ചും രാസവളങ്ങളുടെ അമിത പ്രയോഗം, നമ്മുടെ മണ്ണിന്റെ ഗുണത്തെ ബാധിച്ചിട്ടുണ്ട്. വർധിച്ച അമ്ലത, കുറഞ്ഞ ജൈവാംശം, മൂലകങ്ങളുടെ അസന്തുലിതാവസ്ഥ എന്നിവയെല്ലാം മണ്ണിന്റെ പുഷ്കലതയെ ബാധിക്കുന്നു. അമിത രാസവള പ്രയോഗം ഇതിന്റെ പ്രധാന കാരണമാണ്. ഉൽപാദനോപാധികൾ അധികമായി ഉപയോഗിച്ചെന്നു കരുതി ആനുപാതികമായ അധിക വിളവ് ലഭിക്കുകയില്ലതന്നെ. ജലസേചനം, കീട–രോഗ നിയന്ത്രണമാർഗങ്ങൾ എന്നിവയുടെ കാര്യത്തിലും ഇതു ശരിയാണ്.  

പ്രദേശത്തിനു യോജിച്ച വിള,  ഇനം, പരിപാലനമുറകൾ എന്നിവ വാണിജ്യക്കൃഷിയില്‍ പ്രധാനം. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതില്‍ ഈ ഘടകങ്ങൾ നിര്‍ണായകമാണ്. കാർഷികരംഗത്തെ പ്രധാന വെല്ലുവിളിയാണ് വിപണനസൗകര്യം. കർഷകനു ന്യായവില ലഭിക്കുക എന്നത് പലപ്പോഴും  വെല്ലുവിളിയാണ്. എന്നാല്‍ കർഷകകൂട്ടായ്മകളിലൂടെയുള്ള വിപണനം അവരുടെ വിലപേശൽ ശേഷി വർധിപ്പിക്കും. മുൻകൂട്ടിയുള്ള വിപണന കരാറുകൾ, മൂല്യവർധന, സംസ്കരണം എന്നിവയും മെച്ചപ്പെട്ട വില ലഭിക്കാൻ സഹായിക്കും. 

നടത്തുന്നത് ഉചിതമായിരിക്കും. മികച്ച കാർഷികപ്രസിദ്ധീകരണങ്ങൾ വായിക്കുക, കാർഷിക വിദഗ്ധരുമായും  പ്രദേശത്തെ മികച്ച കർഷകരുമായി  ആശയവിനിമയം നടത്തുക, ടെലിവിഷൻ–റേഡിയോ പരിപാടികൾ ശ്രദ്ധിക്കുക എന്നീ മാർഗങ്ങളിലൂടെ ശാസ്ത്രീയ കൃഷിരീ തികളെയും  വിപണിയെയും കുറിച്ച് കൂടുതൽ അറിവു ലഭിക്കും.

ലാഭനിലവാരവും നഷ്ടസാധ്യതയും തമ്മിൽ നേർബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ കൂടുതൽ ലാഭം നോക്കിയുള്ള കൃഷിയിൽ അപ്രതീക്ഷിത നഷ്ടങ്ങളും ഉണ്ടായേക്കാമെന്നു കരുതണം. അത് നേരിടാന്‍ ബദല്‍വഴികള്‍ കാണുകയും വേണം. വിള ഇൻഷുറൻസ്, സർക്കാർ സഹായം എന്നിവ സംബന്ധിച്ച്  യഥാസമയം അറിയുകയും അതു നേരിടാന്‍ ശ്രമിക്കുകയും  വേണം.

നമ്മുടെ നാട്ടിലെ  മിക്ക കർഷകരും കാർഷിക വായ്പാസൗകര്യങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്. ഔപചാരിക സംവിധാനങ്ങളിൽ(വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ) നിന്നുതന്നെ വായ്പ എടുക്കാനും, കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം പ്രയോജനപ്പെടുത്താനും ശ്രദ്ധിക്കേണ്ടതാണ്. കൃഷി ചെയ്യാനുദ്ദേശിക്കുന്ന വിളയിൽനിന്നുള്ള ഏകദേശ വരുമാനം കണക്കാക്കി, തിരിച്ചടവു സാധ്യമാകും എന്ന് ഉറപ്പുള്ള തുക മാത്രമേ വായ്പ എടുക്കാവൂ. സ്വയം കടക്കെണിയിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കേണ്ടത് നമ്മുടെ  കടമ യാണ് .

സുസ്ഥിര കാർഷികോൽപാദനം ഉറപ്പാക്കുന്ന  കൃഷിരീതികൾ അവലംബിക്കുകയെന്നത് വ്യക്തിപരമായും സാമൂഹികമായും പ്രധാന സംഗതിയാണ്. വിളപരിക്രമം, കാർഷിക ജൈവ വൈവിധ്യ സംരക്ഷണം, ഭൂമിയുടെ ജൈവസമ്പന്നത ഉറപ്പാക്കിക്കൊണ്ടുള്ള പരിപാലനമുറകൾ, മണ്ണ് -ജല സംരക്ഷണപ്രവർത്തനങ്ങൾ എന്നിവയെല്ലാം സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗങ്ങള്‍. 

കൃഷിയിൽനിന്നുള്ള ലാഭം, കർഷകനെ അതിൽ തുടരാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്.   അതുകൊണ്ടുതന്നെ ലാഭം സാധ്യമാക്കുന്ന സാഹചര്യം ഉണ്ടാക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങളിലൂടെ ലഭിക്കുന്ന പൊതു അറിവുകളും വിദഗ്ധാഭിപ്രായവും മറ്റു കര്‍ഷകരുടെ ഉപദേശവുമൊക്കെ സ്വന്തം സാഹചര്യം കൂടി വിലയിരുത്തി യോജ്യമെങ്കില്‍ മാത്രമേ നടപ്പാക്കാവൂ. നമ്മുടെ നാട്ടില്‍തന്നെ  ഓരോ മേഖലയില്‍ മാത്രമല്ല, ഓരോ കര്‍ഷകനുമുള്ളത് ഓരോ സാഹചര്യമാണെന്നു മറക്കരുത്. 

വിലാസം: (റിട്ട.) പ്രഫസർ (അഗ്രി. എക്കണോമിക്സ്), േകരള കാര്‍ഷിക സര്‍വകലാശാല  & ഡയറക്ടർ, കേരള സംസ്ഥാന കർഷക ക്ഷേമനിധി ബോർഡ്. 

ഫോണ്‍:  9447416875

English summary: Agriculture can be highly profitable, but the gains are not easy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com