പ്രളയം കൊണ്ടുപോയത് 12 ലക്ഷം, മത്സ്യക്കൃഷിയിൽ തോൽക്കാൻ മനസില്ലാതെ സുഹൃത്തുക്കൾ

HIGHLIGHTS
  • മുറ്റത്തെ മീൻകുളത്തിന്റെ കരയിലിരുന്നു സ്വപ്നം കണ്ട നാലുപേർ
  • 20 ലക്ഷത്തോളം രൂപ മൂലധനമാക്കി ഫാം ചിട്ടപ്പെടുത്തി
Kadavil-aqua-farm-2
ഷിഹാർ, രാജേഷ്, അഭിലാഷ്
SHARE

കോവിഡ് 19 ലോകത്തിന്റെ സമസ്ത മേഖലയും സ്തംഭിപ്പിച്ചപ്പോൾ കാർഷികരംഗം തളർന്നില്ല. അതുകൊണ്ടുതന്നെ നിസംശയം പറയാം വരാനിരിക്കുന്നത് കാർഷികമേഖലയുടെ ഉണർവിന്റെ കാലമാണെന്നും നാളെയുടെ ആവശ്യമാണെന്നും. ഇത് മൂൻകൂട്ടി തിരിച്ചറിഞ്ഞ് ഒട്ടേറെ പേർ കാർഷികമേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കാർഷികമേഖലയുമായി ബന്ധപ്പെട്ട പ്രഫഷൻ അല്ലെങ്കിലും മത്സ്യങ്ങളോടുള്ള അതിയായ താൽപര്യംകൊണ്ട് മത്സ്യക്കൃഷിയിലേക്കു തിരിഞ്ഞ മൂന്നു സുഹൃത്തുക്കളാണ് കുട്ടനാട് സ്വദേശി എ.ആർ. രാജേഷും കല്ലുവാതുക്കൽ സ്വദേശി എം. ഷിഹാറും കായംകുളം സ്വദേശി അഭിലാഷും. രാജേഷ് 12 വർഷമായി വിദേശത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ഷിഹാർ ബെംഗളൂരുവിൽ എൻജിനിയറാണ്. എക്സ്. സർവീസ് ആണ് അഭിലാഷ്. 

Kadavil-aqua-farm-1

മൂന്നു നാട്ടിലുള്ളവരായിരുന്നിട്ടും മൂവരുടെയും പ്രഫഷൻ വ്യത്യസ്തമായിരുന്നിട്ടും മനസിലെ ആഗ്രഹങ്ങളും ആശയങ്ങളും ഒന്നായിരുന്നു, മത്സ്യക്കൃഷി. മത്സ്യവുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട മുറ്റത്തെ മീൻകുളം എന്ന വാട്സാപ് കൂട്ടായ്മയാണ് മൂവരെയും ഒന്നിച്ചുചേർത്തത്. മറ്റൊരു സുഹൃത്ത് തിരുവനന്തപുരം സ്വദേശിയും പ്രവാസിയുമായിരുന്ന രാജേഷ് സുരേന്ദ്രൻ മൂവർക്കൊപ്പമുണ്ടായിരുന്നെങ്കിലും വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി മത്സ്യക്കൃഷിയിൽനിന്ന് വിട്ടുനിൽക്കുകയാണ്.

മുറ്റത്തെ മീൻകുളത്തിന്റെ കരയിലിരുന്നു സ്വപ്നം കണ്ട നാലുപേരുംകൂടി മത്സ്യക്കൃഷി തുടങ്ങാൻ പദ്ധതിയിടുകയായിരുന്നു. ബയോഫ്ലോക്കിൽ വനാമി ചെമ്മീൻ കൃഷി ചെയ്യാനായിരുന്നു പദ്ധതി. ബയോഫ്ലോക്കിൽ വനാമി വിജയകരമായി കൃഷി ചെയ്ത അഭിലാഷിന്റെ അനുഭവപരിചയമായിരുന്നു ഇതിന്റെ പിൻബലം. എന്നാൽ, കൊല്ലം കൊട്ടിയത്ത് മത്സ്യക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം ലഭിച്ചപ്പോൾ മറ്റൊന്നും ആലോചിച്ചില്ല, വിപുലമായിത്തന്നെ മത്സ്യക്കൃഷി ചെയ്യാമെന്ന് നാലു പേരും തീരുമാനിച്ചു. അങ്ങനെ കൊട്ടിയത്ത് കടവിൽ അക്വാ ഫാം തുടങ്ങി. 

20 ലക്ഷത്തോളം രൂപ മൂലധനമാക്കി ഫാം ചിട്ടപ്പെടുത്തി വനാമി ചെമ്മീൻ, കാരച്ചെമ്മീൻ, കരിമീൻ, തിലാപ്പിയ എന്നിവ വളർത്തുന്ന വലിയ ഫാം ആയിട്ടാണ് കടവിൽ അക്വാ ഫാം വിഭാവനം ചെയ്തിരുന്നത്. വലകൊണ്ട് വേലി കെട്ടി, ഫാം ചിട്ടപ്പെടുത്തുന്നതിനൊപ്പം 4 ഏക്കറിൽ വനാമിയുടെ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. എന്നാൽ, 2019 ഓഗസ്റ്റ് എട്ടിനുണ്ടായ പ്രളയം ഇവരുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകർത്തുകൊണ്ട് ഫാം ഒഴുക്കിക്കൊണ്ടുപോയി. ജലാശയത്തിൽ നിക്ഷേപിച്ച മത്സ്യങ്ങളും, ഫാമിൽ ഒരുക്കിയ വലകളുമെല്ലാം നഷ്ടപ്പെട്ടു. ഏകദേശം 12 ലക്ഷം രൂപയുടെ നഷ്ടമാണ് ആ പെട്ടെന്നുണ്ടായ പ്രളയം ഈ സുഹൃത്തുക്കൾക്ക് സമ്മാനിച്ചത്. പ്രതീക്ഷിക്കാത്ത പ്രളമായിരുന്നതിനാൽ മുൻകരുതൽ സ്വീകരിക്കാനും കഴിഞ്ഞില്ല.

പ്രളയം മനസ് മടുപ്പിച്ചതിനാൽ മത്സ്യക്കൃഷി അവസാനിപ്പിക്കാൻവരെ ഒരുവേള തീരുമാനിച്ചിരുന്നെങ്കിലും തോൽക്കാൻ മനസില്ല എന്ന നിശ്ചയത്തോടെ വീണ്ടും ഫാം ചിട്ടപ്പെടുത്തിയെടുക്കുകയായിരുന്നു. കൊട്ടിയത്ത് പുള്ളിച്ചിറ പത്തായത്തൊടിയിൽ ഒരു ചെറു ദ്വീപിന്റെ ഭാഗമായുള്ള 18 ഏക്കർ സ്ഥലത്താണ് കടവിൽ അക്വാ ഫാം പ്രവർത്തിക്കുന്നത്.

Kadavil-aqua-farm

ഓരോ മേഖലയിലേക്കും തിരിഞ്ഞപ്പോഴാണ് വെല്ലുവിളികൾ തിരിച്ചറിഞ്ഞത്. തിലാപ്പിയ പ്രധാന ഇനമായി വളർത്താനായിരുന്നു പദ്ധതി. എന്നാൽ, ഗുണനിലവാരമുള്ള കുഞ്ഞുങ്ങളുടെ ലഭ്യത വെല്ലുവിളിയായി. കിട്ടുന്നിടത്തുനിന്നെല്ലാം മത്സ്യക്കുഞ്ഞുങ്ങളെ ശേഖരിച്ച് ഹാപ്പയിലിട്ടു വളർത്തി വളർച്ചയും ആരോഗ്യവും മനസിലാക്കിയതിനുശേഷമാണ് ഏതു ഹാച്ചറിയിൽനിന്ന് എടുക്കണമെന്ന് തീരുമാനിച്ചത്. ഇതിനൊപ്പം കേരളത്തിലെ 14 ജില്ലകളിലും മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണവും തുടങ്ങി. രാജ്യത്തെ മികച്ച ഹാച്ചറിയിൽനിന്നുള്ള ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ച് സ്വന്തം ഫാമിൽ നിക്ഷേപിച്ച് ആവശ്യമായ പരിചരണം നൽകി വളർത്തിയതിനുശേഷമാണ് കർഷകർക്ക് വിതരണം ചെയ്യുകയെന്ന് ഷിഹാർ. അതുകൊണ്ടുതന്നെ നല്ല കുഞ്ഞുങ്ങളാണെന്ന് ഉറപ്പുതരാനും തങ്ങൾക്കു കഴിയുമെന്നും നാലു മാസംകൊണ്ട് ആയിരത്തോളം കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചുനൽകാൻ കഴിഞ്ഞതായും ഷിഹാർ പറയുന്നു.

18 ഏക്കർ കൃഷിയിടത്തിലെ നാലേക്കറിൽ തിലാപ്പിയ‍യും 3 ഏക്കറിൽ വാനാമിയും 2 ഏക്കറിൽ കാരച്ചെമ്മീനും 4 ഏക്കറിൽ കരിമീനും വളരുന്നു. ശേഷിക്കുന്ന 5 ഏക്കർ തെങ്ങുംതോപ്പാണ്. കരിമീൻ വളർത്തുന്നതിനൊപ്പം അവയുടെ പ്രജനനത്തിലും കടവിൽ ശ്രദ്ധിക്കുന്നുണ്ട്. ഷിഹാറിനാണ് ഫാമിന്റെ ചുമതല. നാലു സ്ഥിരം ജീവനക്കാനും 4 താൽക്കാലിക ജീവനക്കാരും ഫാമിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നു.

മത്സ്യക്കൃഷിക്കൊപ്പം ഭാവിയിൽ ഫാമിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ സുഹൃത്തുക്കൾ. ഫാം ടൂറിസം എന്ന രീതിയിൽ വെള്ളത്തിൽ ഒഴുകിനടക്കുന്ന ഹട്ടുകൾ ആരംഭിക്കാനും മത്സ്യവിഭവങ്ങൾ ലഭിക്കുന്ന റസ്റ്ററന്റ് തുടങ്ങാനും പദ്ധതിയുണ്ട്.

അഭിലാഷ് കായംകുളം - 95967 51637

ഷിഹാർ - 9916940413 

രാജേഷ് - 0097332000944

English summary: Inland Fish Farming in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA