ADVERTISEMENT

ഉടമയുടെ ജീവിതത്തിൽ ഒരു വർണ്ണപ്പട്ടമായി പാറി നടന്നിരുന്ന വർണ്ണശബളമായ ബാല്യകൗമാരയൗവന കാലങ്ങൾ പിന്നിട്ട് വാർദ്ധക്യത്തിലെത്തുന്ന അരുമകളെ നമ്മൾ എങ്ങനെ കരുതണം? അരുമകളെ വളർത്തുന്നവർ ഏറെ ബോധവാന്മാരാകേണ്ട മേഖലയാണ് ജീവിത സായാഹ്നത്തിലെ അരുമകളുടെ പരിപാലനം.

ശരാശരി 10-15 വര്‍ഷംവരെ ആയുര്‍ദൈര്‍ഘ്യം കണക്കാക്കാവുന്ന നായ്ക്കളിൽ  ആറു വയസൊക്ക കഴിയുന്നതോടെ  പ്രായമാകുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങും. പ്രായമാകുമ്പോഴുണ്ടാകുന്ന മാറ്റങ്ങളോട് അനുരൂപപ്പെടാന്‍ ഓമന മൃഗങ്ങളെ സഹായിക്കുക എന്നത് പ്രധാനമാണ്. വാര്‍ദ്ധക്യസഹജമായ മാറ്റങ്ങളേയും രോഗങ്ങളേയും എത്രയും നേരത്തെ കണ്ടെത്തുക ആവശ്യമായ ചികിത്സ നല്‍കുക, ജീവിത സാഹചര്യങ്ങള്‍ പരിഷ്‌കരിക്കുക എന്നിവയാണ് ഉടമയുടെ മുന്‍പിലുള്ള പ്രധാന ദൗത്യം. 

ജീവിതശൈലീ രോഗങ്ങൾ

പ്രായമാകുന്നതോടെ ഭക്ഷണത്തിലെ പോഷകങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുന്നു. ഓട്ടവും, ചാട്ടവും, ചുറുചുറുക്കും കുറയുന്നതോടെ  ശരീരത്തിനാവശ്യമായ ഊർജത്തിന്റെ അളവില്‍ കുറവുണ്ടാകുന്നു. അതിനാല്‍  കൂടുതലായി വരുന്ന ഊര്‍ജം  കൊഴുപ്പടിഞ്ഞ്  പൊണ്ണത്തടി അഥവാ അമിതഭാരമെന്ന പ്രശ്‌നത്തിലേക്കും, പ്രമേഹത്തിനും കാരണമാകാം. വ്യായാമത്തോടുള്ള മടുപ്പ്, എഴുന്നേല്‍ക്കാനും നടക്കാനുമുള്ള ബുദ്ധിമുട്ട്  എന്നിവ പൊണ്ണത്തടിയുടെ ലക്ഷണങ്ങളാകുമ്പോള്‍ അമിതമായ ദാഹവും, മൂത്ര വിസർജനവും, ശരീരഭാരം നഷ്ടപ്പെടലും, ഛര്‍ദ്ദിയും, ക്ഷീണവും, പ്രമേഹ ലക്ഷണങ്ങളാണ്.  ഭക്ഷണത്തിലെ ഊര്‍ജത്തിന്റെ അളവ് കുറയ്ക്കാന്‍ കൊഴുപ്പ് കുറഞ്ഞ, കൂടുതല്‍ നാരടങ്ങിയ ഭക്ഷണ രീതിയിലേക്ക് നായ്ക്കളെ മാറ്റണം. രോഗങ്ങളോ മറ്റു കാരണങ്ങള്‍ കൊണ്ടോ വയസായ നായ്ക്കള്‍ തീറ്റയെടുക്കുന്നത് കുറഞ്ഞാല്‍ അതു നികത്താനുള്ള സപ്ലിമെന്റുകള്‍ നല്‍കണം. 

