ആന്ധ്രാപ്രദേശിലെ മത്സ്യക്കൃഷിയും കേരളത്തിലെ തീറ്റച്ചെലവും

HIGHLIGHTS
  • ഉൽപാദനം കൂടുമ്പോൾ ഉൽപന്നങ്ങളുടെ വില ഇടിയുന്ന പ്രവണതയുണ്ടല്ലോ
  • കൃത്യമായി വിൽപനയ്ക്ക് കഴിഞ്ഞില്ലെങ്കിൽ നഷ്ടം ഏറും
tilapia-vala
SHARE

വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ – 2

ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ തീറ്റച്ചെലവ് കേരളത്തെ അപേക്ഷിച്ച് വളരെ കുറവാണ്. മാത്രമല്ല, ഏക്കർ കണക്കിന് സ്ഥലത്ത് മത്സ്യക്കൃഷി ചെയ്യുന്നവരാണവർ. അതുകൊണ്ടുതന്നെ മികച്ച വളർച്ച നേടാനും അവിടുത്തെ മത്സ്യങ്ങൾക്ക് കഴിയും. എന്നാൽ, കേരളത്തിലെ സ്ഥിതി അതല്ല. കർഷകർ പ്രധാനമായും ആശ്രയിക്കുന്നത് വിവിധ പ്രോട്ടീൻ അളവുകളുള്ള പെല്ലറ്റ് തീറ്റകളാണ്. വിപണിയിൽനിന്നു വാങ്ങുന്ന തീറ്റ ആയതിനാൽ വലിയ വിലയും കൊടുക്കേണ്ടിവരുന്നു. പെല്ലറ്റ് തീറ്റകൾക്കു പകരം മറ്റു തീറ്റകൾ നൽകാൻ ശ്രമിച്ചാലും ചെലവിൽ വലിയ കുറവു പ്രതീക്ഷിക്കണ്ട. അതുകൊണ്ടുതന്നെ അസോള, ഡക്ക് ‌വീഡ്, ചേമ്പില, മൾബറിയില തുടങ്ങിയവ ഭക്ഷണമായി നൽകി വളർത്തേണ്ടിവരും. പെല്ലറ്റ് തീറ്റ നൽകുന്നത് കുറച്ചാൽത്തന്നെ കർഷകന് വലിയ ഭാരം ഒഴി​​ഞ്ഞുകിട്ടും. പക്ഷേ, മത്സ്യങ്ങളുടെ വളർച്ചയുടെ വേഗം കുറയുമെങ്കിലും വർഷത്തിൽ ഒരു വിളവെടുപ്പ് എന്ന രീതി സ്വീകരിച്ചാൽ വിൽപനയ്ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല. ചെലവ് കുറയ്ക്കാനായാൽ വിലയും കുറയ്ക്കാനാകും.

കേരളത്തിൽ ലോക്‌ഡൗൺ ആരംഭിച്ച മാർച്ച് മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിൽ വളർത്തുമത്സ്യങ്ങൾക്ക് ആവശ്യക്കാരേറെയായിരുന്നു. എന്നാൽ, ലോക്‌ഡൗണിന്റെ വിരസതയിൽ ഒട്ടേറെ പേർ വീട്ടുമുറ്റത്തൊരു അടുക്കളക്കുളം തീർത്തു. മാത്രമല്ല, സുഭിക്ഷകേരളം പദ്ധതിയിലൂടെ 2 സെന്റ് പടുതക്കുളത്തിൽ വാളക്കൃഷി, ബയോഫ്ലോക് ടാങ്കിൽ തിലാപ്പിയ മത്സ്യക്കൃഷി എന്നിവയും പ്രചാരത്തിലായി. ഇതിലൂടെ നല്ലൊരു ശതമാനം ആളുകൾക്കും മത്സ്യോൽപാദനത്തിൽ സ്വയംപര്യാപ്തരാകാനും സാധിച്ചു. ഈ മത്സ്യങ്ങളെല്ലാം വളർച്ചയിലേക്കെത്തിയപ്പോൾ വിപണി ഇടിയുന്നത് സ്വാഭാവികം. ഉൽപാദനം കൂടുമ്പോൾ ഉൽപന്നങ്ങളുടെ വില ഇടിയുന്ന പ്രവണതയുണ്ടല്ലോ. 

