മത്സ്യങ്ങൾക്കൊപ്പം മീൻ കട്‌ലേറ്റും മീൻ റോളും; മാതൃകയാക്കാം ഈ യുവ കർഷകനെ

HIGHLIGHTS
  • മത്സ്യവിൽപനയ്ക്കൊപ്പം മത്സ്യ വിഭവങ്ങളുടെ വിൽപനയും
  • വളർത്തുന്നത് ഗിഫ്റ്റ് മത്സ്യങ്ങൾ
fish-roll-and-cutlate-Jellu
ജെല്ലു ഗിഫ്റ്റ് മത്സ്യവുമായി
SHARE

വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ – 6

വരുമാനം ലക്ഷ്യമിട്ട് മത്സ്യക്കൃഷിയിലേക്കിറങ്ങിയ വലിയ പങ്ക് ആളുകളും ഇപ്പോൾ വിൽപന പ്രതിസന്ധി നേരിടുന്ന കാര്യങ്ങൾ സമീപദിവസങ്ങളിൽ ചർച്ചാവിഷയമായതാണ്. ഇപ്പോഴുള്ള പ്രതിസന്ധി ഇനി എങ്ങനെ തരണം ചെയ്യാൻ കഴിയുമെന്ന ചിന്തയാണ് മുന്നിൽ വേണ്ടത്. സുഭിക്ഷകേരളം പദ്ധതി പ്രകാരം മത്സ്യക്കൃഷി ചെയ്തവരുടെ മത്സ്യങ്ങൾ വിളവെടുപ്പിന് പാകമാകുന്നതേയുള്ളൂ. അവകൂടി വിപണിയിലേക്കെത്തിയാൽ ഒരുപക്ഷേ പ്രതിസന്ധി രൂക്ഷമായേക്കും. അതുകൊണ്ടുതന്നെ, വിൽപനയ്ക്ക് പുതിയ മാർഗങ്ങൾ സ്വീകരിച്ചുതുടങ്ങിയേ തീരൂ. 

വിപണി പ്രതിസന്ധി മുൻപേ കണക്കുകൂട്ടി മത്സ്യവിഭവങ്ങൾക്കൂടി വിപണിയിലെത്തിച്ച ഒരു യുവ കർഷകനുണ്ട് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ. രണ്ടു പ്രളയം വരുത്തിയ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ഈരാറ്റുപേട്ടയ്ക്കടുത്ത് പനയ്ക്കപ്പാലം ചള്ളാവയലിൽ ജെല്ലു സേവ്യർ ഇന്ന് മത്സ്യവിപണിയിൽ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 

രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറിന്റെ (ആർജിസിഎ) വല്ലാർപാടത്തുള്ള ഔട്ട്‌ലെറ്റിൽനിന്നു കൊണ്ടുവന്ന ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) മത്സ്യങ്ങളെയാണ് ജെല്ലു വളർത്തുന്നത്. മത്സ്യങ്ങളെ ജീവനോടെ വാങ്ങാൻ ദിവസേന ഒട്ടേറെ പേർ ചള്ളാവയലിൽ വീട്ടിലെത്തുന്നുണ്ട്. മത്സ്യങ്ങളുടെ ജീവനോടെയുള്ള വിൽപന എപ്പോഴും ഉണ്ടാവില്ല എന്ന തിരിച്ചറിവ് വന്നതോടെ ജെല്ലുവും കുടുംബവും മറ്റൊരു മാർഗം കണ്ടെത്തുകയായിരുന്നു, തിലാപ്പിയ മത്സ്യം മൂല്യവർധിത ഉൽപന്നമാക്കി ഉപഭോക്താക്കളിലെത്തിക്കുക. അങ്ങനെ ഫിഷ് റോളും ഫിഷ് കട്‌ലേറ്റും തിലാപ്പിയയിൽനിന്നു ഇവിടെ പിറന്നു. മത്സ്യം വാങ്ങാൻ എത്തിയവർക്കും സുഹൃത്തുക്കൾക്കും സാമ്പിൾ നൽകിയതോടെ ഫിഷ് റോളിനും കട്‌ലേറ്റിനും ആരാധകരേറെയായി. 

fish-roll-and-cutlate
തിലാപ്പിയ ഫിഷ് റോൾ

റെ‍ഡി ടു കുക്ക് എന്ന രീതിയിലാണ് ഫിഷ് റോളും ഫിഷ് കട്‌ലേറ്റും ആവശ്യക്കാരിലെത്തിക്കുന്നത്. 20 രൂപയ്ക്കാണ് റോൾ വിൽക്കുക. ഒരു കിലോ തിലാപ്പിയ ഉപയോഗിച്ച് 30 റോളോ അത്രയും തന്നെ കട്‌ലേറ്റോ തയാറാക്കാൻ കഴിയും. വലിയ മത്സ്യമായതിനാൽ മുള്ളും ദശയും അനായാസം വേർതിരിച്ചെടുക്കാനും കഴിയും. 

വർഷം മുഴുവൻ മത്സ്യങ്ങൾ ലഭിക്കുന്ന വിധത്തിലാണ് ഇവിടുത്തെ മത്സ്യക്കൃഷി രീതി ക്രമീകരിച്ചിരിക്കുന്നത്. മൂല്യവർധിത ഉൽപന്നങ്ങളാക്കി വിൽക്കുന്നതിനാൽ ഇപ്പോൾ വിപണി പ്രശ്നമാകുന്നില്ല. മത്സ്യത്തിനും ആവശ്യക്കാരേറെയാണ്. മത്സ്യങ്ങൾ വൃത്തിയാക്കി വാങ്ങാനാണ് ഉപഭോക്താക്കൾക്കു പ്രിയം.

ഫിഷ് റോളും കട്‌ലേറ്റുമൊക്കെ തയാറാക്കാൻ തുടങ്ങിയ കാലത്ത് പ്രതിസന്ധിയുണ്ടായിരുന്നു. ആളുകൾക്ക് പരിചിതമല്ലാത്ത ഉൽപന്നമായതിനാൽ വിപണിയിൽ പരിചയപ്പെടുത്തിയെടുക്കാനും സമയം എടുത്തു. എന്നാൽ, ഇന്ന് മികച്ച വിൽപന കൈവരിക്കാൻ കഴിയുന്നുമുണ്ട്.  വിപണിയിൽ നലനിൽപ്പുണ്ടാകണമെങ്കിൽ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് മത്സ്യം ലഭ്യമായിരിക്കണമെന്നും ജെല്ലു പറയുന്നു.

മത്സ്യവിപണനത്തിൽ പുതിയ മാർഗം തേടിയ ജെല്ലുവിന്റെ രീതി കഴിഞ്ഞ ജനുവരിയിൽ കർഷകശ്രീ ഓൺലൈൻ വായനക്കാർക്കു മുൻപിൽ പരിചയപ്പെടുത്തിയതാണ്. ഒപ്പം ഫിഷ് റോൾ തയാറാക്കുന്ന വിധവും പങ്കുവച്ചിരുന്നു. ജെല്ലുവിന്റെ ഫാമും ഫിഷ് റോൾ തയാറാക്കുന്ന രീതിയും അറിയാൻ ചുവടെയുള്ള വിഡിയോ കാണുക.

ഫിഷ് റോളും കട്‌ലേറ്റും മാത്രം മതിയാകുമോ പ്രതിസന്ധി മറികടക്കാൻ? പോര. അധികമുള്ള മത്സ്യം ഉണങ്ങി സൂക്ഷിക്കാനുള്ള വഴിയും തേടണം. അതേക്കുറിച്ചു നാളെ.

വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ എന്ന ലേഖന പരമ്പരയുടെ മുൻ ഭാഗങ്ങൾ വായിക്കാൻ ചുവടെയുള്ള ലിങ്കുകളിൽ പ്രവേശിക്കുക

1. പെടയ്ക്കണ മത്സ്യം കാണാൻ എന്തൊരു ചന്തം, ചങ്കു തകർന്നു കർഷകർ 

2. ആന്ധ്രാപ്രദേശിലെ മത്സ്യക്കൃഷിയും കേരളത്തിലെ തീറ്റച്ചെലവും 

3. നിക്ഷേപിച്ചത് 2500 മത്സ്യക്കുഞ്ഞുങ്ങളെ, ക്രിസ്മസിന് വിറ്റത് 12 കിലോഗ്രാം മാത്രം

4. ജനത്തിന്റെ വരുമാനം കുറഞ്ഞു; അത് മത്സ്യവിപണിയെയും ബാധിച്ചു 

5. ബയോഫ്ലോക്കിൽ വളർത്തിയത് 2000 ഗിഫ്റ്റ് മത്സ്യങ്ങളെ; ആകെ വിൽക്കാനായത് 60 കിലോ 

English summary : Challenges of fish farming in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA