ADVERTISEMENT

തെങ്ങും ഇടവിളകളും പശുപരിപാലനവുമെല്ലാം കൂട്ടിയിണക്കിയുള്ള സംയോജിത കൃഷിയാണ് കർഷകശ്രീ മുഹമ്മദ്–ഷക്കീല ദമ്പതികളുടെ എക്കാലത്തെയും ലാഭവഴിയെങ്കിലും തെങ്ങിനുതന്നെ എന്നും നായകസ്ഥാനം. തേങ്ങയും വെളിച്ചെണ്ണയും നീരയും പിന്നിട്ട് ഇളനീരിലേക്കും ഫ്ലേവേർഡ് കോക്കനട്ട് മിൽക്കിലേക്കുമെല്ലാം നീളുന്നു തെങ്ങിനെക്കുറിച്ചുള്ള ഇവരുടെ പ്രതീക്ഷകൾ.

പത്തേക്കർ കൃഷിയിടത്തിൽ എഴുന്നൂറോളം തെങ്ങുകള്‍. അവയിൽ മുന്നൂറെണ്ണം തമിഴ്നാട്ടിലെ ഉമാപതി ഫാമിന്റെ രാമഗംഗ ഇനം. രണ്ടേമുക്കാൽ കൊല്ലംകൊണ്ടുതന്നെ കായ്ഫലത്തിലെത്തിയ രാമഗംഗ ഇനം തേങ്ങയ്ക്കും ഇളനീരിനും മികച്ചത്. എന്നാല്‍ ഹൈബ്രിഡ് തെങ്ങിനം എന്ന നിലയിൽ അതീവ ശ്രദ്ധ ഇതിനാവശ്യമെന്നു മുഹമ്മദ്. ശരാശരി 600 മി. ലീറ്റർ വെള്ളമുണ്ടാവും ഓരോന്നിലും. 

തിരൂർ ടൗണിനോടു ചേർന്നുകിടക്കുന്ന കൃഷിയിടം എന്ന നിലയ്ക്ക് തേങ്ങയെക്കാൾ ഇളനീരായി വിൽക്കുന്നതാണ് ആദായകരമെന്നു ബോധ്യപ്പെട്ടതോടെയാണ് മുഹമ്മദ്–ഷക്കീല ദമ്പതിമാർ രാമഗംഗയിലേക്കു തിരിയുന്നത്. കൂലിച്ചെലവോ പൊതിച്ചു വിൽക്കുന്നതിന്റെ ബദ്ധപ്പാടോ തേങ്ങാവിപണിയിലെ ചാഞ്ചാട്ടങ്ങളോ ഒന്നും ഇളനീരിനു ബാധകമല്ല. 

ആഴ്ചയിൽ 5 ദിവസമെങ്കിലും ഇളനീര്‍ കച്ചവടക്കാരെത്തും. 12–15 തെങ്ങിൽനിന്ന് ഇളനീർ ഇറക്കും. ഒന്നിന് പന്ത്രണ്ടര രൂപ നിരക്കിൽ മികച്ച വരുമാനവും കയ്യിലെത്തും. അതുകൊണ്ടുതന്നെ വിപണനസാധ്യതയുണ്ടെങ്കിൽ ഇളനീരാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ തെങ്ങുകൃഷിയെ കൂടുതൽ ആദായകരമാക്കുകയെന്നു മുഹമ്മദ്. മാത്രമല്ല, തേങ്ങയിൽനിന്ന് ഇളനീരിലേക്കു തിരിഞ്ഞതോടെ തെങ്ങുകളുടെ വിളവുശേഷി 25 ശതമാനം കണ്ടു വർധിക്കുകയും ചെയ്തു. 

Karshakasree-shakeela
ഷക്കീല ഡെയറി ഫാമിൽ

തെങ്ങ് പ്രധാന വിളയായ കൃഷിയിടത്തിൽ അവയെ പ്രയോജനപ്പെടുത്തി മണ്ണിരക്കമ്പോസ്റ്റ് എന്ന മറ്റൊരു അധിക വരുമാനമാർഗവും ഉരുത്തിരിച്ചിരിക്കുന്നു ഈ ദമ്പതിമാർ. തെങ്ങിന്റെ ചൂട്ടും കൊതുമ്പും മുഴുവനെത്തുന്നത് മണ്ണിരക്കമ്പോസ്റ്റിൽ. ഒപ്പം മറ്റു ചപ്പുചവറുകൾ, ഡെയറി ഫാമിലെ തീറ്റയവശിഷ്ടങ്ങൾ തുടങ്ങി കൃഷിയിടത്തിലെ ജൈവാവശിഷ്ടങ്ങളത്രയും കമ്പോസ്റ്റ് ആക്കുമ്പോള്‍ കുറഞ്ഞ ചെലവിൽ മികച്ച വരുമാനമാണ് ലഭിക്കുന്നത്. 

പതിനെട്ടു പശുക്കളുള്ള ഡെയറിഫാം ലാഭകരമാവുന്നത് പാൽവിൽപനകൊണ്ടു മാത്രമല്ല, സംയോജിതകൃഷിയുടെ ഭാഗം എന്നതുകൊണ്ടുകൂടിയാണ്. സുസ്ഥിര വരുമാനത്തിന്റെ സൂത്രവാക്യമായി ഇവർ മുന്നോട്ടു വയ്ക്കുന്നതും തെങ്ങും പശുവും കൂട്ടിയിണക്കിയുള്ള കൃഷിരീതിതന്നെ. 

തിരൂർ നാളികേരോൽപാദക കമ്പനിയുടെ വൈസ് പ്രസിഡന്റായ മുഹമ്മദ് കോക്കനട്ട് ഫ്ലേവേർഡ് മിൽക് എന്ന മികച്ച സാധ്യത കൂടി ഇപ്പോൾ നാളികേരത്തിൽ കാണുന്നു. നീരയിൽ കമ്പനി നേരിട്ട തിരിച്ചടി പുതിയ ഉൽപന്നത്തിൽ ഉണ്ടാവില്ലെന്ന് ഉറച്ച പ്രതീക്ഷയോടെ തേങ്ങാപ്പാൽ പാനീയനിർമാണത്തിനായി നാലു കോടി രൂപ മുടക്കി കമ്പനിയുടെ പ്ലാന്റ് തയാറാവുകയാണ്.

വിലാസം: കർഷകശ്രീ മുഹമ്മദ്–ഷക്കീല, ചുണ്ടൻവീട്ടിൽ, വെട്ടം, തിരൂർ, മലപ്പുറം

ഫോൺ: 9447626356

English summary:  How to generate profit from coconut tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com