ADVERTISEMENT

പൂച്ചകളും നായ്ക്കളും മനുഷ്യരുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളാണ്. വീടിനുള്ളിലും പുറത്തും കൂട്ടുകൂടാനും കൂടെ നടക്കാനും നായ്ക്കളെയും പൂച്ചകളെയും വളർത്തുന്നവർ ഒട്ടേറെയുണ്ട്. വീടുകളിൽ വളർത്തുമ്പോൾ കൃത്യമായ പ്രതിരോധ കുത്തിവയ്പ്പുകളും പരിചരണവും നൽകപ്പെടുന്നുണ്ടെങ്കിലും അവയോട് അടുത്തിടപഴകുമ്പോൾ ശ്രദ്ധ വേണം. നായ്ക്കളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ഏറ്റവും മാരകമായ അസുഖമായ പേവിഷബാധ വീണ്ടും ചർച്ചയായിരിക്കുകയാണ്. രോഗം ചികിത്സിച്ചു ഭേദമാക്കാനാവുന്നതല്ലെങ്കിലും 100 ശതമാനം പ്രതിരോധിക്കാൻ കഴിയുന്നവയാണ്. അതുകൊണ്ടുതന്നെ ശ്രദ്ധയും കരുതലും ആവശ്യമാണ്. പേവിഷബാധ പട്ടി, പൂച്ച, പശു, ആട്, എരുമ തുടങ്ങിയ വളർത്തുമൃഗങ്ങളെയൊക്കെ ബാധിക്കാം. ഇതിൽ നായ്ക്കളും പൂച്ചകളുമാണ് മുൻപന്തിയിൽ.

ലോക്‌ഡൗണിനേത്തുടർന്ന് ഒട്ടേറെ പേർ നായ്ക്കളെയും പൂച്ചകളെയും വളർത്തിത്തുടങ്ങിയിട്ടുണ്ട്. കേവലം കൗതുകത്തിനുവേണ്ടി മാത്രം വളർത്താതെ അവയ്ക്ക് കൃത്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാൻ മറക്കരുത്. പൂച്ചകൾക്കും നായ്ക്കൾക്കും പേവിഷബാധയ്ക്കെതിരേയുള്ള വാക്സിൻ കൃത്യമായി നൽകിയിരിക്കണം. വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും മൂന്നു മാസം പ്രായമുള്ളപ്പോൾ (12–16 ആഴ്ച) ആദ്യ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നൽകണം. പിന്നീട് നാല് ആഴ്ചകൾക്കുശേഷം ബൂസ്റ്റർ കുത്തിവയ്പ്പ് നൽകണം. തുടർന്ന് വർഷാവർഷം പ്രതിരോധ കുത്തിവയ്പ്പ് ആവർത്തിക്കണം. അടുത്തുള്ള വെറ്ററിനറി ആശുപത്രിയിൽ എത്തിയാൽ ചെറിയ ഫീസിൽ കുത്തിവയ്പ്പെടുക്കാം.

തെരുവിലുള്ളവരോട് പറയാം, അടുത്തേക്ക് വരണ്ട

നായ്ക്കുട്ടികൾ ആരുടെയും മനം കവരും, പ്രത്യേകിച്ച് കുട്ടികളുടെ. അവയെ എടുക്കാനും ലാളിക്കാനും കുട്ടികൾ ശ്രമിക്കും. വീട്ടിൽ പ്രത്യേക പരിചരണം ലഭിച്ച് വളരുന്ന നായ്ക്കളേപ്പോലെയല്ല തെരുവിലുള്ളവർ. പല നായ്ക്കളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടാകും. പല നായ്ക്കളും ആക്രമിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ തെരുവിലുള്ള നായ്ക്കളെ നമുക്കരികിലേക്ക് അടുപ്പിക്കേണ്ടതില്ല. സ്നേഹത്തോടെ പെരുമാറുന്നവരോട് വളരെ അടുപ്പം കാണിക്കുന്ന ജീവിയാണ് നായ. അതുകൊണ്ടുതന്നെ ദേഹത്ത് ചാടിക്കയറാനും സ്നേഹം പ്രകടിപ്പിക്കാനും അവ ശ്രമിക്കും. അതിനാൽ, അത്തരം നായ്ക്കളെ അടുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളെ ഇക്കാര്യം പറഞ്ഞു മനസിലാക്കണം. വളർത്തുജീവികളുടെ കടിയോ മാന്തോ ഏറ്റിട്ടുണ്ടെങ്കിൽ മാതാപിതാക്കളോട് പറയാൻ കുട്ടികളെ ശീലിപ്പിച്ചിരിക്കണം. മാതാപിതാക്കളോട് പറഞ്ഞാൽ വഴക്കു പറയുമെന്നുള്ള ഭീതി കുട്ടികളിൽ ഉണ്ടാവരുത്.

തെരുവിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെയും കുട്ടികളെയും അഡോപ്റ്റ് ചെയ്യുന്നവരുടെ എണ്ണം ഏറിയിട്ടുണ്ട്. എന്നാൽ, തെരുവിലുള്ള ഇത്തരം മൃഗങ്ങളെ നേരിട്ട് ഏറ്റെടുക്കാതിരിക്കുന്നതാണ് ഉത്തമം. മൃഗങ്ങൾക്കുവേണ്ടി ഒട്ടേറെ സന്നദ്ധ സംഘടനകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സംഘടനകൾ നായ്ക്കളെ ഏറ്റെടുത്ത് ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകി വളർത്താൻ താൽപര്യമുള്ളവർക്ക് ദത്ത് നൽകാറുമുണ്ട്. നാടൻ നായ്ക്കളെ വളർത്താൻ താൽപര്യപ്പെടുന്നവർക്ക് ഈ മാർഗം സ്വീകരിക്കാവുന്നതാണ്. ഇതിനു കഴിഞ്ഞില്ലെങ്കിൽ ഏറ്റെടുക്കുന്ന നായയെ പ്രത്യേകം മാറ്റിപ്പാർപ്പിച്ച് നിരീക്ഷിക്കുകയും ആവശ്യമായ പ്രതിരോധകുത്തിവയ്പ്പുകൾ നൽകുകയും വേണം. എന്തെങ്കിലും അസുഖങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിനുള്ള ചികിത്സയും നൽകണം. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമായിരിക്കണം അടുത്തിടപഴകുന്നത്.

പൂര്‍ണ്ണ ആരോഗ്യമുള്ളപ്പോള്‍ മാത്രമേ പ്രതിരോധ കുത്തിവയ്പുകള്‍  നല്‍കാന്‍ പാടുള്ളൂ. കുത്തിവയ്പ്പിന് ഒരാഴ്ച മുന്‍പ്  ആന്തരപരാദങ്ങള്‍ക്കെതിരായി മരുന്നുകള്‍  നല്‍കാന്‍ വിട്ടുപോകരുത്. പ്രതിരോധ കുത്തിവയ്പ് നല്‍കി മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ശരീരത്തില്‍ പ്രതിരോധശേഷി രൂപപ്പെടും. പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്ത നായ്ക്കളില്‍ ബാഹ്യലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിച്ചില്ലെങ്കിലും  ഉമിനീരില്‍ വൈറസ് ഉണ്ടാവാനിടയുണ്ടെന്ന ആശങ്ക ചിലര്‍ക്കെങ്കിലുമുണ്ട്. ഈ ആശങ്കകള്‍ അസ്ഥാനത്താണ്. രോഗാണുബാധയേറ്റാല്‍  മരണം തീര്‍ച്ചയായതിനാല്‍ ഒരു ജീവിക്കും പേവിഷബാധ വൈറസിന്റെ  നിത്യവാഹകരാവാന്‍ കഴിയില്ല എന്നതാണ് ശാസ്ത്രം.

വളര്‍ത്തുമൃഗങ്ങള്‍ക്ക് കടിയേറ്റാല്‍

‌വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റാല്‍ പോറലേറ്റ ഭാഗം സോപ്പുപയോഗിച്ച് ശുദ്ധജലത്തില്‍ പതിനഞ്ച് മിനിറ്റോളം സമയമെടുത്ത് നന്നായി കഴുകി വൃത്തിയാക്കണം. ഒരു ശതമാനം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയും മുറിവുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാം.  ശേഷം മുറിവില്‍ പോവിഡോണ്‍ അയഡിന്‍ ലേപനം പുരട്ടണം. വൈറസിനെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിനും അയഡിന്‍ ലേപനത്തിനുമുണ്ട്. ശേഷം തുടര്‍ച്ചയായി അഞ്ച് പ്രതിരോധകുത്തിവയ്പ്പുകള്‍ കടിയേറ്റതിന്റെ 0, 3, 7, 14, 28 എന്നീ ദിവസങ്ങളില്‍ നല്‍കണം. കടിയേറ്റ ദിവസം ചെയ്യുന്ന പ്രതിരോധകുത്തിവയ്പ്പാണ് 0 ദിവസത്തെ കുത്തിവയ്പ്. പ്രതിരോധകുത്തിവയ്പ്പുകള്‍ മുന്‍കൂട്ടി കൃത്യമായി എടുത്തിട്ടുള്ള  നായ, പൂച്ച പോലുള്ള മൃഗങ്ങള്‍ക്കാണ് കടിയേറ്റതെങ്കില്‍ 0, 3 ദിവസങ്ങളില്‍ രണ്ട് ബൂസ്റ്റര്‍ കുത്തിവയ്പ്പുകള്‍ നല്‍കിയാല്‍ മതിയാകും. 

റാബീസ് വൈറസുകള്‍ മുറിവില്‍നിന്നും നാഡികള്‍ വഴി സഞ്ചരിച്ച് തലച്ചോറിലെത്തിയാണ് രോഗമുണ്ടാക്കുന്നത് എന്നറിയാമല്ലോ. കഴുത്തിന‌ു  മുകളില്‍ കടിയേറ്റാല്‍ മുറിവില്‍നിന്നും വൈറസുകള്‍ വളരെ വേഗത്തില്‍ തലച്ചോറിലെത്തി രോഗമുണ്ടാക്കും. പശുക്കള്‍ക്കും ആടുകള്‍ക്കുമെല്ലാം കഴുത്തിന് മുകളില്‍ കടിയേല്‍ക്കാനാണ് കൂടുതല്‍ സാധ്യതയെന്നതിനാല്‍ പ്രത്യേകം ജാഗ്രത വേണം. 

എന്തൊക്കെ ശ്രദ്ധിക്കണം?

പേ പിടിച്ച മൃഗങ്ങളുടെ കടി മാത്രമല്ല, മാന്തൽ, മുറിവുള്ള ഭാഗത്തെ നക്കൽ ഒക്കെ പേവിഷബാധയ്ക്ക് കാരണമാകും. എപ്പോഴും ശരീരം വൃത്തിയാക്കുന്ന പൂച്ചയുടെ കൈകാലുകളും നഖങ്ങളും ഏറെ അപകടകരമാകുന്നു.

സംശയാസ്പദമായ സാഹചര്യത്തിൽ വളർത്തു മൃഗങ്ങളിൽനിന് മുറിവ്, മാന്തൽ, നക്കൽ, സ്പർശനം ഉണ്ടായാൽ ആ ഭാഗം നന്നായി സോപ്പു തേച്ച്  കഴുകണം. വൈറസിനെ നശിപ്പിക്കാൻ ഇത് സഹായിക്കും. ഉടനെ അടുത്തുള്ള ആശുപത്രിയിൽ പോവുക. ഡോക്ടറുടെ  നിർദ്ദേശപ്രകാരം  ആദ്യ ഡോസ് ആന്റി റാബീസ് കുത്തിവയ്പ്പുമെടുക്കുക. അതാണ് ‘0’ ഡോസ് എന്നു വിളിക്കപ്പെടുന്നത്. സർക്കാർ ആശുപത്രിയിൽ ഈ കുത്തിവയ്പ് സൗജന്യമാണ്. ഇമ്യൂണോ ഗ്ലോബുലിൻ എന്ന മരുന്ന് കൂടി വേണോയെന്നത് മുറിവിന്റെ സ്വഭാവവും സ്ഥാനവും നോക്കി ഡോക്ടർ  തീരുമാനിക്കും. പട്ടി കടിച്ച മുറിവ് സാധാരണഗതിയിൽ തുന്നാറില്ല.  ഉണങ്ങാനായി ആന്റിബയോട്ടിക്  ഡോക്ടർ നൽകിയാൽ കഴിക്കണം. 0, 3, 7, 28 ഇങ്ങനെയാണ്  പിന്നീട് കുത്തിവയ്‌പ് എടുക്കേണ്ട ദിവസങ്ങൾ.

കടിച്ച അല്ലെങ്കിൽ മാന്തിയ പട്ടി അല്ലെങ്കിൽ പൂച്ചയെ കെട്ടിയോ കൂട്ടിലോ ഇടണം. രോഗലക്ഷണമില്ലാത്ത മൃഗത്തെ കടിയുടെ ദേഷ്യത്തിൽ തല്ലിക്കൊല്ലാൻ നോക്കരുത്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടോന്ന് നോക്കാനാണ് കൂട്ടിലിടുന്നത്. രോഗബാധയുള്ളതാണെങ്കിൽ 10 ദിവസത്തിനകം അതു ചത്തുപോകുമെന്ന് ഉറപ്പ്.  ഈ സമയത്ത് സാധാരണ ഭക്ഷണവും വെള്ളവുമൊക്കെ കൊടുക്കാം. 

10 ദിവസം കഴിഞ്ഞും പ്രശ്നമില്ലെങ്കിൽ പേവിഷബാധയല്ലായെന്ന് ഉറപ്പിക്കാം. കുത്തിവയ്‌പ് ഡോക്ടറുടെ നിർദേശപ്രകാരം പൂർത്തിയാക്കാം. വളർത്തുമൃഗങ്ങൾക്ക് ( നായ,പൂച്ച ) വെറ്ററിനറി ഡോക്ടറുടെ ഉപദേശമനുസരിച്ച് വാക്സിൻ കൃത്യമായി നൽകണം. കുത്തിവയ്പ്പെടുത്തിട്ടുള്ള പട്ടിയും പൂച്ചയും  കടിച്ചാലും കുത്തിവയ്പ് എടുക്കുന്നതാണ് ഉത്തമം.

പേയുടെ കാര്യത്തിൽ പൂച്ചകളെ ഏറെ ശ്രദ്ധിക്കണം. പേയുള്ള നായയുടെ കടിയിലൂടെയാണ് സാധാരണ പൂച്ചകള്‍ക്ക് ഈ രോഗം ബാധിക്കുന്നത്. രോഗം വന്നാല്‍ ചികിത്സ ഇല്ലാത്തതിനാല്‍ നൂറു ശതമാനം മരണത്തില്‍ കലാശിക്കുന്നു. രോഗം രണ്ടു രീതിയില്‍ കാണപ്പെടുന്നു. ക്രൂദ്ധ രൂപം (Furious form) എന്ന ആക്രമണ സ്വഭാവമുള്ള  രീതിയും, മൂകരൂപം (Dump form) എന്ന തളര്‍ച്ച കാണിക്കുന്ന  രീതിയും. ആദ്യ രീതിയില്‍ പൂച്ച അലഞ്ഞു നടക്കുക, അനുസരണയില്ലായ്മ കാണിക്കുക, ആക്രമണ സ്വഭാവം, കരച്ചിലിന്റെ ശബ്ദത്തിലുള്ള  വ്യത്യാസം തുടങ്ങി ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. രണ്ടാമത്തെ തരമായ മൂകരൂപത്തില്‍ കീഴ്ത്താടിക്കും, നാവിനും തളര്‍വാതം പിടിപെട്ട് തുടങ്ങി. ഉമിനീര്‍ ധാരാളമായി ഒഴുകുന്ന രീതിയില്‍ കാണപ്പെടുന്നു. ഈ രണ്ടു രീതിയിലും രോഗലക്ഷണം പ്രകടമാക്കിയ പൂച്ച 3-4 ദിവസത്തിനുള്ളില്‍ ചാകുന്നു. പേയുള്ള പൂച്ചയുടെ കടിയിലൂടെ മനുഷ്യര്‍ക്കും ഈ രോഗം ബാധിക്കാം. പൂച്ചയ്ക്ക് 3 മാസം പ്രായമാകുമ്പോള്‍ ആദ്യ ഡോസും തുടര്‍ന്ന് നാലാഴ്ച കഴിഞ്ഞ് ബൂസ്റ്ററും എല്ലാവര്‍ഷവും പ്രതിരോധ കുത്തിവയ്‌പ്പും നല്‍കിക്കൊണ്ട് ഈ രോഗം തടയാവുന്നതാണ്.

ഒരു കാര്യം പ്രത്യേകം ഓർക്കുക. ഇന്ത്യപോലെ പേവിഷബാധ വ്യാപകമായ ഒരു രാജ്യത്ത് വളർത്തു മൃഗങ്ങളിൽനിന്നുണ്ടാകുന്ന ചെറിയ മുറിവുകൾ, നക്കലുകൾ പോലും സംശയത്തോടെ കണ്ട്  സർക്കാർ ആശുപത്രികളിൽ ലഭിക്കുന്ന കുത്തിവയ്‌പ് എടുക്കുക. ഓമനമൃഗങ്ങൾക്ക് കണിശമായ സമയക്രമം പാലിച്ച് പ്രതിരോധ കുത്തിവയ്‌പ് നൽകുക. ഒപ്പം റാബീസ് രോഗത്തേക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ശാസ്ത്രീയ ബോധവൽകരണം നടത്തുകയും വേണം. കാരണം പേ വിഷബാധ വന്നാൽ ദാരുണ മരണമല്ലാതെ മറ്റൊരു വഴി നമുക്കു മുൻപിലില്ല.

English summary: Management of Rabies in Humans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com