പെടയ്ക്കണ മത്സ്യം കാണാൻ എന്തൊരു ചന്തം, ചങ്കു തകർന്നു കർഷകർ

HIGHLIGHTS
  • മത്സ്യക്കൃഷി വളർന്നതിനൊപ്പം ഡിമാൻഡ് ഉയർന്നിട്ടുണ്ടോ?
  • മത്സ്യക്കുഞ്ഞുങ്ങൾ യഥേഷ്ടം ലഭിക്കും, എങ്ങനെയെങ്കിലും വളർത്തിയുമെടുക്കാം
tilapia-fish
SHARE

വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ – 1

വീട്ടുമുറ്റത്തുനിന്ന് പിടയ്ക്കണ മത്സ്യത്തെ പിടിച്ച് കറിയാക്കിയാൽ എങ്ങനെയുണ്ട്? യാതൊരു വിഷാംശവുമില്ലാത്ത മത്സ്യത്തെ വിശ്വസിച്ചു കഴിക്കാം. മലയാളി മത്സ്യക്കൃഷിയിലേക്കു ചുവടുവച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. വിപണിയിൽ ലഭ്യമായ മത്സ്യങ്ങളുടെ പഴക്കവും വിഷാംശവും അമോണിയയും ഫോർമലിനുമൊക്കെ വളർത്തുമത്സ്യങ്ങളിലേക്ക് തിരിയാൻ മലയാളികളെ പ്രേരിപ്പിച്ചു. ഒപ്പം മികച്ച വളർച്ചയും തീറ്റപരിവർത്തശേഷിയമുള്ള മത്സ്യങ്ങൾ എത്തിയതും മത്സ്യക്കൃഷി മേഖലയ്ക്ക് കരുത്തായി.

എന്നാൽ, കടൽമത്സ്യങ്ങൾക്കുള്ള പ്രചാരം ഇന്നും വളർത്തുമത്സ്യങ്ങൾക്ക് ലഭിച്ചിട്ടില്ല. ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യക്കൃഷിയും പാറക്കുളം പടുതക്കുളം മൺകുളം തുടങ്ങിയ ജലാശയങ്ങളിലെ മത്സ്യക്കൃഷിയും ശുദ്ധജല മത്സ്യങ്ങളുടെ ഉൽപാദനത്തെ ഏറെ സഹായിച്ചിട്ടുണ്ട്. അക്വാപോണിക്സ്, ബയോഫ്ലോക്, റാസ് തുടങ്ങിയ നൂതന മത്സ്യക്കൃഷി രീതികളും ശുദ്ധജല മത്സ്യങ്ങളുടെ ഉൽപാദനമുയർത്തി. സർക്കാർ സഹായങ്ങൾ വേറെ.

എന്നാൽ, മത്സ്യക്കൃഷി വളർന്നതിനൊപ്പം ഡിമാൻഡ് ഉയർന്നിട്ടുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. ഒറ്റപ്പെട്ട സ്ഥലത്തെ കർഷകർക്ക് വിൽപനയ്ക്കു ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നില്ലെങ്കിലും ഒരു പ്രദേശത്ത് ഒന്നിൽ കൂടുതൽ കർഷകരുണ്ടെങ്കിൽ വിൽപന വലിയ വെല്ലുവിളിയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് മത്സ്യങ്ങളെത്തിയാൽ നാട്ടിലെ മത്സ്യങ്ങൾ ആരും വാങ്ങാത്ത അവസ്ഥയുമാകും. പുറംനാടുകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് മത്സ്യങ്ങൾ ലഭിക്കുമ്പോൾ കേരളത്തിലെ മൊത്തവിതരണക്കാർക്കും അതിനോടാണ് പ്രിയം.

തിലാപ്പിയ, വാള, അനാബസ്, കാർപ്പിനങ്ങൾ എന്നിവയാണ് കേരളത്തിൽ വ്യാപകമായി വളർത്തപ്പെടുന്ന ശുദ്ധജലമത്സ്യങ്ങൾ. അടുത്ത കാലംവരെ റെഡ് ബെല്ലീഡ് പാക്കു എന്ന നട്ടർ മത്സ്യവും വ്യാപകമായി വളർത്തിവന്നിരുന്നു. എന്നാൽ, നാടൻ മത്സ്യങ്ങൾക്ക് ഭീഷണിയാകുമെന്ന ഭീതിയിൽ നട്ടറിന് നിരോധനം വന്നതിനാൽ അവയെ വളർത്തുന്നത് കുറ്റകരമാകും. അതുകൊണ്ടുതന്നെ മുകളിൽ സൂചിപ്പിച്ച ഇനങ്ങൾ മാത്രമേ വ്യാപകമായ രീതിയിൽ വളർത്താൻ കർഷകർക്കു കഴിയൂ. അവയിൽത്തന്നെ വാളയോടും കാർപ്പിനങ്ങളോടും മത്സ്യപ്രേമികൾക്ക് താൽപര്യമില്ല. അതുകൊണ്ടുതന്നെ വിലയും ലഭിക്കില്ല. വില കുറച്ചാലും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ് പലേടത്തും. അനാബസിനോട് പലർക്കും താൽപര്യമുണ്ടെങ്കിലും കര കയറി പോകുന്ന സ്വഭാവമുള്ളതിനാൽ നഷ്ടപ്പെടാതിരിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കണം. വലിയ ബുദ്ധിമുട്ടില്ലാതെ വളർത്താൻ കഴിയുന്നതും കുഞ്ഞുങ്ങൾ യഥേഷ്ടം ലഭ്യമായതുമായ തിലാപ്പിയ ആവട്ടെ ഉൽപാദനം ഏറിയതു നിമിത്തം വിൽക്കാൻ സാധിക്കാത്ത അവസ്ഥയിലുമായി. മാത്രമല്ല ഇതര സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ മത്സ്യങ്ങൾ കേരളത്തിലേക്ക് എത്തുന്നുമുണ്ട്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വളർത്തിയ കേരളത്തിലെ കർഷകരുടെ പ്രതീക്ഷകൾ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യങ്ങൾ ഒഴുക്കിക്കൊണ്ടുപോയി. 

മത്സ്യക്കുഞ്ഞുങ്ങൾ യഥേഷ്ടം ലഭിക്കും, എങ്ങനെയെങ്കിലും വളർത്തിയുമെടുക്കാം. എന്നാൽ, വിൽപനയ്ക്കു പാകമായാൽ എങ്ങനെ വിൽക്കും? അതാണ് ഇനി കേരളത്തിൽ മത്സ്യക്കൃഷി രംഗത്തേക്കിറങ്ങുന്നവർ ആദ്യം ചിന്തിക്കേണ്ടത്. മുൻപത്തെ സാഹചര്യമല്ല ഇന്നുള്ളത്. കർഷകരുടെ എണ്ണത്തിൽ വർധനയുണ്ട്. അതുകൊണ്ടുതന്നെ, സ്വന്തം വിപണി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കുളത്തിലെ മത്സ്യങ്ങളെ സ്വയം കഴിക്കേണ്ടിവരും. അതല്ലെങ്കിൽ സൗജന്യമായി കൊടുക്കേണ്ടിവരും.

കോവിഡ് വരുത്തിവച്ച പ്രതിസന്ധിയെത്തുടർന്ന് മത്സ്യക്കൃഷിയിലൂടെ വരുമാനമുണ്ടാക്കാം എന്ന പ്രതീക്ഷയിൽ ഈ മേഖലയിലേക്ക് തിരിഞ്ഞവർ ഒട്ടേറെയുണ്ട്. ഇതിനായി വലിയ തുക മുടക്കിയവരുമുണ്ട്. വലിയ തുക മുടക്കുമ്പോൾ കൃഷിയിൽനിന്ന് കൃത്യമായി വരുമാനം ലഭിച്ചില്ലെങ്കിൽ പ്രതീക്ഷകൾ അസ്ഥാനത്താകും. അതുകൊണ്ടുതന്നെ ചെലവ് ചുരുക്കിയുള്ള കൃഷിരീതികൾ അനുവർത്തിക്കേണ്ടതായി വരും.

നാളെ: ആന്ധ്രാപ്രദേശിലെ മത്സ്യക്കൃഷിയും കേരളത്തിലെ തീറ്റച്ചെലവും

മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട് കർഷകശ്രീ ഫെയ്സ്ബുക്ക് പേജിലൂടെ നിങ്ങൾക്കും അഭിപ്രായങ്ങൾ പങ്കുവയ്ക്കാം. മത്സ്യകൃഷിയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കർഷകശ്രീ ഫെയ്‌സ്ബുക്ക് പേജിലേക്ക് മെസേജ് ചെയ്യുക. ഫെയ്‌സ്ബുക്ക് പേജിന് ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Challenges of fish farming in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA