വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ – 5
കോവിഡ് വരുത്തിവച്ച പ്രതിസന്ധിയിൽ ഒട്ടേറെ പേർ മത്സ്യക്കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. സർക്കാർ സബ്സിഡികളും ഒട്ടേറെ പേരെ മത്സ്യക്കൃഷിയിലേക്ക് ആരംഭിച്ചു. വളർത്തുക എന്നതു മാത്രം ലക്ഷ്യമിട്ടപ്പോൾ വിൽപനവശം പലരും ശ്രദ്ധിച്ചില്ല. അതുതന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ജീവനോടെ മത്സ്യങ്ങളെ ആവശ്യമുള്ളവർക്ക് കർഷകന്റെ അടുത്തേക്ക് പോവേണ്ടിവന്നു. അതേസമയം, ഉപഭോക്താക്കൾക്ക് തന്റെ ചുറ്റുവട്ടത്ത് കടൽമത്സ്യങ്ങൾ യഥേഷ്ടം ലഭ്യമാകുന്ന സ്ഥിതിയുമുണ്ടായി. സമീപകാലത്ത് പ്രവർത്തനമാരംഭിച്ച പച്ചമീൻ തട്ടുകൾ ശ്രദ്ധിച്ചാൽ മനസിലാകും. അതുപോലെ ഉൽപാദനം കുറവുള്ള, സ്വന്തമായി വിൽപനമാർഗം കണ്ടെത്തിയ കർഷകർക്ക് വലിയ പ്രതിസന്ധി വന്നിട്ടുമില്ല.
ഡിസംബറിലെ വിപണി പ്രതീക്ഷിച്ച് വളർത്തിയ തിലാപ്പിയ മത്സ്യങ്ങളുടെ വിൽപന നിർത്തിവച്ചിരിക്കുകയാണ് പൂഞ്ഞാർ സ്വദേശി അഭിലാഷ് ആശാരിപ്പറമ്പിൽ. 6 മീറ്റർ വ്യാസമുള്ള കുളത്തിലാണ് അഭിലാഷ് ബയോഫ്ലോക് സാങ്കേതികവിദ്യയുടെ സഹായത്തോടെ മത്സ്യക്കൃഷി ചെയ്യുന്നത്. ആദ്യ വിളവെടുപ്പുകാലത്ത്, അതായത് ഏപ്രിൽ, മേയ് മാസങ്ങളിൽ വിൽപനയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. അതേ പ്രതീക്ഷയോടെയാണ് മേയിൽ രണ്ടാം വട്ടം മത്സ്യങ്ങളെ നിക്ഷേപിച്ചത്. ആദ്യ തവണ എംഎസ്ടിയായിരുന്നു ഇട്ടിരുന്നതെങ്കിൽ രണ്ടാംവട്ടം ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) മത്സ്യങ്ങളെയായിരുന്നു നിക്ഷേപിച്ചത്. മികച്ച വളർച്ചയും ലഭിച്ചു. ആറു മാസം പ്രായമെത്തിയപ്പോൾ വിൽപനയും ആരംഭിച്ചു. കിലോഗ്രാമിന് 250 രൂപ നിരക്കിലായിരുന്നു വിൽപന.
വിളവെടുത്തുതുടങ്ങി 2 മാസം പിന്നിട്ടിട്ടും ഇതുവരെ വിൽക്കാനായത് 60 കിലോ മാത്രമാണെന്ന് അഭിലാഷ്. വിപണിയിൽ 150 രൂപയ്ക്ക് മത്സ്യങ്ങൾ എത്തിയതാണ് പ്രതിസന്ധിക്കു കാരണം. മാർക്കറ്റിൽ കുറഞ്ഞ വിലയിൽ മത്സ്യങ്ങൾ ലഭ്യമായ സാഹചര്യത്തിൽ തന്റെ മത്സ്യവിൽപന നിർത്തേണ്ടിവന്നെന്നും ഈ യുവ കർഷകൻ.
ഒരു കുഞ്ഞിന് ആറു രൂപ നിരത്തിൽ 2000 കുഞ്ഞുങ്ങൾക്ക് 12000 രൂപ മുടക്കിയാണ് അഭിലാഷ് രണ്ടാം വട്ട കൃഷി തുടങ്ങിയത്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് എട്ടു മാസം പിന്നിടുമ്പോൾ ഇതുവരെ 30,000 രൂപയുടെ തീറ്റ വാങ്ങി നൽകിയിട്ടുണ്ട്. ബയോഫ്ലോക് ആയതിനാൽ വൈദ്യുതിച്ചെലവ് വേറെ.
ഇത് അഭിലാഷിന്റെ മാത്രം പ്രശ്നമല്ല, കോട്ടയം ജില്ലയിൽ ബയോഫ്ലോക് സാങ്കേതികവിദ്യയുടെ സഹായത്തോടെ വലിയ തോതിൽ മത്സ്യക്കൃഷി ചെയ്തവരും വിൽപനപ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. കോട്ടയം ജില്ലയിൽത്തന്നെ 20 ടണ്ണിനു മുകളിൽ മത്സ്യങ്ങൾ വിൽക്കാനാവാതെ കെട്ടിക്കിടക്കുന്നു. മറ്റു ജില്ലകളിലും ഇതുതന്നെ സ്ഥിതി.
ഇനി മാറി ചിന്തിക്കേണ്ട കാലമാണ്. മത്സ്യങ്ങളെ തൂക്കി മാത്രം വിൽക്കാതെ അവയുടെ മൂല്യവർധിത ഉൽപന്നങ്ങളും വിപണിയെ പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. ഫിഷ് റോളും കട്ലേറ്റും സമൂസയുമൊക്കെ നാവിലെ രുചിയായി മാറണം. ഈ സാഹചര്യം മുൻപേ മനസിലാക്കി ഫിഷ് റോളും ഫിഷ് കട്ലേറ്റും വിപണിയിലെത്തിച്ച യുവ കർഷകനുണ്ടിവിടെ. അദ്ദേഹത്തെക്കുറിച്ച് നാളെ...
English summary: Challenges of fish farming in Kerala