ADVERTISEMENT

വർഷം മുഴുവൻ ചക്കവിഭവങ്ങൾ ലഭിക്കുന്ന അര ഡസനോളം റസ്റ്ററന്റുകളും റിസോർട്ടുകളും മഹാരാഷ്ട്ര യിലുണ്ട്. ഓഫ് സീസണിൽ പോലും ഇതു ലഭ്യമാക്കുന്നത് ചൈത്ര പലവിയെന്ന സംരംഭം. രാജ്യത്തെ പ്രഥമ റെഡി ടു കുക്ക് ഇടിച്ചക്ക ബ്രാൻഡാണ് ചൈത്ര പലവി. പാകം ചെയ്ത ഇടിച്ചക്ക ഫ്രീസ്  ചെയ്താണ് ചൈത്രപലവിയെന്ന പേരിൽ ഉപഭോക്താക്കളിലെത്തുന്നത്. രത്നഗിരി ജില്ലയിലെ ഡാപോളി മുറൂദ് ഗ്രാമത്തിലെ ഈ സംരംഭം 2012 മുതൽ വിജയകരമായി പ്രവർത്തിക്കുന്നു.

ഇവിടെ ഒരു റിസോർട്ട് നടത്തുന്ന ഉപേന്ദ്ര പെൻഡ‍്സെയാണ് ചൈത്ര പലവിയുടെ ഉടമ. സെപ്റ്റംബർ മുതൽ ഡിസംബര്‍ വരെയാണ് ഇവിടെ വിനോദസഞ്ചാരികളെത്തുന്നത്. അവർക്കാകട്ടെ പഞ്ചാബി, നോർത്ത് ഇന്ത്യൻ വിഭവങ്ങളെക്കാൾ തനതു വിഭവങ്ങളോടു താൽപര്യവും. ഇത്രയേറെ പ്ലാവുള്ള നാട്ടിൽ ചക്ക വിഭവങ്ങളൊന്നുമില്ലേ? വിനോദസഞ്ചാരികൾ ചോദിക്കുമ്പോൾ പെൻഡ്സെ പരുങ്ങുമായിരുന്നു. രത്നഗിരിയിൽ പ്ലാവുണ്ടായിട്ടു കാര്യമില്ലല്ലോ, ഓഫ് സീസണിൽ എങ്ങനെയാണ് ചക്ക ലഭിക്കുക? അതിഥികൾക്ക് ഓഫ്സീസണിൽ ചക്കവിഭവങ്ങൾ നൽകാനുള്ള പല വഴികളും അദ്ദേഹം ചിന്തിച്ചു. ഒടുവിൽ ഫ്രീസിങ് തന്നെയാണ് മെച്ചമെന്ന് കണ്ടെത്തി. ചക്കയുടെ സ്വാഭാവിക രുചി നൽകാൻ ഇതിലും മികച്ച മാർഗമില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

പകുതി വേവിച്ച ചൈത്ര പലവി വാസ്തവത്തിൽ പാചകം ചെയ്യേണ്ട കാര്യംപോലുമില്ലെന്ന് പെൻഡ്സെ ചൂണ്ടിക്കാട്ടുന്നു. ചേരുവകൾ ചേർത്ത് ചൂടാക്കിയെടുക്കുകയേ വേണ്ടൂ. ഒമ്പതു വർഷം പിന്നിടുമ്പോൾ മുംബൈയിലും പുണെയിലും നാസിക്കിലുമൊക്കെ പെൻഡ്സെയുടെ ഫ്രോസൺ ജാക്ക് ഫ്രൂട്ട് പ്രശസ്തം. കോവിഡ് മൂലം ഈ വർഷം ഉൽപാദനം കുറഞ്ഞെന്നു മാത്രം. കഴിഞ്ഞ വർഷം ആകെ 3 ടൺ ചക്കയാണ് ഇവർ ഫ്രീസ് ചെയ്തു വിപണിയിലെത്തിച്ചത്. അഞ്ച് ടൺ ചക്ക ഒരുക്കിയെടുത്തപ്പോഴാണത്രെ ഇത്രയും കിട്ടിയത്. രണ്ടു കിലോ മുതൽ 250 ഗ്രാം വരെയുള്ള പാക്കറ്റുകളിൽ ഇത് ലഭ്യമാണ്. കിലോയ്ക്ക് 240 രൂപ മുടക്കാൻ തയാറായാൽ ഏതു കാലത്തും നിങ്ങൾക്ക് ചക്കവിഭവങ്ങളുണ്ടാക്കാം. നാസിക്കിൽ  ഉപേന്ദ്ര നേരിട്ടാണ് കച്ചവടം. പുണെയിലും മുംബൈയിലും മൊത്തവിതരണക്കാരെ ഏൽപിച്ചിരിക്കുകയാണ്. 