ചർമ്മകാന്തി മങ്ങുമ്പോൾ

കൗമാര യൗവ്വനങ്ങളില്‍ സൗന്ദര്യത്തിന്റെ കണ്ണാടിയായിരുന്ന ചര്‍മ്മവും, രോമാവരണവും കട്ടി കുറഞ്ഞ് ശുഷ്‌കിച്ചു തുടങ്ങുന്നു. മനുഷ്യനെപ്പോലെ നര വീണു തുടങ്ങുന്ന രോമങ്ങള്‍ മൂക്കിന്റെ അറ്റത്തും, കണ്ണുകള്‍ക്കു ചുറ്റിലും, ചാരനിറത്തില്‍ മങ്ങിത്തുടങ്ങുന്നു.  രോമാവരണത്തിന്  പ്രത്യേകിച്ച് മലദ്വാരത്തിന്റെ ഭാഗങ്ങളിലും മറ്റും അതീവ ശ്രദ്ധയോടെ കൃത്യമായ ഗ്രൂമിങ്ങ് നടത്തണം. ഫാറ്റി ആസിഡുകള്‍ അടങ്ങിയ സപ്ലിമെന്റുകള്‍ ഒരു പരിധിവരെ രോമാവരണത്തിന്റെ തിളക്കം തിരിച്ചു നല്‍കാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ കനം കുറയുന്നതിനാല്‍ പരിക്കേല്‍ക്കാന്‍ സാധ്യത കൂടുന്നു. അര്‍ബുദങ്ങളോ, മുഴകളോ, ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടാം. വരണ്ടു തുടങ്ങുന്ന ചര്‍മ്മവും  പ്രശ്‌നമുണ്ടാക്കുന്നു. ചൊടിയും ചുണയും നഷ്ടപ്പെട്ട് ഊര്‍ജസ്വലത നഷ്ടപ്പെട്ട് കൂടുതല്‍ സമയവും കിടക്കുന്നതിനാല്‍ കൈമുട്ടുകളില്‍ കട്ടിയുള്ള തഴമ്പുകള്‍ പ്രത്യക്ഷപ്പെടുന്നു. പരുക്കന്‍ പ്രതലങ്ങളില്‍ കിടക്കുന്നവയില്‍ ഈ പ്രശ്‌നം കൂടുതലാകുന്നു. വലിയ ജനുസുകളിലാണ് ഇത് അധികവും പ്രത്യക്ഷപ്പെടുക. നായ്ക്കള്‍ക്കായുള്ള  മെത്തകളോ  അല്ലെങ്കില്‍  ഓര്‍ത്തോപീഡിക് ബെഡുകളോ ഉപയോഗിച്ച് ഈ പ്രശ്‌നം  ലഘൂകരിക്കാന്‍  ശ്രമിക്കാം. കാല്‍പാദത്തിന്റെ അടിഭാഗമായി ഫുട് പാഡുകളുടേയും കട്ടി കൂടുന്നു. നഖങ്ങള്‍ എളുപ്പത്തില്‍ പൊട്ടുന്ന  സ്ഥിതിയാകുന്നതിനാല്‍ നഖം വെട്ടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും നഖം ഇട്‌യ്ക്കിടെ  വെട്ടുകയും ചെയ്യണം.  നടപ്പും, ഓട്ടവും കുറയുന്നതോടെ  നഖങ്ങള്‍ക്ക് സ്വാഭാവിക തേയ്മാനത്തിനുള്ള അവസരം കുറയുന്നുവെന്നതും ഓര്‍ക്കുക. 

മെല്ലെയാകുന്ന ചലനങ്ങൾ

വലുപ്പമേറിയ ജനുസുകളിലും നട്ടെല്ലിന് രോഗസാധ്യത കൂടുതലുള്ള ഡാഷ്‌ഹണ്ട്, ബാസറ്റ് ഹൂണ്ട് മുതലായ ജനുസുകളിലും പ്രായമാകുമ്പോള്‍  സന്ധിവാതം അല്ലെങ്കില്‍ വീക്കം അതിസാധാരണമാണ്. ചെറുപ്രായത്തില്‍ സന്ധികളില്‍ ക്ഷതമേറ്റ നായ്ക്കളും പ്രായമാകുമ്പോള്‍ ഇതിനടിമയാകും. സന്ധിയില്‍ ഒരു ചെറിയ പിടുത്തം എന്നതു മുതല്‍ ചലന സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന വഷളായ സ്ഥിതിവരെ കാണപ്പെടാം. എഴുന്നേല്‍ക്കാനുള്ള ബുദ്ധിമുട്ട്, പടികള്‍ കയറാനും, ചാടാനുമുള്ള പ്രയാസം, സ്വഭാവ വ്യതിയാനങ്ങള്‍ എന്നിവ ലക്ഷണങ്ങളാണ്. പേശീവലുപ്പം കുറയുകയും, അസ്ഥാനത്ത് മലമൂത്ര വിസർജനം നടത്തുകയുമൊക്കെ ചെയ്യാം.  കോണ്‍ഡ്രോയിറ്റിന്‍, ഗ്ലൂക്കോസാമൈന്‍ എന്നിവ അടങ്ങിയ സപ്ലിമെന്റുകള്‍, നീര്‍വീക്കം, വേദന സംഹാരികള്‍ എന്നിവ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കാം.  വ്യായാമം കുറയുന്നതോടെ  പേശികളുടെ വലുപ്പം കുറയുന്നു. നടക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതോടെ നടപ്പുതന്നെ ഒഴിവാക്കുക പതിവുശീലമാകുന്നു. ഈ അവസ്ഥ വ്യായാമം തീരെ കുറയാനും മറ്റു പ്രശ്‌നങ്ങളുടെ വിഷമവൃത്തത്തിലേക്ക്  കടക്കാനും കാരണമാകുന്നു. മാംസപേശികള്‍, ഹൃദയം, മനോഭാവം എന്നിവ മെച്ചപ്പെടാന്‍ വ്യായാമം അനിവാര്യമാണ്. നായ്ക്കളുടെ കഴിവനുസരിച്ച്  ഹ്രസ്വമായ  വ്യായാമം പലവട്ടം നല്‍കി മസിലുകളെ ബലപ്പെടുത്തണം. കയറാനും ഇറങ്ങാനും പടികള്‍, ചരിവുകള്‍ എന്നിവ നല്‍കുക, ഉയര്‍ത്തി വയ്ക്കാവുന്ന  തീറ്റപ്പാത്രങ്ങള്‍, ഓര്‍ത്തോപീഡിക് മെത്തകള്‍ എന്നിവ നടക്കുമ്പോള്‍ ബുദ്ധിമുട്ടുന്ന, വേദന കാണിക്കുന്ന നായ്ക്കള്‍ക്ക് കൈത്താങ്ങാകും. 

ദന്തരോഗങ്ങള്‍

ദന്തരോഗങ്ങളാണ് വാര്‍ദ്ധക്യകാല പ്രശ്‌നങ്ങളില്‍ ഏറ്റവും പൊതുവായി  കാണപ്പെടാറുള്ളത്. മൂന്നു വയസ് കഴിയുന്നതോടെ തന്നെ എണ്‍പതു ശതമാനത്തിലധികം നായ്ക്കളും ദന്ത–മോണ രോഗങ്ങള്‍ കാണിച്ചു തുടങ്ങുന്നു. വായ്‌നാറ്റം, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും.  ചെറുപ്പം മുതലേയുള്ള കൃത്യമായ ദന്ത പരിചരണം പ്രത്യേകിച്ച് ബ്രഷ് ചെയ്യല്‍ രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും. ജീവനുവരെ ഭീഷണിയാകുന്ന പരിണതഫലങ്ങള്‍ക്ക് ദന്തരോഗങ്ങള്‍ വഴിയൊരുക്കുമെന്നതിനാല്‍ ശാസ്ത്രീയ ദന്ത പരിചരണത്തില്‍ ഉപേക്ഷ വേണ്ട.

