കോവിഡിൽ തളരാൻ മനസില്ല; ജീവിക്കാൻ കൃഷിയിലേക്കിറങ്ങി ഒറ്റപ്പാലത്തെ വാദ്യകലാകാരന്മാർ

HIGHLIGHTS
  • കൊട്ടില്ലാതായതോടെ ജീവിതം വഴിമുട്ടിയ സ്ഥിതി
artists-in-farming-1
കലാകാരന്മാരുടെ തൊഴിൽ‌സേന
SHARE

വാദ്യകലാകാരന്മാർ ഏറെയുണ്ട് പാലക്കാട് ജില്ലയിൽ, വിശേഷിച്ചും ഒറ്റപ്പാലം, ചേർപ്പുളശ്ശേരി മേഖലകളിൽ. കലയ്ക്കൊപ്പം മറ്റു വരുമാനമാർഗമുള്ളവർ പക്ഷേ അവരിൽ നന്നേ കുറവ്. അതുകൊണ്ടുതന്നെ കോവിഡ് കാലം അവരുടെ ജീവിതത്തിൽ സൃഷ്ടിച്ച ആഘാതം ചെറുതായിരുന്നില്ല. കൊട്ടില്ലാതായതോടെ ജീവിതം വഴിമുട്ടിയ സ്ഥിതി.      .        

‘ഉത്സവ സീസണിന്റെ നാൽപതു ശതമാനം മാത്രം പിന്നിട്ടപ്പോഴാണ് കോവിഡ് എത്തുന്നത്. ബാക്കി അറുപതു ശതമാനം കൈവിട്ടു പോയി. എന്നുമാത്രമല്ല, ഇനിയെന്ന് പഴയ മേളക്കാലം തിരിച്ചുവരുമെന്നറിയാത്ത ദുരവസ്ഥയിലായി എല്ലാവരും’, മദ്ദളവാദകനായ സദനം ജയരാജ് പറയുന്നു. കലാകാരന്മാരെ ചേർത്തുള്ള തൊഴിൽസേന എന്ന ആശയം ജയരാജിന്റെ മനസിൽ രൂപപ്പെടുന്നതും ഈ സാഹചര്യത്തിൽതന്നെ. 

പഞ്ചവാദ്യത്തിലും പാരമ്പര്യക്കൃഷിയിലും ഒരേപോലെ പ്രാവീണ്യമുള്ള ജയരാജിന് കലാജീവിതത്തിനൊപ്പം അഞ്ചേക്കർ നെൽക്കൃഷിയുമുണ്ട്. 48 ഏക്കർ വരുന്ന കാനിയപ്പാടം പാടശേഖരത്തിന്റെ സെക്രട്ടറി കൂടിയാണ് ജയരാജ്. സമീപപ്രദേശത്തുള്ള മീറ്റൽ പാടശേഖരത്തിലെ ഒരു കൂട്ടം കർഷകർ കൃഷിക്കു സഹായം തേടി ജയരാജിനെ ബന്ധപ്പെട്ടതാണ് വഴിത്തിരിവായത്. 200 ഏക്കർ വരും മീറ്റൽ പാടശേഖരം. അതിൽ പത്തേക്കർ ഒഴികെ ബാക്കി മുഴുവനും തരിശുകിടക്കുന്ന സ്ഥിതി. കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാൻ താൽപര്യമുള്ള കൃഷിക്കാർ അവിടെയുണ്ടായിരുന്നു. പക്ഷേ സമയത്തിന് പണികൾ ചെയ്തുതീർക്കാൻ തൊഴിലാളികളില്ല.

artists-in-farming-jayakumar
സദനം ജയരാജ് കൃഷിയിടത്തിൽ

ആവശ്യം പറഞ്ഞപ്പോൾ ആദ്യം മനസിൽ തെളിഞ്ഞത് സഹ കലാകാരന്മാരുടെ മുഖമെന്നു ജയരാജ്. പ്രാരബ്ധങ്ങൾ പറഞ്ഞിരിക്കാതെ പാടത്തിറങ്ങാൻ തയാറുണ്ടോ എന്ന് അവരോട് തിരക്കിയപ്പോൾ എല്ലാവരും സന്നദ്ധർ. ഇലത്താളം കലാകാരന്മാരായ പാലപ്പുറം രാജനും പി.കെ.പി. ഉണ്ണിക്കുട്ടനും പി.കെ. രമേശനും പി.കെ. സേതുമാധവനും തുടിവാദ്യം വായിക്കുന്ന പുഷ്പരാജും മദ്ദള വാദകനായ ചെർപ്പുളശ്ശേരി ശിവശങ്കരനുമെല്ലാം ജയരാജിനൊപ്പം ചേർന്നതോടെ കൃഷിപ്പണിക്ക് ഉത്സവമേളം കൈവന്നു. ഓഗസ്റ്റിൽ തുടങ്ങിയ രണ്ടാം പൂവൽകൃഷിക്ക് നിലമൊരുക്കാനിറങ്ങിയ വാദ്യകലാസംഘം വരമ്പിടലും വിത്തെറിയലും കള പറിക്കലും വളമിടലുമൊക്കെയായി കൃഷിയുടെ ഒരു താളവട്ടം പിന്നിട്ടിരിക്കുന്നു ഇപ്പോൾ. 