frozen-jack-fruit-2
പെൻഡ്സെ ചക്ക ഉൽപന്നങ്ങളുമായി

ഫ്രീസിങ് യൂണിറ്റ് സ്ഥാപിക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് ഉപേന്ദ്ര ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് വായിച്ചുകിട്ടിയ അറിവ് മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാൽ, ഒരു സംരംഭം തുടങ്ങുമ്പോൾ സംശയങ്ങളും പ്രശ്നങ്ങളും കൂട്ടത്തോടെ ഉയർന്നുവരും. പലരോടും അന്വേഷിക്കുകയും ഒട്ടേറെ യാത്ര ചെയ്ത് വിവരങ്ങൾ തേടുകയുമൊക്കെ ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവിൽ രത്നഗിരിയിലെ ഒരു കയറ്റുമതിക്കാരനാണ്  ഈ രംഗത്തെ നൂലാമാലകൾ ചൂണ്ടിക്കാണിച്ചുകൊടുത്തത്.

എളിയ രീതിയിലായിരുന്നു തുടക്കം. തുടക്കത്തിൽ 100 കിലോ ചക്ക മാത്രമാണ് സംസ്കരിച്ചിരുന്നത്. ക്രമേണ ഉൽപാദനം ഉയർന്നുവന്നു. രണ്ടു മുറികളിലായി തുടക്കമിട്ട സംരംഭത്തിനു ഡീപ് ഫ്രീസർ വാങ്ങിയതുപോലും 2016 ൽ മാത്രം. ഈ വർഷമാണ് വാക്വം പാക്കിങ് മെഷീൻ സ്വന്തമാക്കിയത്. മൂന്നു വർഷത്തേക്കു നിശ്ചിത നിരക്കിലുള്ള വില മാത്രം–കിലോയ്ക്ക് 10–15 രൂപ. 2016 മുതൽ അദ്ദേഹം ചക്കപ്പഴവും ഫ്രീസ് ചെയ്തു വിതരണമാരംഭിച്ചു. നാസിക്കിലെ ഒരു ഐസ്ക്രീം കമ്പനിയാണ് പ്രധാന ഉപഭോക്താവ്. കിലോയ്ക്ക് 120 രൂപയാണ് ശീതീകരിച്ച ചക്കപ്പഴത്തിന്റെ വില.

ചക്കപ്പഴത്തിനും ഇടിച്ചക്കയ്ക്കും നല്ല ഡിമാൻഡുണ്ടെന്ന് പെൻഡ്സെ പറയുന്നു. ധാരാളം അന്വേഷണങ്ങൾ വരുന്നുണ്ട്. എന്നാൽ ഉൽപാദനം വർധിപ്പിച്ചാൽ  വിപണനത്തിനും വിതരണത്തിനുമൊക്കെ കൂടുതൽ ജീവനക്കാരെ നിയോഗിക്കേണ്ടിവരും. മറ്റ് ബിസിനസ് തിരിക്കുകൾ മൂലം അതൊക്കെ വേണ്ടെന്നു വച്ചിരിക്കുകയാണ്  പെൻഡ്സെ.

ഇത്രയേറെ ആവശ്യക്കാരുണ്ടായിട്ടും ചക്ക ഫ്രീസ് ചെയ്തു വിൽക്കുന്ന മറ്റൊരു സംരംഭംപോലും ഈ മേഖലയിൽ വന്നിട്ടില്ലെന്നതാണ് കൗതുകകരം. ‘ഫ്രോസൺ ജാക്ക് ഫ്രൂട്ട് എന്ന ഉൽപന്നം അധികമാർക്കും പരിചയമില്ല, ഇതിന്റെ സാധ്യതകളെക്കുറിച്ചു ബോധവൽക്കരണമുണ്ടായാലേ കൂടുതൽ സംരംഭകർ ഈ രംഗത്തേക്കു വരൂ. ഫ്രോസൺ എന്നു കേൾക്കുമ്പോൾ വലിയ മുതൽമുടക്ക് വേണ്ടിവരുമെന്നാണ് പലരുടെയും ചിന്ത. സ്ഥലവും കെട്ടിടവും സ്വന്തമായുള്ളവർക്ക് കേവലം 2 ലക്ഷം രൂപ മുടക്കി ഒരു യൂണിറ്റ് തുടങ്ങാനാവും – ഉപേന്ദ്ര പെൻഡ്സെ ചൂണ്ടിക്കാട്ടി.

English summary: Frozen Jackfruit Business Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com