വിഷമകരമാകുന്ന ദഹനം

പ്രായമാകുന്നതോടെ ദഹനനാളത്തിലൂടെയുള്ള  ഭക്ഷണത്തിന്റെ ചലനം മന്ദഗതിയിലാവുകയും അത് മലബന്ധത്തിന് കാരണമാവുകയും ചെയ്യുന്നു.  മലവിസർജന സമയത്ത് വേദനയുള്ള നായ്ക്കളില്‍ ഈ പ്രശ്‌നം കൂടുതലായിരിക്കും. ഇടുപ്പെല്ലിന്റെ പ്രശ്‌നം, മലദ്വാരത്തിലെ ഗ്ലാന്‍ഡുകളുടെ അസുഖം എന്നിവ വേദനയ്ക്ക് കാരണമാകും. നിഷ്‌ക്രിയമായ ജീവിതശൈലിയും, ചില രോഗങ്ങളും മലബന്ധത്തിന് കാരണമാകാം. മലബന്ധമുള്ള  നായ്ക്കളെ വെറ്ററിനറി പരിശോധനയ്ക്ക്  വിധേയമാക്കണം.  വയറിളക്കാനുള്ള മരുന്നുകള്‍, കൂടുതല്‍ നാരടങ്ങിയ ഭക്ഷണം, ധാരാളം ശുദ്ധജലം നല്‍കല്‍ എന്നിവയ്‌ക്കൊപ്പം സന്ധിപ്രശ്‌നങ്ങള്‍, മലദ്വാര ഗ്രന്ഥിയുടെ  അസുഖങ്ങള്‍ എന്നിവയും ചികിത്സിക്കണം.  പൂച്ചകളില്‍ ആമാശയത്തില്‍  മുടിക്കെട്ടുകള്‍ അടിഞ്ഞുകൂടി മലബന്ധം ഉണ്ടാകാം. ഛര്‍ദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, മലത്തില്‍ ചോരയുടെ അംശം, കറുത്ത ടാറിന്റെ നിറമുള്ള മലം, മലവിസര്‍ജനത്തിന്റെ തോതിലുള്ള വര്‍ധന ഇവയൊക്കെ പ്രായമാകുമ്പോള്‍ ദഹനവ്യൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ, രോഗങ്ങളുടെ ലക്ഷണങ്ങളാകാം. 

നഷ്ടമാകുന്ന  രോഗപ്രതിരോധ ശക്തി 

പ്രായമാകുന്നതോടെ  രോഗപ്രതിരോധ സംവിധാനം ഫലപ്രദമായി  പ്രവര്‍ത്തിക്കുന്നത് കുറയും. അതിനാല്‍ സാംക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും, രോഗതീവ്രതയും കൂടും. രോഗപ്രതിരോധ കുത്തിവെയ്പുകള്‍ കണിശതയോടെ  കൃത്യസമയങ്ങളില്‍ നല്‍കണം

പ്രധാന അവയവങ്ങൾ പണിമുടക്കുമ്പോൾ

മര്‍മ്മ പ്രധാന അവയവങ്ങളായ ഹൃദയം, ശ്വാസകോശം, കരള്‍, വൃക്കകള്‍ എന്നിവയ്ക്കുണ്ടാകുന്ന മാറ്റങ്ങളും, രോഗങ്ങളും വാർധക്യത്തില്‍ നിര്‍ണ്ണായകമാകുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നു.  നായ്ക്കളില്‍ പ്രത്യേകിച്ച് ചെറു ജനുസുകളില്‍ മിട്രല്‍ വാല്‍വുകളുടെ പ്രശ്‌നം കാണപ്പെടുന്നു. ചെറിയ ഹൃദ്രോഗ ബാധ വാര്‍ദ്ധക്യത്തില്‍  പ്രതീക്ഷിക്കാമെങ്കിലും ചെറുപ്പത്തിലേ ഹൃദയപ്രശ്‌നമുള്ളവയില്‍, പ്രായമാകുമ്പോള്‍ കഠിനമായ ഹൃദ്രോഗബാധയുണ്ടാകാം. എക്‌സ്-റേ, ഇസിജി എന്നിവ വഴി രോഗനിര്‍ണ്ണയം നടത്താം. വ്യായാമം ചെയ്യാനുള്ള ബുദ്ധിമുട്ട്, ചുമ പ്രത്യേകിച്ച്  രാത്രികാലങ്ങളില്‍ ശരീരഭാരം കുറയല്‍, കൂടുതലായി അണയ്ക്കുക, ബോധക്ഷയം എന്നിവ ഹൃദയ, വാല്‍വ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ്. ശ്വാസകോശങ്ങളുടെ ഇലാസ്തികത കുറയുന്നതോടെ രക്തത്തിലെ  ഓക്‌സിജന്റെ അളവു കുറയുകയും നായ്ക്കള്‍ പെട്ടെന്ന് ക്ഷീണിക്കുകയും, ശ്വസന സംബന്ധിയായ  അസുഖങ്ങളുണ്ടാവുകയും ചെയ്യുന്നു. 

 പ്രായമേറുന്നതോടെ വൃക്കരോഗങ്ങള്‍ക്കുള്ള സാധ്യത കൂടുന്നു.  ഇത് വൃക്കകളുടെ സ്വന്തം പ്രശ്‌നമോ, ഹൃദ്രോഗം പോലുള്ള  മറ്റു രോഗങ്ങള്‍  മൂലമോ ആകാം. അമിത ദാഹം, കൂടുതലായി മൂത്രമൊഴിക്കല്‍, ഛര്‍ദ്ദി, ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, തളര്‍ച്ച, വിളറിയ മോണ, വയറിളക്കം, ചോര കലര്‍ന്ന ഛര്‍ദ്ദില്‍, കറുത്ത ടാര്‍ നിറത്തിലുള്ള മലം, വായ്‌നാറ്റം, വായിലെ വ്രണങ്ങള്‍, സ്വഭാവ വ്യതിയാനങ്ങള്‍ എന്നിവ വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണെങ്കിലും പലപ്പോഴും എഴുപതു ശതമാനം നാശം വൃക്കകള്‍ക്കുണ്ടാ കുമ്പോഴാകും  പല ലക്ഷണങ്ങളും കാണിച്ചു തുടങ്ങുക. അതിനാല്‍ നേരത്തെ രക്തം, മൂത്രം എന്നിവ പരിശോധിച്ച്  രോഗനിര്‍ണ്ണയം നടത്തുക പ്രധാനമാണ്. കൂടാതെ വൃക്ക തകരാറിലായാല്‍ ഭക്ഷണം, മരുന്നുകള്‍ ഇവയുടെ അളവില്‍ വ്യത്യാസം വരുത്തണം. മൂത്രാശയ കല്ലുകള്‍, മൂത്ര വിസര്‍ജനം നിയന്ത്രിക്കാനാവാതെ  അസ്ഥാനത്ത് മൂത്രമൊഴിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍  വയസുകാലത്ത് പ്രത്യേകിച്ച്  വന്ധ്യംകരണം നടത്തിയ പെണ്‍പട്ടികളില്‍  കാണപ്പെടാം. വിശ്രമിക്കുമ്പോഴും ഉറങ്ങുമ്പോഴും  ചെറിയ അളവില്‍ മൂത്രം പോകുന്നത് ഇതിന്റെ ലക്ഷണമാണ്. വര്‍ഷങ്ങളോളം  ശീലിച്ചതില്‍ നിന്ന് വ്യത്യസ്തമായി  അസ്ഥാനത്തും, അസമയത്തും മലമൂത്ര വിസര്‍ജനം  നടത്തുന്നത് വാര്‍ദ്ധക്യത്തിന്റെ ശാപമാണ്. 

 ശരീരത്തിലെ ഏറ്റവും  അതിജീവനശേഷിയള്ള  കരളിനും വയസാകും. ഛര്‍ദ്ദി, വിശപ്പില്ലായ്മ, സ്വഭാവ വ്യതിയാനങ്ങള്‍, വിളറിയ മഞ്ഞ നിറമുള്ള മോണ എന്നിവ ലക്ഷണങ്ങളാകാം.  രക്ത, മൂത്ര പരിശോധനയാണ്  പ്രധാനം കരള്‍ രേഗമുള്ള നായ്ക്കള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ അളവില്‍ വ്യത്യാസം വരുത്തണം.  എട്ടു വയസ്സ് കഴിയുന്നതോടെ വന്ധ്യംകരണം ചെയ്യപ്പെടാത്ത നായ്ക്കളില്‍ എണ്‍പതു ശതമാനത്തിനും പ്രോസ്റ്റേറ്റ്  ഗ്രന്ഥിവീക്കം  ഉണ്ടാകുന്നു. ചില ഗ്രന്ഥികള്‍ ഹോര്‍മോണുകള്‍ കൂടുതല്‍ ഉൽപാദിപ്പിക്കുന്നതും മറ്റു ചിലത് ഉല്‍പ്പാദനം കുറയ്ക്കുന്നതും വാര്‍ദ്ധക്യ പ്രശ്‌നങ്ങളാണ്.  വയസായ ഗോള്‍ഡന്‍ റിട്രീവര്‍ നായ്ക്കളില്‍ ഹൈപ്പോ തൈയോയിഡിസം കാണപ്പെടുന്നു. എല്ലുകളിലെ  മജ്ജയില്‍  കൊഴുപ്പ് അടിഞ്ഞുകൂടുന്നത്  രക്തകോശങ്ങളുടെ  ഉൽപാദനം കുറയാനും അതുവഴി വരള്‍ച്ചയ്ക്കും  കാരണമാകും. 

അര്‍ബുദം പടിവാതില്‍ക്കല്‍

 ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍  വരുന്ന, അപ്രത്യക്ഷമാകാതെ, വളരുന്ന മുഴകള്‍, ഉണങ്ങാത്ത മുറിവുകള്‍, ശരീരഭാരം കുറയല്‍, വിശപ്പില്ലായ്മ,  ശരീര ദ്വാരങ്ങളില്‍ നിന്നുള്ള രക്തസ്രാവം, ഭക്ഷണം കഴിയ്ക്കാനുള്ള  ബുദ്ധിമുട്ട്, ബുദ്ധിമുട്ടിയുള്ള ശ്വസനം, മലമൂത്ര വിസര്‍ജനത്തിലെ ബുദ്ധിമുട്ട് എന്നിവ അര്‍ബുദ ലക്ഷണങ്ങളാകാം. പെണ്‍പട്ടികളില്‍ സ്തനങ്ങള്‍ പരുക്കനാകുകയും  വന്ധ്യംകരണം  നടത്താത്തവയില്‍ സ്തനാര്‍ബുദം കൂടുതലായി കാണപ്പെടുകയും ചെയ്യുന്നു. കൃത്യമായ  ശരീര പരിശോധന ഇതു തിരിച്ചറിയാന്‍ ആവശ്യമാണ്. 

നഷ്ടമാവുന്ന കാഴ്ചയും  കേള്‍വിയും

ഒരു കാലത്ത് ഏറ്റവും സൂക്ഷ്മമായിരുന്ന കാഴ്ചയും കേള്‍വിയും  പഴയ പ്രതാപത്തില്‍ നിലനിര്‍ത്താനാവാതെ വരുന്നത് നായ്ക്കളെ ഏറെ ബാധിക്കുന്നു. ചില നായ്ക്കള്‍ക്ക് കേള്‍വി പൂര്‍ണ്ണമായി നഷ്ടപ്പെടാം. ചെറിയ രീതിയിലുള്ള കേള്‍വിക്കുറവ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പലപ്പോഴും പ്രശ്‌നം ഉടമ തിരച്ചറിയുന്നതിനു മുമ്പ് തന്നെ അത് സങ്കീര്‍ണ്ണ മായിരിക്കും. ഉടമ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കുക, അക്രമണ സ്വഭാവം കാണിക്കുക എന്നിവ കേള്‍വിക്കുറവിന്റെ  ലക്ഷണങ്ങളാകാം. നഷ്ടപ്പട്ട കേള്‍വിശക്തി തിരിച്ചു കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ ഇതിന്റെ ഫലങ്ങള്‍ കുറയ്ക്കാനുള്ള കാര്യങ്ങള്‍  ചെയ്യാവുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ശബ്ദത്തിനൊപ്പം കൈമുദ്രകള്‍ നല്‍കി ചെറുപ്പത്തില്‍ തന്നെ പഠിപ്പിയ്ക്കാം. കേള്‍വി നഷ്ടപ്പെട്ടാലും, തരംഗങ്ങള്‍ തിരിച്ചറിയാവുന്ന തിനാല്‍ കയ്യടിക്കുന്നതും, തറയില്‍ ചവിട്ടുന്നതും തിരിച്ചറിയപ്പെട്ടേക്കാം. തിമിരം, ഗ്ലൗക്കോമ, ഡ്രൈ ഐ തുടങ്ങിയ പ്രശ്‌നങ്ങള്‍ വാര്‍ദ്ധക്യ സഹജമാണ്. കണ്ണിന്റെ മൂടല്‍, മറ്റു വസ്തുക്കളില്‍ പോയി ഇടിക്കുക, സാധനങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിവു കുറയുക, കണ്ണില്‍ പീളകെട്ടുക ഇവയൊക്കെ ലക്ഷണങ്ങളാണ്. കാഴ്ചയിലോ, കണ്ണിലോ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ പരിശോധനാവിധേയമാക്കണം. 

സ്വഭാവത്തിലും മാറ്റങ്ങൾ

പ്രായമേറുന്നതോടെ തലച്ചോറിലെ  കോശങ്ങള്‍ മൃതമാവുകയോ, പ്രവര്‍ത്തനം കുറയുകയോ ചെയ്യുന്നു.  നാഡീകോശങ്ങള്‍ തമ്മിലുള്ള ആശയ വിനിമയവും കുറയുന്നു. ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും നായ്ക്കളുടെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടാക്കുന്നു. ആശയക്കുഴപ്പം, പെട്ടെന്ന് ക്ഷോഭിക്കുക, അസ്വസ്ഥരാവുക, ശീലങ്ങള്‍ തെറ്റുക, അസ്ഥാനത്തുള്ള മലമൂത്ര വിസര്‍ജനം, സമ്മര്‍ദ്ദം താങ്ങാന്‍ കഴിവ് കുറയുക, ശബ്ദങ്ങളോടുള്ള കൂടിയ പ്രതികരണം, കൂടുതല്‍ ഓളിയിടല്‍, ക്രമരഹിതമായ  ചലനം, ആകാംക്ഷ, വിരഹദുഃഖം, കുറയുന്ന വൃത്തിയും, വെടിപ്പും, അലഞ്ഞു തിരിയല്‍, ഉറക്കത്തിന്റെ ക്രമം നഷ്ടപ്പെടല്‍, ബോധക്കുറവ് തുടങ്ങി സുഹൃത്തുക്കളേയും, കുടുംബാംഗങ്ങളേയും  തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥവരെയുള്ള  വ്യതിയാനങ്ങള്‍ സ്വഭാവത്തിലുണ്ടാകും. ഒരുപരിധിവരെ മരുന്നുകള്‍, സ്വഭാവ വ്യതിയാന ചികിത്സാ രീതികളും പരീക്ഷിക്കാവുന്നതാണ്.  

പ്രായമാകുന്നതോടെ ശരീരതാപനില  ക്രമീകരിക്കാനുള്ള കഴിവു കുറയുന്നതിനാല്‍ താപനിലയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടും അതിനാല്‍  തണുപ്പില്‍ നിന്നും ചൂടില്‍ നിന്നും സംരക്ഷിക്കാന്‍ പരിപാലന  മുറകളിലും, സൗകര്യങ്ങളിലും മാറ്റം വരുത്തണം.

ആറുമാസത്തിലൊരിക്കല്‍ എന്ന വിധത്തിലുള്ള  സമ്പൂര്‍ണ്ണ  വെറ്ററിനറി  പരിശോധന, ശാസ്ത്രീയ ഭക്ഷണക്രമം, ശരീര ഭാര നിയന്ത്രണം, പരാദ നിയന്ത്രണം, ഉചിതമായ വ്യായാമം, പ്രതിരോധകുത്തിവെയ്പുകള്‍, മാനസികാരോഗ്യം, ചേരുന്ന പരിസ്ഥിതി, പ്രത്യുൽപാദന പ്രശ്‌നങ്ങളിലെ  ശ്രദ്ധ എന്നിവയിലൂന്നിയ പരിചരണ രീതിയിലൂടെ വേണം ജീവിതാവസാനം കഴിച്ചു കൂട്ടാന്‍ അരുമകള്‍ക്ക് അവസരമൊരുക്കേണ്ടത്.

English summary: Caring for Senior Dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com