ഇരുപത് പുരുഷന്മാരും 24 സ്ത്രീകളുമാണ് നിലവിൽ തൊഴിൽസേനയിലുള്ളത്. പ്രദേശത്തെ സ്ത്രീത്തൊഴിലാളികളെക്കൂടി സേനയിൽ ചേർക്കുകയായിരുന്നുവെന്ന് ജയരാജ്. കോവിഡ് നിയന്ത്രണങ്ങൾ മൂലം അകലെ സ്ഥലങ്ങളിൽ കൃഷിപ്പണിക്കു പോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു അവർ. സേനയിൽ ചേർന്നതോടെ അവർക്കും തൊഴിൽ ഉറപ്പായി. 

ഓഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടാം കൃഷി വെള്ളത്തിന്റെ ലഭ്യതയനുസരിച്ച് പലയിടത്തും ആഴ്ചകളുടെയോ മാസത്തിന്റെ തന്നെയോ വ്യത്യാസത്തിലാണ് നടക്കുക. അതുകൊണ്ടുതന്നെ ഒരു പാടശേഖരത്തിലെ ആദ്യഘട്ട കൃഷിപ്പണികൾ തീരുമ്പോഴേക്കും അടുത്തത് മുന്നിലെത്തിയിരിക്കും. അതായത്, എല്ലായിടത്തും നടീൽ കഴിയുമ്പോഴേക്കും ആദ്യം കൃഷിയിറക്കിയ പാടത്ത് കളയെടു ക്കൽ തുടങ്ങുന്ന സഹചര്യം. എല്ലാ കൃഷിയിടങ്ങളിലെയും വിളപരിപാലന ജോലികളെല്ലാം തീർന്നു വന്നപ്പോഴേക്കും ഇപ്പോഴിതാ, ആദ്യം കൃഷിയിറക്കിയ സ്ഥലത്ത് കൊയ്ത്തിനു സമയമാകുന്നു. 

ചുരുക്കത്തിൽ, ഉത്സവ സീസൺ ഉച്ചിയിലെത്തുന്ന ഏപ്രിൽ–മേയ് മാസങ്ങളൊഴികെ മറ്റെല്ലാക്കാലത്തും തൊഴിൽസേനയിലെ അംഗങ്ങൾക്ക് കൃഷിയിലൂടെ വരുമാനം നേടാവുന്ന സ്ഥിതി. അക്കാര്യം ബോധ്യമായതോടെ ഇനിയങ്ങോട്ട് കലയും കൃഷിയും ഒരുമിച്ചു കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ് സംഘാംഗങ്ങളെന്നും ജയരാജ്. 

artists-in-farming
തൊഴിൽ സേന കൃഷിയിടത്തിൽ

തൊഴിൽസേന വന്നത് പ്രദേശത്തെ നിലമുടമകൾക്കും ഗുണകരമായി. സമയബന്ധിതമായി കൃഷിപ്പണികൾ തീർക്കാൻ തൊഴിലാളികളെ ലഭിക്കും എന്നു വന്നതോടെ കൃഷി ഉപേക്ഷിച്ചിരുന്ന പലരും മനസ്സു മാറ്റി. തരിശുനിലക്കൃഷിക്ക് ഹെക്ടറിന് 40,000 രൂപ സബ്സിഡി നൽകാൻ സർക്കാർ തയാറായത് വലിയ മാറ്റമുണ്ടാക്കിയെന്നും ജയരാജ്. സപ്ലൈകോ ന്യായവിലയ്ക്ക് നെല്ലും സംഭരിക്കുന്ന സ്ഥിതിയും തരിശുനിലങ്ങൾ കതിരണിയാൻ കാരണമായി. പരീക്ഷണത്തൊഴിൽ എന്ന നിലയ്ക്ക് പത്തേക്കർ നടാൻ പാടത്തിറങ്ങിയ ഈ കലാകാരന്മാർ അമ്പത്തഞ്ച് ഏക്കറിലെ കൃഷിപ്പണികളിലേക്ക് മുന്നേറിയതും ഈ മാറ്റത്തിന്റെ ഫലം തന്നെ.

ഫോൺ: 9447942035

English summary: Covid-19 Impact on Artist's Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA