ADVERTISEMENT

സീസണിൽ മാത്രമാണ് ചക്കപ്പഴം കിട്ടുക, പൊതുവെ മാർച്ച് മുതൽ ജൂൺ വരെ 4–5 മാസം. എന്നാൽ, വർഷം മുഴുവൻ ചക്കപ്പഴം കിട്ടുമെന്നായാലോ? തമിഴ്നാട്ടിലെ കടല്ലൂരിനു സമീപമുള്ള പൻറുട്ടിയിൽ വർഷം മുഴുവൻ ഫ്രഷ് ചക്കപ്പഴം കിട്ടും. 365 ദിവസവും ചക്കപ്പഴത്തിനു സാധ്യതയുള്ള ഇന്ത്യയിലെ ഏക സ്ഥലമാവും അത്.

പക്ഷേ, എല്ലാവർക്കും എന്നും അവിടെ പോകാനാവില്ലല്ലോ. എന്നും ചക്കപ്പഴം കിട്ടാൻ പിന്നെ ഒരു മാർഗമേയുള്ളൂ– ഫ്രീസറിൽ തണുപ്പിച്ചു സൂക്ഷിക്കുക. ആഗ്രഹം തോന്നുമ്പോഴൊക്കെ എടുത്തു കഴിക്കുകയേ വേണ്ടൂ!

ഇത്തരമൊരു സാധ്യത തുറന്നു തരികയാണ് എറണാകുളത്തെ കൃഷിവിജ്ഞാനകേന്ദ്രം. ഹൈക്കോടതിക്കു സമീപം കെവികെ ആരംഭിച്ച ‘ഫാം ഷോപ്പി’യിൽ ഫ്രീസ് ചെയ്ത ഒന്നാംതരം ചക്കപ്പഴം കിട്ടും. പഴം മാത്രമല്ല, നുറുക്കിയ പച്ചച്ചക്കയും ചക്കക്കുരുവുമൊക്കെ ഇവിടെയുണ്ട്. തുടക്കമായതിനാൽ ചെറിയ തോതിലാണ് ലഭ്യതയെന്നു മാത്രം.

‘ചക്കയുടെ പല തരം മൂല്യവർധിത വിഭവങ്ങൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്. എന്നാൽ ഒരു സൂപ്പർ മാർക്കറ്റിൽപോലും പാചകത്തിനായി ഒരുക്കിയ രൂപത്തിലോ നേരിട്ടു കഴിക്കാവുന്ന തരത്തിലോ ചക്ക വിൽക്കുന്നില്ല. ശരിയായി വികസിക്കുകയാണെങ്കിൽ ചക്കയുടെ പ്രാദേശിക ഉപയോഗം വർധിപ്പിക്കാൻ ഈ സംരംഭം ഒരു തുടക്കമാകും.’ – കെവികെ മേധാവി ഷിനോജ് സുബ്രഹ്മണ്യൻ പറയുന്നു. കുമളിയിലെ യുവസംരംഭകൻ ബിബിൽ തോമസാണ് ‘ജാക്കൊബൈറ്റ് ’ എന്ന ബ്രാൻഡിൽ ഈ ഉൽപന്നങ്ങളെത്തിക്കുന്നത്. ‘സ്പൈസ്ഡ് ഓർഗാനിക്സ്’ എന്നാണ് ബിബിലിന്റെ സംസ്കരണ സംരംഭത്തിന്റെ പേര്.

ഫ്രീസ് ചെയ്ത ചക്കപ്പഴം ഉൽപാദനത്തിൽ വിയറ്റ്നാം, ഇന്തൊനീഷ്യ, ഫീലിപ്പീൻസ്, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് മുൻപന്തിയില്‍.  ഫ്രീസ് ചെയ്ത ചക്കപ്പഴത്തിന് വിയറ്റ്നാമിൽ വ്യാവസായികാവശ്യങ്ങളുമുണ്ട്. ശീതീകരണികളിൽനിന്ന് ചക്കപ്പഴം ആവശ്യാനുസരണം പുറത്തെടുത്ത് വാക്വം ഫ്രൈ സാങ്കേതികവിദ്യയിലൂ‌ടെ അവർ ചിപ്സുണ്ടാക്കും. വലിയ തോതിൽ ചക്കപ്പഴം കയറ്റുമതിയും അവർക്കുണ്ട്. ഇന്തൊനീഷ്യയിലാവട്ടെ, ചക്കപ്പഴം ശീതീകരിച്ചു സൂക്ഷിക്കുന്ന രീതി തുടങ്ങിയിട്ട് പത്തു വർഷമാകുന്നതേയുള്ളൂ. എങ്കിലും അവിടുത്തെ നഗരങ്ങളിൽ ഇത് ഏറെ പ്രചാരത്തിലായിക്കഴിഞ്ഞു. ‘എവർഫ്രഷ്’ എന്ന ഫ്രോസൺ ഫുഡ് കമ്പനിമാത്രം 80–120 ടൺ ചക്കപ്പഴമാണ് ശീതീകരിച്ചശേഷം വിവിധ രൂപങ്ങളിൽ വിപണിയിലെത്തിക്കുന്നത്.  3–4 വർഷമായി അവിടുത്തെ ഓൺലൈൻ സ്റ്റോറുകള്‍ ഫ്രോസൺ നാങ്ക ( ചക്കപ്പഴം) വീട്ടുപടിക്കലെത്തിച്ചുവരുന്നുണ്ട്. അവരുടെ കച്ചവടം കൂടാൻ ഇത് ഏറെ ഉപകരിക്കുന്നുണ്ടത്രെ. മൊയ്‌രീനോയിൽ അത്തരമൊരു ഓൺലൈൻ സ്റ്റോർ നടത്തുകയാണ് പൊയട്രിയെന്ന വനിത. ശീതീകരിച്ച ചക്കപ്പഴം സ്വയം ഉൽപാദിപ്പിക്കുകയാണവർ. ‘വർഷംതോറും 12–20 ടൺ ചക്കപ്പഴം വിൽക്കാൻ കഴിയുന്നുണ്ട്. ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന ഇരുനൂറോളം വലിയ സ്റ്റോറുകൾ ഞങ്ങളുടെ രാജ്യത്തുണ്ട്’, പൊയട്രി പറയുന്നു.

നിർഭാഗ്യവശാൽ ഇന്ത്യ ഏറെ പിന്നിലാണ്. ഈ ഉൽപന്നത്തിന്റെ സാധ്യതകൾ തിരിച്ചറിയാൻ നമ്മുടെ കാർഷിക സർവകലാശാലകൾക്കോ ഗവേഷണസ്ഥാപനങ്ങൾക്കോ വ്യവസായ മേഖലയ്ക്കോ സാധിച്ചിട്ടില്ല. ചക്കയുടെ മാതൃദേശമായ ഇന്ത്യയ്ക്ക് ശീതീകരിച്ച ചക്കപ്പഴത്തിന്റെ രാജ്യാന്തരവിപണിയിൽ സാന്നിധ്യമേയില്ല!

മികച്ച നിലവാരത്തിൽ ചക്കപ്പഴം ശീതീകരിക്കുന്നതിനായി അത് –40 ഡിഗ്രി തണുപ്പിലേക്ക് ബ്ലാസ്റ്റ് ഫ്രീസ് ചെയ്യുകയാണ് ആദ്യം വേണ്ടത്. അതു കഴിഞ്ഞാൽ  ചക്കപ്പഴം –18 ഡിഗ്രി തണുപ്പിൽ ഡീപ് ഫ്രീസറുകളി ൽ സൂക്ഷിക്കാനാവും. ശരിയായ രീതിയിലാണ് ശീതീകരണപ്രക്രിയയെങ്കിൽ ഒരു വർഷത്തോളം ഇത് കേടുകൂടാതെയിരിക്കും. നേരിട്ടു കഴിക്കാനും ഇത് യോജ്യം.

frozen-jack-fruit-1

അതിവേഗത്തിലുള്ള ശീതീകരണപ്രക്രിയ മാത്രമാണ് ബ്ലാസ്റ്റ് ഫ്രീസിങ്.  ഇതിനു ചെലവ് വളരെ കൂടുതലാണ്. എന്നാൽ, ഉൽപന്നം വളരെ വേഗം വിറ്റുതീർക്കാവുന്ന പ്രാദേശികവിപണികളിൽ ബ്ലാസ്റ്റ് ഫ്രീസിങ്ങിന്റെ ആവശ്യമില്ല. വിവിധ ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്കായി ഒരു ടണ്ണിലേറെ ഫ്രോസൺ ജാക്ക് ഫ്രൂട്ട്  വീതം വിൽക്കാൻ സാധിച്ചെന്നാണ്  ബിബിൽ തോമസും തേക്കടിയിലെ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയുമൊക്കെ പറയുന്നത്. രണ്ടു കൂട്ടർക്കും ബ്ലാസ്റ്റ് ഫ്രീസിങ് സൗകര്യമില്ലെന്നതു ശ്രദ്ധേയം.

കുമളി സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയ്ക്ക് ഒരു സവിശേഷതയുണ്ട് – വർഷത്തിൽ 9 മാസവും അവിടെ ചക്കപ്പഴം കിട്ടും. ഇടനാട്ടിൽ ചക്ക സീസൺ അവസാനിക്കുമ്പോഴും ഹൈറേഞ്ചിൽ അത് സുലഭം. എന്നാ‍ൽ ഹൈറേഞ്ചിലുണ്ടാകുന്ന ചക്കപ്പഴത്തിന്റെ ഏറിയ പങ്കും പാഴാകുകയാണ്.

പാഴാകുന്ന ചക്കപ്പഴത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാൻ ശീതീകരണപ്രക്രിയയിലൂടെ സാധിക്കും. ബിബിലിനെപ്പോലെയുള്ള സംരംഭകർ ഈ സത്യം മനസ്സിലാക്കിവരികയാണ്.  കാൽവരിമൗണ്ടിലെ സണ്ണി–റാണി ദമ്പതികളും താന്നിക്കണ്ടത്തെ ബെന്നി തോമസുമൊക്കെ സീസണായാൽ പച്ചച്ചക്ക അരിഞ്ഞു സൂക്ഷിക്കുന്നവരാണ്. അയൽവാസികളിൽനിന്നു ചക്ക വാങ്ങിയശേഷം സ്വന്തം ഡീപ് ഫ്രീസറുകളിൽ സൂക്ഷിക്കും. ഫ്രീസർ നിറയുമ്പോൾ ഉൽപന്ന നിർമാണകമ്പനികൾ വാഹനമയച്ച് തെർമോകോൾ പെട്ടികളിൽ ചക്ക കൊണ്ടുപോകും. ഇത് പിന്നീട്  ഭംഗിയായി പായ്ക്ക് ചെയ്ത് കയറ്റുമതി ചെയ്യുന്നു.

ചക്ക തണുപ്പിച്ച് സൂക്ഷിക്കുന്നതിനാൽ  ഉൽപാദകന് അതു വിൽക്കാൻ ഒരു വർഷത്തോളം സാവകാശം ലഭിക്കും. പത്ത് വരിക്കപ്ലാവെങ്കിലുമുണ്ടെങ്കിൽ കൃഷിക്കാർക്ക് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. ചക്ക മുഴുവനായി വിൽക്കുന്നതിലും  ഉയർന്ന വിലയ്ക്ക് ശീതീകരിച്ച ചക്കപ്പഴം വിൽക്കാം. എന്നാൽ വൈദ്യുതി മുടങ്ങിയാലും പ്രശ്നമുണ്ടാവാതിരിക്കാൻ ജനറേറ്റർ സൗകര്യമോ മറ്റോ ഏർപ്പെടുത്തേണ്ടിവരും.

വൈദ്യുതിശൃംഖല എത്തിയിട്ടില്ലാത്തതും പവർകട്ട് പതിവുള്ളതുമായ പ്രദേശങ്ങളിലെ കൃഷിക്കാർ എന്തു ചെയ്യും? സുസ്ഥിര– ബദൽ ഊർജസ്രോതസുകളാണ് ഇവിടങ്ങളിൽ പരിഹാരം. പ്രാദേശിക സാഹചര്യ ങ്ങൾക്കനുസരിച്ച് ബയോഗ്യാസ് / സോളാർ ഊർജോൽപാദനമോ ബാറ്ററികളോ ഉപയോഗപ്പെടുത്താം– ചെന്നൈയിൽ ബദൽ ഊർജോൽപാദനരംഗത്തു പ്രവർത്തിക്കുന്ന ബേസിൽ എനർജറ്റിക്സിന്റെ ഉടമ ഡോ. ആർ. രാമരത്നം പറയുന്നു.

ചക്കപ്പഴം തണുപ്പിച്ചു സൂക്ഷിക്കുന്ന സംരംഭത്തിനു വലിയ മുതൽമുടക്കൊന്നും ആവശ്യമില്ല. ഒന്നോ രണ്ടോ നല്ല ഡീപ് ഫ്രീസറുകളും വാക്വം പായ്ക്കിങ് മെഷീനും ജനറേറ്ററും മാത്രമേ തുടക്കത്തിൽ വേണ്ടി വരൂ. കൃഷിക്കാർക്ക് മാത്രമല്ല, ചക്കവരട്ടിയും ചക്കഹൽവയും കുമ്പിളപ്പവുമൊക്കെയുണ്ടാക്കുന്ന ചെറു സംരംഭകർക്കും  ഈ സംവിധാനം പ്രയോജനകരമായിരിക്കും.

എല്ലാ തരം ചക്ക ഉൽപന്നങ്ങളും – ഇടിച്ചക്ക മുതൽ ചക്കപ്പഴം വരെ – വർഷം മുഴുവൻ കിട്ടുമെന്നതാണ് ശീതീകരണ സാങ്കേതികവിദ്യയുടെ പ്രധാന ഗുണം. സൂപ്പർമാർക്കറ്റുകൾ അവ ആവശ്യാനുസരണം സ്റ്റോക്കിൽനിന്നെടുത്ത് നിരത്തുകയേ വേണ്ടൂ. ഡോർ ഡെലിവറി പോലുള്ള ഓൺലൈൻ വിപണനരീതികൾകൂടി സ്വീകരിച്ചാൽ കച്ചവടം പൊടിപൊടിക്കും. ഇടിച്ചക്ക കട്‌ലറ്റ്, ഉണ്ണിയപ്പം, ചക്കപൾപ്പ്, വാക്വം ഫ്രൈ ചിപ്സ് തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാതാക്കൾക്ക് നിലവിൽ അഞ്ചു മാസം മാത്ര മുള്ള ഉൽപാദനപ്രക്രിയ വേണമെങ്കിൽ വർഷം മുഴുവനാക്കാനും ഇതുപകരിക്കും.  ഫ്രോസൺ ജാക്ക് ഫ്രൂട്ട് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ‘ഫ്രോസൺ ജാക്ക്ഫ്രൂട്ട് ടു മാർക്കറ്റ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിനും അടുത്ത കാലത്ത് തുടക്കം കുറിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ സന്നദ്ധപ്രസ്ഥാനമായ ഇന്ത്യൻ ഡവലപ്മെന്റ് ഫൗണ്ടേഷന്റെ ( ഐഡ‍ിഎഫ്) സ്ഥാപകരിലൊരാളായ ശ്രീകാന്ത് ഷേണായിയാണ് ഇതിനു നേതൃത്വം നൽകുന്നത്.

‘വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കൃഷിക്കാരും സംരംഭകരും ശാസ്ത്രജ്ഞരും  കയറ്റുമതിക്കാരും ഞങ്ങളുടെ ഗ്രൂപ്പിലുണ്ട്.  നല്ല രീതിയിൽ വിവരങ്ങൾ കൈമാറാൻ ഇതുവഴി സാധിക്കുന്നു. 12 കർഷക ഉൽപാദക കമ്പനികൾ ഉൾപ്പെടെ 40 അംഗങ്ങളെങ്കിലും അടുത്ത മാർച്ച് മുതലുള്ള ചക്കസീസണിൽ  ചെറിയ തോതിലെങ്കിലും ചക്കപ്പഴം ശീതീകരണ സംരംഭം തുടങ്ങാനുള്ള ആലോചനയിലാണ്. ദിവസം കഴിയുന്തോറും നമ്മുടെ കർഷകവനിതകളിൽ ചിലരെങ്കിലും  ചെറുസംരംഭകരായി മാറുമെന്ന ആത്മവിശ്വാസം വർധിച്ചുവരികയാണ്’– അദ്ദേഹം  പറഞ്ഞു. ‘കർണാടകത്തിലെ തുംകൂർ ജില്ലയിലുള്ള ഹഗൽവാടിയിൽ ഞങ്ങൾ ഒരു കർഷക ഉൽപാദക കമ്പനിക്ക് രൂപം നൽകി. ഒന്നാംതരം ചക്കപ്പഴമാണ് ഈ പ്രദേശത്തെ കൃഷിക്കാർ ഉൽപാദിപ്പിക്കുന്നതെങ്കിലും  തുച്ഛമായ വിലയാണ് അവർക്കു കിട്ടുന്നത്’ ശ്രീകാന്ത് ഷേണായി ചൂണ്ടിക്കാട്ടി. 

കണ്ണൂരിലെ അർട്ടോകാർപസ് ഫുഡ്സ് എന്ന കമ്പനിയുടെ ഉത്സാഹവും വിപണനതന്ത്രങ്ങളും മൂലം ഇന്ന് 36 ഭക്ഷ്യസംസ്കരണ സംരംഭങ്ങളാണ് അവരുടെ ചക്കപ്പഴം പൾപ് വാങ്ങി ഉൽപന്നങ്ങളുണ്ടാക്കുന്നത്. ഐ സ്ക്രീം, പേട, കപ്പ് കേക്ക്, മിൽക് ഷേക്ക് എന്നിവയൊക്കെ ചക്കപ്പഴം പൾപ്പുള്ള ഏറ്റവും ജനകീയമായ ചില ഉൽപന്നങ്ങളാണ്. മികവേറിയ വിപണനതന്ത്രങ്ങളും മാനേജ്മെന്റ് വൈഭവവുമുണ്ടെങ്കിൽ പൾപ്പിന്റെ വിജയം ആവർത്തിക്കാൻ ശീതീകൃത ചക്കപ്പഴത്തിനു കഴിയും. പൾപ്പിനില്ലാത്ത രണ്ട് മെച്ചങ്ങൾ ശീതീകരിച്ച ചക്കപ്പഴത്തിനുണ്ട്. നേരിട്ടു കഴിക്കാവുന്നതിനാൽ മേശപ്പുറത്ത് വിളമ്പാം, വികേന്ദ്രീകൃതവും ചെലവ് കുറഞ്ഞതുമായ ഉൽപാദന സംവിധാനം.

നിലമ്പൂരിലെ പ്രിസ്റ്റിൻ ട്രോപ്പിക്കൽ ഫ്രൂട്സ് ആൻഡ് അഗ്രോ പ്രോഡക്ട്സ്  ഈ വർഷം നാല് ഫ്രോസ ൺ ജാക്ക്ഫ്രൂട്ട് ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഇടിച്ചക്ക, പച്ചച്ചക്ക, പച്ചച്ചക്ക നുറു ക്കിയത്, കുമ്പിളപ്പം എന്നിവയാണ് ഈ ഉൽപന്നങ്ങൾ.  എറണാകുളത്തും കോഴിക്കോട്ടും പെരിന്തൽമണ്ണ യിലും പരീക്ഷണാടിസ്ഥാനത്തിൽ ഇവയുടെ ഡോർ ഡെലിവറിയും കമ്പനി ആരംഭിച്ചുകഴിഞ്ഞു. വർഷം മുഴുവൻ വാക്വം ഫ്രൈഡ്  ചിപ്സുണ്ടാക്കാനായി ചക്കപ്പഴം വ്യാവസായികാടിസ്ഥാനത്തിൽ  സംഭരിച്ചു തുടങ്ങിയ ആദ്യ ഇന്ത്യൻ കമ്പനി കൂടിയാണിത്.

നന്നായി വിനിയോഗിച്ചാൽ ചക്ക വിപണനത്തിനുള്ള ഒട്ടേറെ വാതിലുകൾ തുറന്നുതരാൻ ഫ്രീസിങ് ടെക്നോളജിക്കു സാധിക്കും.  അതോടൊപ്പം പാഴ്നഷ്ടം കുറയ്ക്കാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ വളർത്താനും.

(എറണാകുളം കെവികെ ഫാം ഷോപ്പിയുടെ പ്രവർത്തനസമയം രാവിലെ 9.30 മുതൽ വൈകുന്നേരം 7 വരെ. ഫോൺ: 8281757450)

English summary: Frozen Jackfruit Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com