പച്ചക്കറികൾക്കും കിഴങ്ങിനങ്ങൾക്കും വാഴക്കുലയ്ക്കുമെല്ലാം വിലയിടിവിൽ കർഷകർ നട്ടംതിരിയുകയാണ്. സമാന അവസ്ഥതന്നെയാണ് കേരളത്തിലെ മത്സ്യക്കർഷകർക്കും. തിലാപ്പിയ മത്സ്യം കിലോഗ്രാമിന് 200 രൂപയ്ക്കു പോലും വിൽക്കാൻ ശ്രമിച്ചാലും ആർക്കും വേണ്ടാത്ത അവസ്ഥ. ആറു മാസത്തെ തീറ്റച്ചെലവ്, മത്സ്യക്കുഞ്ഞുങ്ങളുടെ വില, വൈദ്യുതിച്ചെലവ്, അധ്വാനം എന്നിങ്ങനെ ചെലവുകൾ ഒട്ടേറെ. അതെല്ലാം നികത്തി ലാഭം നേടണമെങ്കിൽ ഉൽപാദിപ്പിച്ച മത്സ്യം വിൽക്കാൻ കഴിയണം. ‌‌

കേരളത്തിൽ ചുരുങ്ങിയ കാലംകൊണ്ട് പ്രചാരത്തിലായ മത്സ്യക്കൃഷി രീതിയാണ് ബയോഫ്ലോക് സാങ്കേതികവിദ്യ. മിത്ര ബാക്ടീരിയകളെ ജലാശയത്തിൽ വളർത്തി മത്സ്യക്കുളത്തിലെ പ്രധാന അവശിഷ്ടമായ അമോണിയയെ വിഘടിപ്പിച്ച് താരതമ്യേന അപകടരഹിതമായ നൈട്രേറ്റ് ആയി മാറ്റി ജലത്തിന്റെ ഗുണമേന്മ നിലനിർത്താൻ കഴിയും. ഇത്തരം ബാക്ടീരിയകളുടെ സുഗമമായ വളർച്ചയ്ക്ക് ആവശ്യമായ കാർബൺ അടങ്ങിയ പദാർഥങ്ങൾ ജലത്തിലെ ജൈവാംശത്തിൽനിന്നാണ് സാധാരണ ലഭിക്കുക. എന്നാൽ ഉയർന്ന തോതിൽ മത്സ്യങ്ങളെ നിക്ഷേപിക്കുമ്പോൾ ഇത്തരം ജൈവ പദാർഥങ്ങൾ മതിയാകാതെ വരും. പകരം പുറമെനിന്നു കാർബോ ഹൈഡ്രേറ്റ് സംയുക്തങ്ങൾ നൽകേണ്ടിവരും. ഇതുവഴി ജലത്തിൽ അമോണിയയുടെ അംശം തീരെക്കുറഞ്ഞ അളവിൽ നിലനിർത്തുന്നതിനൊപ്പം ബാക്ടീരിയയും മറ്റു ജൈവ പദാർഥങ്ങളും ഒന്നുചേർന്ന് മത്സ്യത്തിനു കഴിക്കാൻ പാകത്തിൽ ജൈവസഞ്ചയം രൂപപ്പെടുന്നു. ഈ സഞ്ചയത്തെയാണ് ബയോഫ്ലോക് എന്നു പറയുന്നത്.

24 മണിക്കൂറും വാതായനത്തിന്റെ ആവശ്യമുള്ളതിനാൽ വൈദ്യുതി ഒരിക്കലും നിലയ്ക്കാൻ പാടില്ല. അതുകൊണ്ടുതന്നെ വൈദ്യുതി ഇല്ലാത്ത സ്ഥിതിവിശേഷമുണ്ടായാൽ അതിനെ തരണം ചെയ്യാനുള്ള മാർഗവും സ്വീകരിച്ചിരിക്കണം. ചുരുക്കത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ നഷ്ടം വരുത്തുന്ന കൃഷിയാണെന്ന് പറയാം. വലിയ ചെലവിൽ, വലിയ സന്നാഹങ്ങളൊരുക്കിയുള്ള മത്സ്യക്കൃഷിയായതിനാൽ കൃത്യമായി വിൽപനയ്ക്ക് കഴിഞ്ഞില്ലെങ്കിൽ നഷ്ടം ഏറും. 

നാളെ: നിക്ഷേപിച്ചത് 2500 കുഞ്ഞുങ്ങളെ, ക്രിസ്മസിന് വിറ്റത് 12 കിലോഗ്രാം മാത്രം

മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട് കർഷകശ്രീ ഫെയ്സ്ബുക്ക് പേജിലൂടെ നിങ്ങൾക്കും അഭിപ്രായങ്ങൾ പങ്കുവയ്ക്കാം. മത്സ്യകൃഷിയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കർഷകശ്രീ ഫെയ്‌സ്ബുക്ക് പേജിലേക്ക് മെസേജ് ചെയ്യുക. ഫെയ്‌സ്ബുക്ക് പേജിന് ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Challenges of fish farming in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA